വകതി­രി­വി­നും വേ­ണം ഒരു­ ഉപദേ­ശി­!


ജെ. ബിന്ദുരാജ്

വഴിയേ പോകുന്നവർക്കൊക്കെ കയറി ഒന്നു ഗുണദോഷിക്കാൻ തോന്നുംവിധം ഒരു തോന്ന്യാസിയായി കഴിയുകയാണല്ലോ പത്തുമാസം പിന്നിട്ട ഇടതുമുന്നണി സർക്കാർ. എന്തുപറഞ്ഞാലും, എന്തു ചെയ്യാലും അപരാധമായിപ്പോകുന്ന കാലത്ത് മുഖ്യമന്ത്രി തന്നെ വിവിധ വിഷയങ്ങളിൽ ഉപദേശിച്ചു നന്നാക്കാൻ ഏഴ് ഉപദേശികളെയാണ് ഇപ്പോൾ രംഗത്തിറക്കിയിരിക്കുന്നത്. പക്ഷേ താൻപോരിമക്കാരനും ധാർഷ്ട്യക്കാരനുമൊക്കെയായി അറിയപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഈ ഉപദേശികളിൽ നിന്നും എന്തു ഉപദേശമാണ് സ്വീകരിക്കാൻ പോകുന്നതെന്നാണ് നാട്ടുകാർ അത്ഭുതപ്പെടുന്നത്. താൻ ധാർഷ്ഠ്യക്കാരനോ താൻപോരിമക്കാരനോ ഒന്നുമല്ലെന്ന് മുഖ്യമന്ത്രി ഈയിടെ സ്വയം പ്രഖ്യാപനം നടത്തിയെങ്കിലും നാട്ടുകാർ അത് അത്ര വിശ്വാസത്തിലെടുത്തിട്ടില്ല. നാട്ടുകാർക്കിപ്പോഴും അവരുടെ ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രി ധാർഷ്ഠ്യക്കാരൻ തന്നെയാണ്. അങ്ങനെ തന്നെ വേണമെന്ന് ന്യായീകരണത്തൊഴിലാളികളും ആസനംതാങ്ങികളും ആവശ്യപ്പെടുന്നതുകൊണ്ട് ആ ധാരണഇടയ്ക്കിടെ ഊട്ടിയുറപ്പിക്കാൻ തന്നാലാകുന്നതൊക്കെ നിരന്തരം ചെയ്യുന്നുമുണ്ട് വിജയൻ. എന്തൊക്കെയായാലും ഉറ്റസുഹൃത്തും വഴികാട്ടിയുമായ എ.കെ ബാലനൊഴികെ ആരേയും അത്ര വിശ്വാസത്തിലെടുക്കാറില്ലാത്ത വിജയനെ വിവിധ വിഷയങ്ങളിൽ ഗുണദോഷിക്കാൻ സർക്കാർ ഇപ്പോൾ അദ്ദേഹത്തിന്റെ ഏഴാമത്തെ ഉപദേശകനായി മുൻ ഡി.ജി.പി രമൺ ശ്രീവാസ്തവയേയും നിയമിച്ചുകഴിഞ്ഞു. സംസ്ഥാന പൊലീസ് കാര്യങ്ങളിൽ വിജയനേയും സർക്കാരിനേയും ഉപദേശിക്കുകയാണ് ശ്രീവാസ്തവയുടെ ദൗത്യം. പക്ഷേ ശ്രീവാസ്തവയുടെ ഈ രംഗപ്രവേശം സിപിഐയ്ക്കും സിപിഎമ്മിലെ ഒരു വിഭാഗത്തിനും ഇപ്പോഴും അത്ര ദഹിച്ചിട്ടില്ലെന്നതാണ് സത്യം.

പത്തു മാസത്തെ ഭരണകാലയളവിനുള്ളിൽ മാത്രം വിവിധ വിഷയങ്ങളിലായി ഏഴ് ഉപദേശികളെയാണ് മുഖ്യമന്ത്രിക്കായി സർക്കാർ വച്ചിട്ടുള്ളത്. സാന്പത്തിക കാര്യങ്ങളിൽ ഉപദേശിക്കാൻ ഹാർവാഡ് പ്രൊഫസർ ഗീതാ ഗോപിനാഥ് (നവലിബറലായ ഗീതയെ പാർട്ടിക്കാർക്ക് ആദ്യമേ ദഹിച്ചിട്ടില്ല), മാധ്യമവിഷയങ്ങളിൽ ഉപദേശിക്കാൻ കൈരളി ടിവി എംഡി ജോൺ ബ്രിട്ടാസ്, ശാസ്ത്രകാര്യങ്ങളിൽ ഉപദേശിക്കാൻ വിഎസ്എസ്്സി മുൻ ഡയറക്ടർ എംസി ദത്തൻ, ഇപ്പോൾ പൊലീസ് വിഷയത്തിൽ ഉപദേശിക്കാൻ രമൺ ശ്രീവാസ്തവ. ഇതെല്ലാം പോരാഞ്ഞിട്ട് മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ഉപദേശി തസ്തികയിൽ വേറെയുമുണ്ട് മൂന്നു പേർ − ന്യുവാൽസ് മുൻ വൈസ് ചാൻസലർ എൻകെ ജയകുമാറും സീനിയർ പത്രപ്രവർത്തകനായ പ്രഭാ വർമ്മയും. വികസന വിഷയത്തിൽ ഉപദേശിക്കാൻ ലോകബാങ്കിന്റെ കമ്യൂണിറ്റി ഡവലപ്‌മെന്റ് കൺസൾട്ടന്റായ സിഎസ് രഞ്ജിത്ത് വേറെയുമുണ്ട്. നിയമകാര്യങ്ങളിൽ ഉപദേശത്തിന് അഭിഭാഷകനായ എംകെ ദാമോദരനെ ആദ്യം നിയമിച്ചിരുന്നുവെങ്കിലും നിയമനം വിവാദമായതോടെ ദാമോദരൻ ഒഴിഞ്ഞു. ഇപ്പോൽ ആ പണി ചെയ്യുന്നത് ന്യായാധിപന്മാരെ തോന്ന്യാസം പറഞ്ഞതിന് കുഴപ്പത്തിലായ എംവി ജയരാജൻ ആണെന്നതാണ് മറ്റൊരു കാര്യം. മഹിജയുടെ സമരത്തിൽ ഗൂഢാലോചനക്കുറ്റം ചുമത്തി കെഎം ഷാജഹാനേയും ഷാജിർ ഖാനേയും മിനിയേയുമൊക്കെ അറസ്റ്റ് ചെയ്യിച്ച് ജയിലിൽ ഇടീച്ച ‘അതിമാരക’ ബുദ്ധി ജയരാജന്റേതാകാനാണ് സാധ്യത! 

പലരു കൂടിയാൽ പാന്പു ചാകില്ല എന്നൊരു പ്രയോഗമുണ്ട് മലയാളത്തിൽ. മുഖ്യമന്ത്രിയുടെ ഉപദേശികളുടെ കാര്യത്തിൽ അതിന് എത്ര പ്രസക്തിയുണ്ടെന്ന് പറയാറായിട്ടില്ല. തനിക്കറിവില്ലാത്ത കാര്യങ്ങളിൽ അറിവുള്ളയാളുടെ ഉപദേശം തേടുന്നത് നല്ല കാര്യം തന്നെയാണെന്ന് ആരും സമ്മതിക്കും. പ്രധാനമന്ത്രിമാർക്കും മുഖ്യമന്ത്രിമാർക്കുമൊക്കെ ഉണ്ടായിരുന്നു ഇമ്മാതിരി കുറെ ഉപദേശകർ. വിഎസ് അച്യുതാനന്ദന് ഐടി ഉപദേഷ്ടാവായി ജോസഫ് സി മാത്യുവും ആഭ്യന്തര വകുപ്പ് ഉപദേശിയുമൊക്കെ ഉണ്ടായിരുന്നെങ്കിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സാന്പത്തിക ഉപദേഷ്ടാവായി ഷാഫി മേത്തറും കേവല ഉപദേശത്തിന് സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ജിജി തോംസണും ഉണ്ടായിരുന്നു. ഇകെ നായനാർക്ക് മറ്റുള്ളവരെ ഉപദേശിക്കുന്നതിലായിരുന്നു ഉപദേശം കേൾക്കുന്നതിനേക്കാൾ ഹരമെന്നതിനാൽ ഉപദേശികളെ ആരും നിയമിച്ചില്ല. അറിയാത്ത വിഷയങ്ങളിൽ അതാത് രംഗത്ത് പരിജ്ഞാനമുള്ളവരുടെ ആവശ്യം ഭരണാധികാരികൾ തേടുന്നതിൽ തെറ്റില്ല. പക്ഷേ അതല്ല മുഖ്യമന്ത്രി പിണറായി വിജയന്റെ അവസ്ഥ. ഇന്ത്യയിലെ വേറെ ഒരു മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കാണില്ല ഇത്രയേറെ ഉപദേശികൾ. പക്ഷേ ചോദ്യമിതാണ്. ഇത്രയേറെ ഉപദേഷ്ടാക്കൾ എന്തിനാണ് പിണറായി വിജയന്? സ്വയം തീരുമാനമെടുക്കാനുള്ള ശേഷിയും വിവേകവുമില്ലേ മുഖ്യമന്ത്രിക്ക്? മാധ്യമങ്ങളുടെ കാര്യത്തിൽ തൊട്ട് പൊലീസ് വിഷയത്തിൽ വരെ ഉപദേശകനെ തേടുന്നതുകൊണ്ടാണ് അങ്ങനെ ചിന്തിച്ചുപോകുന്നത്. അതും പൊലീസിന്റെ മേൽനോട്ടത്തിലുള്ള ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി തന്നെ ഭരിക്കുന്പോൾ!

കൃഷി മന്ത്രിയുടെ വീടാണെന്നു കരുതി റവന്യൂ മന്ത്രിയുടെ വീട്ടിലെത്തി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെ സുനിൽ കുമാറെ എന്നു സംബോധന ചെയ്യുന്ന സംസ്ഥാന ഇന്റലിജൻസ് മേധാവി മുഹമ്മദ് യാസിനും പൊലീസ് ആസ്ഥാനത്തേക്ക് ഏതാനും പേർ പരാതി നൽകാനെത്തിയാൽ അവരെയൊക്കെ പേടിച്ച് അടിച്ചൊതുക്കാൻ നോക്കുന്ന ഡിജിപി ലോകനാഥ് ബെഹ്‌റയുമൊക്കെ പൊലീസിനെ ഇതിനകം തന്നെ ഒരു സംഭവമാക്കിത്തീർത്തിട്ടുള്ളതിനാൽ പൊലീസിന്റെ കാര്യത്തിൽ മുഖ്യമന്ത്രിക്ക് ലേശം ഉപദേശമൊക്കെ കിട്ടുന്നതിൽ തെറ്റില്ലെന്ന കാര്യത്തിൽ നാട്ടുകാർക്കും രണ്ടു തരമില്ല. ഒന്നിനു പിറകേ ഒന്നായി വീഴ്ചകളുടെ കഥകൾ മാത്രമേ പൊലീസിൽ നിന്നും കേൾക്കുന്നുള്ളുവെന്നതിനാലാണത്രേ സിപിഎമ്മുകാർ മുൻകാലത്ത് ശത്രുവായി പ്രഖ്യാപിച്ചിരുന്ന മുൻ ഡിജിപി രമൺ ശ്രീവാസ്തവയെ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേഷ്ടാവായി നിയമിക്കാൻ പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന സമയത്ത് 1994-−95 കാലയളവിൽ ഐഎസ്ആർഒ ചാരക്കേസ്സ് ഉയർന്നപ്പോൾ അന്ന് പ്രതിപക്ഷത്തായിരുന്ന സിപിഎമ്മുകാർ ചാരനെന്നു വിളിച്ച് ആക്ഷേപിച്ച ആളാണ് ഈ പുതിയ ഉപദേശി. 1973 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തെ കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായ സമയത്ത് ഡിജിപി തസ്തികയിൽ നിലനിർത്തിയെങ്കിലും ശ്രീവാസ്തവ ബിഎസ്എഫ് ഡയറക്ടർ ജനറലായി ദൽഹിയിലേക്ക് തന്റെ തട്ടകം മാറുകയായിരുന്നു. 2011−ൽ റിട്ടയർ ചെയ്ത രമൺ ശ്രീവാസ്തവപണമിടപാട് സ്ഥാപനമായ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ (മൂത്തൂറ്റ് ഫിൻകോർപ്) മുഖ്യ സുരക്ഷാ ഉപദേശകൻ പദവിയിലാണ് ഇപ്പോൾ ഇരിക്കുന്നത്. ദോഷൈകദൃക്കുകൾ വേറെയും കുറെയേറെ ന്യൂനതകൾ ശ്രീവാസ്തവയിൽ ആരോപിച്ചിട്ടുണ്ട്. ചാരക്കേസ്സിനു പുറമേ സിറാജുന്നീസ എന്ന പതിനൊന്നുകാരി പാലക്കാട്ട് വെടിവെയ്പിൽ കൊല്ലപ്പെട്ട കേസ്സിലും വ്യാജ സിഡി റെയ്ഡ് സമയത്ത് അന്നത്തെ ആന്റി പൈറസി വിഭാഗം മേധാവിയായിരുന്ന ഋഷിരാജ് സിംഗിനെ തൽസ്ഥാനത്തു നിന്നും ഫാക്‌സ് സന്ദേശമയച്ച് മാറ്റിയതിനുമൊക്കെ കുപ്രസിദ്ധിയാർജ്ജിച്ചയാളുമാണ് ശ്രീവാസ്തവ. ടോമിൻ തച്ചങ്കരിയുടെ കൊച്ചിയിലെ റിയാൻ സ്റ്റുഡിയോ റെയ്ഡ് ചെയ്യാൻ ഋഷിരാജ് സിംഗ് മുതിർന്നപ്പോഴായിരുന്നു അച്യുതാനന്ദൻ മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിർദ്ദേശപ്രകാരം ഋഷിരാജ് സിംഗിനെ മാറ്റിക്കൊണ്ടുള്ള രമൺ ശ്രീവാസ്തവയുടെ അടിയന്തര ഉത്തരവുണ്ടായത്. അച്യുതാനന്ദൻ അന്ന് രമൺ ശ്രീവാസ്തയെ വിളിച്ചുവരുത്തി ശാസിച്ചെങ്കിലും നോഡൽ ഓഫീസറായ ഋഷിരാജ് സിംഗിന് റെയ്ഡ് നടത്താനുള്ള അവകാശമില്ലെന്നായിരുന്നു ശ്രീവാസ്തവയുടെ വാദം. ദിവസങ്ങൾക്കുശേഷം അച്യുതാനന്ദനുമായുള്ള ചർച്ചയ്‌ക്കൊടുവിൽ ഋഷിരാജ് സിംഗിന് കോടിയേരി ആ സ്ഥാനം തിരിച്ചുനൽകി മുട്ടുമടക്കിയെങ്കിലും തനിക്ക് വേണ്ടപ്പെട്ടവനായി ശ്രീവാസ്തവയെ അന്നേ കോടിയേരി നിശ്ചയിച്ചിരുന്നു. അതിൽ നിന്നൊക്കെ ഒരു കാര്യം വ്യക്തം. രമൺ ശ്രീവാസ്തവയെ വിജയന്റെ ഉപദേശിയാക്കുന്നതിനു ചുക്കാൻ പിടിച്ചിരിക്കുന്നത് പാർട്ടി സെക്രട്ടറി കോടിയേരി തന്നെയാണെന്നതാണ് അത്. ശ്രീവാസ്തവയിലൂടെ മുഖ്യമന്ത്രിയിലേക്കും പൊലീസ് സേനയിലേക്കും ഒരു നുഴഞ്ഞുകയറ്റമാണ് പാർട്ടി സെക്രട്ടറി പദ്ധതിയിട്ടിരിക്കുന്നതെന്ന് വ്യക്തം. 

ഉപദേശമൊന്നും കേട്ടു ശീലമില്ലെങ്കിലും വിജയൻ അധികാരത്തിലെത്തിയയുടനെ തന്നെ കേരളത്തിന്റെ അതുവരെയുള്ള മുഖ്യമന്ത്രിമാരുടെ ചരിത്രത്തിൽ നിന്നും വേറിട്ട് ഒരു നിയമ ഉപദേഷ്ടാവിനേയും മാധ്യമ ഉപദേഷ്ടാവിനേയും നിയമിച്ച് അന്പരപ്പിച്ചതുമാണ്. സംസ്ഥാന സർക്കാരിന് നിയമപരമായ എല്ലാ കാര്യങ്ങളിലും ഉപദേശം നൽകാൻ ബാധ്യതപ്പെട്ടതായി പറയുന്നത് അഡ്വക്കേറ്റ് ജനറലാണെന്നിരിക്കേ, ലാവ്‌ലിൻ കേസ്സിൽ പിണറായിക്കായി ഹാജരായിക്കൊണ്ടിരുന്ന അഡ്വക്കേറ്റ് എംകെ ദാമോദരനെ നിയമ ഉപദേഷ്ടാവായി നിയമിച്ചത് പരിഹാസങ്ങൾക്കിടയാക്കിയിരുന്നു. നിയമോപദേഷ്ടാവിനെ കാണാൻ സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറൽ എത്തുന്നതോടെ അഡ്വക്കേറ്റ് ജനലിന്റെ പോസ്റ്റിനേക്കാൾ മേലെയാണ് നിയമ ഉപദേശകനെന്ന് വരികയും ചെയ്തു. എന്തായാലും അധികം നാറാതെ, ദാമോദരൻ കാശുവാങ്ങാതെ, സേവനാധിഷ്ഠിതമായി ചെയ്ത ആ പണിയിൽ നിന്നും പുറത്തായി. ബ്രിട്ടാസിനെ മാധ്യമ ഉപദേഷ്ടാവാക്കി വച്ചതാണ് രസകരമായ മറ്റൊരു പ്രതിഷ്ഠ. 1970 മുതൽ അഞ്ചുവട്ടം നിയമസഭാംഗമാകുകയും 1998 മുതൽ 2015 വെരയുള്ള പതിനേഴു വർഷം പാർട്ടി സെക്രട്ടറിയായിരിക്കുകയുമൊക്കെ ചെയ്ത പിണറായി വിജയന് എന്തിനാണ് ഒരു മാധ്യമ ഉപദേഷ്ടാവ് എന്നു പലരും അന്പരന്നെങ്കിലും ജോൺ ബ്രിട്ടാസിന് സ്‌നേഹപൂർവം ഒരു പരിഗണന നൽകാനായിരിക്കുമിതെന്നാണ് പലരും പറഞ്ഞത്. മാധ്യമകാര്യങ്ങളെപ്പറ്റി മുഖ്യമന്ത്രിയെ ഉപദേശിക്കാൻ പത്രപ്രവർത്തകനായ പ്രഭാവർമ്മ അവിടെയുള്ളപ്പോൾ ബ്രിട്ടാസിന്റെ ആവശ്യമെന്തെന്നും പലരും ചോദിച്ചു. ആ മാധ്യമ ഉപദേഷ്ടാക്കളുടെ ബുദ്ധി പൂണ്ടുവിളയാടിയ സന്ദർഭങ്ങളും കഴിഞ്ഞയാഴ്ച കേരളം കണ്ടതാണ്. ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്യാൻ സമാധാനപരമായി സമരം ചെയ്യാനെത്തിയ അമ്മ മഹിജയ്ക്കും കൂട്ടർക്കും നേരെ പൊലീസ് അതിക്രമമുണ്ടായപ്പോൽ അതിനെ പ്രതിരോധിക്കാൻ അരക്കോടി രൂപയിലധികം ചെലവാക്കി പത്രപരസ്യം നൽകി നാറാനുള്ള ബുദ്ധി ഉപദേശിച്ചുകൊടുത്തത് ബ്രിട്ടാസും പ്രഭാവർമ്മയുമായിരുന്നിരിക്കണം. അതു മൂലം മഹിജയ്ക്ക് നൽകിയ 10 ലക്ഷം രൂപ സർക്കാരിന്റെ 55 ലക്ഷം രൂപയുടെ പരസ്യനാറിത്തരത്തിനു മുന്നിൽ കേവലമൊരു ഔദാര്യം കണക്കെ മാറുകയും ചെയ്തു. പൊതുജനത്തിന്റെ പണം ഉപയോഗിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പരസ്യമായി അവതരിപ്പിക്കാൻ തുനിഞ്ഞതാകട്ടെ, ലജ്ജാവഹമാണെന്ന കാര്യത്തിൽ സിപിഎമ്മിനൊഴികെ മറ്റാർക്കും തർക്കമുണ്ടാകാനുമിടയില്ല. 

ഉപദേശികളുടെ ഈ സ്വഭാവവിശേഷങ്ങൾ കൊണ്ടാകാം മുഖ്യമന്ത്രിക്ക് ഇത്രയൊന്നും ഉപദേശികളുടെയൊന്നും ആവശ്യമില്ലെന്നാണ് സിപിഎമ്മുകാർ തന്നെ അടക്കം പറയുന്നത്. വിജയൻ വകതിരിവോടെയും വിവേകത്തോടെയും പെരുമാറിയാൽ തന്നെ മാധ്യമശകാരങ്ങളിൽ നിന്നും പൊതുജനരോഷത്തിൽ നിന്നും അദ്ദേഹത്തിന് കരകയറാനാകുമെന്നാണ് പാർട്ടി അനുഭാവികൾ തന്നെ പറയുന്നത്. അത് ശരിയാണു താനും. ജിഷ്ണുവിന്റെ അമ്മയ്ക്ക് മർദ്ദനമേറ്റ സമയത്ത് അവർക്ക് മർദ്ദനമേറ്റിട്ടില്ലെന്നും പൊലീസ് അവരെ പുഷ്പം പോലെ എടുത്തുകൊണ്ടു പോകുകയായിരുന്നുവെന്നുമാണ് വിജയൻ പറഞ്ഞത്. പോരാത്തതിന് ജനരോഷം ഇരട്ടിപ്പിക്കാൻ പൊലീസിനെ വളഞ്ഞിട്ട് ആക്രമിക്കാൻ ആരേയും അനുവദിക്കില്ലെന്നു കൂടി പറഞ്ഞ് രംഗം വഷളാക്കി മുഖ്യമന്ത്രി. നിസ്സാരമായി പരിഹരിക്കാവുന്ന ഒരു പ്രശ്‌നത്തെപ്പോലും എങ്ങനെ ചളമാക്കി, കുളമാക്കി സർക്കാരിനെ വെട്ടിലാക്കാമെന്നുള്ള ഗവേഷണത്തിൽ പിഎച്ച്ഡി എടുക്കാനുള്ള ശ്രമത്തിലാണെന്നു തോന്നുന്നു മുഖ്യമന്ത്രി. മഹിജയുടെ സമരം അവസാനിപ്പിച്ചതിനുശേഷവും പൊതുരോഷം എങ്ങനെ തനിക്ക് എതിരാക്കാമെന്ന് വിജയൻ പരീക്ഷിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. മകൻ നഷ്ടപ്പെട്ട അമ്മയുടെ മാനസികാവസ്ഥയെ ചിലർ രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും പ്രതികാരമനോഭാവമുണ്ടെങ്കിൽ ഷാജഹാനെതിരെ നേരത്തെ തന്നെ തനിക്ക് നടപടി സ്വീകരിക്കാനാകുമായിരുന്നുവെന്നും അനാവശ്യസമരമായിരുന്നു മഹിജ നടത്തിയതെന്നുമൊക്കെപറഞ്ഞുകൊണ്ടായിരുന്നു അത്. കുടുംബവുമായി ഒരു കരാർ ഉണ്ടാക്കുകയും മഹിജയുടെ കുടുംബത്തോട് തനിക്ക് സ്‌നേഹവും കരുതലുമാണുള്ളതെന്നുമൊക്കെ സമരം അവസാനിപ്പിക്കാനായി നല്ല വാക്കുകൾ പറഞ്ഞ മുഖ്യമന്ത്രി സമരം തീർന്നയുടനെ തന്നെ ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്തിനെതിരെ പകയോടുള്ള പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. പോരാത്തതിന്, സിപിഐ സെക്രട്ടറി കാനവും സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയുമൊന്നും സമരം ഒത്തുതീർപ്പാക്കാൻ ഇടപെട്ടിട്ടില്ലെന്നും അവരൊക്കെ പ്രശ്‌നം വഷളാക്കാനാണ് ശ്രമിച്ചതെന്ന് പരോക്ഷമായി പറഞ്ഞുവയ്ക്കുകയും ചെയ്തു അദ്ദേഹം. 

സർക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കാൻ വാസ്തവത്തിൽ പണം പറ്റുന്ന മൂന്ന് ഉപദേഷ്ടാക്കളുടേയും പണം പറ്റാത്ത നാല് ഉപദേശികളുടേയും ആവശ്യമില്ല. ജനങ്ങളുമായും മാധ്യമങ്ങളുമായും നല്ല സന്പർക്കമുണ്ടായാൽ തീരുന്ന പ്രശ്‌നങ്ങളേ ഇവിടെയുള്ളു. എല്ലാ ആഴ്ചയിലും മുൻ മുഖ്യമന്ത്രിമാർ നടത്തിയിരുന്ന പോലെ മന്ത്രിസഭാ യോഗത്തിനുശേഷം നടത്തുന്ന കാബിനറ്റ് ബ്രീഫിങ് നടത്തിയാൽ തന്നെ സർക്കാരിനെപ്പറ്റി ജനങ്ങൾക്കുള്ള സംശയങ്ങൾക്ക് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിലൂടെ മറുപടി നൽകാനാകും. പക്ഷേ എന്തു ചെയ്യാം, മുഖ്യമന്ത്രി സുതാര്യതയുടെ പാതയിലല്ല കാര്യങ്ങൾ മുന്നോട്ടു നീക്കുന്നത്. കാബിനറ്റ് ബ്രീഫിങ്ങിന് ഇരിക്കുന്പോൾ മന്ത്രിസഭയെടുത്ത തീരുമാനങ്ങളെക്കുറിച്ചും നാട്ടിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ചുമെല്ലാം ചോദ്യങ്ങൾ ഉണ്ടാകുമെന്നത് സ്വാഭാവികമായ കാര്യം. പല സംശയങ്ങളും ദൂരീകരിക്കാൻ അത് അവസരം നൽകുകയും ചെയ്യും. പക്ഷേ സ്ഥാനമേറ്റെടുത്തതു മുതൽ വിജയൻ മാധ്യമങ്ങളെ എങ്ങനെ ഭരണത്തിൽ നിന്നും അകറ്റിനിർത്താമെന്നാണ് നോക്കിയിരുന്നതെന്ന് ആർക്കാണറിയാത്തത്? പ്രസ് ബ്രീഫിങ്ങ് ഒഴിവാക്കിയതിനു പുറമേ, മന്ത്രിസഭാ തീരുമാനങ്ങൾ അവ നടപ്പാക്കുന്നതിനു മുന്പ് വിവരാവകാശ നിയമപ്രകാരം അറിയുന്നതു പോലും വിലക്കാൻ വിവരാവകാശ നിയമത്തിന്റെ 8(1) (i) വകുപ്പു തന്നെ തെറ്റായി വ്യാഖ്യാനിക്കുകയും മന്ത്രിസഭാ യോഗത്തിന്റെ വിവരങ്ങളുടെ നന്പറിട്ട ഫയൽ സ്ട്രിക്റ്റ്‌ലി കോൺഫിഡൻഷ്യൻ വകുപ്പിനു മാത്രം നൽകുകയും ബാക്കി സ്ഥലങ്ങളിൽ നന്പറും തീയതിയും ഒഴിവാക്കുകയും ചെയ്തു സർക്കാർ. വിവരം തേടുന്നയാളോട് നന്പറും തീയതിയും നൽകിയാൽ വിവരം നൽകാമെന്നു പറഞ്ഞുകൊണ്ട് വിവരം നൽകാതിരിക്കാനുള്ള രീതികളാണ് സർക്കാർ അവലംബിച്ചത്. ഈ സർക്കാരിന് ജനങ്ങളിൽ നിന്നും പലതും മറയ്ക്കാനുണ്ടെന്ന് 1850 കൊടുംകുറ്റവാളികളെ വിട്ടയക്കാനുള്ള മന്ത്രിസഭാ തീരുമാനം ഗവർണർ മടക്കിയതിൽ നിന്നു തന്നെ നമുക്ക് ബോധ്യപ്പെടുകയും ചെയ്തു. മന്ത്രിസഭാ തീരുമാനങ്ങൾ നടപ്പാക്കിയശേഷം മാത്രമേ പറയൂവെന്ന് ശഠിക്കുന്നത് തെറ്റായ നീക്കങ്ങൾ നടത്താനുള്ള ശ്രമമാണെന്ന് ആർക്കാണ് അറിയാത്തത്? 

ഭരണത്തിൽ സുതാര്യതയും നേതാക്കളുടെ പെരുമാറ്റത്തിൽ വകതിരിവും കൊണ്ടുവരാത്തപക്ഷം ഇടതുപക്ഷ സർക്കാരിനെ ഇന്നത്തെ നിലയിൽ ജനകീയമാക്കി മാറ്റുന്നത് അസാധ്യമാണ്. വൈദ്യുതി മന്ത്രി എം.എം മണിയെപ്പോലുള്ളവർ ദൈനംദിനമെന്നോണം നടത്തുന്ന പ്രതിലോമകരമായ വാചകക്കസർത്തുകളും ഇടുക്കിയിലെ കൈയേറ്റക്കാർക്ക് അനുകൂലമായി സ്വീകരിക്കുന്ന നിലപാടുകളുമെല്ലാം തുടർച്ചയായ ഭരണവീഴ്ചകൾക്കു പുറമേ, ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കുന്നുണ്ട്. മഹിജയുടെ സമരത്തിന് പിന്തുണയർപ്പിക്കാനെത്തിയവരെ ഗൂഢാലോചനാക്കേസ്സെടുത്ത് അറസ്റ്റ് ചെയ്ത് ഏഴു ദിവസം ജയിലിലടച്ചത് സർക്കാരിന്റെ ജനാധിപത്യവിരുദ്ധ ഫാസിസ്റ്റ് മനസ്സ് പുറത്തുകൊണ്ടുവന്നപ്പോൾ എംഎം മണിയുടെ മൂന്നാറിലെ അഴിഞ്ഞാട്ടം സിപിഎമ്മിനെ പൊതുസമക്ഷം നഗ്നമാക്കി നിർത്തിയിരിക്കുന്നു. മലപ്പുറത്തെ തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിയുടെ പത്തുമാസത്തെ ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് വിജയനിട്ടുള്ള ഒരു മാരകപാരയായി മാത്രം കണ്ടാൽ മതി. അതുപോട്ടെ, ഇതിനെല്ലാമിടയ്ക്ക് ഈ ഉപദേശികൾക്ക് ഇവിടെ എന്തുകാര്യം എന്നു മാത്രം ചോദിക്കരുത്! 

You might also like

Most Viewed