കടലിൽ കടലോ­ളം പ്ലാ­സ്റ്റി­ക്!


ജെ. ബിന്ദുരാജ്

ഖി കൊടുങ്കാറ്റും നൂറുകണക്കിനു മത്സ്യത്തൊഴിലാളികളുടെ മരണവുമൊക്കെ വാർത്തകളായ സമയത്ത് അതിനേക്കാൾ വലുതും വിനാശകരവുമായ ഒരു ദുരന്തം നമ്മെ കാത്തിരിക്കുന്നുവെന്നതിന്റെ തെളിവായിരുന്നു ഓഖിയ്ക്കുശേഷം കേരളത്തിലെ ഫോർട്ട് കൊച്ചിയടക്കമുള്ള കടൽത്തീരങ്ങളിൽ കണ്ട കാഴ്ചകൾ. ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കടലിൽ നിന്നും വലിയ തിരമാലകൾ ഓഖിയെ തുടർന്ന് തീരങ്ങളിലെത്തിച്ചത്. സോഷ്യൽ മീഡിയകളിൽ പലരും അതിന്റെ ചിത്രങ്ങളെടുത്ത് പോസ്റ്റ് ചെയ്തിരുന്നു. ബിബിസിയിൽ കഴിഞ്ഞയാഴ്ച 91 വയസ്സുള്ള ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റർ തന്റെ ബ്ലൂ പ്ലാനറ്റ് 2−വിന്റെ അവസാന എപ്പിസോഡ് അവതരിപ്പിച്ചുകൊണ്ട് ലോകത്തോട് പറഞ്ഞതും കടലിനും അതുവഴി ലോകത്തിനും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉണ്ടാക്കാൻ പോകുന്ന അതിഭീതിദമായ അവസ്ഥയെപ്പറ്റിയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ഭീഷണിയാണ് കടലിലെ പ്ലാസ്റ്റിക് മാലിന്യ നിക്ഷേപത്തിലൂടെ ലോകത്തിലെ ജീവനുണ്ടാകാൻ പോകുന്നതെന്നാണ് അദ്ദേഹം നിരീക്ഷിച്ചത്. സമുദ്രം വലുതാണെന്നും മനുഷ്യന്റെ ചെയ്തികൾ അതിനെ ബാധിക്കില്ലെന്നുമാണ് നാം ഇതുവരെ കരുതിയിരുന്നതെങ്കിലും ആ ധാരണ തെറ്റാണെന്ന് ഇപ്പോൾ ബോധ്യപ്പെട്ടിരിക്കുന്നുവെന്ന് ഡേവിഡ് ആറ്റൻബറോ പലപല ഉദാഹരണങ്ങൾ നിരത്തിക്കൊണ്ട് ആ ഹ്രസ്വചിത്രത്തിന്റെ അവസാനഭാഗത്ത് സമർത്ഥിക്കുകയുണ്ടായി. പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂലം കടൽ ജീവികളുടെ നാശം വൻതോതിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നതിന്റെ തെളിവായിരുന്നു പ്ലാസ്റ്റിക് തിന്ന് ആമാശയം തകരാറിലായ കെയ് എന്ന കടലാമയുടെ കഥ. വയറ്റിൽ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞു കൂടി, മരണത്തോട് മല്ലടിക്കുകയായിരുന്ന ഈ കടലാമയെ മത്സ്യത്തൊഴിലാളികളാണ് കരയിലെത്തിച്ചതും രണ്ടാഴ്ചയോളം വയറിളക്കാനുള്ള ഔഷധങ്ങൾ നൽകി വയർ ഒഴിപ്പിച്ചതും വീണ്ടും കടലിലേക്കു തന്നെ തിരികെ വിട്ടതും.  ജെല്ലി ഫിഷിനെയാണ് സാധാരണയായി കടലാമകൾ ഭക്ഷണമാക്കാറുള്ളത്. പ്ലാസ്റ്റിക് കവറുകൾ കാഴ്ചയിൽ ജെല്ലി മത്സ്യങ്ങളാണെന്ന് തോന്നിപ്പിക്കുന്നതിനാലാണ് ഇവ അവ ഭക്ഷിക്കുന്നതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. കഴിഞ്ഞയാഴ്ച നയ്‌റോബിയിൽ നടന്ന ഐക്യരാഷ്ട്രസഭാ പരിസ്ഥിതി അസംബ്ലി ഊന്നിപ്പറഞ്ഞതും സമുദ്ര ജീവിതത്തെ നശിപ്പിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കടലിലേക്കൊഴുക്കുന്നതിനെ തടയുന്നതിനെപ്പറ്റി തന്നെയാണ്. 

പ്ലാസ്റ്റിക്കില്ലാത്ത ജീവിതത്തെപ്പറ്റി നമുക്ക് ഇന്ന് ചിന്തിക്കാനാകുകയേയില്ല. ടൂത്ത് ബ്രഷ് മുതൽ കസേര വരെയും പ്ലാസ്റ്റിക് ബാഗുകൾ മുതൽ പേന വരെയും പ്ലാസ്റ്റിക്കാൽ നിർമ്മിതമാണ്. നമ്മുടെ കാറിന്റെ 15 ശതമാനവും ഒരു ബോയിങ് ഡ്രീംലൈനർ വിമാനത്തിന്റെ 50 ശതമാനവും നിർമ്മിക്കപ്പെട്ടിട്ടുള്ളതും പ്ലാസ്റ്റിക്ക് കൊണ്ടു തന്നെ. പ്ലാസ്റ്റിക്കിന്റെ പല രൂപങ്ങൾ പല നിർമ്മിതികളായി രൂപാന്തരപ്പെടുന്നതിനൊപ്പം അവയുടെ റീസൈക്കിളിങ് ലോകമാകമാനം കുറഞ്ഞുവരികയുമാണ് ഇന്ന്. നാം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ കേവലം 10 ശതമാനം മാത്രമേ റീസൈക്കിൾ ചെയ്യപ്പെടുന്നുള്ളുവെന്നും ബാക്കി മുഴുവനും മാലിന്യമായി മാറുകയാണെന്നും തിരിച്ചറിയുക!

കടലിലേയ്ക്ക് ലോകരാജ്യങ്ങൾ തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ തോത് ദിവസംതോറും കൂടിക്കൂടി വരികയാണ്. ഇതേപ്പറ്റിയുള്ള ഗൗരവതരമായ കണക്കെടുപ്പുകൾ ഇപ്പോൾ ലോകത്ത് നടന്നുകൊണ്ടിരിക്കുകയാണ്. 2015 ഫെബ്രുവരി 13−ന് പുറത്തിറങ്ങിയ ‘സയൻസ്’ ജേർണലിലാണ് ഇതു സംബന്ധിച്ച ആദ്യ കണക്കുകൾ പ്രസിദ്ധീകരിക്കപ്പെട്ടത്. 2010−ൽ മാത്രം 80 ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യം വിവിധ രാജ്യങ്ങളിൽ നിന്നും കടലിലേക്കെത്തിയെന്നാണ് ആ പ്രസിദ്ധീകരണം കണക്കുകൾ പരിശോധിച്ചുകൊണ്ട് വ്യക്തമാക്കിയത്. 1961−ൽ ലോകത്ത് ആകെ നിർമ്മിച്ചിരുന്ന പ്ലാസ്റ്റിക്കിനോളം വരുമ്രേത അത്! ചൈനയാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഏറ്റവുമധികം കടലിലേക്ക് തള്ളുന്നതെങ്കിൽ തൊട്ടു പിന്നിൽ ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, തായ്‌ലണ്ട്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളാണുള്ളത്. കടലുകളിലെത്തുന്ന 60 ശതമാനം പ്ലാസ്റ്റിക് മാലിന്യങ്ങളും ഈ രാജ്യങ്ങളിൽ നിന്നാണെന്നാണ് അമേരിക്കൻ  പരിസ്ഥിതി സംഘടനയായ ഓഷ്യൻ കൺസെർവൻസി കണ്ടെത്തിയിട്ടുള്ളത്. പ്ലാസ്റ്റിക് മാലിന്യം കടലിലേക്ക് തള്ളുന്ന കാര്യത്തിൽ ഇന്ത്യ ഇപ്പോൾ 12−ാം സ്ഥാനത്താണ്. ഏതാണ്ട് 8 ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യം പ്രതിവർഷം ഇന്ത്യ കടലിൽ തള്ളുന്നുണ്ട്.

ഇപ്പോൾ തന്നെ പുറംകടലിൽ മത്സ്യബന്ധനത്തിന് പോകുന്ന മീൻപിടുത്തക്കാരുടെ വലകളിൽ മത്സ്യത്തോടൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങളും വ്യാപകമായി ലഭിക്കുന്ന അവസ്ഥ സംജാതമായിട്ടുണ്ട്. കാര്യങ്ങൾ ഇത്തരത്തിൽ തന്നെ മുന്നോട്ടുപോയാൽ 2025 ആകുന്പോഴേക്ക് ഓരോ മൂന്നു ടൺ മത്സ്യത്തിനുമൊപ്പം ഒരു ടൺ പ്ലാസ്റ്റിക്ക് വലയിൽ കുടുങ്ങുന്ന അവസ്ഥയുണ്ടാകുമെന്നാണ് ഓഷ്യൻ കൺസെർവൻസി അധികൃതർ പറയുന്നത്. ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യം കടലിൽ തള്ളുന്ന അഞ്ച് ഏഷ്യൻ രാജ്യങ്ങളിലും ആ രാജ്യത്ത് ഉൽപാദിപ്പിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ 40 ശതമാനം മാത്രമേ ശരിയായ രീതിയിൽ മാലിന്യ സംസ്‌കരണ പ്ലാന്റുകളിലേക്ക് എത്തിക്കപ്പെടുന്നുള്ളുവെന്നതാണ് യാഥാർത്ഥ്യം. ബാക്കി മാലിന്യങ്ങൾ എവിടെയെങ്കിലുമൊക്കെ അവർ കൂട്ടിയിടുകയും അവ കടലിലേക്ക് വൈകാതെ എത്തപ്പെടുകയും ചെയ്യുന്നു. മിക്ക രാജ്യങ്ങളിലും മാലിന്യങ്ങൾ കൂട്ടിയിടുന്ന സ്ഥലം പുഴകൾക്കും കടലിനുമൊക്കെ പരിസരത്തായതിനാൽ കനത്ത മഴ പെയ്താൽ ജലത്തിനൊപ്പം ഇവയെല്ലാം തന്നെ കടലിലേക്ക് എത്തപ്പെടുകയും ചെയ്യും. 

ഏഷ്യൻ രാജ്യങ്ങൾ ഏറ്റവുമധികം പ്ലാസ്റ്റിക് കടലിൽ തള്ളുന്നവരായി മാറിയിട്ടുണ്ടെങ്കിൽ അതിനുള്ള പ്രധാന കാരണക്കാർ വികസിത രാജ്യങ്ങളിലെ കന്പനികളാണെന്നതാണ് വാസ്തവം. ഏഷ്യൻ രാജ്യങ്ങളിലേയ്ക്ക് ഉൽപ്പന്നങ്ങൾ വിപണനത്തിന് എത്തിക്കുന്പോൾ കുറഞ്ഞ അളവിലുള്ള പ്ലാസ്റ്റിക് സാഷെകളിലോ ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകളിലോ ആണ് അവർ അത് എത്തിക്കുന്നത്. ഉൽപന്ന്തിനൊപ്പം അളവിൽ പ്ലാസ്റ്റിക്കും ഈ കണ്ടെയ്‌നറുകളിലൂടെ ഈ രാജ്യങ്ങളിലെത്തുന്നു. ഉദാഹരണത്തിന് ഇപ്പോൾ വിപണിയിൽ ലഭ്യമായിട്ടുള്ള ഷാന്പുവിന്റെ ബോട്ടിലുകളും സാഷെകളും തന്നെ പരിശോധിച്ചു നോക്കൂ.  ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ക്ലിനിക് പ്ലസ് ഷാന്പുവിന്റെ ഒരു സാഷെയെടുത്തു നോക്കൂ. ഒരു രൂപയ്ക്കാണ് ആറ് മില്ലിലിറ്ററിന്റെ ഒരു സാഷെ അവർ വിൽക്കുന്നത്. ഒരൊറ്റ കുളിയിൽ നിന്നും ഒരു സാഷെ വലുപ്പമുള്ള പ്ലാസ്റ്റിക് മാലിന്യമാണ് ഉണ്ടാകുന്നത്. സത്യത്തിൽ റീസൈക്കിൾ ചെയ്യാനാകാത്ത ഒരു പ്ലാസ്റ്റിക് മാലിന്യമാണ് ഈ സാഷെകൾ. ലാമിനേറ്റഡ് പ്ലാസ്റ്റിക് ഫിലിമും അലുമിനിയവുമാണ് സാഷെയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. അതുമൂലം ഇവ റീസൈക്കിളിങ്ങിനു പോകാതെ പ്ലാസ്റ്റിക് മാലിന്യമായി കടലിലും പുഴയിലുമൊക്കെ എത്തിച്ചേരുകയാണ് പതിവ്. ഇത് അതീവ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നം സൃഷ്ടിക്കുന്നുണ്ടെന്ന് ലോകവ്യാപകമായി തന്നെ പരാതിയുർന്നതിനെ തുടർന്നാണ് യൂണിലിവർ ഏതാനും മാസങ്ങൾക്കു മുന്പ് സാഷെയിൽ നിന്നും പ്ലാസ്റ്റിക് വേർതിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. ക്രയാസോൾവ് എന്നറിയപ്പെടുന്ന ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് വേർതിരിക്കപ്പെടുന്ന പ്ലാസ്റ്റിക് വീണ്ടും സാഷെകൾ ഉപയോഗിക്കാനായി ഉപയോഗിക്കുമെന്നാണ് യൂണിലിവർ പറയുന്നത്. പക്ഷേ ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താനുള്ള പൈലറ്റ് പ്ലാന്റ് ഇന്തോനേഷ്യയിൽ 2017−ൽ തുറക്കാനിരിക്കുന്നതേയുള്ളു. ഇന്തോനേഷ്യയാണ് ഏറ്റവുമധികം പ്ലാസ്റ്റിക് സാഷെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന രാജ്യം. സാഷെകളിൽ നിന്നു മാത്രം വലിയൊരു ശതമാനം പ്ലാസ്റ്റിക് മാലിന്യം ഇന്തോനേഷ്യയിൽ ഉൽപാദിപ്പിക്കപ്പെടുന്നുണ്ടെന്നും അതിൽ 1.3 ടൺ പ്ലാസ്റ്റിക് മാലിന്യം കടലിലെത്തുകയാണെന്നുമാണ് കണക്കുകൾ പറയുന്നത്.

ഇന്ത്യ ഇന്തോനേഷ്യയുടെ പാതയിലേക്കു തന്നെയാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട 20 നദികളുടെ കൂട്ടത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത് ചൈനയിലെ യാങ്‌സീയാണെങ്കിലും രണ്ടാം സ്ഥാനത്ത് ഇന്ത്യയിലെ ഗംഗയുണ്ട്. ചൈനയിലെ അഞ്ചു നദികളും ഇന്തോനേഷ്യയിലെ നാല് നദികളും നൈജീരിയയിലെ മൂന്നു നദികളും മ്യാന്മാറിലെ രണ്ടു നദികളും ഈ പട്ടികയിലുണ്ട്. ഫിലിപ്പൈൻസിലേയും തായ്‌വാനിലേയും ബ്രസിലീലേയും കൊളംബിയയിലേയും തായ്‌ലണ്ടിലേയും ഓരോരോ നദികളും ഈ 20−ന്റെ പട്ടികയിൽ വരുന്നു. ഈ നദികളിലൂടെ ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പ്രധാനമായും നമ്മുടെ സമുദ്രങ്ങളിലെ ജീവിതം ഇപ്പോൾ അസാധ്യമാക്കിക്കൊണ്ടിരിക്കുന്നത്. പ്രതിവർഷം ഈ നദികളിലൂടെ മാത്രം സമുദ്രങ്ങളിലേക്ക് 24.1 കോടി ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് എത്തപ്പെടുന്നതെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളിലൂടെ ചൈനയാണ് സമുദ്രത്തെ മലിനമാക്കുന്നതിൽ ഒന്നാം സ്ഥാനത്തെങ്കിൽ രണ്ടാം സ്ഥാനത്ത് ഇന്തോനേഷ്യയാണുള്ളത്. ജാവയിലേയും സുമാത്രയിലേയും നദികളിൽ മാത്രം രണ്ടു ലക്ഷം ടണ്ണോളം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇന്തോനേഷ്യ നിക്ഷേപിക്കുന്നത്! ഇന്തോനേഷ്യക്കാരുടേയും ചൈനക്കാരുടേയും ജീവിതശൈലിയാണ് പ്ലാസ്റ്റിക് മലിനീകരണം വർദ്ധിച്ചുവരാനുള്ള കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. പ്ലാസ്റ്റിക് ബാഗുകളും കപ്പുകളും സ്‌ട്രോകളും ബോട്ടിലുകളും വില കുറഞ്ഞ പ്ലാസ്റ്റിക് വീട്ടുപകരണങ്ങളുമെല്ലാം വൻതോതിൽ ഇന്തോനേഷ്യക്കാരും ചൈനക്കാരും ഉപയോഗിച്ചു പോരുന്നു. ചൈനയിൽ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ വലിയൊരു പങ്കും പ്ലാസ്റ്റിക് നിർമ്മിത ഉൽപന്നങ്ങളാണെന്നത് ഇന്ത്യയും താമസിയാതെ തന്നെ പ്ലാസ്റ്റിക് ദുരന്തത്തിന്റെ പിടിയിലാകുമെന്നതിന്റെ സൂചനയാണ്. 

ലോകത്തെന്പാടുമായി പ്രതിവർഷം 30 കോടി ടൺ പ്ലാസ്റ്റിക്കാണ് ഉൽപാദിപ്പിക്കപ്പെടുന്നത്. അതിൽ കേവലം 10 ശതമാനം മാത്രമേ റീസൈക്കിൾ ചെയ്യപ്പെടുന്നുള്ളു. 80 ലക്ഷം ടൺ പ്ലാസ്റ്റിക് ഓരോ വർഷവും സമുദ്രത്തിലേക്ക് മാലിന്യമായി എത്തപ്പെടുകയും ചെയ്യുന്നു. സമുദ്രത്തിലെത്തുന്ന ഈ പ്ലാസ്റ്റിക് വർഷങ്ങൾ കഴിയുന്തോറും ചെറിയ ചെറിയ കഷണങ്ങളായി രൂപാന്തരപ്പെടുന്നു. ഈ ചെറിയ പ്ലാസ്റ്റിക് ഭാഗങ്ങളാണ് മത്സ്യങ്ങളും മറ്റു ജീവികളും ഭക്ഷ്യയോഗ്യമെന്ന് തെറ്റിദ്ധരിച്ച് അകത്താക്കുന്നത്. നോർത്ത് പസഫിക് പ്രദേശത്തെ മത്സ്യങ്ങൾ പ്രതിവർഷം 24,000 ടൺ പ്ലാസ്റ്റിക് അകത്താക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. 

ലോകത്തെ ആദ്യ കൃത്രിമ പ്ലാസ്റ്റിക്കായ ബേക്കലൈറ്റ് ഉൽപാദിപ്പിക്കപ്പെട്ടത് 1907−ൽ ന്യൂയോർക്കിലായിരുന്നു. ഇന്ന് പോളിഅമൈഡ്, പോളി കാർബണേറ്റ്, പോളീസ്റ്റർ, പോളീഎത്തിലിൻ, പോളീപ്രൊപ്പലിൻ, പോളീ െസ്റ്ററിൻ, പോളീ യൂറൈത്തെറെയ്ൻ, പോളി വിനെയ്ൽ ക്ലോറൈഡ് തുടങ്ങി പ്ലാസ്റ്റിക്കിന് നിരവധി അവാന്തരവിഭാഗങ്ങളുണ്ട്. വിലക്കുറവും എളുപ്പം ഉൽപ്പന്നങ്ങളാക്കി മോൾഡ് ചെയ്യാനാകുമെന്നതുമൊക്കെ വ്യവസായികരംഗത്ത് പ്ലാസ്റ്റിക് നിർമ്മിത ഉൽപ്പന്നങ്ങൾ അനുദിനം വർദ്ധിക്കാൻ ഇടയാകുകയുമാണ്. ജീർണ്ണിക്കാൻ വർഷങ്ങളോളം സമയമെടുക്കുമെന്നതാണ് പ്ലാസ്റ്റിക്കിനെ ഭയാനകമായ ഒരു വിപത്തായി വളർത്തിക്കൊണ്ടു വരുന്നത്. 1950−കൾ മുതൽ ഇന്നുവരേയ്ക്കുമുള്ള ശതകോടി ടൺ വരുന്ന പ്ലാസ്റ്റിക് ദ്രവിക്കുന്നതിന് നൂറ്റാണ്ടുകളോ അതിനപ്പുറമോ സമയമെടുക്കുമെന്നതാണ് വാസ്തവം. പ്ലാസ്റ്റിക് ഭക്ഷണമാക്കുന്ന ബാക്ടീരിയകൾ ഉണ്ടെങ്കിൽപ്പോലും അവ ജീർണിപ്പിക്കുവാൻ കാലങ്ങളെടുക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. പെട്രോളിയത്തിൽ നിന്നാണ് പ്രധാനമായും പ്ലാസ്റ്റിക് ഉണ്ടാക്കുന്നതെന്നതിനാൽ അത് കത്തിക്കുന്നപക്ഷം കാർബൺ എമിഷൻ വർദ്ധിപ്പിക്കുകയും ആഗോളതാപനത്തിനിടയാക്കുകയും ചെയ്യും. മാത്രവുമല്ല പ്ലാസ്റ്റിക് കത്തിക്കുന്പോഴുണ്ടാകുന്ന പോളീക്ലോറിനേറ്റഡ് ഡൈബെൻസോ ഡയോക്‌സിനുകൾ കാൻസറുണ്ടാക്കുന്ന രാസപദാർത്ഥമാണെന്നും കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഇക്കാരണങ്ങളൊക്കെ കൊണ്ടു തന്നെ സമുദ്രത്തിലേക്ക് പ്ലാസ്റ്റിക് തള്ളാനുള്ള പ്രവണത വർദ്ധിച്ചുവരുന്നുമുണ്ട്.

പ്ലാസ്റ്റിക് സമുദ്രജീവിതത്തിനുണ്ടാക്കുന്ന ഭീഷണി എത്ര വലുതാണെന്ന് ലോകം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണിപ്പോൾ. കടലാമകളും നീർനായ്ക്കളും മറ്റ് സസ്തനികളുമെല്ലാം പ്ലാസ്റ്റിക് ഭക്ഷിക്കുന്നതു മൂലം ചത്തൊടുങ്ങിക്കൊണ്ടിരിക്കുകയാണ്. വംശനാശഭീഷണി നേരിടുന്ന ഹവായിയൻ മോങ്ക് നീർ നായ്ക്കളും പസഫിക് ലോഗർഹെഡ് കടലാമകളുമൊക്കെ പ്ലാസ്റ്റിക് ഭക്ഷിക്കുന്ന മുന്നൂറിൽപരം സമുദ്രജീവികളുടെ കൂട്ടത്തിലുണ്ടെന്നും അറിയുക. ഇതെല്ലാം സമുദ്രജീവികളെ ബാധിക്കുന്ന വിഷയമാണെന്നു കരുതി സമാധാനിക്കാനും വീണ്ടും പ്ലാസ്റ്റിക് കടലിലേക്ക് തള്ളാനും തയാറായിരിക്കുന്നവർ പക്ഷേ മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട്. സമുദ്രത്തിലേക്ക് നാം തള്ളിവിടുന്ന പ്ലാസ്റ്റിക് മാലിന്യം വിഷവസ്തുക്കളായ പോളിക്ലോറിനേറ്റഡ് ബൈഫിനൈയിലുകളും ഡിഡിടിയും പോളിസൈക്കിളിക് അരോമാറ്റിക് ഹൈഡ്രോകാർബണും ആഗിരണം ചെയ്യുകയും അത്തരം വസ്തുക്കൾ ഭക്ഷിക്കുന്ന മത്സ്യങ്ങളിലൂടെ അത് മനുഷ്യരിലേക്ക് എത്തപ്പെടുകയും ചെയ്യുന്നുവെന്നതാണത്. അതുപോലെ തന്നെ പ്ലാസ്റ്റിക് കടലിൽ ജീർണ്ണിക്കുന്പോൾ ഉണ്ടാകുന്ന ബിസ്‌ഫെനോൾ എ എന്ന രാസവസ്തു അതീവ മാരകമായ വിഷമാണ്. മത്സ്യങ്ങൾ അവ ഭക്ഷണമാക്കുന്പോൾ അവയിലൂടെ നമ്മുടെ തീൻമേശകളിലേക്കും ഈ മാരകവിഷം സംക്രമിക്കപ്പെടുകയാണ്. 

2050 ആകുന്പോഴേയ്ക്കും സമുദ്രത്തിൽ മത്സ്യസന്പത്തിനേക്കാൾ കൂടുതൽ പ്ലാസ്റ്റിക് ആയിരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഭൂമിക്ക് ദഹിപ്പിക്കാനാകാത്ത ഈ വസ്തു സമുദ്രത്തിലേക്ക് എത്തപ്പെടുന്നത് എങ്ങനേയും കുറയ്ക്കുക എന്നതാണ് ഏക പ്രതിവിധി. ഇക്കഴിഞ്ഞയാഴ്ച കെനിയയിലെ നയ്‌നോബിയിൽ നടന്ന ഐക്യരാഷ്ട്ര സഭാ പരിസ്ഥിതി അസംബ്ലിയുടെ പ്രധാന അജണ്ടകളിലൊന്ന് സമുദ്രത്തിലേക്ക് പ്ലാസ്റ്റിക് മാലിന്യമെത്തുന്നത് തടയുകയായിരുന്നു. വ്യവസായിക ആവശ്യത്തിനും ഗാർഹിക ഉപയോഗത്തിനുമായുള്ള പ്ലാസ്റ്റിക് പായ്ക്കുകൾ നിരോധിച്ച രാജ്യമെന്ന നിലയിൽ കെനിയ ലോകത്തിനു തന്നെ മാതൃകയായി മാറുകയും കെനിയയുടെ മാതൃക ലോകത്തെ മറ്റു രാഷ്ട്രങ്ങൾ മാതൃകയാക്കണമെന്ന് നിർദ്ദേശം മുന്നോട്ടുവയ്ക്കപ്പെടുകയും ചെയ്ത ഒരു ഉച്ചകോടിയായിരുന്നു അത്. മനുഷ്യവംശത്തിന്റെ തന്നെ കളിത്തൊട്ടിലായ ഒരു ആഫ്രിക്കൻ രാജ്യം ഭാവി തലമുറയ്ക്കും മനുഷ്യവംശത്തിനുമായി സുപ്രധാനമായ തീരുമാനങ്ങളെടുക്കുന്നത് തങ്ങളുടെ ചെയ്തികളിൽ ലജ്ജിക്കുന്ന പാശ്ചാത്യലോകത്തെ ഒരു വീണ്ടുവിചാരത്തിന് പ്രാപ്തരാക്കിയേക്കാം. 

പക്ഷേ എങ്ങനെയാണ് പ്ലാസ്റ്റിക്കിന്റെ ഈ കടന്നുകയറ്റത്തെ നമുക്ക് ചെറുക്കാനാകുക? ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങ
ളുടെ കാര്യത്തിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തെ ചെറുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ടാറിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ചുകൊണ്ട് നിരത്തുകൾ നിർമ്മിച്ചാൽ അവ ദീർഘകാലം നിലനിൽക്കുമെന്നും മഴക്കാലത്തും പൊട്ടിപ്പൊളിയാതെ നിലകൊള്ളുമെന്നുമെല്ലാം നേരത്തെ തന്നെ കണ്ടെത്തിയിട്ടുള്ളതാണ്. കേരളത്തിൽ ക്ലീൻ കേരള കന്പനി കുടുംബശ്രീ ജീവനക്കാരുടെ സഹായത്തോടെ പഞ്ചായത്തുകളിൽ നിന്നും മുനിസിപ്പാലിറ്റികളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന പദ്ധതി ആരംഭിച്ചിരുന്നുവെങ്കിലും ഇനിയും അതിന്റെ പ്രവർത്തനം വ്യാപകമായിട്ടില്ല. കോഴിക്കോടും എറണാകുളത്തും തിരുവനന്തപുരത്തും റീസൈക്കിളിങ് പ്ലാന്റുകൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ റീസൈക്കിൾ ചെയ്യുന്നതിനായി അവർ ആരംഭിക്കാനിരിക്കുകയാണ്. പക്ഷേ ജനങ്ങളെ ബോധവൽക്കരിക്കാത്തപക്ഷം, പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിലും ജലം ഒഴുകുന്നിടത്തുമൊക്കെ തള്ളുന്നത് തുടർന്നുകൊണ്ടേയിരിക്കും. 

നമ്മുടെ നിത്യോപയോഗ സാമഗ്രികളെല്ലാം തന്നെ പ്ലാസ്റ്റിക് നിർമ്മിതങ്ങളായി മാറിക്കൊണ്ടിരിക്കുകയാണിപ്പോൾ. കേന്ദ്ര മലിനീകരണ നിയന്ത്ര ബോർഡിന്റെ കണക്കുകൾ പ്രകാരം ഇന്ത്യക്കാർ പ്രതിദിനം 15,342 ടൺ പ്ലാസ്റ്റിക്കാണ് മാലിന്യമായി പുറന്തള്ളുന്നത്. ഇതിൽ വളരെ കുറഞ്ഞ ശതമാനം മാത്രമേ റീസെക്കിൾ ചെയ്യപ്പെടുന്നുള്ളു. ബാക്കിയുള്ളത് മണ്ണിലേക്കോ കടലിലേക്കോ എത്തിച്ചേരുന്നു. ദൽഹിയാണ് പ്ലാസ്റ്റിക് മാലിന്യത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന നഗരം (പ്രതിദിനം 690 ടൺ). രണ്ടാം സ്ഥാനത്ത് ചെ‌ന്നൈ (429 ടൺ). മൂന്നാം സ്ഥാനത്ത് കൊൽക്കത്ത (426 ടൺ). നാലാം സ്ഥാനത്ത് മുംബൈ(408 ടൺ). അഞ്ചാം സ്ഥാനത്ത് ബംഗലുരു (314 ടൺ). ഇതിൽ ചെന്നൈയിലും മുംബയിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ വൻതോതിൽ കടലിലേക്ക് എത്തപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ. പ്ലാസ്റ്റിക് മാലിന്യം റീസൈക്കിൾ ചെയ്യുന്നതിന് പരിധിയുള്ളതിനാൽ നിലവിലുള്ള ഉപയോഗം കുറയ്ക്കുകയാണ് പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാനുള്ള ഏക മാർഗം. കെനിയയെപ്പോലെ ഇന്ത്യയും പ്ലാസ്റ്റിക് പാക്കേജിങ് നിരോധിച്ച് മാതൃക കാട്ടിയാൽ മറ്റു രാജ്യങ്ങളും അവ പിന്തുടരാൻ നിർബന്ധിതരാകും. 

ലോക സാന്പത്തിക ഫോറത്തിന്റെ കണക്കുകൾ പ്രകാരം നിലവിൽ സമുദ്രങ്ങളിലാകെ 15 കോടി ടൺ പ്ലാസ്റ്റിക് മാലിന്യമാണുള്ളത്. അതിൽ അഞ്ചിൽ നാലും സംഭാവന ചെയ്തത് ഏഷ്യൻ രാജ്യങ്ങളാണെന്നും അവർ പറയുന്നു. 2014−ൽ അഞ്ചു കിലോ മത്സ്യത്തിനൊപ്പം ഒരു കിലോ പ്ലാസ്റ്റിക് ഉണ്ടായിരുന്നുവെങ്കിൽ 2025−ഓടെ മൂന്നു കിലോ മത്സ്യത്തിനൊപ്പം ഒരു കിലോയായി അത് മാറുമെന്നും 2050−ഓടെ മത്സ്യത്തേക്കാൾ കൂടുതൽ പ്ലാസ്റ്റിക്കാകും സമുദ്രത്തിൽ ഉണ്ടാകുകയെന്നും ലോക സാന്പത്തിക ഫോറം പറയുന്നു. പ്ലാസ്റ്റിക് ഭീകരതയുടെ പിടിയിൽ നിന്നും മോചിതരാകാനും സമുദ്രജീവിതത്തെ തകർക്കാതിരിക്കാൻ പുതിയ ആഗോള നിയമങ്ങളുണ്ടാക്കുവാനും ആ ഉച്ചകോടി സഹായകരമായാൽ ഭാവി ദുരന്തങ്ങൾ ഒഴിവാക്കാനും നമുക്കായേക്കും. ചൈനയെപ്പോലുള്ള രാജ്യങ്ങൾ ആ നിയമങ്ങൾക്കെതിരെ നിലകൊള്ളുമെന്നു നമുക്കുറപ്പാണ്. പക്ഷേ ലോകത്തിന്റെ മുഴുവൻ എതിർപ്പ് ഉണ്ടായാൽ അതിനെ ചെറുത്തു നിൽക്കാൻ ചൈനയ്ക്കുമാകാതെ വരുമെന്ന് തീർച്ച!

You might also like

Most Viewed