സൂ­പ്പർ ബൈ­ക്കു­കൾ വി­ല്ലന്മാ­രാ­കരു­ത്!


ജെ. ബിന്ദുരാജ്

സൂപ്പർ ബൈക്കുകളുടേയും ക്രൂസർ ബൈക്കുകളുടേയും പ്രളയകാലമാണിന്ന് കേരളത്തിൽ. ട്രയംഫ്, ബെനേലി, ഹാർലി ഡേവിഡ്സൺ, കെ.ടി.എം, എപ്രേലിയ, സുസുക്കി ഹയബൂസ, ഹയസാങ്, കവാസാക്കി നിഞ്ജ, ബി.എം.ഡബ്ല്യു, ഇന്ത്യൻ തുടങ്ങി 350 സി.സി മുതൽ 2000 സി.സി വരെയുള്ള വാഹനങ്ങളാണിവ. അതിൽ തന്നെ ഓരോ ബൈക്കുകൾക്കും രണ്ടും മൂന്നും മാസം കൂടുന്പോൾ പുതിയ പുതിയ വകഭേദങ്ങൾ പുറത്തിറങ്ങുന്നു. മൂന്നു ലക്ഷം രൂപ മുതൽ നാൽപ്പതും അന്പതും ലക്ഷം രൂപ വരെയുള്ള ബൈക്കുകളാണ് ഇവ. യുവാക്കളാണ് ഈ ബൈക്കുകളുടെ റൈഡർമാരിൽ ഭൂരിപക്ഷവും. നഗരനിരത്തുകളിലൂടെ ഒരു പോരാളിയെപ്പോലെ ചീറിപ്പാഞ്ഞുപോകുന്ന ഇവ ഉണ്ടാക്കുന്ന അപകടങ്ങളുടെ എണ്ണവും പക്ഷേ കേരളത്തിൽ വർദ്ധിച്ചുവരികയാണെന്നതാണ് ഗൗരവതരമായ ഒരു കാര്യം. ട്രയംഫിന്റെ കൊച്ചി ഷോറൂമിൽ നിന്നും ടെസ്റ്റ് ഡ്രൈവ് ചെയ്യാനായി ഒരു റൈഡർ എടുത്ത അവരുടെ ഏറ്റവും പുതിയ മോഡലായ ട്രയംഫ് ടൈഗർ എക്സ്.സി.എക്സ് 800 എന്ന 800 സി.സി ബൈക്ക് ഇടപ്പിള്ളി−-വൈറ്റില റോഡിൽ കഴിഞ്ഞ മാസം ഉണ്ടാക്കിയ ഭീകര ദുരന്തത്തിന്റെ ചിത്രങ്ങൾ നമ്മെ വിട്ടുപോയിട്ടില്ല. ഗർഭിണിയായ മേഘ എന്ന സ്ത്രീയെ ഈ വാഹനം തട്ടിമറിച്ചിടുകയും പതിനെട്ട് ദിവസത്തോളം അവർ ബോധശൂന്യയായി ആശുപത്രി കിടക്കയിൽ കഴിയുകയും ചെയ്തു. പ്രായം തികയാതെ പുറത്തെടുക്കേണ്ടി വന്ന അവരുടെ കുഞ്ഞാകട്ടെ തീവ്രപരിചരണ സംവിധാനങ്ങളുള്ളതു കൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്. 18 ദിവസങ്ങൾക്കുശേഷം ബോധം തെളിഞ്ഞ മേഘയുടെ അടുത്തേക്ക് ഇക്കഴിഞ്ഞയാഴ്ച മാത്രമാണ് കുഞ്ഞിനെ മുലപ്പാൽ നൽകുന്നതിനായി എത്തിച്ചതുപോലും. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലുമാണ്. ഈ സംഭവം നടന്ന് രണ്ടാഴ്ച പിന്നിടും മുന്പേയാണ് മറ്റൊരു സൂപ്പർ ബൈക്ക് ഇടിച്ച് കളമശ്ശേരിയിൽ ഒരു വൃദ്ധൻ മരണപ്പെട്ടത്. എന്താണ് സൂപ്പർ ബൈക്കുകളുടെ ഈ കൊലവിളിക്ക് കാരണം? എന്തുകൊണ്ടാണ് നഗരനിരത്തുകളിലെ ഈ കൊലയാളി വാഹനത്തിന്റെ ചീറിപ്പായലിന് തടയിടാൻ അധികൃതർക്ക് കഴിയാതെ പോകുന്നത്? എന്തുകൊണ്ടാണ് കൂടിയശേഷിയുടെ ബൈക്ക് ഓടിക്കുന്പോൾ അവർക്ക് മതിയായ പരിശീലനം നൽകണമെന്ന് ഇന്ത്യൻ മോട്ടോർ വാഹന നിയമങ്ങളിൽ വ്യവസ്ഥ ചെയ്യാത്തത്? സൂപ്പർബൈക്കുകളും ക്രൂസറുകളും ഓടിക്കുന്നവരെ നിരീക്ഷിക്കുന്നതിനും അതിന്റെ വേഗത നിയന്ത്രിക്കുന്നതിനും സർക്കാർ ചട്ടങ്ങൾ കൊണ്ടുവരാൻ അമാന്തിക്കുന്നത്? 

കൊച്ചിയിൽ ഇക്കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട ബൈക്ക് അപകടങ്ങളിൽ നൂറിലധികം അപകടങ്ങൾക്ക് ഉത്തരവാദികളായിട്ടുള്ളത് യുവാക്കളുടെ പ്രിയപ്പെട്ട ഈ സൂപ്പർ ബൈക്കുകളും ക്രൂസർ ബൈക്കുകളുമാണ്. അമേരിക്കൻ, ബ്രിട്ടീഷ്, ഇറ്റാലിയൻ, ജർമ്മൻ, ജാപ്പനീസ് കന്പനികൾ അവരുടെ രാജ്യങ്ങളിലെ നിരത്തുകൾക്ക് അനുസൃതമായി രൂപപ്പെടുത്തിയ ഇത്തരം ബൈക്കുകൾ അത്തരം മേന്മയേറിയ നിരത്തുകളിൽ നിന്നും തീർത്തും വ്യത്യസ്തമായ നിരത്തുകളിൽ, മതിയായ പരീശീലനം സിദ്ധിക്കാത്ത നമ്മുടെ റൈഡർമാരുടെ കൈയിലെത്തുന്പോൾ സംഭവിക്കുന്ന ദുരന്തങ്ങളാണ് ഇവയെന്ന കാര്യത്തിൽ സംശയം വേണ്ട. എന്തിനധികം പറയുന്നു, സൂപ്പർ ബൈക്കുകളുടെ നിരത്തുകളിലൂടെയുള്ള ഈ കൊലവിളി സഞ്ചാരത്തിനു തടയിടാൻ മാർഗനിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നതിന് എറണാകുളം ജില്ലാ ഭരണകൂടം കഴിഞ്ഞയാഴ്ച അടിയന്തരയോഗം വിളിച്ചു ചേർക്കുന്ന അസാധാരണമായ സംഭവവികാസവും കേരളം കണ്ടു. സൂപ്പർ ബൈക്കുകൾക്കും ക്രൂസർ ബൈക്കുകൾക്കുമെതിരെ പൊതുജനങ്ങളിൽ നിന്നും വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്ന് ഗതാഗത കമ്മീഷണറും ജില്ലാ കളക്ടറും നിർദ്ദേശിച്ചതിനെ തുടർന്ന് എറണാകുളം ആർ.ടി.ഒ പി.എച്ച് സാദിക്ക് അലി സൂപ്പർ ബൈക്കുകൾ ഉപയോഗിക്കുന്നവർക്ക് വ്യക്തമായ ചില മാർഗനിർദ്ദേശങ്ങൾ നൽകാനൊരുങ്ങുകയാണ് ഇപ്പോൾ. 

ഒരു സാധാരണ 100 സി.സി ബൈക്ക് റൈഡറെ സംബന്ധിച്ചിടത്തോളം അവന് സങ്കൽപിക്കാൻ പോലുമാകാത്തവിധം കരുത്തുള്ളവയാണ് സൂപ്പർ ബൈക്കുകൾ. ഉദാഹരണത്തിന് ട്രയംഫിന്റെ പുതിയ ബൈക്കായ ടൈഗർ എക്സ്.സി.എക്സ് 800 തന്നെയെടുക്കാം. 800 സി.സി 3 സിലിണ്ടർ എഞ്ചിന് 95 ബി.എച്ച്.പിയാണ് കരുത്ത്. നിരത്തിലും ഓഫ് റോഡിങ്ങിനുമൊക്കെ ഇണങ്ങുന്ന രീതിയിലുള്ള വിവിധ റൈഡിങ് മോഡുകളുള്ള വാഹനമാണ് ഇത്. റോഡ്, റെയ്ൻ, ഓഫ് റോഡ് എന്നിങ്ങനെയുള്ള മൂന്ന് മോഡുകളാണ് വാഹനത്തിലുള്ളത്. പ്രതികൂല സാഹചര്യങ്ങളിൽ പോലും അസാമാന്യമായ നിയന്ത്രണം നൽകുന്ന വിധത്തിലുള്ള ട്രാക്ഷൻ സംവിധാനവും സസ്പെൻഷനുമൊക്കെയുണ്ടെങ്കിലും ഇത്തരം ബൈക്കുകളോട് പരിചയിക്കാത്തവരെ സംബന്ധിച്ചിടത്തോളം 9300 ആർ.പി.എമ്മിൽ 94 ബി.എച്ച്.പി കരുത്ത് നൽകുന്ന ഈ വാഹനം റൈഡറുടെ കൺട്രോളിൽ നിന്നും പോകുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഒരു വേട്ടക്കാരന്റെ ലുക്കുള്ള ഈ വാഹനം ഓടിക്കുന്നതിനു മുന്പ് റൈഡർ നിരത്തുകളല്ലാത്ത ഇടങ്ങളിൽ പരിശീലനം നേടിയിരിക്കണമെന്നത് പ്രധാനം. യാതൊരു അപകടങ്ങളുമുണ്ടാക്കാതെ നേരത്തെ ടൈഗറിൽ ഇന്ത്യ മുഴുവൻ ചുറ്റിക്കറങ്ങി വന്ന മലയാളി ദന്പതിമാർ ബൈക്കിന്റെ സുരക്ഷിതത്വത്തിന് തെളിവായി ഉണ്ടെന്നിരിക്കേ, പരിശീലനത്തിന്റെ അഭാവവും നിരത്തിൽ പാലിക്കേണ്ട മര്യാദകൾ പാലിക്കാതെയുള്ള റൈഡിങ്ങുമാണ് അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നതെന്ന് പ്രത്യേകം പറയേണ്ടതുമില്ല. സൂപ്പർ ബൈക്കുകളേക്കാൾ െസ്റ്റബിലിറ്റി നൽകുന്നവയാണ് ക്രൂസർ ബൈക്കുകളെങ്കിലും കൂടിയ എഞ്ചിൻ ശേഷിയുള്ള ഇവ കൈകാര്യം ചെയ്യുന്നതിനും പ്രത്യേക പരിശീലനം നേടിയിരിക്കേണ്ടത് ആവശ്യമാണ്. ഉദാഹരണത്തിന് ക്രൂസർ ബൈക്കുകളിലെ മുടിചൂടാമന്നനായ ഇന്ത്യൻ ചീഫ് വിന്റേജ് തന്നെ പരിശോധിക്കാം. ഓഫ് റോഡ് വാഹന നിർമ്മാതാക്കളായ പോളാരിസ് ആണ് ഇന്ത്യൻ എന്ന കന്പനി ഇപ്പോൾ നടത്തിവരുന്നത്. 1811 സി.സി വിട്വിൻ ഫ്യുവൽ ഇൻജക്ടറ്റഡ് എഞ്ചിനാണ് ഇന്ത്യൻ ചീഫ് വിന്റേജിനെ ചലിപ്പിക്കുന്നത്. നൂറു കിലോമീറ്റർ വേഗത്തിലേക്ക് വാഹനം അതിവേഗം കടക്കുന്നതൊന്നും റൈഡർ തെല്ലും അറിയാത്തവിധമുള്ള െസ്റ്റബിലിറ്റിയാണ് ഇതിനുള്ളതെന്നതിനാൽ ആറാം ഗിയറിലെത്തുന്പോഴും റൈഡിങ് അസാധാരണമായ ഒരു അനുഭവമായി മാറും. 72 ബി.എച്ച്.പി കരുത്തുള്ള വാഹനത്തിന് സുരക്ഷിതത്വത്തിനു വേണ്ടതെല്ലാം ഒരുക്കിയിട്ടുണ്ടെങ്കിലും നമ്മുടെ നിരത്തുകളിലൂടെ ഇത്തരമൊരു യാത്ര അതിസാഹസികമെന്നേ പറയാനാകൂ. 

 സൂപ്പർ ബൈക്കുകൾ കേരളത്തിലെ നിരത്തുകളിലേക്ക് കടന്നുകയറാൻ തുടങ്ങിയിട്ട് ഇപ്പോൾ അഞ്ചു വർഷത്തോളമേ ആകുന്നുള്ളു. 350 സി.സിക്കു മുതലുള്ള മോട്ടോർ ബൈക്കുകളുടെ കന്പനികൾ കേരളത്തിൽ രംഗപ്രവേശം ചെയ്തപ്പോൾ അവയ്ക്കു ലഭിച്ച സ്വീകാര്യതയാണ് കൂടുതൽ സി.സിയുള്ള എഞ്ചിനുകളുള്ള ബൈക്കുകളും കേരളത്തിലേക്ക് കടന്നുവരാൻ കാരണം. കൊച്ചിയിൽ നിലവിൽ ലോകത്തെ മുന്തിയ സൂപ്പർ ബൈക്ക് നിർമ്മാതാക്കളായ എല്ലാ കന്പനികൾക്കും തന്നെ ഷോറൂമുകളുണ്ട്. ഈ ഷോറൂമുകളിലെല്ലാം തന്നെ റൈഡർമാർക്ക് പരിശീലനം നൽകാൻ പ്രത്യേക പരിശീലനം സിദ്ധിച്ച റൈഡർമാരുണ്ടെങ്കിലും ബൈക്ക് വാങ്ങാനെത്തുന്നവർ പലരും തങ്ങൾക്ക് അതെല്ലാം സ്വയം പരിശീലിച്ചെടുക്കാനാകുമെന്ന അമിത ആത്മവിശ്വാസമാണ് ഉള്ളത്. മാത്രവുമല്ല. ബൈക്ക് വാങ്ങാൻ വരുന്നവർ ടെസ്റ്റ് റൈഡ് ആവശ്യപ്പെടുന്പോൾ മുന്പ് ഇത്തരം ബൈക്കുകളോടിച്ച് പരിചയമുള്ളവരാണോ എന്നു പരിശോധിക്കാൻ യാതൊരു നിർവാഹവുമില്ല താനും. ട്രയംഫിൽ നിന്ന് ടെസ്റ്റ് റൈഡിനെടുത്ത വാഹനമാണ് ഇടപ്പിള്ളി-−വൈറ്റില റോഡിൽ മേഘയെ ആശുപത്രിക്കിടക്കയിലെത്തിച്ചതെന്ന കാര്യം വ്യക്തമായതോടെ ഷോറൂമുകൾ വാഹനം ടെസ്റ്റ് റൈഡ് നൽകുന്പോൾ അതീവ ശ്രദ്ധ പാലിക്കേണ്ടതിന്റെ ആവശ്യകതയാണ് വെളിപ്പെടുന്നത്. 

സൂപ്പർ ബൈക്കുകൾക്കും റൈഡർമാർക്കുമെതിരെ നിലവിലെ സാഹചര്യത്തിൽ നിയമനടപടികൾ കൊണ്ടുവരാൻ കേരളത്തിലെ മോട്ടോർ വാഹന വകുപ്പിന് കഴിയുകയുമില്ല. കാരണം സാധാരണ ഇരുചക്ര വാഹനങ്ങളെ സംബന്ധിച്ച നിയമങ്ങൾ തന്നെയാണ് സൂപ്പർ ബൈക്കുകളുടേയും ക്രൂസറുകളുടെ കാര്യത്തിലും ബാധകമായിട്ടുള്ളത്. മറ്റേതൊരു ബൈക്കിനേയും പോലെ തന്നെയുള്ള വേഗതാ നിയമങ്ങൾ തന്നെയാണ് സൂപ്പർ ബൈക്കിനുമുള്ളത്. രാജ്യത്ത് ഏതൊരു വാഹനം വിൽക്കുന്നതിനു മുന്പും പൂനെയിലെ ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (എ.ആർ.എ.ഐ)യുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. അതുകൊണ്ടു തന്നെ ആ സർട്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞ അത്തരം സൂപ്പർ ബൈക്കുകൾക്കും ക്രൂസറുകൾക്കുമായി പുതിയ നിയമങ്ങളോ ചട്ടങ്ങളോ കൊണ്ടുവരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ചടങ്ങളിൽ ഭേദഗതി കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയാണ് അത് വെളിവാക്കുന്നത്. കേരളത്തിലെ വാഹനാപകടങ്ങളിൽ കാറുകളുണ്ടാക്കുന്ന അപകടങ്ങളേക്കാൾ കൂടുതലുണ്ടാക്കുന്നത് ബൈക്കുകളാണെന്നിരിക്കേ, മോട്ടോർ വാഹന നിയമങ്ങളിൽ കാലാനുസൃതമായ ചില മാറ്റങ്ങൾ ആവശ്യമായി വരുമെന്നത് ഒരു യാഥാർത്ഥ്യമാണ്. 

സൂപ്പർ ബൈക്കുകളുടേയും ക്രൂസറുകളുടേയും കാര്യത്തിൽ മറ്റു രാജ്യങ്ങളിൽ വേറിട്ട നിയമങ്ങൾ പലതും നിലവിലുണ്ട്. യൂറോപ്പിലും ഓസ്ട്രേലിയയിലുമെല്ലാം ബൈക്ക് റൈഡർമാർക്ക് കുറഞ്ഞശേഷിയുള്ള ബൈക്കുകളോടിക്കാനുള്ള ലൈസൻസ് നൽകിയതിനുശേഷം അതിൽ പ്രാഗത്ഭ്യം തെളിയിച്ചശേഷം മാത്രമേ കൂടുതൽ എഞ്ചിൻ ശേഷിയുള്ള വാഹനങ്ങളോടിക്കാനുള്ള ലൈസൻസ് നൽകാറുള്ളു. ത്രോട്ടിൽ ചെറുതായി കൊടുത്താൽ തന്നെയും ഒരു 100 സി.സി ബൈക്കിനെ അപേക്ഷിച്ച് ഒരു 800 സി.സി ബൈക്ക് കുതിച്ചുപായും. അതിനർത്ഥം കുറഞ്ഞശേഷിയുള്ള ബൈക്കുകളോടിച്ചവർ സൂപ്പർ ബൈക്ക് വാങ്ങുന്പോൾ അവർക്ക് ഷോറൂമുകൾ തന്നെ പരിശീലനം നൽകുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നു തന്നെയാണ്. ഇത്തരം ബൈക്കുകളിൽ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം (എ.ബി.എസ്) പോലുള്ളവ ഉണ്ടെങ്കിൽ തന്നെയും അതിവേഗതയിലുള്ള വാഹനം സ്‌കിഡ് ചെയ്യാതെ ബാലൻസ് ചെയ്തു നിർത്താൻ ഇത്തരം സംവിധാനങ്ങൾ സഹായിക്കുമെന്നല്ലാതെ, വാഹനം ബ്രേക്കിട്ടാൽ ഉടനെ നിൽക്കുമെന്ന് പറയുന്നതിൽ അത്ര കാര്യമൊന്നുമില്ല. മാത്രവുമല്ല അതിവേഗത്തിൽ പായുന്ന ഒരു ബൈക്ക് പെട്ടെന്ന് അപകടം കണ്ടെത്തി ബ്രേക്ക് ചെയ്താൽ തന്നെയും അത് കുറച്ചുദൂരം കൂടി മുന്നോട്ടുപോകുമെന്നത് സാധാരണ കാര്യവുമാണ്. അതിനർത്ഥം ഇത്തരം ബൈക്കുകൾ അതീവ ട്രാഫിക്കുള്ള, ജനസാന്ദ്രതയേറിയ കേരളത്തിലെ നിരത്തുകളിൽ കുതിച്ചുപായുന്നത് അപകടങ്ങൾക്കിടയാക്കുമെന്നു തന്നെയാണ്. 

അങ്ങനെ നോക്കുന്പോൾ സൂപ്പർ ബൈക്കുകളുടെ നഗരത്തിലൂടെയുള്ള മരണപ്പാച്ചിലിന് തടയിടുന്നതിന് ചില കർക്കശമായ നിയന്ത്രണങ്ങൾ സർക്കാർ അടിയന്തരമായി ആലോചിക്കേണ്ടത് ആവശ്യമാണെന്നു തന്നെയാണ്. അതിൽ ഏറ്റവും പ്രധാനം സൂപ്പർ ബൈക്കുകൾ വാങ്ങുന്നവർ മുന്പ് അത്തരം ബൈക്കുകൾ ഉപയോഗിച്ചിരുന്നവരാണോ എന്നു കണ്ടെത്തുകയും ഉപയോഗിക്കാത്തവരാണെങ്കിൽ അവർക്ക് പ്രത്യേക പരിശീലനം നൽകാനുള്ള സംവിധാനങ്ങൾ ഷോറൂമുകളിലൂടെ സർക്കാർ ഏർപ്പെടുത്തി നൽകുകയുമാണ്. കൂടിയ ശേഷിയുള്ള വാഹനം ഉപയോഗിക്കാൻ ഈ റൈഡർമാർ പ്രാപ്തരാണോ എന്നു പരിശോധിക്കാനുള്ള ടെസ്റ്റ് മോട്ടോർ വാഹന വകുപ്പ് നടത്തുന്ന രീതിയിൽ മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്യേണ്ടതും അനിവാര്യം. 350 സി.സിക്കു മുകളിലുള്ള ബൈക്ക് ആണെങ്കിൽ അതിനു പ്രത്യേക നിയമം കൊണ്ടുവരികയും അതിനുള്ള ടെസ്റ്റുകൾ റൈഡർ പാസ്സാകണെമന്ന് നിഷ്‌കർഷിക്കുകയും വേണം. ഇത്തരത്തിലുള്ള ലൈൻസ് ലഭിച്ച് റൈഡർ മാത്രമേ അത്തരം ബൈക്കുകൾ കൈകാര്യം ചെയ്യാൻ പാടുള്ളുവെന്നും ലൈസൻസിൽ രേഖപ്പെടുത്തണം. ഉടമസ്ഥന്റെ ബൈക്ക് നിരത്തിലൂടെ പരിശീലനം സിദ്ധിക്കാത്തവർ ഓടിക്കുന്നത് കർശനമായി വിലക്കേണ്ടതുമുണ്ട്. രാത്രികാലങ്ങളിൽ യുവാക്കൾ ഹൈവേകളിലൂടെ സൂപ്പർ ബൈക്കുകൾ അതിവേഗത്തിൽ ഓടിക്കുന്നത് മോട്ടോർ വാഹന വകുപ്പിന്റെ ശ്രദ്ധയിൽ ഇതിനകം പെട്ടിട്ടുള്ളതിനാൽ അതിന് തടയിടാനുള്ള മാർഗങ്ങളും കൊണ്ടുവരേണ്ടതുണ്ട്. ഇതിനെല്ലാം പുറമേയാണ് എ.ആർ.എം.ഐ സർട്ടിഫൈ ചെയ്ത വാഹനങ്ങൾ മോഡിഫൈ ചെയ്ത് നിരത്തിലിറക്കുന്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ. എ.ആർ.എ.ഐ ക്ലിയറൻസ് നൽകിയ വാഹനത്തിൽ ഏതെങ്കിലും തരത്തിലുള്ള മോഡിഫിക്കേഷൻ നടത്തുന്നത് കുറ്റകരമാണെന്നതിനു പുറമേ, അത് വാഹനത്തിന്റെ സുരക്ഷിതത്വത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്നതിനാൽ അത്തരം പ്രവൃത്തികളിലേർപ്പെടുന്നവരുടെ ലൈസൻസ് കട്ട് ചെയ്യുന്ന നടപടികളടക്കം സർക്കാരിന് ആലോചിക്കാവുന്നതാണ്. 

നമ്മുടെ നിരത്തുകളിൽ ഓരോ സ്ഥലത്തും പാലിക്കേണ്ട വേഗത്തെപ്പറ്റി വിവിധ സ്ഥലങ്ങളിൽ ബോർഡുകൾ വച്ചിട്ടുണ്ടെങ്കിലും അവയൊന്നും തന്നെ പാലിക്കപ്പെടുന്നില്ലെന്നതാണ് വാസ്തവം. വൺവേ ട്രാഫിക് നിയന്ത്രണമുള്ള സ്ഥലങ്ങളിൽ രാവിലെ എട്ടുമണിക്കു മുന്പ് വൺവേ നിയമം പാലിക്കേണ്ടന്നു പോലും വിശ്വസിക്കുന്നവരാണ് മിക്കവാറും റൈഡർമാർ. വൺവേ ട്രാഫിക് ഏതെങ്കിലുമൊരു സമയത്തേക്കു മാത്രമല്ല എല്ലാ സമയത്തും ഒരുപോലെ തന്നെയാണ് മോട്ടോർ വാഹനങ്ങൾ ഓടിക്കുന്ന പലരും ഇനിയും മനസ്സിലാക്കിയിട്ടില്ല. മാത്രവുമല്ല എ.ആർ.എ.ഐ സർട്ടിഫൈ ചെയ്ത ഒരു വാഹനത്തിൽ യാതൊരു വിധ മോഡിഫിക്കേഷനുകളും നടത്താൻ ഒരാൾക്കും അനുവാദമില്ലെന്നതും അത് കുറ്റകരമാണെന്നതും പലപ്പോഴും യുവാക്കൾ തിരിച്ചറിയുന്നതേയില്ല. വാഹനത്തിന്റെ ഒറിജിനൽ രൂപത്തിൽ മാറ്റം വരുത്തി സൈലൻസറുകളും ഹാൻഡിലുകളുമൊക്കെ മാറ്റിവയ്ക്കുന്ന വർക് ഷോപ്പുകൾ പലതും കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. കാറുകളടക്കമുള്ള വാഹനങ്ങളുടേയും ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റിൽ (ഇ.സി.യു) പെർഫോമൻസ് വർധിപ്പിക്കുന്നതും 

നിയമവിരുദ്ധമായ കാര്യമാണെങ്കിൽ മോട്ടോർ വാഹനവകുപ്പിന്റെ മൂക്കിനു കീഴിൽ ഇത്തരം പെർഫോമൻസ് സ്റ്റുഡിയോകൾ പ്രവർത്തിക്കുന്നുണ്ടെന്നതാണ് സത്യം. പക്ഷേ അവയ്‌ക്കെതിരേയും നടപടികൾ ഉണ്ടാകുന്നില്ല. സൂപ്പർ ബൈക്കുകളും ക്രൂസറുകളുമുണ്ടാക്കുന്ന അപകടങ്ങൾ മോട്ടോർ വാഹന നിയമനങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തേണ്ടതിന്റെ ആവശ്യകതയാണ് വെളിവാക്കുന്നത്. മതിയായ പരിശീലനം സിദ്ധിക്കാതെ സൂപ്പർ ബൈക്കുകളിൽ ചെത്തിനടക്കുന്നവർ പണയം വയ്ക്കുന്നത് അവരുടെ സ്വന്തം ജീവൻ മാത്രമല്ല, നിരത്തിലുള്ള സാധാരണക്കാരുടെ ജീവിതം കൂടിയാണെന്ന് അവർ തിരിച്ചറിഞ്ഞാൽ കൊള്ളാം. 

You might also like

Most Viewed