മൃഗാവകാശങ്ങളെപ്പറ്റിക്കൂടി ചിലത്!


ജെ. ബിന്ദുരാജ്

മതവും രാഷ്ട്രീയവും വിദ്വേഷം വമിപ്പിക്കുന്ന സമയങ്ങളിൽ മനുഷ്യനന്മയുടെ വാർത്തകളാണ് പലപ്പോഴും നമ്മുടെ ജീവിതങ്ങളിലേക്ക് സന്തോഷം തിരികെയെത്തിക്കുന്നത്. വാർത്തയിലെ കാലുഷ്യകാലത്ത് ഈയാഴ്ച മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട രണ്ടു വാർത്തകൾ ഒരു സാധാരണക്കാരനെന്ന നിലയ്ക്ക് എന്നെ എത്രത്തോളം സന്തോഷിപ്പിച്ചുവെന്ന് എനിക്കു തന്നെ അറിയില്ല. അതിലൊരു വാർത്ത കൊച്ചിയിൽ നിന്നും മറ്റൊരു വാർത്ത ഉത്തരപ്രേദശിലെ ഷാജഹാൻപൂറിൽ നിന്നുമായിരുന്നു. കൊച്ചിയിലെ വാർത്തയെപ്പറ്റി ആദ്യം പറയാം. കേരളത്തിൽ പ്രളയസമയത്ത് വീട്ടുകാരും നാട്ടുകാരുമൊക്കെ, എല്ലാം ഉപേക്ഷിച്ച് സ്വയം രക്ഷപ്പെടാൻ അവസരങ്ങൾ തേടിയപ്പോൾ ആ വീടുകളിൽ ഒറ്റപ്പെട്ടുപോയ വളർത്തുമൃഗങ്ങളേയും തെരുവുകളിൽ മുങ്ങിത്താണുകൊണ്ടിരുന്ന തെരുവു നായ്ക്കളേയും ചില മൃഗസ്‌നേഹികളുടെ സംഘടനകൾ രക്ഷിക്കുകയും അവർക്ക് പുതിയ ഉടമസ്ഥന്മാരെ കണ്ടെത്തി നൽകുകയും ചെയ്തതായിരുന്നു ആദ്യത്തേത്. പൂനെയിലെ റസ്‌ക്യൂ ചാരിറ്റബിൾ ട്രസ്റ്റ്, മുംബൈയിലെ ആവാസ്, ചെന്നൈയിലെ ശ്രാവൺ, കൊച്ചിയിലെ വൺനെസ് തുടങ്ങിയ സംഘടനകളാണ് പ്രളയത്തിൽ ചത്തൊടുങ്ങുമായിരുന്ന ഈ മൃഗങ്ങളെ രക്ഷിക്കുകയും അവർക്ക് താൽക്കാലിക കൂടൊരുക്കുകയും ഭക്ഷണവും മരുന്നും നൽകി അവയെ സുഖപ്പെടുത്തുകയും പിന്നീട് പുതിയ ഉടമകൾക്ക് അവരെ ദത്തു നൽകുകയും ചെയ്തത്. ഈ വാർത്ത എന്നെ വല്ലാതെ ആകർഷിച്ചതിന് പിന്നിൽ ഒരു കാരണമുണ്ട്. പ്രളയസമയത്ത് അയൽവാസിയുടെ വളർത്തുനായ പ്രളയജലത്തിൽ മുങ്ങിത്താണു മരിക്കുന്നതിന് ഞാനും കുടുംബവും സാക്ഷികളായതിനാലാണ് അത്. അതിനെ രക്ഷിക്കാൻ അതിയായി ആഗ്രഹിച്ചെങ്കിലും നിസ്സഹായരായി നോക്കിനിൽക്കാനേ ഞങ്ങൾക്കായുള്ളു. വെള്ളം ഉയർന്നുകൊണ്ടിരുന്നപ്പോൾ, വീട്ടുകാർ വീടൊഴിഞ്ഞുപോയപ്പോൾ ഒരു ദിവസം മുഴുവൻ വീട്ടിലെ കാറിനു മുകളിലേക്ക് പിടിച്ചു കയറാൻ ശ്രമിച്ച് ജലത്തിലേക്ക് തന്നെ വീണ്ടും വീണ്ടും നിപതിച്ച്, ഒരു രാത്രി മുഴുവൻ പ്രാണരക്ഷാർത്ഥം നിലവിളിച്ചശേഷം പ്രഭാതത്തിൽ ആ ശബ്ദം നിലച്ചപ്പോൾ ഞങ്ങൾ അനുഭവിച്ച വേദനയും കുറ്റബോധവും ചെറുതല്ലായിരുന്നു. നാട്ടിൽ പലയിടത്തു നിന്നും ഇത്തരത്തിൽ പശുക്കളുടേയും നായകളുടേയും ഭയവിഹ്വലമായ കരച്ചിലുകൾ കേൾക്കാമായിരുന്നു. പക്ഷേ അവയെ രക്ഷിക്കാൻ ഒന്നരയാൾ പൊക്കമുള്ള പ്രളയജലത്തിൽ ആർക്കുമാകുമായിരുന്നില്ല. മനുഷ്യരെ രക്ഷിക്കാൻ പോലും ആവശ്യമായ വള്ളങ്ങൾ ഇല്ലാതിരിക്കുന്ന സമയത്ത് ആരാണ് വളർത്തുമൃഗങ്ങളെ രക്ഷിക്കാൻ ശ്രമിക്കുക? പക്ഷേ വൺനെസ് എന്ന സംഘടന ആ ദൗത്യം ഏറ്റെടുക്കുകയും മൃഗങ്ങൾക്ക് കൂടൊരുക്കാൻ ശ്രമിക്കുകയും ചെയ്തു. സ്വന്തം വീട് തന്നെ താൽക്കാലികമായി മൃഗങ്ങളുടെ വാസകേന്ദ്രമാക്കാൻ പോലും ഡോക്ടർ പ്രശാന്ത് പിള്ള വൺനെസിന് വിട്ടുകൊടുത്തു. ഇക്കഴിഞ്ഞ ഞായറാഴ്ച കൊച്ചിയിലെ മംഗളവനത്തിൽ വച്ച് ഈ മൃഗങ്ങൾക്കായി ഒരു ദത്തെടുക്കൽ ഡ്രൈവ് അവർ നടത്തിയതോടെ പല മൃഗങ്ങൾക്കും നാഥന്മാരുമായി. ഇവരെപ്പോലെ തന്നെ പീപ്പിൾ ഫോർ അനിമൽസ്, ഹാൻഡ്‌സ് ഫോർ പോസ്, സ്ട്രീറ്റ് ഡോഗ് വാച്ച് തുടങ്ങിയ സംഘടനകളും പ്രളയസമയത്ത് കൊച്ചിയിലും ആലപ്പുഴയിലും കോട്ടയത്തുമെല്ലാം രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും കന്നുകാലികളടക്കം നിരവധി മൃഗങ്ങളെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു.

ഇനി അടുത്ത വാർത്തയിലേക്ക് വരാം. അത് ഉത്തരപ്രദേശിൽ നിന്നുള്ളതായിരുന്നു. ഒരു കന്പിവേലിക്കെട്ടിൽ കുടുങ്ങിയതിനെ തുടർന്ന് തൂവലിനടിയിലെ എല്ലൊടിഞ്ഞതിനെ തുടർന്ന് അലഹാഗഞ്ച് പട്ടണത്തിൽ വീണുകിടക്കുകയായിരുന്ന ഒരു ദേശാടനപക്ഷിയെ നാട്ടുകാർ രക്ഷിച്ച് ലക്‌നൗ മൃഗശാലയിലെത്തിക്കുകയും ചികിത്സ നൽകുകയും പിന്നീട് അതിനെ ഇപ്പോൾ ഗുജറാത്തിലുള്ള അതിന്റെ പക്ഷിക്കൂട്ടത്തിലേക്ക് എത്തിക്കാൻ തീരുമാനിക്കുകയും ചെയ്ത വാർത്തയായിരുന്നു അത്. ഈ ദേശാടനപ്പക്ഷിക്ക് അതിനൊപ്പമുള്ള കൂട്ടുപക്ഷികൾക്കൊപ്പം റഷ്യയിലേക്ക് തിരികെ പറക്കാനായില്ലെങ്കിൽ അതിനെ പിന്നീട് മൃഗശാലയിലേക്ക് തന്നെ മാറ്റാനാണ് ലക്‌നൗവിലെ മൃഗശാല അധികൃതരുടെ തീരുമാനം.

ഈ രണ്ടു വാർത്തകളും എന്നെ ആഹ്ലാദിപ്പിച്ചതിനു കാരണം മറ്റൊന്നു കൂടിയുണ്ട്. പ്രളയത്തിനുശേഷം രണ്ടാഴ്ച കഴിഞ്ഞ് വീട്ടിലെത്തിയ എന്നെ എതിരേറ്റത് അഞ്ചു മാസത്തോളം പ്രായമായ ഒരു നായക്കുട്ടിയായിരുന്നു. കഴുത്തിൽ ചുവന്ന ബാറിട്ട ഈ നായ്ക്കുട്ടി രണ്ടു ദിവസത്തോളം വീട് ക്ലീനിങ്ങിനിടെ എന്റെ കൂടെ തന്നെ നടക്കുകയും ഞാനവന് എനിക്ക് വാങ്ങുന്ന ഭക്ഷണത്തിന്റെ ഒരു പങ്ക് നൽകുകയും ചെയ്തിരുന്നു. അതിനുശേഷമാണ് ഫേസ്ബുക്കിലൂടെ നായയുടെ ചിത്രവും വിവരവും പങ്കുവച്ചത്. ചിത്രം കണ്ട കാനഡയിലുള്ള നായയുടെ ഉടമസ്ഥന്റെ മകൻ ഞാനുമായി ഫേസ്ബുക്കിൽ ബന്ധപ്പെടുകയും അവന്റെ അച്ഛൻ ജോസ് ലാൽ വീട്ടിലെത്തി നായയെ ഏറ്റുവാങ്ങി മടങ്ങുകയും ചെയ്തു. ഹൃദയം കുളിർപ്പിക്കുന്ന ഒരു സമാഗമമായിരുന്നു അത്. ജോസ് ലാലിന്റെ സംഭാഷണം കേട്ടയുടനെ വീട്ടിനു പിറകുവശത്തായിരുന്ന നായ്ക്കുട്ടി പാഞ്ഞെത്തി. ജോസ് ലാൽ അവനെ വാരിയെടുത്തു. നായ്ക്കുട്ടി ജോസ് ലാലിന്റെ മുഖത്തുപൊടിഞ്ഞ കണ്ണുനീർ നക്കിത്തോർത്തി. വീട്ടിലേക്ക് ജോസ് ലാലിന്റെ ചുമലിലിരുന്നാണ് ബ്രൂണോ എന്ന ആ നായ്ക്കുട്ടി മടങ്ങിയത്.

മനുഷ്യനു മാത്രമുള്ളതല്ല ഈ ഭൂമിയെന്നും സഹജീവികൾക്കു കൂടിയുള്ളതാണെന്നും അവനെ ഓർമ്മിപ്പിക്കാൻ ഇത്തരം സന്ദർഭങ്ങൾ ഉപകരിക്കുമെന്നുറപ്പാണ്. പക്ഷേ സഹജീവികളോടുള്ള മനുഷ്യന്റെ പെരുമാറ്റം പലപ്പോഴും അതിഹീനമാണെന്ന് നാം ദൈനംദിനം കണ്ടറിയുന്നുണ്ട്. മൃഗങ്ങളും പക്ഷികളും നമ്മെപ്പോലെ തന്നെ ഈ ഭൂമിയുടെ അവകാശികളാണെന്ന വാസ്തവം പലപ്പോഴും നാം മറന്നുകളയുന്നു. അവർക്കും നമ്മെപ്പോലെ തന്നെ അവകാശങ്ങളുണ്ടെന്നും അവ സംരക്ഷിക്കപ്പെടേണ്ടതാണെന്നും നാം തിരിച്ചറിയുന്നതേയില്ല. ഇന്ത്യയിലെ മൃഗക്ഷേമ−മൃഗാവകാശ പ്രവർത്തനങ്ങൾ ഏതുമട്ടിലുള്ളതാണെന്ന് പരിശോധിക്കപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് പറയാതെ വയ്യ. മൃഗങ്ങളെ അടിമകളാക്കി നമ്മുടെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെപ്പറ്റിയോ മൃഗങ്ങളെ ക്രൂരമായ രീതിയിൽ കൊല ചെയ്ത് ഭക്ഷണമാക്കുന്നതിനെപ്പറ്റിയോ നാം ചിന്തിക്കുന്നതേയില്ല. മാംസാഹാരം കഴിക്കാതിരിക്കണമെന്നല്ല ആ പറഞ്ഞതിന് അർത്ഥം. മറിച്ച് നമ്മൾ ആഹാരമാക്കാൻ പോകുന്ന ജീവിയോട് സ്വാഭാവികമായും കാട്ടേണ്ട ഒരു മര്യാദ നാം പാലിക്കുന്നുണ്ടോയെന്നതാണത്. കേൾക്കുന്നവർക്ക് ഒരുപക്ഷേ അന്പരപ്പു തോന്നിയേക്കാം. പക്ഷേ നമ്മെപ്പോലെ ചിന്തിക്കാനും സ്‌നേഹിക്കാനുമൊക്കെ കഴിവുള്ള ഒരു മൃഗത്തെയാണ് നാം യാതൊരുവിധ പരിഗണനകളും കാട്ടാതെ, വേദനിപ്പിച്ചുകൊണ്ട് കൊല ചെയ്യുകയും ആഹരിക്കുകയും ചെയ്യുന്നത്. ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതാണോ അതെന്ന് ചിന്തിക്കാനുള്ള സമയമായിരിക്കുന്നു. പ്രത്യേകിച്ചും പല മൃഗക്ഷേമ, സംരക്ഷണ സംഘടനകളും ഐക്യരാഷ്ട്രസഭയിൽ മൃഗക്ഷേമത്തെപ്പറ്റിയുള്ള അന്താരാഷ്ട്ര പ്രഖ്യാപനം നടത്തണമെന്ന് കാലങ്ങളായി ആവശ്യപ്പെട്ടു വരുന്ന സന്ദർഭമാണിതെന്നതിനാൽ. നമ്മെപ്പോലെ തന്നെ മൃഗങ്ങളെ വികാരങ്ങളുള്ള ജീവികളായും വേദനയും ദുരിതവുമൊക്കെ മനസ്സിലാക്കുന്നവരായുമൊക്കെ തിരിച്ചറിഞ്ഞ്, മൃഗക്ഷേമത്തിന് രാജ്യങ്ങൾ കൂടുതൽ ഊന്നൽ നൽകണമെന്ന് വാദിക്കുന്നവരാണ് ഈ പ്രഖ്യാപനത്തിനായി നിലകൊള്ളുന്ന സംഘടനകൾ. വേൾഡ് അനിമൽ പ്രൊട്ടക്ഷൻ എന്ന സംഘടനയും കംപാഷൻ ഇൻ വേൾഡ് ഫാമിങ് എന്ന പ്രസ്ഥാനവും ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷണലുമാണ് മൃഗനീതിയ്ക്കായുള്ള പോരാട്ടത്തിന്റെ മുൻ പന്തിയിൽ ഇന്നുള്ളത്.

ഒരു ജീവി അത് സസ്യമാകട്ടെ, മൃഗമാകട്ടെ ഒന്നു മറ്റൊന്നിന് ഭക്ഷണമാകുമെന്നുള്ളത് പ്രകൃതിയുടെ നിയമമാണ്. പക്ഷേ പീഡനത്തിന് ഇരയായി ഒരു മൃഗമോ പക്ഷിയോ മനുഷ്യന് ആഹരിക്കുന്നതിനായി അതിന്റെ ജീവിതം ദുസ്സഹമായ മാനസികാവസ്ഥയിൽ ജീവിക്കുന്നത് എങ്ങനെ അംഗീകരിക്കാനാകും? ക്രൂരമായ കൊലപാതകങ്ങളേക്കാൾ ദാരുണമാണ് പല മൃഗങ്ങളുടേയും ജീവിതങ്ങൾ. ഉദാഹരണത്തിന്, നമ്മുടെ നാട്ടിലേക്ക് കോഴി ഫാമുകളിൽ നിന്നും മാംസത്തിനായി കോഴികളെ എത്തിക്കുന്നതു തന്നെ ഒന്നുനോക്കൂ. ചെറിയ കൂടുകളിൽ പത്തും അന്പതും കോഴികളെ കുത്തിനിറച്ച്, അവയ്ക്ക് ഭക്ഷണമോ ജലമോ നൽകാതെ, മഴയത്തും വെയിലത്തുമൊക്കെ നിരത്തിലൂടെ കൊണ്ടുവന്നാണ് കോഴിക്കടകളിലേക്ക് അവ എത്തിക്കപ്പെടുന്നത്. എത്ര ഭയാനകമായ മാനസികസമ്മർദ്ദമായിരിക്കും ഈ യാത്രയിലും പിന്നീട് കോഴിക്കടകളിലെ സഹജീവികളുടെ മരണനിലവിളികളിലും ആ ജീവികൾ അനുഭവിക്കുന്നുണ്ടാകുക? നമ്മളെപ്പോലെ തന്നെ മക്കളെ ഓമനിച്ചു വളർത്താനും സ്‌നേഹിക്കാനും അവരെ സംരക്ഷിക്കാനുമൊക്കെ അറിയാവുന്നവരാണ് ഈ ജീവികളെന്ന് ഓർക്കുക. അവർക്കുമുണ്ട് മനസ്സും വികാരങ്ങളുമെല്ലാം! ഇന്ത്യയിൽ ഇതിനൊക്കെ എതിരെ അതിശക്തമായ നിയമങ്ങളുണ്ടെങ്കിലും അവയൊന്നും പാലിക്കപ്പെടാറില്ലെന്നതാണ് വാസ്തവം. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്നതിനായുള്ള പിസിഎ നിയമത്തിലെ മൃഗങ്ങളെ ട്രാൻസ്‌പോർട്ട് ചെയ്യുന്നതു സംബന്ധിച്ച 2001−ലെ നിയമത്തിന്റെ 11(1) (ഡി) വകുപ്പിലും 1978−ലെ മോട്ടോർ വെഹിക്കിൾ നിയമത്തിലും മൃഗങ്ങൾക്ക് അസൗകര്യം ഉണ്ടാക്കുന്നവിധത്തിൽ അവയെ കൊണ്ടുപോകുന്നത് കർശനമായി തടഞ്ഞിട്ടുള്ളതാണ്.

ഇന്ത്യയിൽ അനിമൽ ഫാമുകളുടെ പ്രവർത്തനവും അതിക്രൂരമാണ്. മാംസത്തിനായി വളർത്തുന്ന മൃഗങ്ങൾക്ക് അവയുടെ സ്വാഭാവികമായ ആവാസവ്യവസ്ഥയടക്കം എല്ലാം നിഷേധിക്കപ്പെടുന്നു ഇവിടെ. കൂടുതൽ മാംസം ശരീരത്തിൽ ഉണ്ടാക്കാനുള്ള ശ്രമത്തിൽ ബ്രോയിലർ കോഴികൾക്ക് അവയുടെ ഭാരം താങ്ങാനാകാതെ കാലുകൾ ഒടിയുകയോ അംഗവൈകല്യങ്ങൾ സംഭവിക്കുകയോ ചെയ്യുന്നുണ്ടെന്ന് ഈ രംഗത്തുള്ളവർ നടത്തിയ പഠനങ്ങൾ തന്നെ പറയുന്നുണ്ട്. ഏറെ ദുസ്സഹമാണ് ജനനം മുതൽ മരണം വരെയുള്ള അവയുടെ ജീവിതം. ബ്രോയിലർ കോഴികൾക്ക് അമിതമായി ഭക്ഷണം നൽകി ശരീരം കൊഴുപ്പിക്കുന്നതിലൂടെ അവയുടെ ഹൃദയവും ശ്വാസകോശവുമൊക്കെ തകരാറിലാകുന്നുണ്ടെന്ന് ഈ രംഗത്തുള്ളവർ തന്നെ തുറന്നു സമ്മതിക്കുന്നുണ്ട്. ബ്രിട്ടനിൽ മാത്രം ഓരോ വർഷവും അറവുശാലയിലെത്തുംമുന്പ് രണ്ടു കോടിയോളം ബ്രോയിലർ കോഴികൾ ഇത്തരത്തിലെ സമ്മർദ്ദങ്ങൾ മൂലം ചത്തുപോകുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ഇന്ത്യയിലെ കണക്കുകൾ ഇതിനേക്കാൾ എത്രയോ കൂടുതലായിരിക്കും.

ഇത് കോഴികളെ മാത്രം ബാധിക്കുന്ന കാര്യമല്ല. മനുഷ്യാഹാരത്തിനായി വളർത്തപ്പെടുന്ന പല ജീവികളും നേരിടുന്നത് അതികഠിനമായ ജീവിത സാഹചര്യങ്ങളാണ്. നമ്മുടെ അറവുശാലകളിൽ ഇപ്പോഴും അതിക്രൂരമായി മൃഗങ്ങളെ തലയ്ക്കടിച്ച് കൊലപ്പെടുത്തുന്ന രീതിയാണുള്ളത്. പലവട്ടം തലയിൽ ചുറ്റിക കൊണ്ട് അടിക്കുന്നതിനു പകരം യന്ത്രവൽക്കൃത അറവുശാലകളിൽ വേദന പരാമവധി കുറച്ച് മൃഗങ്ങളെ കൊല ചെയ്യുന്ന സംവിധാനങ്ങൾ ഇനിയും ഇന്ത്യയിൽ എത്തിത്തുടങ്ങിയിട്ടില്ല. അറക്കുന്ന സമയത്ത് മൃഗത്തിന് പരമാവധി വേദന കുറയാനുള്ള മാർഗങ്ങളാണ് ഇന്ന് യൂറോപ്യൻ കമ്മീഷൻ അവലംബിച്ചിട്ടുള്ളത്. നമ്മെപ്പോലെ തന്നെ വികാരങ്ങളും വിചാരങ്ങളുമൊക്കെയുള്ള ഒരു സഹജീവിയോട് പാലിക്കേണ്ട മിനിമം മര്യാദ നാം ഭക്ഷണത്തിനായി വളർത്തുന്ന ജീവികളുടെ കാര്യത്തിൽ കാണിക്കേണ്ടിയിരിക്കുന്നു. ബ്രിട്ടൻ അക്കാര്യത്തിൽ ബഹുദൂരം മുന്നേറിയിട്ടുണ്ടു താനും. അവിടത്തെ 2006ലെ മൃഗസംരക്ഷണ നിയമം മൃഗങ്ങൾക്ക് ജീവിക്കാൻ അനുയോജ്യമായ അന്തരീക്ഷം ഒരുക്കി നൽകണമെന്നും സ്വാഭാവികമായ പെരുമാറ്റ രീതികൾക്ക് അവയ്ക്ക് അവസരമൊരുക്കണമെന്നും മറ്റ് മൃഗങ്ങളിൽ നിന്നും മാറ്റി പാർപ്പിക്കണമെന്നും അവയെ വേദനയിൽ നിന്നും മുറിവിൽ നിന്നും അസുഖങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും അകറ്റിനിർത്തണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത്തരത്തിൽ മൃഗങ്ങളോട് സഹാനുഭൂതിയോടെ പെരുമാറാത്തവരെ മൃഗങ്ങളുടെ ഉടമകളാകാൻ പോലും നിയമം അനുവദിക്കുന്നില്ല. അമേരിക്കയിലുമുണ്ട് ഇത്തരം നിയമങ്ങൾ. അവിടത്തെ അറവുശാലകൾ മൃഗങ്ങളുടെ വേദന പരമാവധി കുറച്ചുകൊണ്ട് അവയെ കൊല്ലാൻ പാടുള്ളുവെന്ന് പ്രത്യേകം നിഷ്‌കർഷിച്ചിട്ടുണ്ട്.

പക്ഷേ ഇന്ത്യയിൽ ഇത്തരത്തിലുള്ള നിയമങ്ങളൊന്നും തന്നെയില്ല. എന്തിന്, ഭക്ഷണവും വെള്ളവും പോലുള്ള ജീവൻ നിലനിർത്താനുള്ള പ്രാഥമികമായ ആവശ്യങ്ങൾ പോലും ഇന്ത്യയിൽ മൃഗങ്ങൾക്ക് നിഷേധിക്കപ്പെടുന്നു. വാഹനങ്ങളിൽ അറവുശാലകളിലേക്ക് എത്തിക്കുന്ന കന്നുകാലികളേയും പക്ഷികളേയും എങ്ങനെയാണ് കൊണ്ടുപോകുന്നതെന്ന് നാം കാണാറുള്ളതല്ലേ? കഴിഞ്ഞ ദിവസവും അത്തരത്തിലുള്ള ഒരു കാഴ്ച കണ്ടിരുന്നു. ചെറിയൊരു ടെന്പോയിൽ നാല് പശുക്കളെ കെട്ടിയിട്ട് കൊണ്ടുപോകുന്ന കാഴ്ച. പശുക്കളുടെ കാലുകളുടെ പിറകുവശം പിന്നിലെ ഇരുന്പിൽ വന്നിടിച്ച് ചോര നിറത്തിൽ കാലുകൾ തിണർത്തുകിടക്കുന്നു. അറവുശാലയിലെത്തിക്കുന്നവർക്ക് ജീവനുള്ള ആ മൃഗങ്ങൾ കേവലം മാംസം മാത്രമാണ്. ഹോട്ടലിൽ നിന്നും ചൂട് ബീഫ് കറിയോ മട്ടൻ കറിയോ പ്ലേറ്റിലേക്ക് പകരുന്പോൾ ആ മൃഗങ്ങൾ മരണത്തിനു മുന്പും മരണസമയത്തും അനുഭവിച്ച കഠിനവേദനകളെപ്പറ്റി നാം ചിന്തിക്കാറില്ലല്ലോ. അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെൽത്ത് മൃഗങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന വേദനകൾ പരമാവധി ഒഴിവാക്കാൻ അ‌റവുശാലകൾക്കും പരീക്ഷണശാലകൾക്കുമൊക്കെ നിരവധി മാർഗനിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. വേദനസംഹാരികൾ ഉപയോഗിച്ചോ അനസ്തീഷ്യ നൽകിയോ ഒക്കെ മാത്രമേ മൃഗങ്ങളിൽ വേദനയുളവാക്കുന്ന പരീക്ഷണങ്ങൾ നടത്താവൂ എന്ന് ഒരു പ്രത്യേക ചട്ടം തന്നെയുണ്ട് അവിടെ.

ഇന്ത്യയിൽ മൃഗസംരക്ഷണത്തിനായി നിയമങ്ങളുണ്ടെങ്കിലും അവയൊന്നും തന്നെ പാലിക്കപ്പെടാറില്ലെന്നതാണ് വാസ്തവം. ഭരണഘടനയിലെ 51 എ (ജി) വകുപ്പ് എല്ലാ ജീവജാലങ്ങളോടും സഹാനുഭൂതി പുലർത്തേണ്ടത് എല്ലാ പൗരന്മാരുടേയും മൗലികമായ ദൗത്യമാണെന്ന് പറയുന്നുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ 428−ാം വകുപ്പും 429−ാം വകുപ്പും ഏതെങ്കിലും മൃഗത്തെ കൊല്ലുന്നത് രണ്ടു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് പറയുന്നു. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയാനുള്ള 1960−ലെ നിയമപ്രകാരം (പിസിഎ ആക്ട്, സെക്ഷൻ 11(1) (ഐ), 11(1) (ജെ)) പ്രകാരം ഏതെങ്കിലുമൊരു മൃഗത്തെ ഉപേക്ഷിക്കുന്നത് മൂന്നു മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.2001−ലെ പിസിഎ ആക്ടിൽ അറവുശാലകളെപ്പറ്റിയുള്ള മൂന്നാം ചട്ടത്തിലും 2011−ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് നിയന്ത്രണത്തിലും കോഴികൾ അടക്കം ഒരു മൃഗത്തേയും അറവുശാലയിലല്ലാതെ കൊല്ലരുതെന്നും അസുഖബാധിച്ചതും ഗർഭിണികളായതുമായ മൃഗങ്ങളെ ഒരു കാരണവശാലും കൊല്ലരുതെന്നും പറയുന്നുണ്ട്. പിസിഎ നിയമത്തിന്റെ 11(1) (എച്ച്) വകുപ്പു പ്രകാരം ഏതെങ്കിലും മൃഗത്തിന് ഭക്ഷണവും വെള്ളവും താമസവും നിഷേധിക്കുന്നതും മണിക്കൂറുകളോളം ചങ്ങലയ്ക്കിട്ടു നിർത്തുന്നതും മൂന്നു മാസം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ്. ഇതുപോലെ തന്നെ വന്യമൃഗസംരക്ഷണ നിയമത്തിൽ വന്യമൃഗങ്ങളെ സംബന്ധിച്ചും നിരവധി വകുപ്പുകളുണ്ടെങ്കിലും വിശ്വാസത്തിന്റെ പേരിൽ അവയെല്ലാം തന്നെ ലംഘിക്കപ്പെടുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നു. കാട്ടിലെ നിശ്ശബ്ദദതയിൽ കഴിയുന്ന ആന പോലൊരു ജീവിയെ നാട്ടിലെത്തിച്ച്, കൊട്ടും മേളവുമൊക്കെയുള്ള പൂരങ്ങളിൽ എഴുന്നെള്ളിക്കുകയും വെടിക്കെട്ടു സമയത്തുപോലും അവിടെ തന്നെ നിർത്തുകയും ചെയ്യുന്ന ക്രൂരതയ്‌ക്കെതിരെ പലവട്ടം പലരും പ്രതികരിച്ചിട്ടും അവയുടെ അവസ്ഥയിൽ ഇന്നും വലിയ മാറ്റമുണ്ടായിട്ടില്ല.

മൃഗങ്ങളുടെ ഈ വേദനകൾ തിരിച്ചറിയണമെങ്കിൽ മനുഷ്യരെ കശാപ്പു ചെയ്തു ഭക്ഷിക്കുന്ന കാലം വരണം. കൂട്ടിലടച്ച്, ഭക്ഷണം നൽകാതെ, കിലോമീറ്ററുകളോളം വെയിലും മഴയും കൊള്ളിച്ച് അവനെ നിരത്തിലൂടെ യാത്ര ചെയ്യിക്കണം. പ്രാകൃതമായ രീതിയിൽ പലവട്ടം ചുറ്റികയ്ക്കടിച്ച് അവനെ വേദന തീറ്റിച്ച് കൊല ചെയ്യണം. കടകളിൽ അവന്റെ നഗ്നദേഹം കീറിക്കെട്ടിത്തൂക്കി, കാലിലും കൈയിലും ഹൃദയത്തിനും കിഡ്‌നിക്കും മുലയ്ക്കും വില പറയണം. ഇതു വായിക്കുന്പോൾ എനിക്കും നിങ്ങൾക്കും തോന്നുന്ന ആ വേദനയുണ്ടല്ലോ, അതാണ് നമ്മെപ്പോലെ വികാരവും വിചാരവുമൊക്കെയുള്ള മൃഗങ്ങളും അനുഭവിക്കുന്നതെന്ന് മനസ്സിലാക്കിയാൽ തീരുന്നതേയുള്ളു മൃഗങ്ങളോടുള്ള മനുഷ്യന്റെ ക്രൂരമായ സമീപനം. വിശപ്പകറ്റാൻ സഹായിക്കുന്ന ജീവിയോട് മിനിമം സഹാനുഭൂതിയെങ്കിലും പുലർത്താൻ നമുക്കായില്ലെങ്കിൽ പിന്നെ നാം എന്തു മനുഷ്യത്വത്തെപ്പറ്റിയാണ് സംസാരിക്കേണ്ടത്?

You might also like

  • Lulu Exchange
  • NEC Remit

Most Viewed