വൈ­ദ്യരംഗത്തെ­ തീ­വ്രവാ­ദം!


ജെ. ബിന്ദുരാജ് 

ടുത്ത സുഹൃത്തും ചിത്രകാരനുമായ അമീൻ ഖലീലിന് കഴിഞ്ഞ വർഷം ജൂൺ മാസത്തിലാണ് മസ്തിഷ്‌കാഘാതമുണ്ടായത്. ആലപ്പുഴ മെഡിക്കൽ കോളെജിലേയ്ക്ക് ഉടനടി തന്നെ എത്തിച്ചെങ്കിലും അതിനടുത്ത ദിവസം തന്നെ അമീനെ സഹോദരനായ കെഎം ഹിലാൽ മണ്ണാർക്കാട് പാറപ്പുറത്തെ അനുഗ്രഹ എന്ന പ്രകൃതിജീവനകേന്ദ്രത്തിലെത്തിച്ചു. ഏതാനും ദിവസങ്ങൾക്കുശേഷമാണ് ഞാൻ ഈ വാർത്തയറിഞ്ഞത്. പൊതുവേ പ്രകൃതിചികിത്സക്കാരോടും ബദൽ ചികിത്സാസംവിധാനങ്ങളോടുമെല്ലാം തരക്കേടില്ലാത്ത അവജ്ഞ വച്ചുപുലർത്തുന്ന എനിക്ക് അതുൾക്കൊള്ളാനായില്ല. അമീന് സംസാരശേഷി തിരിച്ചു കിട്ടിയ സമയത്തൊക്കെയും അലോപ്പതി ചികിത്സ തേടാൻ ഞാൻ അദ്ദേഹത്തെ ഉപദേശിച്ചുകൊണ്ടിരുന്നു. അമീനാകട്ടെ സഹോദരനിലും പ്രകൃതിജീവനകേന്ദ്രത്തിലെ അനു സി അഭിലാഷ് എന്ന തന്റെ ചികിത്സകനിലും പൂർണവിശ്വാസമായിരുന്നതിനാൽ എന്റെ ഉൽകണ്ഠകളൊക്കെ പുച്ഛിച്ചുതള്ളി. 21 ദിവസക്കാലം ജലം മാത്രമായിരുന്നു അമീന് നൽകപ്പെട്ടത്. ശരീരത്തിന് ബലക്കുറവ് അനുഭവപ്പെട്ടെങ്കിലും 12 ദിവസമായപ്പോൾ അമീന് സംസാരിക്കാനും നടക്കാനുമൊക്കെയായി. 21ാം ദിവസം മുതൽ ജലത്തിനൊപ്പം ഫ്രൂട്ട് ജ്യൂസുകളും കൊടുക്കാൻ തുടങ്ങി. 41 ദിവസങ്ങൾക്കുശേഷം അമീൻ പഴയ ജീവിതത്തിലേയ്ക്ക് തിരിച്ചുവന്ന കാഴ്ചയാണ് ഞാൻ കണ്ടത്. അതിനടുത്ത ദിവസങ്ങളിലൊന്നിൽ ദർബാർ ആർട്ട് ഗാലറിയിൽ ഭാര്യയ്ക്കും കുട്ടിക്കുമൊപ്പമെത്തിയ അമീൻ ശരിക്കും എന്ന അത്ഭുതപ്പെടുത്തിയെങ്കിലും പ്രകൃതി ചികിത്സകരോടും ബദൽ ചികിത്സാരീതികളോടുമുള്ള എന്റെ മനോഭാവത്തിൽ പ്രത്യേകിച്ച് മാറ്റങ്ങളൊന്നും തന്നെയുണ്ടായില്ല. അമീന്റേത് ഒറ്റപ്പെട്ട ഒരു അനുഭവമായിരിക്കുമെന്നും ശാസ്ത്രീയമായ അടിത്തറയില്ലാത്ത ചികിത്സാസംവിധാനങ്ങളൊന്നും തന്നെ പൂർണവിശ്വാസത്തിലെടുക്കാനാവുന്നതല്ലെന്നും തന്നെയാണ് എന്റെ വിശ്വാസം. എന്നിരുന്നാലും പല അലോപ്പതി ഡോക്ടർമാരും പഠിപ്പും വിദ്യാഭ്യാസവുമുള്ളവരുമെല്ലാം തന്നെ പലപ്പോഴും പാരന്പര്യമായ ചികിത്സാരീതികൾ തങ്ങളുടെ രോഗചികിത്സയ്ക്ക് അവലംബിക്കുന്നതും നാം കണ്ടിട്ടുണ്ട്. ഉപവാസം കൊണ്ടുള്ള ഗുണങ്ങളെപ്പറ്റി ഒരിക്കൽ ഒരു അലോപ്പതി ഡോക്ടർ തന്നെ എനിക്ക് ക്ലാസ്സെടുത്തിട്ടുമുണ്ട്. കഴിഞ്ഞയാഴ്ച സംസ്ഥാന റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ നായരാകട്ടെ ഹോമിയോപ്പതി വ്യാജചികിത്സാസംവിധാനമാണെന്ന പ്രചാരണങ്ങൾ അലോപ്പതി മരുന്നുമാഫിയയുടെ തന്ത്രമാണെന്നും അതിനെ പ്രതിരോധിക്കേണ്ടതാണെന്നും കോഴിക്കോട് ഒരു ചടങ്ങിൽ പ്രസംഗിച്ചതായുള്ള വാർത്തകളും കണ്ടു. 

ഇതേപ്പറ്റിയൊക്കെ ഇപ്പോൾ ചിന്തിക്കാനിടയാക്കിയത് കേന്ദ്രസർക്കാർ  നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി) എന്ന പേരിൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എംസിഐ)യ്ക്ക് ബദലായി പുതിയ സംവിധാനം കൊണ്ടുവരുന്നതിന്റെ കരടുബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയപ്പോഴുണ്ടായ ആശങ്കകളും വിവാദങ്ങളുമൊക്കെയാണ്.  നാഷണൽ മെഡിക്കൽ കമ്മീഷന്റെ (എൻഎംസി) ചട്ടങ്ങൾ പൊതുജനാരോഗ്യത്തെ അപകടപ്പെടുത്തുന്നതാണെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും അലോപ്പതി ഡോക്ടർമാരും പറയുന്നത്. എൻഎംസിയുടെ ഷെഡ്യൂൾ 4 പ്രകാരം മോഡേൺ മെഡിസിൽ ആയുർവ്വേദ, സിദ്ധ, ഹോമിയോപ്പതി ബിരുദധാരികൾക്ക് രജിസ്‌ട്രേഷൻ ലഭിക്കാനിടയാക്കുമെന്നാണ് അവരുടെ വാദം. മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്നതിനുള്ള അടിസ്ഥാന യോഗ്യത എംബിബിഎസ് ആണെന്ന എംസിഐയുടെ ചട്ടത്തിലെ 15ാം വകുപ്പാണ്  എൻഎംസി എടുത്തുകളഞ്ഞിരിക്കുന്നത്. അതോടെ മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യാനുള്ള അടിസ്ഥാന യോഗ്യത എംബിബിഎസ് അല്ലാതെയായി മാറും. ഇതോടെ മോഡേൺ മെഡിസിൽ പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ കോഴ്‌സുകളിൽ പഠനത്തിന് ആയുഷ് ബിരുധധാരികൾക്കും അപേക്ഷിക്കാവുന്ന അവസ്ഥയും സംജാതമാകും. മറ്റ് ചികിത്സാസന്പ്രദായങ്ങൾ പഠിച്ചവരെ ബിരുദാനന്തര കോഴ്‌സിൽ മോഡേൺ മെഡിസിനിൽ എത്തിക്കുന്നത് രോഗിയുടെ ജീവനു തന്നെ ഭീഷണിയായി മാറുമെന്നുമെന്നാണ് അലോപ്പതി ഡോക്ടർമാർ പറയുന്നത്. 

എന്നാൽ അലോപ്പതി ഡോക്ടർമാർ എൻഎംസിയെ നഖശിഖാന്തം എതിർക്കുന്നതിന് കാരണം അതുമാത്രമല്ല. എൻഎംസിയിലേയ്ക്ക് ഡോക്ടർമാരല്ലാത്തവരേയും നിയമിക്കാൻ ചട്ടം അനുമതി നൽകുന്നുവെന്ന
താണ് എതിർപ്പിന്റെ മറ്റൊരു കാരണം. ഇതിനു പുറമേ, പുതിയ ചട്ടപ്രകാരം ഡോക്ടർമാർക്ക് തങ്ങളുടെ ഭരണസംവിധാനമായ മെഡിക്കൽ കൗൺസിലിനെ തെരഞ്ഞെടുക്കാനുള്ള വോട്ടിങ് അവകാശവും എൻ എംസി എടുത്തുകളഞ്ഞിരിക്കുന്നു. നേരത്തെ എംസി ഐയിലേക്ക് രാജ്യത്തെ ഏതൊരു രജിസ്‌ട്രേഡ് ഡോക്ടർക്കും മത്സരിക്കാമായിരുന്നുവെങ്കിൽ എൻഎം സിയിൽ അത് സാധ്യമല്ല. എംസിഐയിൽ എല്ലാ സംസ്ഥാനങ്ങൾക്കും പ്രാതിനിധ്യം ഉറപ്പാക്കുന്നുണ്ടെങ്കിൽ എൻ എം സിയിൽ അഞ്ച് സംസ്ഥാനങ്ങൾക്കു മാത്രമേ ഒരേ സമയത്ത് പ്രാതിനിധ്യം അനുവദിക്കുകയുള്ളു. ഒരു സംസ്ഥാനം എൻ എം സിയിൽ അംഗമായിക്കഴിഞ്ഞാൽ പിന്നെ അടുത്ത തവണ അംഗമാകുന്നതിന് 15 വർഷത്തിലധികം കാത്തിരിക്കേണ്ടി വരുമെന്നാണ് അതിനർത്ഥം.

പുതിയ ബിൽ പ്രകാരം നാല് സ്വയംഭരണ ബോർഡുകളാണ് എൻ എം സിയുടെ കീഴിൽ ഉണ്ടാകുക. അണ്ടർഗ്രുജുവേറ്റ് പോസ്റ്റ് ഗ്രുജുവേറ്റ് വിദ്യാഭ്യാസത്തിനായും മെഡിക്കൽ സ്ഥാപനങ്ങളുടെ പരിശോധനയ്ക്കും അക്രൈഡിറ്റേഷനായും ഡോക്ടർമാരുടെ രജിസ്‌ട്രേഷനായുമാണ് ഈ ബോർഡുകൾ. ഈ ബോ
ർഡിന്റെ ചെയർമാനെ നാമനിർദ്ദേശം ചെയ്യുന്നത് സർക്കാരായിരിക്കുമെന്നതിനു പുറമേ, കാബിനറ്റ് സെക്രട്ടറി
യുടെ കീഴിലുള്ള ഒരു സെർച്ച് കമ്മിറ്റിയ്ക്കാകും ബോർഡ് അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്തം. അതിനർത്ഥം സർക്കാർ പൂർണമായും എൻ എം സിയെ ഏറ്റെടുത്തുവെന്നാണ്. മെഡിക്കൽകോളെജുകൾക്ക് അംഗീകാരം നൽകുന്നതും സീറ്റ് കൂടുതൽ അനുവദിക്കുന്നതിലുമൊക്കെയുള്ള അഴിമതി മൂലമാണ് സർക്കാർ എംസിഐയെ ഇല്ലാതാക്കിയതെങ്കിൽ പുതിയ സംവിധാനം കൂടുതൽ വലിയ അഴിമതിയ്ക്ക് സഹായിക്കുന്നതാണെന്നതാണ് നഗ്‌നമായ യാഥാർത്ഥ്യം. കേരളത്തിൽ  ബി ജെ പി ഭാരവാഹികളിൽ ചിലർ എം സി ഐയെസ്വാധീനിച്ച് കാര്യങ്ങൾ നേടാൻ അഴിമതി നടത്താനൊരുങ്ങിയതും വിവാദമായപ്പോൾ തലയൂരിയതും നമുക്കറിയാവുന്ന കാര്യമാണ്. എന്നാൽ എൻഎംസിയുടെ വരവോടെ രാഷ്ട്രീയക്കാർക്ക് നേരിട്ട് പണം പിരിക്കാനുള്ള അവസരമൊരുങ്ങുമെന്നതാണ് സത്യം. 

സ്വാശ്രയ മെഡിക്കൽ കോളേജുകൾക്കും സ്വകാര്യമെഡിക്കൽ കോളേജുകൾക്കും ഫീസ് നിർണയകാര്യത്തിലും സീറ്റുകൾ വർദ്ധിപ്പിച്ച് കൂടുതൽ പണം കൈവശപ്പെടുത്താനും സഹായകകരമാകുന്നതാണ് എൻഎംസി ചട്ടങ്ങളെന്നും ആരോപണം ഉയർന്നു കഴിഞ്ഞിരിക്കുന്നു. സ്വകാര്യ മെഡിക്കൽ കോളെജുകളിലെ 40 ശതമാനം സീറ്റുകളിൽ ഫീസ് നിശ്ചയിക്കാൻ മാത്രമേ ഇനി സർക്കാരിന് മാർഗനിർദ്ദേശങ്ങൾ നൽകാനാകൂവെന്നതിനു പുറമേ അംഗീകാരം ലഭിച്ച മെഡിക്കൽ കോളേജുകൾക്ക് സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനോ പുതിയ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സ് തുടങ്ങുന്നതിനോ ഇനി ബോർഡിന്റെ അംഗീകാരം തേടേണ്ടതുമില്ല. എംസിഐ നിലവിലുണ്ടായിരുന്ന സമയത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും അംഗീകാരം ലഭിക്കുന്നതിനും എല്ലാ വർഷവും അനുമതി പുതുക്കുന്നതിനും സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമെല്ലാം അവരോട് അനുമതി തേടേണ്ടിയിരുന്നു. എംസിഐയിലെ പല അധികൃതരും ഇത്തരം ഇടപാടുകൾക്ക് വന്പൻ തുക കോഴ വാങ്ങുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് സർക്കാർ പുതിയ സംവിധാനം എൻഎംസിയിലൂടെ പരീക്ഷിക്കാനൊരുങ്ങുന്നത്. 

മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് എല്ലാ മെഡിക്കൽ കോളെജുകളിലുടേയും നിലവാരം ഉറപ്പാക്കുന്നതിനായിട്ടാണ് 1933ലെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ടിനു കീഴിൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ എന്ന സ്ഥാപനം രൂപീകരിച്ചത്. അണ്ടർ ഗ്രാജുവേറ്റ് തലത്തിലും പോസ്റ്റ് ഗ്രാജുവേറ്റ് തലത്തിലും നിലവാരം ഉറപ്പാക്കുന്നതിനൊപ്പം ഇന്ത്യയിലേയും വിദേശത്തേയും മെഡിക്കൽ സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകുകയോ അംഗീകാരം റദ്ദാക്കുകയോ അംഗീകൃത മെഡിക്കൽ യോഗ്യതകളുള്ള ഡോക്ടർമാർക്ക് രജിസ്‌ട്രേഷൻ നൽകുകയോ മെഡിക്കൽ യോഗ്യതകളുടെ കാര്യത്തിൽ വിദേശരാജ്യങ്ങളുടെ പരസ്പരധാരണയുടെ അടിസ്ഥാനത്തിൽ അംഗീകാരം നൽകുകയുമൊക്കെയാണ് എംസിഐയുടെ അടിസ്ഥാനപരമായ കടമകളായി കണക്കാക്കപ്പെട്ടത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു മെഡിക്കൽ കോളെജുകൾ പരിശോധിക്കുകയും അവയുടെ നിലവാരം മനസ്സിലാക്കി അവയ്ക്ക് പ്രവർത്തനാനുമതി കൊടുക്കണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്. എന്നാൽ മാഫിയകൾ പിടിമുറുക്കുകയും അഴിമതി പെറ്റുപെരുകുകയും ചെയ്തതിനെ തുടർന്നാണ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയെന്ന സ്ഥാപനത്തിനു ബദലായി കേന്ദ്ര സർക്കാർ എൻഎംസിക്ക് രൂപം നൽകിയത്.

സ്വകാര്യ മെഡിക്കൽ കോളേജുകൾ പൂർണ്ണമായും കച്ചവടവാണിജ്യസ്ഥാപനങ്ങളായി മാറുവാനുള്ള പ്രധാന കാരണങ്ങളിലൊന്ന് 2010ൽ കേന്ദ്ര സർക്കാർ 1999ലെ മെഡിക്കൽ കൗൺസിൽ നിയമം ഭേദഗതി ചെയ്തതോടെയാണ്. മുൻകാലങ്ങളിൽ സംസ്ഥാന സർക്കാരുകൾ, സർവ്വകലാശാലകൾ, സർക്കാർ സ്വയംഭരണസ്ഥാപനങ്ങൾ, സൊസൈറ്റികൾ, ട്രസ്റ്റുകൾ തുടങ്ങിയവയ്ക്കു മാത്രമേ മെഡിക്കൽ കോളെജുകൾ തുടങ്ങാൻ അനുമതിയുണ്ടായിരുന്നുള്ളുവെങ്കിൽ 2010ലെ ഭേദഗതിയോടെ കന്പനി ആക്ട് അനുസരിച്ച് രൂപീകരിച്ച സ്വകാര്യ കന്പനികൾക്കും മെഡിക്കൽ കോളെജുകൾ തുടങ്ങാൻ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അനുവദിക്കുകയായിരുന്നു. നേരത്തെ തന്നെ ലാഭേച്ഛയോടെ നിരവധി പേർ സൊസൈറ്റികൾക്കും ട്രസ്റ്റുകളുമായി മെഡിക്കൽ കോളെജുകൾ ആരംഭിച്ചിരുന്നുവെങ്കിലും ആതുരസേവനത്തെ പൂർണമായും കച്ചവടവൽക്കരിച്ച ഈ നിയമത്തിന്റെ വരവോടെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയിലേക്ക് കൈക്കൂലിപ്പണം ധാരാളമായി ഒഴുകാൻ തുടങ്ങി
യെന്നതാണ് വാസ്തവം. എംസിഐ ചെയർമാൻ കേതൻ ദേശായി തന്നെ അഴിമതിക്കേസ്സിൽ 2010ൽ അറസ്റ്റിലാകുന്നതും ബദൽ സംവിധാനം ഏർപ്പെടുത്താൻ സർക്കാർ നിർബന്ധിതമാകുന്നതുമൊക്കെ പിന്നീട് നമ്മൾ കണ്ടു. 

എന്നാൽ മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് പ്രവേശനത്തിനായി പൊതു പരീക്ഷ നടത്തുന്നതുപോലെ തന്നെ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തീകരിച്ചശേഷം പ്രാക്ടീസ് ചെയ്യുന്നതിനായി ഒരു ലൈസൻസിങ് പരീക്ഷ കൂടി ഡോക്ടർമാർ എഴുതേണ്ടതുണ്ടെന്ന് എൻഎംസി നിബന്ധന വെച്ചിട്ടുണ്ട്. വ്യാജ ഡോക്ടർമാരെ പരമാവധി ഒഴിച്ചുനിർത്താനുള്ള നീക്കമാണ് അതിലൂടെ നടത്തുന്നതെങ്കിലും എംബിബിഎസിനു പുറമേ, മറ്റൊരു ലൈസൻസിങ് പരീക്ഷ കൂടി എഴുതുന്നതിനോട് ഡോക്ടർമാർക്ക് യോജിപ്പില്ല. എന്നാൽ കോളേജ് അദ്ധ്യാപകനാകാനും സ്‌കൂൾ അദ്ധ്യാപകനാകാനും വരെ ഇത്തരത്തിലുള്ള പരീക്ഷകൾ വേണമെന്നിരിക്കേ, ജനങ്ങളുടെ ചികിത്സ നൽകേണ്ടുന്ന ഡോക്ടർമാർക്ക് എന്തുകൊണ്ട് മറ്റൊരു പരീക്ഷയെഴുതിക്കൂടാ എന്നത് ന്യായമായ ചോദ്യം. 2016 മാർച്ച് മാസം വരെ രാജ്യത്ത് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ള ഡോക്ടർമാരുടെ എണ്ണം 9,78,735 ആണ്. ഇവരിൽ ബഹുഭൂരിപക്ഷം പേരും നല്ല ചികിത്സകരല്ലെന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്ത് ഇന്ന് പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജുകളെല്ലാം തന്നെ 2010ൽ സ്ഥാപിതമായ തൃശ്ശൂരിലെ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസുമായി അഫിലിയേറ്റ് ചെയ്തവയാണ്. നേരത്തെ മറ്റു സർവ്വകലാശാലകളുടെ കീഴിലായിരുന്ന പല മെഡിക്കൽ കോളേജുകളും 2010നുശേഷം ഈ സർവകലാശാലയുടെ കീഴിലായി മാറി. നിലവിൽ കേരളത്തിൽ അടിസ്ഥാന സൗകര്യങ്ങളിൽ പിന്നിൽ നിൽക്കുകയും നിലവാരമുള്ള അദ്ധ്യാപകരുടെ അഭാവം നേരിടുന്നതുമായ സ്വകാര്യ മെഡിക്കൽ കോളെജുകളിൽ സർക്കാർ മെഡിക്കൽ കോളേജുകളേക്കാളധികം സീറ്റുകളുണ്ടെന്നതാണ് സത്യം. പുതിയ ബിൽ പ്രകാരം കൂടുതൽ സീറ്റുകൾ തോന്നിയപോലെ സ്വകാര്യ മെഡിക്കൽ കോളെജുകൾ ആരംഭിക്കുന്നപക്ഷം ഇവിടങ്ങളിൽ പഠിച്ചിറങ്ങുന്ന നിലവാരം കുറഞ്ഞ ഡോക്ടർമാരുടെ എണ്ണവും വർധിക്കും. പുതിയ ബില്ലിൽ മെഡിക്കൽ കോളെജുകൾക്കുമേൽ ബോർഡിനുള്ള പരിശോധനാ സ്വഭാവം നിയന്ത്രിക്കപ്പെടുമെന്നതിനാൽ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ചയ്ക്കത് കാരണമാകുമെന്നും ഡോക്ടർമാർ ആശങ്കപ്പെടുന്നു. 

എന്നാൽ ഏറ്റവും വലിയ ആശങ്ക നിലനിൽക്കുന്നത് ആയുഷ് വിഭാഗത്തിൽ നിന്നുള്ളവരെ മോഡേൺ മെഡിസിനിൽ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സിന് പ്രവേശനം നൽകുന്ന വിഷയത്തിൽ തന്നെയാണ്. വിവിധ ചികിത്സാരീതികളുടെ സമന്വയം ഇന്ന് ലോകവ്യാപകമായി തന്നെ ചർച്ച ചെയ്യപ്പെടുന്ന ഒരു കാര്യമാണ്. ആയുർവ്വേദവും മോഡേൺ മെഡിസിനും സമന്വയിപ്പിച്ച് ചികിത്സ നടത്തുന്ന ആശുപത്രികൾ പോലും രംഗപ്രവേശം ചെയ്യാൻ തുടങ്ങിയിരിക്കുന്നു. മോഡേൺ മെഡിസിൻ രോഗത്തിന്റെ ലക്ഷണങ്ങളെ ചികിത്സിക്കുന്പോൾ ആയുർവേദം ശരീരത്തെ മൊത്തത്തിലാണ് ചികിത്സിക്കുന്നതെന്നാണ് ചികിത്സകരുടെ വാദമെങ്കിലും രണ്ടു ചികിത്സാരീതികളിലും ഗുണങ്ങളും ദോഷങ്ങളുമുണ്ടെന്നതാണ് വാസ്തവം. തലവേദനയുണ്ടായാൽ മോഡേൺ മെഡിസിനിൽ വേദനസംഹാരിയാണ് നൽകപ്പെടുന്നതെങ്കിൽ ആയുർവേദത്തിൽ തലവേദനയ്ക്കിടയാക്കിയ കാരണത്തെ കണ്ടെത്തി അതിനു ചികിത്സ നൽകുകയാണ് ചെയ്യുന്നത്. ദഹനക്കേടാകാം തലവേദനയ്ക്കിടയാക്കിയതെന്ന് കണ്ടെത്തി അവർ ദഹനക്കേടിന് ചികിത്സിക്കുകയും അതിലൂടെ തലവേദന മാറുകയും ചെയ്യുന്നു. ഹോമിയോപ്പതി വ്യാജശാസ്ത്രമാണെന്ന ആരോപണം ശക്തമായി നേരിടുന്ന മെഡിക്കൽ ശാഖയാണ്. ആരോഗ്യമുള്ള ഒരു ശരീരത്തിൽ ഏതെങ്കിലും രോഗലക്ഷണങ്ങളുണ്ടാക്കുന്ന മരുന്ന് രോഗികളായവരിൽ അത്തരം രോഗലക്ഷണങ്ങളെ ഇല്ലാതാക്കുമെന്നാണ് ഹോമിയോപ്പതിയുടെ അടിസ്ഥാന പ്രമാണം. ഹോമിയോപ്പതിയിലെ ചില മരുന്നുകൾക്ക് ചില രോഗങ്ങൾ ശമിപ്പിക്കാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തപ്പെട്ടിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി ശാസ്ത്രീയമായി അവ തെളിയിക്കപ്പെട്ടിട്ടില്ലെന്നതാണ് വാസ്തവം.എച്ച് ഐ വി, മലേറിയ പോലുള്ള രോഗാവസ്ഥകളെ ചികിത്സിക്കാൻ ഹോമിയോപ്പതി ഉപയോഗപ്പെടുത്തരുതെന്ന് ലോകാരോഗ്യ സംഘടന താക്കീത് നൽകിയിട്ടുപോലുമുണ്ട്. ഇതുപോലെ തന്നെയാണ് നാച്ചുറോപ്പതിയുടെ കാര്യവും. പാരന്പര്യചികിത്സാരീതികളാണ് ഇതിൽ തുടർന്നുപോരുന്നതെങ്കിലും തെളിവുകളെ അത് ആധാരമാക്കുന്നില്ല. മഹാത്മാഗാന്ധി നാച്ചുറോപ്പതിയുടെ പ്രചാരകനായിരുന്നു. ആധുനിക വൈദ്യശാസ്ത്രത്തെ പൂർണമായും നിരാകരിക്കുന്നതാണ് അവരുടെ രീതികൾ. മരുന്നുകൾക്കും വാക്‌സിനേഷനും ശസ്ത്രക്രിയക്കുമൊക്കെ എതിരായ നാച്ചുറോപ്പതിക്കാർക്കെതിരെ പല രാജ്യങ്ങളിലും കേസ്സുകളുണ്ട്. ഇത്തരത്തിലുള്ള വൈദ്യന്മാരെയൊക്കെ മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യാൻ അനുവദിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുക്കളെപ്പറ്റിയാണ് ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യുന്നവർ വേവലാതിപ്പെടുന്നത്. ബിജെപി സർക്കാരിന്റെ കീഴിലുള്ള ആയുഷ് മന്ത്രാലയത്തിലൂടെ ആയുർവേദവും യോഗയും നാച്ചുറോപ്പതിയും യുനാനിയും സിദ്ധയും ഹോമിയോപ്പതിയുമൊക്കെ വിദ്യാഭ്യാസത്തിലൂടെ വ്യാപിപ്പിക്കുകയും ആ രംഗത്തെ ഗവേഷണങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യണമെന്ന ലക്ഷ്യമാണുള്ളത്. 

പാരന്പര്യ വൈദ്യത്തെ നാം നിരാകരിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. എന്നാൽ ശാസ്ത്രീയമായ അടിത്തറ പക്ഷേ ഏതൊരു വൈദ്യത്തിനും ആവശ്യമാണ്. മരുന്നുകൾക്കുപരിയായി മനസ്സിന് ശരീരത്തെ രോഗാവസ്ഥകളിൽ നിന്നും മുക്തി നേടിക്കൊടുക്കാനുള്ള ശേഷിയുണ്ടെന്നിരിക്കേ, അലോപ്പതിയല്ലാത്ത വൈദ്യശാസ്ത്രങ്ങളെയെല്ലാം തിരസ്‌കരിക്കേണ്ട കാര്യമുണ്ടെന്നും തോന്നുന്നില്ല. ആധുനിക വൈദ്യശാസ്ത്രത്തെപ്പറ്റിയുള്ള അവബോധം മറ്റ് വൈദ്യശാസ്ത്രങ്ങളിൽ പ്രവർത്തിക്കുന്നവർക്കും പകർന്നു നൽകാനുള്ള ശ്രമങ്ങളാണ് വാസ്തവത്തിൽ നാം നടത്തേണ്ടത്. അങ്ങനെ ചെയ്യുന്നപക്ഷം ശരീരത്തെപ്പറ്റിയുള്ള ശരിയായ അവബോധം അവരിലുമെത്തിക്കാനാകും. അതല്ലാത്തപക്ഷം ഭൂമി പരന്നതാണെന്ന് വിശ്വസിച്ചു നടക്കുന്നവരെപ്പോലെ തെറ്റായ ശാരീരിക ഭൂമിശാസ്ത്രമാകും അവരേയും നയിക്കുക. മോഡേൺ മെഡിസിനിൽ പാരന്പര്യവൈദ്യമേഖലയിലുള്ളവർക്ക് പുതിയ ബില്ലിലൂടെ എൻഎംസി പോസ്റ്റ് ഗ്രാജുവേഷൻ സീറ്റ് നൽകുന്നതിനു മുന്പ് ഇത്തരം കൈമാറ്റങ്ങളാണ് നടത്തേണ്ടതെന്ന് ചുരുക്കം.

You might also like

Most Viewed