സ്വാ­തന്ത്ര്യത്തി­ലേ­ക്കു­ള്ള പെ­ൺ­സു­നാ­മി­!


ജെ. ബിന്ദുരാജ്

ന്റെ മകൾ ഒരു പൊടിക്കുഞ്ഞായിരുന്ന കാലം. എല്ലാ കുഞ്ഞുങ്ങളേയും പോലെ അവളും ഒരു വാശിക്കാരിയായിരുന്നു. മുലകുടിയുടെ കാര്യത്തിലായിരുന്നു ഏറ്റവും വാശി. മുലയൂട്ടുന്ന നേരത്ത് അവളുടെ അമ്മ തറയിലിറങ്ങിക്കിടക്കണം, ഇരുമുലകളും ഒട്ടും മറയ്ക്കാതെ, തനിക്ക് ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് എളുപ്പം മാറിക്കുടിക്കാവുന്ന നിലയിൽ അവ സജ്ജീകരിക്കണം, നല്ല കാറ്റും വെളിച്ചവുമുള്ള മുറിയിലായിരിക്കണം മുല നൽകേണ്ടത് എന്നിങ്ങനെയായിരുന്നു മോളുടെ നിർബന്ധങ്ങൾ. ഇടയ്ക്ക് നാട്ടിലേക്ക് ട്രെയിനിലുള്ള വരവായിരുന്നു അക്കാലത്തെ ഏറ്റവും വലിയ ഒരു പ്രതിസന്ധി. ട്രെയിൻ പുറപ്പെട്ട് അൽപനേരം കഴിയുന്പോൾ തന്നെ മകൾ മുലപ്പാൽ വേണമെന്ന് ആവശ്യപ്പെടും. ചുമ്മാതെ മുലകൊടുത്താൽ പോരാ. വീട്ടിലെ മുറിയിൽ മുല കൊടുക്കപ്പെടുന്നതുപോലെ തന്നെ, മുലകൾ പൂർണമായും നഗ്‌നമാക്കി, തീവണ്ടിയുടെ അളിഞ്ഞ തറയിൽ കിടന്നുകൊണ്ടു തന്നെ അവൾക്കത് കുടിക്കണം. ശാഠ്യങ്ങളുടേയും വാശികളുടേയും കാര്യത്തിൽ എന്റെ തനിപ്പകർപ്പാണെങ്കിലും, ട്രെയിനിൽ വച്ച് അത് സാധിച്ചുതരാനാവില്ലെന്ന് ഞങ്ങളിലിരുവരും കട്ടായം പറയുകയും അവൾ ഒടുവിൽ ചുരിദാറിന്റെ ഷാളിനടിയിലിരുന്ന് അത് കുടിക്കാൻ നിർബന്ധിതയാകുകയും ചെയ്യുമായിരുന്നു. സാധാരണ കുട്ടികളിൽ നിന്നും വ്യത്യസ്തമായി മൂന്നര വയസ്സുവരെ അവൾ ഒരു അവകാശം പോലെ, മുലകുടി തുടരുകയും ചെയ്തു. പ്ലേ സ്‌കൂളിൽ നിന്നും മടങ്ങിയെത്തിയശേഷം ആവേശത്തോടെ അവൾ അമ്മയുടെ മുല കുടിച്ചുവറ്റിക്കുന്ന ദൃശ്യം ഇന്നും എന്റെ കൺമുന്പിലുണ്ട്. മറ്റ് പല അമ്മമാരും മുലയുടെ ആകൃതി നഷ്ടപ്പെടുമെന്നോതി കുഞ്ഞുങ്ങളുടെ മുലകുടി നിർത്തിയിരുന്നുവെങ്കിൽ, കുഞ്ഞിനോട് സ്വന്തം മുലയേക്കാളേറെ സ്‌നേഹമുണ്ടായിരുന്ന എന്റെ ഭാര്യ അവൾക്ക് അത് ആവോളം കൊടുക്കുകയും ചെയ്തു. 

ഇത്രയുമെഴുതിയത് കുഞ്ഞിനു മുലയൂട്ടുന്ന തന്റെ ഭാര്യയുടെ ചിത്രം,  കഴിഞ്ഞ ജനുവരി 27ാം തീയതി എ.ബി ബിജു എന്നൊരു വ്യക്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും അത് ഒരു വൈറൽ പോസ്റ്റായി പരിണമിക്കുകയും അതിനെതിരെ മോശപ്പെട്ട പല പരാമർശങ്ങളും വന്നതുകൊണ്ടാണ്. തന്റെ ഭാര്യ അമൃതയുടെ ഈ മുലയൂട്ടൽ ചിത്രത്തിനൊപ്പം ബിജു പോസ്റ്റ് ചെയ്തിരുന്നത് മുലയൂട്ടലിൽ  അറിഞ്ഞിരിക്കേണ്ട വസ്തുതകളാണെങ്കിലും പോസ്റ്റ് വിമർശനങ്ങൾക്കിടയാക്കി.  ഈ പോസ്റ്റിനൊപ്പം ബിജു നൽകിയ ഭാര്യയുടെ മുലയൂട്ടുന്ന ചിത്രം സർവ സദാചാരജ്ഞരേയും പ്രകോപിപ്പിച്ചു. എന്തിനാണ് ഇത്തരമൊരു ചിത്രം പോസ്റ്റിനൊപ്പം നൽകിയതെന്നായി അവരുടെ ചോദ്യം. കുഞ്ഞ് മുല കുടിക്കുന്ന ചിത്രത്തിൽ അമ്മയുടെ അമിഞ്ഞയിലേക്ക് കാമത്തോടെ കണ്ണയക്കുന്നവരാണ് ഈ സദാചാരവാദികളെന്നതാണ് സത്യം. ചിത്രത്തിലെ മാതൃസൗന്ദര്യത്തെ കാണാനുള്ള കഴിവില്ലായ്മയാണ് അതിനു കാരണമെന്ന് ആർക്കാണ് അറിയാത്തത്? കുഞ്ഞിനെ മൂടിമറച്ച് ശ്വാസം പോലും ശരിയാംവണ്ണം അതിനു കിട്ടാത്തവിധം മുലയൂട്ടുന്ന സ്ത്രീകളെ നമ്മൾ പൊതുസ്ഥലങ്ങളിൽ കണ്ടിട്ടുണ്ട്. ഭക്ഷണം കഴിക്കുന്ന സമയത്ത് നമ്മുടെ മൂക്കിനും കണ്ണിനും മേൽ വസ്ത്രം കൊണ്ടിടുന്ന അവസ്ഥ ഒന്നു ചിന്തിച്ചുനോക്കൂ. കുഞ്ഞിന് സംസാരിക്കാനാകാത്തതുകൊണ്ടു മാത്രമാണ് ഇത്തരമൊരു പ്രവൃത്തി കുഞ്ഞ് സഹിക്കുന്നത്. പലപ്പോഴും ബസ്സിലും തീവണ്ടിയും വിമാനത്തിലുമൊക്കെ കുരുന്നുകൾ അമ്മമാരോട് മുലപ്പാൽ ചോദിക്കുന്പോൾ വെള്ളം കൊടുത്തും തട്ടിത്തട്ടിയുറക്കിയുമൊക്കെ മുല നൽകുന്നതിൽ നിന്നും ഒഴിവാകുന്ന എത്രയോ പേരെ നമ്മൾ കണ്ടിട്ടുണ്ട്. പൊതുയിടത്തിൽ വച്ച് പരസ്യമായി മുല നൽകുന്നതിലുള്ള അഭിമാനക്ഷതവും മനപ്രയാസവുമാണ് കുഞ്ഞുങ്ങൾ വിശന്നു കഴിയാൻ അമ്മമാർ തീരുമാനിക്കുന്നതെന്ന് വ്യക്തം.  ഇതൊക്കെ തന്നെയും വിരൽചൂണ്ടുന്നത് മുല നൽകുന്ന അമ്മയിൽപ്പോലും രതി കാണാനുള്ള വൈകൃതം സമൂഹത്തിനുള്ളതിനാലാണ്. മൃഗങ്ങൾ പോലും ഇക്കാര്യത്തിൽ കാട്ടുന്ന മാന്യതയും അടക്കവും മനുഷ്യരെന്ന് അഭിമാനിക്കുന്ന കൂട്ടം കാണിക്കുന്നില്ലെന്നതാണ് ദയനീയമായ കാര്യം. 

കുഞ്ഞിന് മുല കൊടുക്കുന്നതുപോലെ തന്നെ സമൂഹമധ്യത്തിൽ സ്ത്രീകൾ മടിക്കുന്ന ഒരു കാര്യമാണ് സാനിട്ടറി നാപ്കിൻ വാങ്ങുകയെന്നത്. മലയാള സിനിമയിൽ നാപ്കിൻ തമാശകൾ പലതും പൃഥ്വിരാജും മുകേഷുമൊക്കെ അഭിനയിച്ച്, അതെന്തോ രഹസ്യമാക്കി വയ്‌ക്കേണ്ട കാര്യമാണെന്ന ധാരണ പുതുതലമുറ സ്ത്രീകളിൽ പോലും ഉണ്ടാക്കിയിട്ടുമുണ്ട്. പോരാത്തതിന്, സ്വന്തം വീടുകളിൽ പോലും ആർത്തവം മൂടി വയ്ക്കപ്പെടേണ്ട ഒന്നായാണ് മാതാക്കൾ പോലും പെൺമക്കളെ പഠിപ്പിക്കുന്നത്. ആർത്തവം ഏതൊരു സ്ത്രീയുടേയും ജീവിതത്തിലുള്ള സാധാരണമായ ഒരു കാര്യമാണെന്നിരിക്കേ, ഒരു നാപ്കിൻ വാങ്ങാൻ സ്ത്രീകൾ ഇത്രത്തോളം വൈഷമ്യം പ്രകടിപ്പിക്കുന്നതെന്തുകൊണ്ടാണെന്നത് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. നാപ്കിൻ ഉപയോഗിക്കുന്നത് ഏതാവശ്യത്തിനാണോ ആ ആവശ്യം മറച്ചുവയ്ക്കാനുള്ള പ്രവണതയാണ് സമൂഹം മുൻകാലങ്ങളിൽ സ്ത്രീകളിൽ അടിച്ചേൽപിച്ചത് എന്നതാണ് അതിന്റെ പ്രാഥമിക പ്രശ്‌നം. മാത്രമല്ല, അന്പലങ്ങളിൽ ആർത്തവമുള്ള സ്ത്രീകൾ പ്രവേശിക്കരുതെന്ന വിലക്കുകളും ആർത്തവകാലം അശുദ്ധിയുടെ കാലമാണെന്ന യാഥാസ്ഥിതികരുടെ ജൽപനങ്ങളുമൊക്കെ വേറെ. സംശയിക്കേണ്ട, അതുകൊണ്ടാണ് സൂപ്പർ മാർക്കറ്റുകളിൽ നിന്നുപോലും സ്ത്രീകൾ നാപ്കിൻ വാങ്ങി അത് മറ്റ് സാധനങ്ങളുടെ അടിയിൽ ഒളിപ്പിക്കുകയും  കള്ളക്കടത്തുകാരുടെ മുഖഭാവത്തോടെ ബിൽ കൗണ്ടറിൽ നിലകൊള്ളുകയും ചെയ്യുന്നത്. പാഡ്മാൻ എന്ന ഹിന്ദി സിനിമ ആരോഗ്യകരമായ രീതിയിൽ ആർത്തവത്തെ കൈകാര്യം ചെയ്യാൻ ഒരു തമിഴ്‌നാട്ടുകാരൻ നടത്തിയ പരീക്ഷണങ്ങളും അതിന്റെ വിജയവുമാണ് ഇതിവൃത്തമാക്കുന്നത്.  സാമൂഹ്യമാധ്യമങ്ങളിൽ പാഡ് മാൻ സിനിമയ്ക്ക് പിന്തുണ നൽകാനും നാപ്കിനോടുള്ള സ്ത്രീകളുടെ മനോഭാവത്തിനും ആർത്തവത്തോടുള്ള പുരുഷന്മാരുടെ മനോഭാവത്തിനും മാറ്റം വരുത്താൻ വലിയൊരു വിഭാഗം പേർ ഇറങ്ങിയിട്ടുള്ളത് സ്വാഗതാർഹം തന്നെ. 

മുലയൂട്ടുന്ന കാര്യമാണെങ്കിലും നാപ്കിൻ വാങ്ങുന്ന കാര്യമാണെങ്കിലും, എന്തിന് ഉറക്കെ ചിരിക്കുന്ന കാര്യമാണെങ്കിലും ആണുങ്ങളെപ്പോലെ നടക്കുകയും കാലുകയറ്റിവച്ചിരിക്കുകയുമൊക്കെ ചെയ്യുന്നതിന് സ്ത്രീകൾ മടിക്കുന്നതിനു കാരണം നാട്ടുകാരും വീട്ടുകാരുമൊക്കെ ആയിരം വിലക്കുകൾ കൊണ്ട് അവളെ പൊതിഞ്ഞിരിക്കുന്നതിനാലാണ്. അതുകൊണ്ടാണ് രേണുകാ ചൗധരി ചിരിച്ചപ്പോൾ രാജ്യസഭാ അധ്യക്ഷനും പ്രധാനമന്ത്രിക്കും ഹാലിളകിയതും കമലാദാസ് ‘എന്റെ കഥ’യെഴുതിയപ്പോൾ യാഥാസ്ഥിതിക മലയാളി സദാചാരഭ്രംശം ആരോപിച്ച് ഉയിർത്തെഴുന്നേറ്റതും. സ്ത്രീയെ ഒരേ അവകാശങ്ങളുള്ള മനുഷ്യനായി അംഗീകരിക്കാൻ പുരുഷാധിപത്യസമൂഹത്തിനുള്ള മടിയാണ് സ്ത്രീക്ക് പെരുമാറ്റച്ചട്ടങ്ങളുണ്ടാക്കാൻ പുരുഷന്മാർ തയാറായതിനു കാരണം.  ഏതൊരു മനുഷ്യനേയും പോലെ ബുദ്ധിശേഷിയും കഴിവും തൊഴിൽശേഷിയുമൊക്കെയുള്ള ഒരാളാണ് സ്ത്രീയെന്ന കാര്യം പലപ്പോഴും ആൺമേധാവിത്തമുള്ള ലോകം മറന്നുകളയുന്നു. മതങ്ങളും വിവിധ ജനവിഭാഗങ്ങളുമെല്ലാം സ്ത്രീയെ എപ്പോഴും ഒളിപ്പിച്ചു നിർത്തേണ്ടവളാണെന്നും മുഖമടക്കമുള്ള ഭാഗങ്ങൾ മറച്ചുകൊണ്ടു വേണം അവൾ സമൂഹത്തിനു മുന്നിലേക്ക് വരാൻ പാടുള്ളുവെന്ന് ശഠിക്കുന്നു. സ്ത്രീ ഏതു തരത്തിലുള്ള വസ്ത്രം ധരിക്കണമെന്നും അവൾ ഏതു സമയത്ത് പുറത്തിറങ്ങണമെന്നും പുറത്തിറങ്ങരുതെന്നുമുള്ള ശാസനകൾ വരെ നൽകുന്നു അക്കൂട്ടർ. ഈ ശാസനകളും വിലക്കുകളുമൊക്കെ കാലാകാലങ്ങളായി നിലനിൽക്കുന്നതുകൊണ്ടാണ് സ്ത്രീ സ്വശരീരത്തെ തന്നെ ഭയക്കാൻ തുടങ്ങിയതും നാപ്കിനുകൾ ഒളിപ്പിക്കാനും കുഞ്ഞിനെ മുലയൂട്ടാൻ ഭയപ്പെടുകയും ചെയ്തു തുടങ്ങിയത്. തന്റെ ശരീരം പുരുഷന് കാമം തീർക്കാനുള്ള വസ്തുവാണെന്ന തോന്നൽ അത് സംരക്ഷിക്കാനുള്ള വ്യഗ്രതയിലേക്കും ഭയപ്പാടിലേക്കും അവളെ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നു. ഒരു മാസ് ഹിസ്റ്റീരിയയാണത്. ഒരു സ്ത്രീ വാഹനമോടിച്ചാൽ, അവൾ ഒറ്റയ്ക്ക് യാത്ര ചെയ്താൽ, അവൾ സുഹൃത്തിനൊപ്പം സഞ്ചരിച്ചാൽ എല്ലാം, അത്ഭുതത്തോടെയും അന്പരപ്പോടെയും അത് വീക്ഷിക്കുന്നവർ പുറത്തുണ്ടെന്ന ധാരണയാണ് അവളെ ഓരോ നിമിഷവും സ്വശരീരത്തെ ഒരു കള്ളക്കടത്തുകാരിയുടേതെന്ന പോലെ കണക്കാക്കാൻ ഇടയാക്കിയിരിക്കുന്നത്. 

അപവാദങ്ങൾ ഇല്ലെന്നല്ല. ഹാർലി ഡേവിഡ്‌സൺ ബൈക്കോടിക്കുന്ന സ്ത്രീകൾ എന്തുകൊണ്ടാണ് ഇന്ത്യയിൽ ആഘോഷിക്കപ്പെടുന്നതെന്ന് ഒന്നു ചിന്തിച്ചുനോക്കൂ. ഇന്ത്യൻ നാവികസേനയിലെ കമാൻഡറായ പൂജാ രജപുട്ട് ഹാർലി ഡേവിഡ്‌സൺ ഫാറ്റ്‌ബോബിൽ ഇന്ത്യയിൽ 2000 കിലോമീറ്ററോളം ഒറ്റയ്ക്ക് സഞ്ചരിച്ചപ്പോൾ അത് വാർത്തയായതിന് രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, ഒരു സ്ത്രീ ഒറ്റയ്ക്ക് ഒരു ബൈക്കിൽ യാത്ര ചെയ്യുന്നുവെന്നത്. രണ്ട്, 1585 സിസിയുള്ള ഒരു ബൈക്ക് ‘ദുർബല’യെന്ന് നാം മുദ്രകുത്തിയിട്ടുള്ള ഒരു സ്ത്രീ ഓടിക്കുന്നുവെന്നത്. എന്തിന്, ഒരു സ്ത്രീ ഇത്തരമൊരു ബൈക്ക് ഓടിക്കുന്നത് ഇന്ത്യയിലെ പുരുഷ പ്രജകളിൽ പലർക്കും സഹിക്കാൻ പോലുമാകുന്നതായിരുന്നില്ലെന്നാണ് പൂജ രജപുട്ട് പറയുന്നത്. തന്റെ ദക്ഷിണേന്ത്യൻ ബൈക്ക് സഞ്ചാരത്തിനിടെ, ഊട്ടിയിൽ വച്ച്  പൂജ ഒരു ബസ്സിനെ മറികടന്നത് ബസ്സ് ഡ്രൈവർക്കിഷ്ടപ്പെട്ടില്ല. അയാൾ ബസ്സിന്റെ ഹോൺ വല്ലാതെ മുഴക്കിക്കൊണ്ട്, പൂജയെ അപകടത്തിലാക്കുംവിധം അവരെ പിന്തുടർന്ന് അവരെ ഓവർടേക്ക് ചെയ്യുകയും തന്മൂലം ബൈക്കിന് നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്ത ഒരു സംഭവം ഉണ്ടായെന്ന് പൂജ പറയുന്നു. കശ്മീരിൽ നിന്നും കന്യാകുമാരിയിലേക്കുള്ള ബൈക്ക് യാത്രയ്ക്കിടയിൽ മധ്യപ്രദേശിൽ വച്ച് ഒരു റോഡപകടത്തിൽ 2016ൽ മരണപ്പെട്ട ഹാർലി ബൈക്കറായ വീനു പാലിവാളിന്റെ കാര്യം തന്നെയെടുക്കുക. ഹോഗ് (ഹാർലി ഓണേഴ്‌സ് ഗ്രൂപ്പ്)  റാണി അഥവാ ലേഡി ഓഫ് ഹാർലി എന്നാണ് ഈ 44കാരി  അറിയപ്പെട്ടിരുന്നത്. ഒരു ബൈക്ക് റൈഡറുടെ മകളായ അവർ നന്നേ ചെറുപ്പത്തിലേ ബൈക്കിംഗ് പഠിച്ചെങ്കിലും ഭർത്താവിന് ബൈക്കിൽ സഞ്ചരിക്കുന്നത് ഇഷ്ടമില്ലാതിരുന്നതിനാൽ വിവാഹത്തിനുശേഷം വർഷങ്ങളോളം അവർക്ക് ബൈക്ക് റൈഡിംഗ് ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ പിന്നീട് ഭർത്താവിൽ നിന്നും വിവാഹമോചിതയായി അവർ വീണ്ടും റൈഡിങ്ങിലേക്ക് തിരികെ വരികയായിരുന്നു. വിവാഹമോചിതയായശേഷം അവർ വാങ്ങിയത് ഒരു ഹാർലി ബൈക്കായിരുന്നു. ‘പുരുഷാധിപത്യലോകത്ത് സ്ത്രീകൾക്ക് എവിടേയും വെല്ലുവിളികൾ നേരിടേണ്ടതായി വരുന്നു. അത്തരം വെല്ലുവിളികളെ ഇല്ലാതാക്കുന്നതിനും പുരുഷനെപ്പോലെ എന്തിനും തങ്ങളും തയാറാണെന്നുമാണ് എപ്പോഴും സ്ത്രീകൾ തെളിയിക്കേണ്ടത്. പുരുഷനെപ്പോലെ എല്ലാം സ്ത്രീകൾക്കും ചെയ്യാനാകുമെന്ന് തെളിയിക്കാനുള്ള ഒരു മാർഗമായിരുന്നു എനിക്ക് ഹാർലി ഡേവിഡ്‌സൺ ബൈക്ക് റൈഡിംഗ്,’ ഒരിക്കൽ ഒരു അഭിമുഖത്തിൽ വീനു തന്റെ നയം വ്യക്തമാക്കുകയും ചെയ്തു. മോട്ടോർ സൈക്കിൾ റൈഡിംഗ് കമ്യൂണിറ്റിയിൽ വനിതാ റൈഡർമാരുടെ എണ്ണം ഇന്ന് വർധിച്ചുവരുന്നതിനു പ്രധാന കാരണം സ്റ്റീരിയോടൈപ്പുകളെ തകർത്തെറിഞ്ഞ്, സ്വാതന്ത്ര്യയത്തിലേക്ക് പാസ്സ്‌പോർട്ട് എടുക്കാനുള്ള സ്ത്രീകളുടെ അഭിവാഞ്ഛയാണെന്ന കാര്യത്തിൽ തർക്കം വേണ്ട. കഴിഞ്ഞ വർഷം മേയിൽ  പൂനെയിൽ നിന്നും അഹമ്മദാബാദിൽ നിന്നുമുള്ള 50ഓളം വനിതാ റൈഡർമാർ ലേഡീസ് ഓഫ് ഹാർലി എന്ന പേരിൽ കർണാടകയിലെ ദണ്ധേലിയിലേക്ക് ഒരു ബൈക്ക് യാത്ര നടത്തിയിരുന്നു. പുരുഷകേന്ദ്രീകൃതമായ ഒരു മേഖലയിൽ, ഉറച്ച് കാൽവയ്പുകളോടെ നടന്ന് ഇന്ത്യയിലെ സ്ത്രീശാക്തീകരണത്തിന്റെ പുതിയ മാതൃകകളായി മാറുകയായിരുന്നു ഈ റൈഡർമാർ. 

ഇന്ത്യയിൽ ഫെമിനിസ്റ്റ് പ്രസ്ഥാനം അതിന്റെ അസ്തിത്വം വ്യക്തിത്വമുള്ള സ്ത്രീകളിലൂടെ ഇന്ന് നേടിക്കൊണ്ടിരിക്കുകയാണെന്നതിന്റെ സൂചനകളാണ് ഇതെല്ലാം തന്നെ. മതശാസനകളിറക്കി സ്ത്രീകളെ, എക്കാലവും അടിമപ്പെടുത്തി വീട്ടിലിരുത്താൻ കഴിയുകയില്ലെന്ന് പതിയെപ്പതിയെയാണെങ്കിലും കണ്ണടച്ച് ഇരുട്ടാക്കി കഴിയുന്ന പല മതനേതാക്കളും പതിയെപ്പതിയെ മനസ്സിലാക്കി വരികയാണ്. മതത്തിന്റെ കാര്യം പോട്ടെ, സാമൂഹ്യരംഗത്തും പൊതുരംഗത്തും സ്ത്രീ തന്റെ ശബ്ദം ഉച്ചത്തിൽ ഉയർത്താൻ ഇന്ന് മടികാട്ടുന്നില്ല. കഴിഞ്ഞയാഴ്ച രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിഡ്ഢിത്തങ്ങളുടെയും ചരിത്രപരമായ അബദ്ധങ്ങളുടേയും കെട്ടഴിച്ചപ്പോൾ കോൺഗ്രസ് എംപിയായ രേണുകാ ചൗധരി പൊട്ടിച്ചിരിച്ചത് എങ്ങനെയാണ് സഭാധ്യക്ഷനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യാ നായിഡുവിനെ വരെ പ്രകോപിച്ചതെന്ന് നോക്കുക. വിഡ്ഢിത്തം കേട്ടിരിക്കുകയാണ് വേണ്ടതെന്നും പൊട്ടിച്ചിരിച്ചത് വലിയ അച്ചടക്കലംഘനമാണെന്ന മട്ടിലുമായിരുന്നു വെങ്കയ്യയുടെ ജൽപനം. ‘നിങ്ങൾക്കെന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ ഡോക്ടറെ കാണാൻ’ വെങ്കയ്യ അവരെ ഉപദേശിക്കുകയും ചെയ്തു. ജീവിച്ചിരിക്കുന്ന സ്വന്തം ഭാര്യയെ ഉപേക്ഷിച്ച്, രാമനെപ്പോലെ കഴിയുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയാകട്ടെ രാമായണം സീരിയലിനുശേഷം ഇതുപോലുള്ള അട്ടഹാസം ഇപ്പോഴാണ് കേൾക്കുന്നതെന്നു പറഞ്ഞ് രേണുകയെ ശൂർപ്പണകയോട് പരോഷമായി ഉപമിക്കുകയും ചെയ്തു. ലക്ഷ്മണനു നേരെ നോക്കിച്ചിരിച്ച ശൂർപ്പണകയുടെ മൂക്ക് (മുലയോ) മുറിക്കുകയായിരുന്നു ലക്ഷ്മണൻ ചെയ്തതെന്ന് ഓർക്കണം. പ്രതികരിക്കുന്ന സ്ത്രീയെ രാക്ഷസിയോട് ഉപമിക്കുന്ന പ്രധാനമന്ത്രി ഭരിക്കുന്പോൾ പുരുഷാധിപത്യത്തിൽപ്പെട്ടു കഴിയുന്ന പല നേതാക്കളും കക്ഷിഭേദമേന്യ പ്രധാനമന്ത്രിയെ പിന്തുണച്ചുവരുന്നതിൽ അത്ഭുതമില്ല. കോൺഗ്രസിലെ തെഹ്‌സീൻ പൂനാവാല രേണുകയുടെ ചിരിയെ വിമർശിച്ച് രംഗത്തു വന്നതിൽ അതുകൊണ്ടു തന്നെ അത്ഭുതമില്ല. രാമായണകാലത്ത് മാത്രമല്ല സ്ത്രീയുടെ പൊട്ടിച്ചിരി ഇന്ത്യയുടെ ആധുനികകാലത്തും പുരുഷലോകത്തിന് സഹിക്കാനാകുന്നതിനപ്പുറമാണെന്നതിന്റെ തെളിവാണ് പ്രധാനമന്ത്രി കാട്ടിയ ഈ അസഹിഷ്ണുതയെന്ന് ആർക്കാണറിയാത്തത്! മഹാഭാരതത്തിലുമുണ്ടായിരുന്നു ആണിനെ അസ്വസ്ഥമാക്കിയ പെൺചിരികൾ. ഇന്ദ്രപ്രസ്ഥത്തിലെ നീന്തൽക്കുളം കണ്ണാടികൊണ്ടുള്ള തറയാണെന്നു കരുതി അതിലേക്ക് കാലെടുത്തുവച്ച ദുര്യോധനൻ വെള്ളത്തിൽ വീണതു കണ്ട് പൊട്ടിച്ചിരിച്ച ദൗപദിയോടുള്ള പ്രതികാരം അയാൾ തീർത്തത് വസ്ത്രാക്ഷേപത്തിലൂടെയായിരുന്നു! സ്ത്രീയുടെ പരിഹാസച്ചിരി അന്നുമിന്നും മനുവാദികൾക്ക് സഹിക്കാനാവില്ല തന്നെ!

സമീപകാലത്ത് ഹോളിവുഡിലെ നടിമാർക്കുനേരെയുള്ള ലൈംഗിക അതിക്രമങ്ങൾ തുറന്നുകാട്ടിയ ‘മീ ടൂ’ ക്യാംപെയ്ൻ ഇന്ത്യയിൽ ശക്തിപ്രാപിച്ചതും സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായതുമൊക്കെ സ്ത്രീസ്വാതന്ത്ര്യത്തിനായുള്ള അഭിവാഞ്ഛ ഇന്ത്യൻ സ്ത്രീകളിൽ ശക്തിപ്പെടുകയാണെന്നതിന്റെ പ്രത്യാശാഭരിതമായ അടയാളങ്ങളായിരുന്നു. നേരത്തെ 2003ൽ ബംഗലുരുവിലെ പൂവാലശല്യത്തിനെതിരെ ജസ്മീൻ പതേജ ആരംഭിച്ച ബ്ലാങ്ക് നോയിസ് പ്രോജക്ടിനും മംഗലാപുരം പബ്ബിലെ സദാചാര പൊലീസിങ്ങിനെതിരെ 2009ൽ നടന്ന പിങ്ക് ചഡ്ഡി പ്രസ്ഥാനവും ഇരകളെ കുറ്റപ്പെടുത്തുന്ന രീതിക്കെതിരെയുള്ള 2011ലെ സ്ലട്ട് വാക്ക് പ്രതിഷേധവും സ്ത്രീകൾക്ക് പൊതുയിടങ്ങൾ ഉപയോഗിക്കുന്നതിനായുളള വൈ ലോയിട്ടർ പ്രചാരണവുമെല്ലാം ആർജിച്ചതിനേക്കാൾ കൂടുതൽ പിന്തുണയാർജ്ജിക്കാൻ സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പുതിയ പ്രചാരണോപാധികൾക്ക് കഴിയുന്നുമുണ്ട്. എന്തിന്, കസബ എന്ന സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രം നടത്തുന്ന സ്ത്രീവിരുദ്ധതയെ ചൊല്ലി കലഹിച്ചതിന് നടി പാർവതിയെ നടന്റെ ആരാധകർ നേരിട്ടപ്പോൾ പാർവതി തുടങ്ങിവച്ച ‘ഒഎംകെവി’ ക്യാംപെയ്ൻ സ്ത്രീകൾ തങ്ങളുടെ സ്വത്വത്തെ ബലികഴിക്കാൻ സന്നദ്ധരല്ലെന്നും പുരുഷന് കീഴ്‌പ്പെട്ട് കഴിയുന്ന വർഗമല്ലെന്നും തുറന്നടിച്ച് പ്രതിരോധിച്ചതിന്റെ ഉത്തമോദാഹരണമായിരുന്നു. നടി റിമ കല്ലിങ്കൽ മലയാളി തീന്മേശയിലെ ലിംഗഅസമത്വം സ്വന്തം അനുഭവത്തിലൂടെ തുറന്നുപറഞ്ഞപ്പോൾ അതിനെ കേവലം ഒരു വറുത്ത മീൻ പ്രശ്‌നമായി നിസ്സാരവൽക്കരിക്കാൻ പുരുഷകേസരികൾ പലരും രംഗത്തുവന്നതും ഓർക്കണം. ആൺകുട്ടിയും പെൺകുട്ടിയുമുള്ള വീട്ടിൽ പെൺകുട്ടി നേരിടുന്ന വിവേചനപരമായ നിലപാടുകളാണ് റിമ പ്രസംഗത്തിൽ തുറന്നുപറഞ്ഞത്. വീടുകളിൽ നിന്നും ആരംഭിക്കേണ്ടതാണ് ലിംഗവിവേചനത്തിന്റെ ശുദ്ധികലശം എന്ന സന്ദേശമായയിരുന്നു അതിലൂടെ റിമ നൽകിയത്.   

സ്ത്രീകൾക്കെതിരെ എന്തെങ്കിലും തരത്തിലുള്ള അതിക്രമം നടന്നാലുടനെ സ്ത്രീ സംരക്ഷണവും സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യ നിയന്ത്രണവുമാണ് മുൻകാലങ്ങളിൽ പുരുഷകേന്ദ്രീകൃത സമൂഹം അവലംബിച്ചുപോന്നിരുന്ന പ്രതിവിധികൾ. വനിതാ ആക്ടിവിസ്റ്റുകളായ സ്ത്രീകൾ പോലും പലപ്പോഴും പുരുഷനിർമ്മിതമായ ഈ പരിഹാര മാർഗങ്ങളുടെ കെണിയിൽ വീഴുകയും ചെയ്തിരുന്നു. സ്ത്രീകൾക്കായുള്ള പ്രത്യേക പരിഗണനയും നിയമങ്ങളുമൊക്കെ തങ്ങളെ കൂടുതൽ അടിമപ്പെടുത്താനേ ഇടയാക്കുകയുള്ളുവെന്ന സത്യം അവരിൽ പലരും കാണാതെ പോയി. പുരുഷനൊപ്പം നിലകൊള്ളാൻ പൊതുവായ നിയമങ്ങൾ തന്നെയാണ് എല്ലായിടത്തും എല്ലാവർക്കും വേണ്ടതെന്ന കാര്യം പോലും വിസ്മരിക്കപ്പെട്ടു. മാറാൻ തയാറാകാത്തവരും പെൺ സമൂഹത്തിലേറെയുണ്ടെന്നത് വേറെ കാര്യം.  നടി ഷീലയെപ്പോലുള്ളവർ ഇന്നും പഴയ മനസ്ഥിതിയിൽ തന്നെയാണ് പക്ഷേ തങ്ങളെ സ്വയം തളച്ചിട്ടിരിക്കുന്നത്. രാത്രി നേരങ്ങളിൽ സ്ത്രീകൾ പുറത്ത് സഞ്ചരിക്കേണ്ടതില്ലെന്നും രാത്രി സഞ്ചരിച്ച് അപകടമുണ്ടാക്കരുതെന്നുമൊക്കെയാണ്  സ്ത്രീകളോടുള്ള അവരുടെ ഉപദേശങ്ങൾ. സ്ത്രീകളെ അമിതമായ സംരക്ഷിക്കാനുള്ള ഏതു നിയമവും ഏത് പ്രഖ്യാപനവും സ്ത്രീകളെ കൂടുതൽ കൂടുതൽ അടിമപ്പെടുത്തുന്നതാണെന്ന് സ്ത്രീകൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. 

സ്വാതന്ത്ര്യത്തിലേക്കുള്ള സ്ത്രീയുടെ പ്രയാണത്തിന് ആക്കം കൂട്ടിയത് 2012ൽ ഡൽഹിയിൽ നടന്ന 23കാരിയായ പെൺകുട്ടിയുടെ കൂട്ടബലാത്സംഗവും കൊലപാതകവുമാണ്.  ഇതിനെ തുടർന്നുണ്ടായ പ്രതിഷേധം വനിതാവിമോചന പ്രസ്ഥാനത്തിന് വലിയ ഇന്ധനമാണ് നൽകിയത്. രാത്രിനേരത്ത് പെൺകുട്ടി ആൺ സുഹൃത്തിനൊപ്പം സഞ്ചരിച്ചതാണ് ബലാത്സംഗത്തിനിടയാക്കിയതെന്ന പലരുടേയും പ്രസ്താവനകൾ യുക്തിപരമായി ചിന്തിക്കുന്ന സ്ത്രീകളെ ക്ഷുഭിതരാക്കി. സ്ത്രീകൾക്ക് രാവോ പകലോ എന്ന വ്യത്യാസമില്ലാതെ, മറ്റേതൊരാളേയും പോലെ സഞ്ചരിക്കാനുള്ള അവകാശമുണ്ടെന്ന് അവർ മറ്റുള്ളവരെ ബോധ്യപ്പെടുത്തി നൽകി. വസ്ത്രധാരണമാണ് ബലാത്സംഗത്തിനിടയാക്കുന്നതെന്ന യാഥാസ്ഥിതികരുടെ വീക്ഷണങ്ങളെ അവർ അവജ്ഞയോടെ തള്ളിക്കളഞ്ഞു. ഇത് ഇരയാക്കപ്പെട്ട സ്ത്രീയ്ക്ക് എളുപ്പത്തിൽ നീതി ലഭിക്കുന്നതിനും കൂടുതൽ കടുത്ത ശിക്ഷ കുറ്റവാളികൾക്ക് ലഭിക്കുന്നതിനും ഉതകുന്നമട്ടിൽ നിയമം പൊളിച്ചെഴുതാൻ ഭരണകൂടത്തെ നിർബന്ധിതമാക്കുകയും ചെയ്തു. 

ഇതിന്റെ തുടർച്ചയാണ് മൂലയൂട്ടലിലേക്കും നാപ്കിൻ പോരാട്ടത്തിലേക്കുമൊക്കെ എത്തിയിരിക്കുന്നതെന്ന് വ്യക്തം. പുരുഷാധിപത്യസമൂഹം അടക്കിയൊതുക്കി വയ്ക്കാൻ ശ്രമിച്ചിരുന്ന സ്ത്രീകൾ അവരുടെ അവകാശങ്ങൾ തിരിച്ചറിഞ്ഞ് ഒരു സുനാമി പോലെ ആഞ്ഞടിക്കുന്ന കാഴ്ചയാണ് ഇപ്പോൾ നാം കണ്ടുകൊണ്ടിരിക്കുന്നത്. അടുക്കളയിൽ നിന്നും അരങ്ങത്തേക്കുള്ള ഈ പ്രയാണം ഇന്ത്യൻ സ്ത്രീക്ക് ആത്മാഭിമാനവും അന്തസ്സും സമൂഹത്തിൽ വളരാനുള്ള അവസരങ്ങളും നൽകും. ആർത്തവത്തെ അശുദ്ധിയെന്നോതുകയും സ്ത്രീകളെ അന്പലങ്ങളിൽ നിന്ന് അകറ്റിനിർത്തുകയും ചെയ്യുന്ന മതമേലാളന്മാരുടെ മുട്ടുവിറപ്പിയ്ക്കും ഇത്. പക്ഷേ വളർന്നുവരുന്ന പെൺസുനാമിയെ നേരിടാൻ അവരുടെ ദുർബലമായ അന്യായവാദങ്ങളുടെ പ്രതിരോധത്തിനാവില്ല. പുരുഷാധിപത്യത്തിന്റെ നെടുങ്കോട്ടകൾ തകർന്നുവീഴുന്നതു കണ്ട് നെഞ്ചുപൊട്ടി നിലവിളിക്കുകയല്ലാതെ മറ്റൊന്നിനും അവർക്ക് കഴിയില്ല തന്നെ! 

You might also like

Most Viewed