സർ­ക്കാ­രി­ന്റെ­ പോ­ലീസ് ഹാ­ങ്ങോ­വർ!


ജെ. ബിന്ദുരാജ്

ഓരോരോ കാലങ്ങളിൽ സംസ്ഥാനത്തെ പോലീസിന് ഓരോരോ പേരുകളായിരുന്നു− കരുണാകരന്റെ പോലീസ്, നായനാരുടെ പോലീസ്, ആന്റണിയുടെ പോലീസ്, ചാണ്ടിയുടെ പോലീസ്, പിണറായി വിജയന്റെ പോലീസ് എന്നിങ്ങനെ പോകുന്നു അത്. ആഭ്യന്തരവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന പോലീസ് സേന അതാത് കാലങ്ങളിൽ അതാത് സർക്കാരുകളുടെ വിനീതവിധേയരാണെന്നും വകുപ്പ് മന്ത്രിയുടെ നിലപാടുകൾക്കനുസരിച്ചു മാത്രമേ പോലീസിൽ നിന്നും നീതി ലഭിക്കുകയുള്ളുവെന്നുമുള്ള ചിന്തയിൽ നിന്നായിരുന്നു ഇങ്ങനെ വ്യക്തികളുടെ പേരിൽ കേരളാ പോലീസ് പുനർനാമകരണം ചെയ്യപ്പെട്ടത്. അതായത് സ്വതന്ത്രമായും നിഷ്പക്ഷമായും പ്രവർത്തിക്കേണ്ടുന്ന ക്രമസമാധാനച്ചുമതലയുള്ള പോലീസ് അധികാരവർഗത്തിന്റെ ചട്ടുകമായി ഓരോരോ കാലങ്ങളിൽ മാറുകയായിരുന്നുവെന്നാണ് അതിന്റെ അർത്ഥം. എന്തിനധികം പറയുന്നു, കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ പോലീസ് സേനയ്ക്ക് കഴിഞ്ഞ ഒരു വർഷത്തിനിടെ ചില വീഴ്ചകൾ സംഭവിച്ചുവെന്നും അതിനു കാരണം പോലീസുകാർ യുഡിഎഫ് കാലത്തെ ഹാങ്ങോവറിലായിരുന്നതാണെന്നും പറയുകയുണ്ടായി. ഭരിക്കുന്നവരുടെ പിണിയാളുകളാണ് പോലീസ് എന്ന ചിന്ത വച്ചുപുലർത്തുന്നതുകൊണ്ടും അധികാരദുർവിനിയോഗത്തിന്റെ പ്രധാന അച്ചുതണ്ടുകളിലൊന്ന് പോലീസ് ആണെന്നും ധരിച്ചുവച്ചിരിക്കുന്നതിനാലാണ് സംസ്ഥാന പോലീസ് സേന മുൻ ഭരണത്തിന്റെ ഹാങ്ങോവറിലാണെന്ന് പറയാൻ മാത്രമുള്ള ഒരു അധഃപതനം കേരളത്തിലെ മുഖ്യമന്ത്രിക്കുണ്ടായതെന്ന് വ്യക്തം. 

കേരളാ പോലീസ് കുറ്റമറ്റതാണെന്ന് ആർക്കും പറയാനാവില്ല. ഭരണകക്ഷിയുടെ പിണിയാളന്മാരായി പോലീസിനെ മാറ്റുവാൻ ആഗ്രഹിക്കുന്ന ഭരണക്കാർ അധികാരത്തിൽ വരുന്പോൾ അവരുടെ കാൽക്കീഴിൽ നിലയുറപ്പിച്ചുകൊണ്ട് തങ്ങളുടെ വ്യക്തിഗതമായ ഇഷ്ടങ്ങൾ നേടിയെടുക്കാൻ എന്തും ചെയ്തു നൽകുന്ന പോലീസുകാർ കേരളാ പോലീസിലുമുണ്ട്. കേരളാ പോലീസിലെ ക്രിമിനലുകളുടെ വിവരങ്ങൾ 2012−ൽ അന്നത്തെ ഡിജിപി ജേക്കബ് പുന്നൂസ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം കോടതിയിൽ സമർപ്പിച്ചപ്പോൾ അതിൽ കൊലപാതകം, ബലാൽസംഗം പോലുള്ള ക്രിമനൽ കേസ്സുകളിൽ പ്രതിചേർക്കപ്പെട്ടവരായി 533 പേരും സിബിഐ അന്വേഷണം നേരിടുകയോ വിചാരണ കാത്തിരിക്കുന്നവരോ ആയ 36 പേരും വിജിലൻസ് അന്വേഷണം നേരിടുന്നവരായി 29 പേരുമാണ് ഉണ്ടായിരുന്നത്. 118 പോലീസുകാർ ക്രിമിനൽ കേസ്സുകളിൽ പ്രതിചേർക്കപ്പെട്ട തിരുവനന്തപുരം ഒന്നാം സ്ഥാനത്തും 62 പോലീസുകാർ പ്രതിചേർക്കപ്പെട്ട എറണാകുളം രണ്ടാം സ്ഥാനത്തുമാണ് ഈ പട്ടികയിൽ നിലയുറപ്പിച്ചിരുന്നത്. കേരളത്തിൽ മൊത്തമുള്ള 52,000 പോലീസുകാരിൽ പ്രതിവർഷം 50−60 പേർ വിവിധ കേസ്സുകളിൽ പ്രതിചേർക്കപ്പെടുന്നുണ്ടെന്നതാണ് വാസ്തവം. എന്നാൽ ക്രിമിനൽ കേസ്സുകളിൽപ്പെട്ട ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തപ്പെട്ടില്ലെന്ന ന്യായം ഉയർത്തി അവരെ ക്രമസമാധാനച്ചുമതലയുള്ള സ്ഥാനങ്ങളിൽ തന്നെ നിലനിർത്തിപ്പോരുകയാണ് സാധാരണഗതിയിൽ സർക്കാരുകൾ ചെയ്യാറുള്ളത്. അതിനു പ്രധാന കാരണം ഇത്തരം ഉദ്യോഗസ്ഥർ പലരും സർക്കാരിന് വേണ്ടപ്പെട്ടവരാണെന്നതു തന്നെ. ഉദാഹരണത്തിന് കഴിഞ്ഞയാഴ്ച പോലീസ് ആസ്ഥാനത്ത് എഡിജിപിയായി നിയമിതനായ ടോമിൻ ജെ തച്ചങ്കരിയുടെ കാര്യം തന്നെയെടുക്കാം. ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ഒരുപോലെ പ്രിയപ്പെട്ട ഈ പോലീസ് ഉദ്യോഗസ്ഥൻ നിരവധി കേസ്സുകളിൽ പെടുകയും മുൻ ഡിജിപി ബാലസുബ്രഹ്മണ്യം ഇദ്ദേഹത്തെ സർവീസിൽ നിന്നും നീക്കം ചെയ്യപ്പെടേണ്ട ആളായി പതിനെട്ട് കാരണങ്ങളുന്നയിച്ച് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന് കത്തുനൽകുകയും ചെയ്തിട്ടുണ്ട്. പക്ഷേ അനധികൃത സ്വത്ത് സന്പാദനക്കേസ്സടക്കമുള്ള നിരവധി കേസ്സുകളിൽ കുറ്റാരോപിതനായ ഈ ഉദ്യോഗസ്ഥന് ഏതു സർക്കാർ വന്നാലും ചാകര തന്നെയാണ്. അതിനു കാരണം സഹായിക്കാൻ അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ നേതൃത്വം ഉണ്ടെന്നതു തന്നെ. കൈരളി ചാനലിനായി സിങ്കപ്പൂരിൽ നിന്നും അനധികൃതമായി ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ സഹായിച്ചുകൊണ്ടായിരുന്നുവല്ലോ ഈ പോലീസ് ഉദ്യോഗസ്ഥന്റെ സിപിഎമ്മുമായുള്ള ബാന്ധവത്തിന് വർഷങ്ങൾക്കു മുന്പ് തുടക്കമാകുന്നത്. 

സമർത്ഥരായ ഉദ്യോഗസ്ഥരുടെ ബലിനിലമാണ് കേരളാ പോലീസ്. ഏതാനും വർഷങ്ങൾക്കു മുന്പ് ഒറീസ്സ സ്വദേശിയും 1991 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ സഞ്ജീവ് കുമാർ പട്‌ജോഷി കേരളത്തിൽ പോലീസ് സേനയിൽ പ്രവർത്തിക്കുന്പോൾ താൻ നേരിട്ട പീഡനങ്ങളെപ്പറ്റി ഈ ലേഖകനോട് തുറന്നുപറഞ്ഞിരുന്നു. ഇപ്പോൾ കേന്ദ്ര സർക്കാരിൽ പഞ്ചായത്തീരാജ് മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിക്കുകയാണ് പട്‌ജോഷി. മികച്ച പ്രവർത്തനം കാഴ്ച വെയ്ക്കുന്ന ഉദ്യോഗസ്ഥരെ ഒതുക്കുവാനും പീഡിപ്പിക്കുവാനും രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയോടെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത് കേരളത്തിൽ നടന്നിട്ടുണ്ടെന്ന് അദ്ദേഹം സ്വാനുഭവത്തിന്റെ വെളിച്ചത്തിലാണ് വർണ്ണിച്ചത്. 2002−ൽ പട്‌ജോഷി കോഴിക്കോട് പോലീസ് കമ്മീഷണറായിരിക്കുന്പോഴാണ് അദ്ദേഹത്തിനെതിരെയുള്ള നീക്കങ്ങളുടെ തുടക്കം. 65 ശതമാനം പൊള്ളലുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 24−കാരിയെ ബലാൽസംഗം ചെയ്ത കേസ്സിൽ സുബഹ്മണ്യൻ എന്ന ആശുപത്രി അറ്റൻഡറെ പട്‌ജോഷി അറസ്റ്റ് ചെയ്യാൻ നിർദ്ദേശം നൽകിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. ആശുപത്രിയിലെ കോൺഗ്രസ് ജീവനക്കാരുടെ സംഘടനയിലെ അംഗങ്ങൾ സുബഹ്മണ്യനെ രക്ഷിക്കാനെത്തി. അന്നത്തെ ആരോഗ്യമന്ത്രി പി ശങ്കരൻ അത്തരമൊരു സംഭവമേ നടന്നിട്ടില്ലെന്നും അത് കെട്ടിച്ചമച്ചതാണെന്നും ആരോപിച്ചു. അന്നത്തെ വനിതാ കമ്മീഷൻ ചെയർപേഴ്‌സണാകട്ടെ ബലാൽസംഗം നടന്നിട്ടില്ലെന്ന് പറയാനായി പത്രസമ്മേളനം പോലും വിളിച്ചുചേർത്തു. രാഷ്ട്രീയ നേതൃത്വത്താൽ വലയം ചെയ്യപ്പെട്ട അവസ്ഥയിലായെങ്കിലും ആത്യന്തികമായി മനുഷ്യനന്മയിലും സത്യത്തിലും വിശ്വസിച്ചുപോന്നിരുന്ന പട്‌ജോഷി കീഴടങ്ങാൻ തയ്യാറായിരുന്നില്ല. സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടുവെന്നു തെളിയിക്കുന്നതിനായി സ്ത്രീയുടെ സ്മിയർ ടെസ്റ്റ് നടത്തുന്നതിനായി സർക്കാർ ലാബിനെ അദ്ദേഹം സമീപിച്ചു. പക്ഷേ സമ്മർദ്ദങ്ങൾ മൂലം ടെസ്റ്റ് നടത്തുന്നത് വൈകിയപ്പോൾ ടെസ്റ്റ് നടത്താൻ സർക്കാരിന് നിർദ്ദേശം നൽകുന്നതിനായി പട്‌ജോഷി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. ഇതേതുടർന്ന് മനുഷ്യാവകാശ കമ്മീഷൻ സർക്കാരിനോട് സ്മിയർ ടെസ്റ്റ് നടത്താൻ ആവശ്യപ്പെടുകയും ബലാൽസംഗക്കേസ്സ് തെളിയുകയും ചെയ്തു. കോൺഗ്രസുകാരനായ ബലാൽസംഗിയെ അറസ്റ്റ് ചെയ്ത് ശിക്ഷിച്ചതിന്റെ പേരിൽ ഇനി പട്‌ജോഷിക്കെതിരെ അന്നത്തെ എകെ ആന്റണി നേതൃത്വം നൽകിയ യുഡിഎഫ് സർക്കാർ എന്തെല്ലാം പ്രതികാര നടപടികളുമായാണ് മുന്നോട്ടുപോയതെന്ന് അറിയുക. പട്‌ജോഷി മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയതും ബലാൽസംഗത്തിന് ഇരയായ സ്ത്രീയെ സഹായിക്കാനുള്ള പൗരസമിതിയിൽ അംഗമായതും പത്രസമ്മേളനം നടത്തിയതുമൊക്കെ സർവീസ് ചട്ട ലംഘനമാണെന്ന് ആരോപിച്ച് അന്നത്തെ ഡിഐജി എൻ ശങ്കർ റെഡ്ഢി പട്‌ജോഷിക്കെതിരെ തിരിഞ്ഞു. ബലാൽസംഗക്കേസ്സ് കുഴിച്ചുമൂടാൻ ശങ്കർ റെഡ്ഢി പട്‌ജോഷിയിൽ സമ്മർദ്ദം ചെലുത്തി. പട്‌ജോഷിയുടെ വാർഷിക കോൺഫിഡൻഷ്യൽ റിപ്പോർട്ടിൽ അദ്ദേഹത്തിനെതിരെ മോശപ്പെട്ട പരാമർശങ്ങൾ എഴുതിച്ചേർത്തു. കേന്ദ്രത്തിലേക്ക് ഡെപ്യൂട്ടേഷനിൽ പോകാൻ ശങ്കർ റെഡ്ഢി പട്‌ജോഷിയെ നിർബന്ധിതനാക്കി. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പട്‌ജോഷി ശങ്കർ റെഡ്ഢിക്കെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകുകയായിരുന്നു. സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥനെ പീഡിപ്പിക്കാൻ സർക്കാർ പോലീസ് ഉന്നതാധികാരിയെ ദുരുപയോഗം ചെയ്ത സംഭവമായിരുന്നു പട്‌ജോഷിയുടേത്. 

ടിപി സെൻകുമാറിന്റെ കാര്യത്തിലും സംഭവിച്ചത് ഇതു തന്നെ. ടിപി ചന്ദ്രശേഖൻ കൊലക്കേസ്സ് പ്രതികളെ അറസ്റ്റ് ചെയ്യാൻ അന്നത്തെ ഇന്റലിജൻസ് മേധാവിയായിരുന്ന ടിപി സെൻകുമാർ നൽകിയ നിർദ്ദേശങ്ങളാണ് കേരളാ പോലീസിനെ സഹായിച്ചത്. പാർട്ടി തന്നെ ഏതാനും പേരെ പ്രതികളായി നൽകുകയും യഥാർത്ഥ പ്രതികൾ രക്ഷപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഒഴിവായതും സിപിഎം നേതാക്കളായ കുഞ്ഞനന്തനും ജയചന്ദ്രനുമടക്കമുള്ളവർ കേസ്സിൽ അറസ്റ്റിലായതുമൊക്കെ സെൻകുമാറിന്റെ ഇടപെടലിനെ തുടർന്നായിരുന്നു. ഈ വിരോധമാണ് വാസ്തവത്തിൽ അധികാരത്തിലെത്തിയ ആദ്യനാളുകളിൽ തന്നെ സെൻകുമാറിനെ സംസ്ഥാന ഡിജിപി സ്ഥാനത്തു നിന്നും നീക്കം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയനെ പ്രേരിപ്പിച്ചത്. ഇതിനായി പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തത്തിൽ അന്നത്ത ആഭ്യന്തര അഡീഷണൽ സെക്രട്ടറി നളിനി നെറ്റോ തയ്യാറാക്കിയ ആദ്യ റിപ്പോർട്ടിൽ തിരുത്തലുകൾ വരുത്തി സെൻകുമാറിനെതിരെയുള്ള ആരോപണങ്ങൾ കൂട്ടിച്ചേർക്കുകയായിരുന്നു. എന്നാൽ സെൻകുമാറിന് സുപ്രീം കോടതിയിൽ നിന്നും ഈ ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള വിധിന്യായം ലഭിച്ചതോടെ സർക്കാരിന് മുട്ടുമടക്കേണ്ടിയും വന്നു. അഭിമാനവും ആർജവവുമുള്ള ഉദ്യോഗസ്ഥനു മുന്നിൽ ഒരു അധികാരകേന്ദ്രം കീഴടങ്ങിയത് നിസ്സാരമായി കാണാവുന്ന ഒന്നല്ല. രാഷ്ട്രീയമേലാളന്മാരുടെ പ്രതികാരവാഞ്ഛയ്ക്ക് അറുതി വരുത്താൻ സെൻകുമാറിന്റെ ഈ നിലപാട് ഒരുപരിധി വരെ പിൽക്കാലത്ത് സഹായകവുമായേക്കാം. സെൻകുമാറിന്റെ നിയമനം വൈകിപ്പിക്കുകവഴി സർക്കാരിന് കോടതിയലക്ഷ്യ നോട്ടീസ് ലഭിച്ചത് വന്പൻ തിരിച്ചടിയായി മാറുകയും ചെയ്തു. 

വേലി തന്നെയാണ് വിളവു തിന്നുന്നത്. പോലീസിനെ ഉത്തരവാദപ്പെട്ടതാക്കാനും നിഷ്പക്ഷ്മായി പ്രവർത്തിക്കാനും പര്യാപ്തമാക്കുകയും ചെയ്യേണ്ട സംസ്ഥാന സർക്കാർ തന്നെ പോലീസിനെ തങ്ങളുടെ ചട്ടുകമായി ഉപയോഗിക്കാനും കണക്കുതീർക്കാനും ഉപയോഗിക്കുന്നുവെന്നത് സേനയുടെ മനോവീര്യം തകർക്കുന്ന കാര്യമാണ്. ഇത് കാലങ്ങളായി വിവിധ ഭരണക്കാരും അവരുടെ രാഷ്ട്രീയ കൂട്ടാളികളും ചെയ്തുപോരുന്ന സംഗതിയാണ്. മുണ്ടുമടക്കിക്കുത്തിച്ചെന്ന്, പോലീസ് േസ്റ്റഷനിൽ നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ ഇറക്കിക്കൊണ്ടുപോന്ന പാരന്പര്യമുള്ള എംവി ജയരാജനാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെന്നത് ശ്രദ്ധേയം. ഡോൺ ക്വിക്‌സോട്ടിനെപ്പോലെ പെരുമാറുന്ന വിജയന്റെ മറ്റൊരു കൂട്ടാളി പിജയരാജനും പോലീസിനെതിരെ അധിക്ഷേപം ചൊരിയുന്നതിൽ ഉദാരമനസ്‌കൻ തന്നെയാണ്. നീതി നടപ്പാക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കാര്യം സാധിക്കാൻ ശ്രമിക്കുന്നത് ഈ രണ്ടു കൂട്ടരുടേയും പൊതുസ്വഭാവമാണെന്നതും നമ്മൾ പലവട്ടം കണ്ട കാര്യം. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസ്സിൽ അറസ്റ്റിലായ എസ്എഫ് ഐ നേതാക്കളെ കാണാൻ എംവി ജയരാജൻ അണികളേയും കൂട്ടി കണ്ണൂർ പോലീസ് േസ്റ്റഷനിലെത്തി നടത്തിയ ഗോഷ്ഠികളൊക്കെ മാലോകർ കണ്ടതുമാണ്. ഭരണം മാറുമെന്നും അപ്പോൾ കാണാമെന്നുമുള്ള ഭീഷണിയാണ് അന്ന് ജയരാജന്റെ നാവിൽ നിന്നുമുതിർന്നത്. നിയമത്തെയോ ക്രമസമാധാനപാലനത്തേയോ നേരായ മട്ടിൽ നടക്കാൻ അനുവദിക്കുകയല്ല, മറിച്ച് അത് പാർട്ടി കേന്ദ്രീകൃതമായി എങ്ങനെ നടപ്പാക്കണം എന്നു ചിന്തിക്കുന്ന മഠയന്മാരുടെ കൂട്ടമായി മാറിയിരിക്കുന്നു പലരും. പോലീസിനെ തങ്ങളുടെ വരുതിയിൽ നിർത്തുന്പോൾ ഉണ്ടാകുന്ന ഭവിഷ്യത്തുകളെപ്പറ്റി പക്ഷേ ഇടതും വലതുമൊന്നും ബോധവാന്മാരല്ലെന്നതാണ് സത്യം. അധികാര ദുർവിനിയോഗത്തിനും ക്രിമിനലിസത്തിനുമുള്ള പിന്തുണ അതോടെ ഭരണവർഗത്തിന്റെ വിധേയന്മാരായ പോലീസുകാർക്കും പോലീസ് ഉദ്യോഗസ്ഥർക്കും പകർന്നു കിട്ടുകയാണ്. ഇടിയൻ കുട്ടൻപിള്ളമാരും പോലീസിനുള്ളിലെ ക്രിമിനലുകളും വളരുന്നത് അങ്ങനെയാണ്. പോലീസിനുള്ളിൽ വളരുന്ന ഇത്തരം ശിഥില ശക്തികളെ ചെറുക്കാൻ പണ്ടേ മുതൽ തന്നെ ചില ശ്രമങ്ങളും ഉണ്ടായിരുന്നതാണ്. 2004−05 കാലഘട്ടത്തിലാണ് പോലീസിനെ സമൂഹത്തോട് കൂടുതൽ ഉത്തരവാദപ്പെട്ടതാക്കി മാറ്റുവാൻ കെടി തോമസിന്റെ നേതൃത്വത്തിൽ സർക്കാർ പോലീസ് അക്കൗണ്ടബിലിറ്റി കമ്മീഷനെ നിയമിച്ചത്. കമ്യൂണിറ്റി പോലീസിങ് സംവിധാനം വിജയകരമായി നടപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ആദ്യമായി മുന്നോട്ടുവച്ചത് ഈ കമ്മീഷനായിരുന്നു. ജനമൈത്രി പോലീസിന്റെ തുടക്കം അങ്ങനെയായിരുന്നു. 1,50,000−ത്തോളം പേർ വിവിധ കേസ്സുകളിലായി പ്രതിവർഷം അറസ്റ്റ് ചെയ്യപ്പെടുന്ന കേരളത്തിൽ ജനങ്ങളെ സമർത്ഥമായി ഉപയോഗിച്ച് പോലീസിനു മേലുള്ള സമ്മർദ്ദം കുറയ്ക്കാൻ ജനമൈത്രി പോലുള്ള കമ്യൂണിറ്റി പോലീസിങ് സംവിധാനം സഹായിച്ചിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. ജോലി സമ്മർദ്ദം കുറയ്ക്കാൻ ഈ നടപടി സഹായിച്ചെങ്കിലും കെടി തോമസിന്റെ ഏറ്റവും സുപ്രധാനമായ നിർദ്ദേശം ഇനിയും പ്രാവർത്തികമായിട്ടില്ല. പോലീസിലെ സ്ഥാനക്കയറ്റങ്ങളും സ്ഥലംമാറ്റങ്ങളുമൊക്കെ നിയന്ത്രിക്കാൻ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ബോർഡ് രൂപീകരിക്കണമെന്നായിരുന്നു ആ നിർദ്ദേശം. അത്തരമൊരു ബോർഡ് വരുന്നതോടെ പോലീസിനു മേലുള്ള ബാഹ്യ സമ്മർദ്ദത്തിന് അവസാനമാകുകയും ചെയ്യും.

പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവുമൊക്കെ കൈകാര്യം ചെയ്യാൻ പോലീസ് എസ്റ്റാബിഷ്‌മെന്റ് ബോർഡ് എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കണമെന്ന് സുപ്രീം കോടതി 2006−ൽ വ്യക്തമാക്കിയതാണെങ്കിലും സംസ്ഥാന സർക്കാരുകൾ അതിൽ പല ഒളിച്ചുകളികളും നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരു പ്രത്യേക രീതിയിൽ നിയമം ഉണ്ടാക്കാൻ പറയാൻ സുപ്രീം കോടതിക്ക് അധികാരമുണ്ടോയെന്ന നിയമപരമായ പ്രശ്‌നം തൽക്കാലം നമുക്ക് മറക്കാം. ബോർഡ് പോലെ ചിലത് സൃഷ്ടിച്ചുവെങ്കിലും അവയ്‌ക്കൊന്നും തന്നെ വ്യക്തമായ അധികാരമോ ചട്ടങ്ങളോ നൽകിയിട്ടില്ലെന്നതാണ് വാസ്തവം. വിവരാവകാശ പ്രവർത്തകനായ അഡ്വക്കേറ്റ് ഡിബി ബിനു ടിപി സെൻകുമാറിന്റെ ഡിജിപിയായുള്ള നിയമനത്തിനു മുന്പു തന്നെ ഈ വിഷയം ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഒരു ഹർജി നൽകിയിരുന്നതുമാണ്. സുപ്രീം കോടതി നിർദ്ദേശിച്ച മട്ടിലുള്ള ഒരു പോലീസ് ആക്ട് അല്ല കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിലവിൽ വന്നതെന്നിരിക്കേ, സുപ്രീം കോടതിയുടെ ഈ നിർദ്ദേശത്തിലും സർക്കാർ വെള്ളം ചേർക്കുകയായിരുന്നു. മുൻ ഡിജിപിയായ ബാലസുബ്രഹ്മണ്യത്തിന്റെ നിയമനം ചോദ്യം ചെയ്തുകൊണ്ട് ബിനു സമർപ്പിച്ച ഹർജിയിൽ അന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചില്ല. അന്ന് ഈ വിഷയം ഗൗരവതരമായി കണക്കിലെടുത്തിരുന്നുവെങ്കിൽ ഒരുപക്ഷേ സെൻകുമാറിന്റെ നിയമനവും പുറത്താക്കലും സംബന്ധിച്ച വിഷയം കേരളത്തിൽ ഉണ്ടാകുക പോലുമുണ്ടായിരുന്നില്ല. മുൻ ഇടതു സർക്കാരിന്റെ കാലത്തുണ്ടാക്കിയ പോലീസ് ആക്ടിൽ അവർ തന്നെ വെള്ളം ചേർത്തതിന്റെ ഭവിഷ്യത്താണ് പിന്നീട് ഇടതു സർക്കാർ അനുഭവിച്ചതെന്ന് ചുരുക്കം. പോലീസിന്റെ കാര്യക്ഷമത സംബന്ധിച്ച് ജനങ്ങളുടെ പൂർണമായ അതൃപ്തി, അച്ചടക്ക നടപടി നേരിടുക, ക്രിമിനൽ കുറ്റത്തിലോ അഴിമതിക്കേസുകളിലോ പെടുക എന്നീ കാരണങ്ങളുന്നയിച്ച് രണ്ടു വർഷത്തെ കാലാവധി പൂർത്തിയാക്കുംമുന്പ് ഡിജി പിയെ മാറ്റാം എന്നായിരുന്നു സർക്കാരിന്റെ പുതുക്കൽ. ഇതുപോലും പാലിക്കാതെയായിരുന്നു വാസ്തവത്തിൽ സെൻകുമാറിനെ നീക്കം ചെയ്തത്. സെൻകുമാറിനെതിരെ ആദ്യ ഫയലിൽ പുതിയ കൂട്ടിച്ചേർക്കലുകൾ നടത്തി ഗുരുതരമായ ക്രമക്കേടും നടത്തി സർക്കാർ. ഇതുപോലെ തന്നെയാണ് 2011−ൽ ഉണ്ടാക്കിയ പോലീസ് കംപ്ലയിന്റ് അതോറിട്ടിയുടെ അവസ്ഥയും. അതോറിട്ടിയുടെ അധികാരത്തെപ്പറ്റി ഇക്കാലമത്രയും ഒരു ചട്ടം പോലും ഉണ്ടാക്കിയിട്ടില്ല സർക്കാർ. പോലീസിനു മേൽ തങ്ങളുടെ രാഷ്ട്രീയ അധികാരം നഷ്ടപ്പെടരുതെന്നുള്ള മനോഭാവമാണ് സർക്കാരുകൾ വെച്ചുപുലർത്തിയതെന്ന് ഇതിൽ നിന്നു വ്യക്തം. 

2011−ലെ കേരള പോലീസ് ആക്ടിനു കീഴിൽ പോലീസ് എസ്റ്റാബിഷ്‌മെന്റ് ബോർഡ് രൂപീകരിക്കുന്നതിനെപ്പറ്റി ചില മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഡിജിപി ചെയർമാനും എഡിജിപി പദവിയിൽ കുറയാത്ത നാല് സീനിയർ പോലീസ് ഉദ്യോഗസ്ഥർ അംഗങ്ങളുമായുള്ള വകുപ്പുതല ബോർഡ് ആയാണ് അത് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇൻസ്‌പെക്ടർ മുതൽ താഴോട്ടുള്ള റാങ്കുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, പ്രെമോഷൻ, സേവനം സംബന്ധിച്ച പരാതികൾ എന്നിവ സംബന്ധിച്ച് നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ച് തീരുമാനമെടുക്കാനോ ശുപാർശ ചെയ്യാനുള്ള അധികാരം മാത്രമേ ബോർഡിന് നൽകിയിട്ടുള്ളു. ഡിജിപി ഉൾപ്പെടെയുള്ളവരുടെ നിയമനം ഇത്തരത്തിലുള്ള ബോർഡ് മുഖേനെ ആക്കുന്നപക്ഷം ഏകപക്ഷീയമായി സർക്കാർ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റുന്നതും നിയമിക്കുന്നതുമൊക്കെ ഒഴിവാക്കാനാകുകയും ചെയ്യും. എന്നാൽ പോലീസിലെ നിയമനവും സ്ഥലംമാറ്റവുമൊക്കെ തങ്ങളുടെ ജന്മാവകാശമാണെന്നു ധരിക്കുന്ന രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം അവർ നിയമങ്ങളിൽ വെള്ളം ചേർക്കുകയോ പുതിയ നിയമങ്ങളുടെ രൂപീകരണത്തിന് തടയിട്ടുകൊണ്ടിരിക്കുകയോ ചെയ്യും. എന്നാൽ ഇതൊക്കെ മറന്നുകൊണ്ടാണ് സെൻകുമാറിന്റെ കേസ്സിൽ പെട്ടെന്ന് സർക്കാർ സെലക്ഷൻ കമ്മിറ്റിയെപ്പറ്റി ഓർത്തത്. സെലക്ഷൻ കമ്മിറ്റിയോ സെലക്ഷ്ൻ സംബന്ധിച്ച നടപടിക്രമങ്ങൾ പാലിക്കുകയോ ചെയ്യാതെയായിരുന്നു സെൻകുമാറിന്റെ നിയമനമെന്ന് ബോധം തിരിച്ചുകിട്ടിയ ഒരാളെപ്പോലെ സർക്കാർ അവ്യക്തമായി സുപ്രീം കോടതിയിൽ എന്തൊക്കെയോ പറഞ്ഞു. സെലക്ഷൻ കമ്മിറ്റിയെ ഉപയോഗിച്ചായിരുന്നില്ല സെൻകുമാറിന്റെ നിയമനമെന്നതല്ല മറിച്ച് പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിലേയും ജിഷാ വധത്തിലേയും തുടർ നടപടികളിലുണ്ടായ വീഴ്ചകളുടെ പേരിലാണ് സെൻകുമാറിനെ മാറ്റിയതെന്നാണ് സർക്കാർ വാദിച്ചത്. സെൻകുമാറിനെ തിരികെ നിയമിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചശേഷമാണ് 2015−ലെ അദ്ദേഹത്തിന്റെ നിയമന ഉത്തരവിന്റെ കാര്യത്തിൽ ക്രമപ്രശ്‌നങ്ങളുന്നയിച്ച് സർക്കാർ വീണ്ടും കോടതിയിലെത്തിയതും കനത്ത പ്രഹരം കോടതിയിൽ നിന്ന് ഏറ്റുവാങ്ങിയതും. 

ഡിജിപി അടക്കമുള്ള ഉദ്യോഗസ്ഥരുടെ നിയമനത്തിന്റെ കാര്യത്തിലും സ്ഥലംമാറ്റത്തിലും തീരുമാനമെടുക്കാൻ ഒരു പോലീസ് എസ്റ്റാബിഷ്‌മെന്റ് ബോർഡ് അടിയന്തരമായി സ്ഥാപിക്കാൻ സർക്കാർ തീരുമാനമെടുക്കാത്തപക്ഷം പോലീസ് ഉദ്യോഗസ്ഥർ എക്കാലത്തും അതാത് സർക്കാരുകളുടെ ഏറാന്മൂളികളും ചട്ടുകങ്ങളുമായി പ്രവർത്തിക്കുന്ന ദുരവസ്ഥ ഉണ്ടാകും. രാഷ്ട്രീയക്കാർക്ക് തോന്നിയപോലെ തട്ടിക്കളിക്കാനുള്ള ഉപകരണങ്ങളല്ല തങ്ങൾ എന്ന ധാരണ പോലീസിനും ഉണ്ടാകേണ്ടത് അനിവാര്യമാണ്. നീതി നിർഭയമായി നടപ്പിലാക്കിയാൽ കണ്ണുരുട്ടുകയും നെറികേടു ചെയ്യുവാൻ സമ്മർദ്ദത്തിലാക്കപ്പെടുകയും ചെയ്യുന്ന സന്ദർഭങ്ങൾ പോലീസ് എല്ലാക്കാലത്തും നേരിടാറുണ്ട്. പ്രതിയോഗികളെ കൈകാര്യം ചെയ്യാനുള്ള കുപ്പായമിട്ട തെമ്മാടിക്കൂട്ടമായി പോലീസിനെ മാറ്റുന്നവർ യഥാർത്ഥത്തിൽ പോലീസിന്റെ മനോവീര്യവും അഭിമാനവുമാണ് ചോർത്തിക്കളയുന്നത്. നീതിബോധവും ജനതയുടെ കാവൽക്കാരുമായ നല്ല പോലീസിനെ വാർത്തെടുക്കാനുള്ള ആർജവം ഭരണകൂടങ്ങൾ കാട്ടാത്തപക്ഷം ഉന്നതർക്കു വേണ്ടി വിട്ടുവീഴ്ചകൾ ചെയ്യുകയും കുറ്റകൃത്യങ്ങൾക്കു നേരെ കണ്ണടയ്ക്കുകയും ചെയ്യുന്ന ക്രിമിനൽ സംഘങ്ങളായി പോലീസ് മാറും. അതിന് നാം അനുവദിച്ചുകൂടാ. സ്വതന്ത്രവും നിഷ്പക്ഷവുമായ പോലീസ് സേനയ്ക്കായുള്ള ചുവടുവയ്പുകളാണ് ഒരു ജനാധിപത്യ സർക്കാരിൽ നിന്നും കേരളം പ്രതീക്ഷിക്കുന്നത്.

You might also like

Most Viewed