ക്രൂ­ശി­ക്കരു­ത്, രക്ഷകരെ­...


ജെ. ബിന്ദുരാജ്

ദേ­ശീ­യ പാതയിലൂടെ ദിവസവും രാവിലേയും വൈകിട്ടുമായി 50 കിലോമീറ്ററിലധികം സഞ്ചരിക്കുന്ന ഒരാളാണ് ഞാൻ. ആഴ്ചയിൽ ചെറുതും വലുതുമായ രണ്ടോ മൂന്നോ അപകടങ്ങൾക്ക് സാക്ഷിയാകുകയും ചെയ്യാറുണ്ട്. മുപ്പതു വർഷങ്ങൾക്കു മുന്പ് എൻ എച്ച് 17 വീതി കൂട്ടുന്നതിനായി ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെയുള്ള ഭാഗത്ത് സ്ഥലം ഏറ്റെടുത്തിരുന്നുവെങ്കിലും ഇനിയും തിരക്കേറിയ ഹൈവേ വീതി കൂട്ടാതെ തന്നെ കിടക്കുന്നു. അതാണ് എൻ എച്ച് 17−ൽ ഈ പറഞ്ഞ പ്രദേശത്ത് അപകടങ്ങൾ വർധിക്കുവാനുള്ള കാരണം. ആഴ്ചയിൽ രണ്ടോ മൂന്നോ അപകടങ്ങൾക്ക് സാക്ഷിയാകാറുണ്ടെന്ന് പറഞ്ഞല്ലോ. ഏറ്റവുമൊടുവിൽ ഒരു അപകടത്തിന് സാക്ഷിയായത് വഴിക്കുളങ്ങര എന്ന സ്ഥലത്തുവച്ചാണ്. എന്റെ മുന്നേ സഞ്ചരിച്ചിരുന്ന ബൈക്ക് നിരത്തും റോഡുമായുള്ള ഉയർച്ചതാഴ്ചയിൽ ടയർ തെറ്റി മറിഞ്ഞുവീഴുന്നു. മറിഞ്ഞുവീണ മനുഷ്യനെ സഹായിക്കാൻ കൂട്ടാക്കാതെ രണ്ടോ മൂന്നോ വാഹനങ്ങൾ നിർത്താതെ പോയശേഷമാണ് ചിലർ വാഹനം നിർത്തിയതും പുറത്തിറങ്ങി അപകടത്തിൽപ്പെട്ടയാളെ റോഡരുകിലേക്ക് മാറ്റിക്കിടത്തുന്നതും. തീർത്തും അവശനിലയിലായിരുന്ന വ്യക്തിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആദ്യം അതുവഴി പോയ ഓട്ടോറിക്ഷക്കാരും കാറുകാരും മടിച്ചു. മുപ്പതു വയസ്സിനടുത്ത് പ്രായമുള്ള ഒരു സ്ത്രീയുടെ കാറിന് കൈകാണിച്ചപ്പോൾ അവർ കൈകാണിച്ച എന്നെക്കൂടി ഇടിച്ചിട്ടുപോകുമെന്ന മട്ടിൽ കാർ അതിവേഗം ഒടിച്ചെടുത്ത് ഹൈവേയിലൂടെ പറന്നു. ചോര വാർന്നൊലിക്കുന്ന ആ ശരീരം താങ്ങിയെടുത്ത് വാഹനത്തിലേക്ക് കയറ്റുന്പോൾ നാട്ടുകാരായ രണ്ടോ മൂന്നോ പേർ മാത്രമാണ് തയാറായത്. അൽപം മുന്പുവരെ നമ്മളിലൊരാളെപ്പോലെ സഞ്ചരിച്ചിരുന്ന ഒരാളാണ് അപകടത്തിൽപ്പെട്ടതെന്നും അയാളെ രക്ഷിക്കേണ്ടത് പ്രാഥമികമായും ഏതൊരുവന്റേയും ഉത്തരവാദിത്തമാണെന്നും നമ്മൾ മറന്നുപോകുന്നതു മാത്രമല്ല ഈ അനാസ്ഥയ്ക്കും സ്വാർത്ഥതയ്ക്കും കാരണം. അപകടത്തിൽപ്പെട്ടയാളെ രക്ഷിച്ചാൽ നാളെ നമ്മൾ ചെന്നുപെട്ടേക്കാവുന്ന ഗുലുമാലുകളും നിയമക്കുരുക്കുകളും ഓർത്തിട്ടാണ് പലരും മനുഷ്യജീവന് പുല്ലുവില കൽപിച്ചുകൊണ്ട് കടന്നുകളയുന്നത്. കഴിഞ്ഞയാഴ്ച കൊച്ചിയിൽ സംഭവിച്ചതും അതു തന്നെയാണ്. ലോഡ്ജിനു മുകളിൽ നിന്നും ബോധമറ്റ് താഴേയ്ക്ക് വീണയാളെ രക്ഷിക്കാൻ കൂട്ടാക്കാതെ വെറുതെ കാഴ്ചക്കാരായി നോക്കി നിന്നു ജനം. ഒടുവിൽ കൊച്ചിയിലെ ഒരു അഭിഭാഷക വേണ്ടി വന്നു നാട്ടുകാരെ അയാളെ ആശുപത്രിയിലെത്തിക്കാൻ കരഞ്ഞുപറഞ്ഞ് പ്രേരിപ്പിക്കാൻ. 

അപകടത്തിൽപ്പെട്ടയാളെ പരിക്കുപറ്റി ഒരു മണിക്കൂറിനുള്ളിൽ തന്നെ ആശുപത്രിയിലെത്തിക്കാനായാൽ അപകടങ്ങളിൽപ്പെടുന്ന 50 ശതമാനത്തിലധികം പേരുടെ ജീവൻ നിലനിർത്താനാകുമെന്നാണ് ലോകോരോഗ്യസംഘടനയുടെ പഠനങ്ങൾ പറയുന്നത്. ഒരാളുടെ ജീവൻ നിലനിർത്തുന്നതിൽ നിർണായകമായ ഈ നിമിഷങ്ങളെ ഗോൾഡൻ അവേഴ്‌സ് അഥവാ ഗോൾഡൻ ടൈം എന്നാണ് എമർജൻസി മെഡിസിനിൽ പറയുന്നത്. റോഡപകടത്തിൽപ്പെടുന്ന 50 ശതമാനം പേരും 15 മിനിട്ടുകൾക്കുള്ളിൽ മരണമടയുകയാണ് പതിവെങ്കിലും ബാക്കിയുള്ള 50 ശതമാനം പേരെ രക്ഷിക്കാനാകുമെന്നതാണ് വാസ്തവം. പക്ഷേ അപകടത്തിൽപ്പെട്ടയാളുമായി ആശുപത്രിയിലെത്തിയാൽ എത്തിച്ചയാൾ പണം മുടക്കേണ്ടി വരുമോ എന്ന ഭയവും പൊലീസിനോട് ഉത്തരം പറയേണ്ടി വരികയും പിന്നീട് നിയമനൂലാമാലകളിൽ പെടുമെന്ന തോന്നലും മൂലം യാത്രികർ സഹജീവിയെ കണ്ടില്ലെന്നു നടിച്ച്, അയാളെ മരണത്തിനു വിട്ടുകൊടുക്കാറാണ് പതിവ്. ഈ അലംഭാവം വലിയൊരു സാമൂഹ്യദുരന്തത്തിനാണ് കാരണമായിക്കൊണ്ടിരിക്കുന്നതെന്ന് പക്ഷേ നമ്മളിൽ പലരും മനസ്സിലാക്കുന്നില്ല. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ റോഡപകടങ്ങൾ മൂലം കേരളത്തിൽ പൂർണമായും അനാഥമായത് 75 കുടുംബങ്ങളാണെന്ന് മുൻ ഡിജിപി ടിപി സെൻകുമാർ പിഎച്ച്ഡിക്കായി തയാറാക്കിയ ഗവേഷണ പ്രബന്ധത്തിൽ പറയുന്നുണ്ട്.

അപകടത്തിൽപ്പെട്ടവരെ ഒരു മണിക്കൂറിനുള്ളിൽ ആശുപത്രിയിലെത്തിച്ചാൽ 50 ശതമാനം പേരുടേയും ജീവൻ നിലനിർത്താനാകുമെന്ന ലോകാരോഗ്യ സംഘടനയുടെ പഠനത്തെ തുടർന്നാണ് 2004 സെപ്തംബർ 9−ന് കേന്ദ്രഗതാഗത മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് ഇതു സംബന്ധിച്ച് കത്തയച്ചതെങ്കിലും ഒരു സർക്കാരും അത് മുഖവിലയ്‌ക്കെടുത്തില്ല. വോട്ടു നേടി അധികാരത്തിലേറിയാൽപ്പിന്നെ ജനങ്ങളെ ഒരു ശല്യമായി കണക്കാക്കുകയും കോർപ്പറേറ്റുകളുടേയും പണച്ചാക്കുകളേയും പിന്നാലെ പോകുകയും ചെയ്യുന്നവർക്ക് എവിടെയാണ് അതിനൊക്കെ നേരം? അധികാരികളുടെ കണ്ണുകൾ പക്ഷേ തുറന്നു. ദൽഹിയിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി ചികിത്സ ലഭിക്കാതെ റോഡരികിൽ കിടന്ന സംഭവം സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയായതിനെ തുടർന്നാണ് ദൽഹി സർക്കാരും തുടർന്ന് രാജസ്ഥാൻ സർക്കാരും നിയമനിർമ്മാണ പ്രക്രിയ ആരംഭിച്ചത് “ഇതു സംബന്ധിച്ച ആദ്യ നിയമനിർമ്മാണം നടന്നത് കർണാടകയിലായിരുന്നു. അപകടത്തിൽപ്പെട്ടയാൾക്ക് 48 മണിക്കൂർ സമയത്തേക്ക് 25,000 രൂപ വരെയുള്ള ചികിത്സാ ചെലവുകൾ സർക്കാർ വഹിക്കുമെന്നും അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലെത്തിച്ച വ്യക്തിയെ സിവിലും ക്രിമിനലുമായ ഒരു നടപടിക്കും വിധേയരാക്കരുതെന്നും ഈ വ്യവസ്ഥ ലംഘിക്കുന്ന പൊലീസുകാരെ ശിക്ഷിക്കുമെന്നും വ്യവസ്ഥ ചെയ്തുകൊണ്ടുള്ള ആദ്യ നിയമം നടപ്പിലാക്കിയത് കർണാടക സർക്കാരായിരുന്നു. കേരളം ഇനിയും ഇത്തരമൊരു നിയമം ഇനിയും നടപ്പാക്കിയിട്ടില്ല,” അഭിഭാഷകനും വിവരാവകാശ പ്രവർത്തകനുമായ ഡി ബി ബിനു പറയുന്നു. 

അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുന്നതിൽ നിന്നും എന്തൊക്കെയാണ് നാട്ടുകാരെ അകറ്റുന്നതെന്നു നോക്കാം. അതിലൊന്ന്, രക്ഷകനിൽ നിന്നും പണം ആശുപത്രി ഈടാക്കുമെന്ന ഭയമാണ്. രണ്ടാമത്തേത്, പൊലീസിൽ നിന്നുമുണ്ടാകുന്ന ചോദ്യം ചെയ്യലുകൾക്കും കോടതി നടപടികൾക്കും വിധേയമാകേണ്ടി വരുമെന്ന ഭയമാണ്. മൂന്നാമത്തേത്, സ്വാർത്ഥതയാണ്. മറ്റുള്ളവർക്കേ അപകടങ്ങൾ സംഭവിക്കുകയുള്ളുവെന്നും തനിക്കൊന്നും ഒരിക്കലും അപകടം സംഭവിക്കില്ലെന്നുമുള്ള മനോവിചാരം. ഇതിൽ മൂന്നാമത്തെ കാര്യമൊഴിച്ച് മറ്റ് രണ്ട് കാര്യങ്ങൾക്കും പരിഹാരം കണ്ടെത്തിയാൽ തന്നെ അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുന്നതിനുള്ള മനസ്സ് പലരും കാണിക്കുമെന്ന് തിരിച്ചറിഞ്ഞാണ് 2016 മാർച്ച് 30ന് സുപ്രീംകോടതി പുറപ്പെടുവിച്ച ചില മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. അത് ഇന്ന് ഇന്ത്യയിൽ നിയമമായി മാറുകയും ചെയ്തിരിക്കുന്നു. 

സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്. അപകടത്തിൽപ്പെട്ടയാളെ കൊണ്ടുവരുന്ന ആളോട് അധികാരികൾ മാന്യമായും വിവേചനമില്ലാതെയും പെരുമാറണം, അപകടത്തിൽ പരിക്കേറ്റതോ മരിച്ചതോ ആയ സംഭവം പോലീസിനെ അറിയിക്കുന്ന ആളുടെ പേര്, വിലാസം ഉൾപ്പെടെയുള്ള വ്യക്തി വിവരങ്ങൾ വെളിപ്പെടുത്താൻ നിർബന്ധിക്കരുത്. സംഭവത്തിൽ സാക്ഷിയായ ആളോട് ഈ വിവരങ്ങൾ ആവശ്യപ്പെടാം, പോലീസ് ഒരു കാരണവശാലും മറ്റ് വിവരങ്ങൾ നൽകണമെന്ന് നിർബന്ധിക്കാൻ പാടില്ല, സംഭവത്തിൽ സാക്ഷിയാകാൻ താൽപര്യമില്ലെങ്കിൽ കൂടുതൽ വിവരങ്ങൾ ഒന്നും ചോദിക്കാതെ രക്ഷകനെ പോകാൻ അനുവദിക്കണം, കേസിൽ സാക്ഷിയാകാൻ തയ്യാറാണെന്ന് രക്ഷകൻ സമ്മതിച്ചാൽ മാന്യമായി വേണം കാര്യങ്ങൾ ചോദിച്ചറിയേണ്ടത്, രക്ഷകന് സൗകര്യപ്പെടുന്ന സ്ഥലവും സമയവും നോക്കി മാത്രമേ വിവരങ്ങൾ ആരായുന്നതിന് പോലീസ് തെരഞ്ഞെടുക്കാവൂ, ഈ സന്ദർഭത്തിൽ പോലീസ് ഉദ്യോഗസ്ഥൻ യൂണിഫോമിൽ ആയിരിക്കരുത്, പോലീസ് േസ്റ്റഷനിൽ തന്നെ വരേണ്ട സാഹചര്യമുണ്ടെങ്കിൽ അതിന്റെ കാരണം എന്താണെന്ന് പോലീസ് ഓഫീസർ രേഖപ്പെടുത്തി സൂക്ഷിക്കണം, ഒട്ടും കാലതാമസമില്ലാതെ ഒറ്റ തവണ തന്നെ പോലീസ് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കണം, സംഭവത്തിൽ സാക്ഷിയാകാൻ രക്ഷകൻ തയ്യാറാണെങ്കിൽ സത്യവാങ്മൂലമായി തെളിവു ശേഖരിക്കാവുന്നതാണ്, പരമാവധി അസൗകര്യം ഉണ്ടാക്കാത്തവിധം കമ്മീഷനെ വെച്ച് കോടതിക്ക് വിസ്തരിക്കാവുന്നതാണ്. 

സുപ്രീം കോടതി ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതിനു മുന്പ് 2015 മെയ് 12ന് കേന്ദ്രഗതാഗത മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ പ്രധാന മാർഗ്ഗനിർദ്ദേശങ്ങളും വേറെയുണ്ട്. റോഡപകടങ്ങളിലൂടെ പരിക്കു പറ്റിയവരെ ആശുപത്രിയിലെത്തിക്കുന്നവരെ ഉടൻ തന്നെ പോകാൻ അനുവദിക്കണമെന്നും സാക്ഷികളാകുന്നവരോട് മാത്രം വിലാസം ചോദിക്കാമെന്നും ആ നിർദ്ദേശം പറയുന്നു. അപകടത്തിനിരയായവരെ സഹായിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി റിവാർഡ്, നഷ്ടപരിഹാരം എന്നിവ നൽകാനുള്ള നടപടികൾ സംസ്ഥാന സർക്കാരുകൾ ആവിഷ്‌കരിക്കണമെന്നും രക്ഷകർക്കെതിരെ സിവിലും ക്രിമിനലുമായ നടപടികൾ സ്വീകരിക്കരുതെന്നും പരും മറ്റ് വ്യക്തി വിവരങ്ങളും നൽകണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല ശിക്ഷണനടപടികൾ സർക്കാർ സ്വീകരിക്കേണ്ടതാണെന്നും കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയുന്നതിനും അന്വേഷണങ്ങൾക്കുമായി വീഡിയോ കോൺഫ്രൻസിങ് സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് ഇത്തരം വ്യക്തികളുടെ ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കേണ്ടതാണെന്നുമൊക്കെ ഈ നിർദ്ദേശങ്ങളിൽ വ്യക്തമായി പറയുന്നുണ്ട്. 

ആതുരാലയങ്ങൾ കേവലം ബിസിനസ്സായി മാറിയിരിക്കുന്ന കാലഘട്ടത്തിൽ, അപകടത്തിൽപ്പെട്ട് ആശുപത്രിയിലെത്തിക്കുന്നവരെ ആശുപത്രികൾ പോലും കൈവിടുകയോ പണത്തിനു വേണ്ടി ആശുപത്രികൾ ചികിത്സ വൈകിപ്പിക്കുകയോ ചെയ്യുന്നവ സാഹചര്യവുമുണ്ട്. പലയിടത്തും അത് അപകടത്തിൽപ്പെട്ടവരുടെ മരണത്തിന് ഇടയാക്കിയിട്ടുമുണ്ട്. തിരുവനന്തപുരത്ത് വാഹനാപകടത്തിൽപ്പെട്ട മുരുഗനുമായി ആംബുലൻസ് ജീവനക്കാരൻ ആശുപത്രികൾ കയറിയിറങ്ങേണ്ടി വന്ന അവസ്ഥയും തുടർമരണവുമെല്ലാം വാർത്തയായതുകൊണ്ടു മാത്രമാണ് നാട്ടുകാർ അറിഞ്ഞത്. അത്തരത്തിലുള്ള എത്രയോ മരണങ്ങൾ എല്ലാ ദിവസവും വാസ്തവത്തിൽ ഇന്ത്യയിൽ പലയിടങ്ങളിലും നടക്കുന്നുണ്ടാകും. അപകടത്തിൽപ്പെട്ടവരേയും രക്ഷകരേയും സംരക്ഷിക്കുകയെന്ന നയത്തിന്റെ ഭാഗമായാണ് കേന്ദ്ര ഗതാഗതമന്ത്രാലയം ആശുപത്രികൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ കൂടി പരസ്യപ്പെടുത്തിയത്. അപകടത്തിന് ഇരകളായവരെ ആശുപത്രികളിൽ എത്തുന്പോൾ രജിസ്ട്രേഷൻ, അഡ്മിഷൻ ഫീസ് എന്നിവ ആവശ്യപ്പെട്ട് അവരെ തടഞ്ഞ് വയ്ക്കുന്നതിനെതിരെ സർക്കാർ−സ്വകാര്യ ആശുപത്രികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയങ്ങൾ പുറപ്പെടുവിക്കണമെന്നും അടിയന്തിര സാഹചര്യങ്ങളിൽ നിരുത്തരവാദപരമായ നിലപാടെടുക്കുന്ന ഡോക്ടർമാരുടെ ‘പെരുമാറ്റം’ 2002ലെ ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ റെഗുലേഷൻ പ്രകാരം ശിക്ഷാർഹമായിരിക്കുമെന്നും റോഡപകടങ്ങളിൽ ഇരയാകുന്നവരെ ആശുപത്രിയിലെത്തിക്കുന്ന രക്ഷകരിൽ നിന്നോ ഇരയ്‌ക്കൊപ്പം ആശുപത്രിയിൽ നിൽക്കുന്നയാളിൽ നിന്നോ ചികിൽസയ്ക്ക് പണം ആവശ്യപ്പെട്ട് അവരെ തടഞ്ഞുവയ്ക്കില്ലെന്ന് രാജ്യത്തെ എല്ലാ ആശുപത്രികളുടെയും പ്രവേശന കവാടത്തിൽ ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷ എന്നിവയിൽ എഴുതിവയ്ക്കണമെന്നുമൊക്കെ ഇതിൽ പറയുന്നുണ്ട്. ഈ മാർഗ്ഗനിർദ്ദേശങ്ങളുള്ള കത്ത് കേന്ദ്ര−സംസ്ഥാന സർക്കാരുകൾ ഗസറ്റ് വിജ്ഞാപനത്തിൽ പ്രസിദ്ധീകരിച്ച്, അധികാരപരിധിയിലുള്ള ആശുപത്രികൾക്കും സ്ഥാപനങ്ങൾക്കും അയയ്ക്കുകയും ഇവ അവർ നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും വേണമെന്നും അതിൽ പറയുന്നു. ഇക്കാര്യങ്ങൾ സംബന്ധിച്ച് സർക്കാരിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള നിർദ്ദേശം സംസ്ഥാനത്തെ ഏതെങ്കിലും ആശുപത്രികൾക്ക് ലഭിച്ചിട്ടുണ്ടോയെന്നറിയാൻ കൊച്ചിയിലെ ചില ആശുപത്രികളിലേക്ക് ലേഖകൻ വിളിക്കുകയുണ്ടായി. എന്നാൽ ഇതേപ്പറ്റി യാതൊരു നിർദ്ദേശവും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും തങ്ങൾ അത്തരം ബോർഡുകളൊന്നും ആശുപത്രിയിൽ പ്രദർശിപ്പിച്ചിട്ടില്ലെന്നുമാണ് അവർ വ്യക്തമാക്കിയത്. 

എന്തിനധികം പറയുന്നു, റോഡപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തുന്നവരുടെ ചികിത്സാചെലവ് ആദ്യ 48 മണിക്കൂർ നേരത്തേക്ക് സർക്കാർ വഹിക്കുമെന്ന വാഗ്ദാനവും നടപ്പായിട്ടില്ല. ആദ്യ 48 മണിക്കൂർ സമയത്ത് ചെലവാകുന്ന തുക സർക്കാരിൽ നിന്നും റീഫണ്ട് ലഭിക്കുന്നതിനുള്ള ഒരു അറിയിപ്പും ഇതുവരേയ്ക്കും ആശുപത്രികൾക്ക് സംസ്ഥാന സർക്കാർ നൽകിയിട്ടില്ല. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഈ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കി വരുന്നുവെന്ന് കൊച്ചിയിലെ ലോഡ്ജിൽ നിന്നും ആൾ വീണ സംഭവത്തെ തുടർന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതു സംബന്ധിച്ച് സർക്കാർ പുറപ്പെടുവിച്ച ഏതെങ്കിലും സർക്കുലറിന്റെയോ ഉത്തരവിന്റെയോ പകർപ്പ് മുഖ്യമന്ത്രിയുടെ കൈവശമുണ്ടെങ്കിൽ ദയവായി മുഖ്യമന്ത്രി അത് പരസ്യപ്പെടുത്തി ആശുപത്രികളെ ബോധവൽക്കരിക്കുമെന്നു കരുതട്ടെ. 2009 ജനുവരി 25ന് സംസ്ഥാന പോലീസ് മേധാവി പുറപ്പെടുവിച്ച സർക്കുലർ പ്രകാരം, ആശുപത്രിയിൽ കൊണ്ടുപോകുന്ന ആരെയും ചോദ്യം ചെയ്യാനായി പൊലീസ് േസ്റ്റഷനിൽ വിളിച്ചുവരുത്തരുതെന്നും എന്തെങ്കിലും വിവരമറിയണമെങ്കിൽ അവരുടെ സൗകര്യമറിഞ്ഞ ശേഷം അവരുടെ വീട്ടിലോ അവർക്ക് സൗകര്യപ്രദമായ സ്ഥലത്ത് പോയി പോലീസ് അവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കണം എന്നാണ് പറഞ്ഞിട്ടുള്ളതെങ്കിലും ഇപ്പോഴും പൊലീസിന് ഇക്കാര്യങ്ങളെക്കുറിച്ച് വലിയഅവബോധമൊന്നുമില്ലെന്നതാണ് വാസ്തവം. അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലെത്തിക്കുന്നവരെ സാക്ഷിപ്പട്ടികയിൽ ചേർക്കാനാണ് ഇന്നും പൊലീസിന് വ്യഗ്രത. ഇത് രക്ഷകരെ ഇപ്പോഴും അപകടത്തിൽപ്പെട്ടവരെ ആശുപത്രികളിൽ എത്തിക്കുന്നതിൽ നിന്നും തടയുകയും ചെയ്യുന്നു. 

സംസ്ഥാനത്തെ നിരത്തുകളിൽ വാഹനാപകടങ്ങളിൽ മരണപ്പെടുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. 1960−ൽ കേരളത്തിൽ മൊത്തം വാഹനങ്ങൾ 24,000 ആയിരുന്നുവെങ്കിൽ ഇന്ന് കേരളത്തിൽ ഒരു കോടിയിലേറെയായി വർധിച്ചിരിക്കുന്നു. വീതി കുറഞ്ഞ ചെറിയ നിരത്തുകളും മത്സരപ്പാച്ചിലുകളും സുരക്ഷാക്രമീകരണങ്ങൾ നടപ്പാക്കുന്നതിൽ കാട്ടുന്ന അലംഭാവവുമെല്ലാം നമ്മുടെ നിരത്തുക്കളെ ഇന്ന് ഒരു യുദ്ധക്കളത്തിനു സമാനമാക്കി മാറ്റിയിരിക്കുകയാണ്. 2005ലാണ് സംസ്ഥാനത്ത് ഏറ്റവുമധികം റോഡപകടങ്ങൾ ഉണ്ടായിട്ടുള്ളത് (42,363). 2015ൽ അത് 39,014 ഉം 2016 മാർച്ച് വരെ അത് 10,392ഉം ആയിരുന്നു. 2012ലാണ് ഏറ്റവും കൂടുതൽ പേർ റോഡ് അപകടങ്ങളിൽ കൊല്ലപ്പെട്ടത് 4286 പേർ. 2015ൽ 4196 പേർ റോഡ് അപകടങ്ങളിൽ കൊല്ലപ്പെട്ടങ്കിൽ ഈ വർഷം മാർച്ച് മാസം വെര മാത്രം 1154 പേർ കൊല്ലപ്പെട്ടു കഴിഞ്ഞിരിക്കുന്നു. റോഡപകടങ്ങളിൽ ഏറ്റവും കൂടുതൽ പേർക്ക് പരിക്ക് പറ്റിയത് 2004ലാണെങ്കിൽ (51228) 2015ൽ 43,735 പേർക്കും 2016 മാർച്ച് വരെ മാത്രം 11,372 പേർക്കും പരിക്കുപറ്റി. റോഡ് സേഫ്റ്റി അതോറിട്ടിയെന്ന പേരിൽ സംസ്ഥാനത്ത് റോഡ് സുരക്ഷ മുൻനിർത്തി 2007ൽ അതോറിട്ടി രൂപീകരിച്ചെങ്കിലും അതിന് വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനായി അനുവദിക്കപ്പെട്ട തുക ഇപ്പോഴും ചെലവഴിക്കപ്പെടാതെ തന്നെ കിടക്കുകയാണെന്നതാണ് ഒരു പ്രധാന പ്രശ്നം. ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് കേരളത്തിലെ റോഡപകടങ്ങൾ. ഇത്തരം അപകടങ്ങൾ പൗരന്മാരുടെ ജീവനെടുക്കുക മാത്രമല്ല സമൂഹത്തിന്റെ സാമൂഹികവും സാന്പത്തികവുമായ അവസ്ഥയെ തന്നെ ദോഷകരമായി ബാധിക്കുമെന്ന് തിരിച്ചറിഞ്ഞാണ് ഐക്യരാഷ്ട്ര സഭാ ജനറൽ അസംബ്ലിയുടെ ആശയമായ റോഡ് സുരക്ഷാ ദശാബ്ദം 2011−-2020ന്റെ ചുവടുപിടിച്ച് കേരളത്തിലും റോഡ് സുരക്ഷാ വീക്ഷണ രേഖയ്ക്ക് സർക്കാർ രൂപം നൽകിയത്. 2020ഓടെ റോഡപകടങ്ങൾ 50 ശതമാനം കണ്ട് കുറയ്ക്കാനും അതിനുശേഷം റോഡപകടങ്ങളുടെ അവസ്ഥയിൽ വളർച്ച ഉണ്ടാകാതിരിക്കാനുമാണ് ഈ രേഖ വിഭാവനം ചെയ്യുന്നത്. സീറ്റ് ബെൽറ്റിന്റെ ഉപയോഗവും ഹെൽമറ്റ് ഉപയോഗവും പരമാവധി പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ അത് എടുത്തുപറയുന്നുണ്ട്. ഒരു മണിക്കൂറിനുള്ളിൽ തന്നെ അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലെത്തിച്ച് അയാളുടെ ജീവൻ രക്ഷിക്കുകയെന്നതും ഈ രേഖ ഊന്നൽ നൽകുന്ന കാര്യമാണ്. പക്ഷേ ഇതൊക്കെ എങ്ങനെ നടപ്പാക്കിയെടുക്കാനാകുമെന്നതാണ് പ്രധാന ചോദ്യം. പ്രത്യേകിച്ചും അലംഭാവ സമീപനം വച്ചുപുലർത്തുന്ന സർക്കാർ ഉദ്യോഗസ്ഥരും നാട്ടുകാരുമുള്ള ഒരു നാട്ടിൽ.

എന്തായാലും റോഡപകടങ്ങളിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്ന നല്ല മനുഷ്യർ ഒരിക്കലും പിന്നീട് നിയമനൂലാമാലകളിൽ പെടരുത് എന്ന കാര്യത്തിലും ആശുപത്രികളിൽ ആദ്യ 48 മണിക്കൂർ സമയത്തെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന കാര്യത്തിലും ഉറപ്പുണ്ടായാൽ തന്നെ, അപകടങ്ങളിൽപ്പെട്ടവരെ സംരക്ഷിക്കാൻ കൂടുതൽ പേർ തയാറാകുമെന്ന കാര്യത്തിൽ സംശയം വേണ്ട. അത്തരം രക്ഷകന്മാർക്ക് പാരിതോഷികങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുന്നതിനു പുറമേ, അപകടത്തിൽപ്പെട്ടവരെ കണ്ടാൽ വാഹനം നിർത്താതെ പോകുന്നവരെ ശിക്ഷിക്കാനും നിയമം ഉണ്ടാകണം. കർണാടകയിലെന്ന പോലെ ഇക്കാര്യത്തിൽ മാതൃകാപരമായ ഒരു നിയമം ഉണ്ടാക്കുകയാണ് കേരളം അടിയന്തരമായി ചെയ്യേണ്ടത്. വീതി കുറഞ്ഞ നിരത്തുകളും ചീറിപ്പായുന്ന വാഹനങ്ങളും മദ്യപന്മാരുടെ ആധിക്യവുമുള്ള കേരളത്തിൽ വാഹനാപകടങ്ങൾ കുറയ്ക്കുന്നത് അത്ര എളുപ്പ കാര്യമല്ല. കുറഞ്ഞപക്ഷം അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കുന്നവരെ ശിക്ഷിക്കാതിരിക്കാനുള്ള നിയമമെങ്കിലും ഇവിടെ നടപ്പാകട്ടെ.

You might also like

Most Viewed