Christmas അല്ലെ­ങ്കിൽ Xmas


ജോൺ പനയ്ക്കൽ 

ക്രിസ്തുമസ് ആഘോഷങ്ങളുടെ ആഴ്ചയാണല്ലോ ഇത്. ക്രിസ്തുവിന്റെ പിറന്നാൾ ലോകമെങ്ങും കൊണ്ടാടുന്നു. ആശംസാ സന്ദേശങ്ങളും ഉപഹാരങ്ങളും പരസ്പരം കൈമാറുന്നു. ഇതൊരു ‘ആഘോഷ’മായി മാറ്റാൻ മദ്യവും ഏറ്റവും അധികം വിറ്റഴിയുന്ന സമയം. വിവിധ നിറങ്ങളിലും രൂപത്തിലുമുള്ള നക്ഷത്രവിളക്കുകൾ ഭവനങ്ങളുടെ മുന്നിൽ ഉയർത്തപ്പെട്ടു കഴിഞ്ഞു. ആടും മാടും കോഴിയും ടർക്കിയുമെല്ലാം മേശപ്പുറത്ത് സുലഭം. ദീപാലങ്കാരങ്ങൾ അന്തരീക്ഷത്തെ പ്രഭാപൂരിതമാക്കുന്നു, വാഹനാപകടങ്ങൾ വ‍ർദ്ധിക്കുന്നു. ക്രിസ്തുമസിന്റെ സന്ദേശവുമായി ഒരു ബന്ധവുമില്ലാത്ത എന്തെല്ലാം കാര്യങ്ങൾ ഇന്ന് അരങ്ങേറുന്നു. ആത്മീയാഹ്ലാദങ്ങൾ ഇന്ന് കൂത്താട്ടങ്ങളായി തരംതാണിരിക്കുന്നു.

എന്നാൽ തങ്ങൾ കേട്ടതും കണ്ടതുമായ എല്ലാറ്റിനെക്കുറിച്ചും സന്തുഷ്ടരായി മടങ്ങിപ്പോയ ഒരു കൂട്ടം ആളുകളെക്കുറിച്ച്  ബൈബിളിൽ പ്രതിപാദിക്കുന്നുണ്ട്. അവരാണ് ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മാതൃകയാകേണ്ടവർ. ആട്ടിയന്മാർ. യരുശലേം ദേവാലയത്തിൽ ബലി കഴിക്കാനായി ഒരുക്കപ്പെടുന്ന ആടുകളെ മേയ്ക്കുന്ന ആട്ടിടയന്മാരെയാണ് ദൈവ ദൂതൻ ആദ്യമായി പ്രത്യക്ഷപ്പെട്ട് ക്രിസ്തു ജനിച്ച വിവരം അറിയിക്കുന്നത്. സമൂഹത്തിലെ ഉന്നതർ ഈ ആട്ടിടയന്മാരെ പുച്ഛത്തോടെ അവഗണിച്ചിരുന്ന കാലഘട്ടം. അടിച്ചമർത്തപ്പെട്ട, ഗതിയില്ലാത്ത പാവപ്പെട്ടവരുടെ പ്രതിനിധികളായ ഈ ആട്ടിടയന്മാരിലേക്കാണ് ക്രിസ്തു പിറന്നു എന്ന സദ്്വാർത്ത ആദ്യമായി എത്തിയത്. പ്രശാന്ത സുന്ദരമായ മഞ്ഞു പൊഴിയുന്ന രാവിൽ ആകാശമേഘപാളികളിൽ നൃത്തം ചവിട്ടി ഒരു കൂട്ടം മാലാഖമാർ ആട്ടിടയർക്ക് പ്രത്യക്ഷപ്പെട്ടിട്ടു അവ‍ർ പാടി; ‘അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി, ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം’ ബത്ലഹേമിലെ പുൽക്കൂട്ടിൽ നിങ്ങൾക്കായി ഒരു രക്ഷകൻ ജനിച്ചിരിക്കുന്നു; അവനെ ദർശിക്കുവാൻ പുറപ്പെടുക എന്ന ആ‍ജ്ഞയും ആട്ടിയന്മാർക്ക് മാലാഖമാർ നൽകി. ഇടയന്മാർ ഒട്ടും ൈവകാതെ പുൽക്കൂട്ടിലെത്തി കുഞ്ഞിനെ കണ്ട് വണങ്ങി. അങ്ങനെ ഭൂമിയിൽ ദൈവമഹത്വവും പ്രഭയും അനുഗ്രഹവും ദർശിക്കുവാനും പ്രാപിക്കുവാനും ആദ്യം ഭാഗ്യമുണ്ടായത് സമൂഹത്തിൽ ഒരു സ്ഥാനവുമില്ലാതെ പുറംതള്ളപ്പെട്ടിരുന്ന ദരിദ്രരായ അസംഘടിതരായിരുന്ന അറിവില്ലാതിരുന്ന ഈ സാധുക്കൾക്കാണ്. എന്തുകൊണ്ട്? നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇന്നും ഉത്തരങ്ങൾക്കായി കാത്തിരിക്കുന്ന ഒരു ചോദ്യമാണിത്!

നിർമ്മലമായ മനഃസാക്ഷിയുള്ളവരായിരുന്നു അവർ. ദുഷ്ടമൃഗങ്ങളിൽ നിന്നും തങ്ങളുടെ ആട്ടിൻപറ്റത്തെ സംരക്ഷിച്ച്, സമയത്ത് പുഷ്ടിപ്പെടുത്തുന്ന ആഹാരം നൽകി, വേണ്ടുവോളം കരുതൽ നൽകി അവയെ നിഷ്കളങ്കതയോടെ പോറ്റിപ്പുലർത്തുന്നവരായിരുന്നു അവർ. അവർക്ക് സ്വാർത്ഥലാഭേച്ഛ ഒന്നുമില്ലായിരുന്നു. സ്വജനപക്ഷപാതമില്ലായിരുന്നു. ദ്രവ്യാഗ്രഹമില്ലായിരുന്നു. സമൂഹത്തിൽ ഉന്നതസ്ഥാന മോഹമില്ലാത്തവരായിരുന്നവർ. ഇന്നത്തെ ഇടയന്മാരോ? പറഞ്ഞാൽ പലരും പരിഭവിക്കും. പറയാതെ ഇരിക്കാനും വയ്യ. വായിക്കുന്നവർ സ്വയം മനസിലാക്കിക്കൊള്ളുക. വെള്ള തേച്ച ശവക്കല്ലറകൾ പോലെയല്ലേ പല ഇടയന്മാരും ഇന്ന്? പുറമെ ഭംഗി. അകമെ ചീഞ്ഞഴുകിയ മാംസക്കഷണങ്ങളും അസ്ഥിപഞ്ജരവും. നൂറ്റാണ്ടുകൾക്ക് മുന്പ് ക്രിസ്തു ജനിച്ചത് കല്ലടാവിൽ നിർമ്മല മനസാക്ഷിയുള്ളവർക്ക് പ്രഥമ ദർശനം നൽകിയാണ്. മകനെ പ്രസവിക്കുവാൻ ഒരു ഇടം തേടി ബത്ലഹേമിലെ മരം കോച്ചുന്ന തണുപ്പത്ത് ആ അമ്മയും സംരക്ഷകനായ വളർത്തച്ഛനും എത്ര ഇടങ്ങളിൽ കെ‍‍ഞ്ചി. ആരും ഇടം നൽകിയില്ല. ഒടുവിൽ ഗതിയില്ലാതെ മൃഗങ്ങളെ കെട്ടിയിരുന്ന കാലിത്തൊഴുത്തിൽ പ്രസവശയ്യ ഒരുക്കേണ്ടി വന്നു, കീറത്തുണിയിൽ. ക്രിസ്തു പിറക്കുന്നത് ഇന്നും നിർമ്മലമായ മനസ്സുകളിലാണ് എന്ന് ഇതിനാൽ ദൃഷ്ടാന്തീകരിക്കാം. ചടപാടാലിറ്റികളുടെ കനക ശയ്യകളിൽ പിറക്കാൻ ക്രിസ്തുവിന് മനസില്ല. പീഡിതന്റെയും പാമരന്റെയും കീറിത്തുണി മതി അവന് ശീല ചുറ്റാൻ. അവനു വേണ്ടിയാണ് ദൈവപുത്രൻ മനുഷ്യാവതാരം ചെയ്തത്. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും പ്രഭുവായി താൻ ഉദയം ചെയ്തതും ലോകത്തിലെ ഉച്ചനീചത്വങ്ങളെ ഉന്മൂലനം ചെയ്യുന്നതിനാണ്. ഈ സന്ദേശം ഉൾക്കൊള്ളുവാൻ കഴിയുന്നവർക്ക് മാത്രമേ ക്രിസ്തുമസിന്റെ ശാന്തി ലഭിക്കുകയുള്ളൂ. അല്ലെങ്കിൽ ആഘോഷങ്ങളൊക്കെ വെറും പൂരങ്ങളായി പരിണമിക്കും. അനുഭവങ്ങളില്ലാത്ത പൂരങ്ങൾ! ഇന്നത്തെ സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട പലരുമുണ്ട്; ഒരുപക്ഷേ അവർ മണ്ണിന്റെ മക്കളായിരിക്കും. ചേരിനിവാസികളും ദളിതരും ഗിരിവർഗ്ഗക്കാരുമതിൽപ്പെടും. അവർക്ക് പ്രത്യാശ നൽകുന്ന ഉത്സവമായി ക്രിസ്തുമസ് തീരണം.

എന്റെ ചെറുപ്പത്തിൽ രണ്ടുതരം ക്രിസ്തുമസ് ആഘോഷങ്ങൾക്ക് സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. ഒന്നാമത്തേത് സംയുക്ത ക്രിസ്തുമസ് ആഘോഷം. വിവിധ വിഭാഗങ്ങൾ ക്രിസ്തുമസിന്റെ ശക്തിപ്രകടനങ്ങൾ നടത്തുന്നു, ക്രിസ്തുമസ് ദിനത്തിൽ പലതരം നിശ്ചല ദൃശ്യങ്ങളും താളമേള വാദ്യഘോഷങ്ങളുടെയും അകന്പടിയോടെ. ഒന്നാം സ്ഥാനം കരസ്ഥമാക്കുകയാണ് ഓരോരുത്തരുടെയും ലക്ഷ്യം. ചുരുക്കത്തിൽ ക്രിസ്തുമസ് റാലികൾക്ക് ‘ഊർജം’ പകരാൻ അൽപം ‘സേവിച്ച’വർ ഇല്ലെങ്കിൽ എന്ത് ഊർജമാണ് ആഘോഷത്തിന്. അവർ ക്രിസ്തുമസിന്റെ കാരൾ ഗീതങ്ങൾ പാടിത്തക‍ർക്കുന്നു. ക്രിസ്തുമസ് ഡ്രം അടിച്ചു പൊളിക്കുന്നു. മാത്സര്യബുദ്ധിയോടെ പ്രകടനം നടത്തുന്ന ഇവർ ഒടുവിൽ അക്രമാസക്തരാകുന്നു. ക്രിസ്തുമസ് അടിപിടിയിൽ കലാശിക്കുന്നു. അത് കണ്ടുകൊണ്ടിരിക്കാനും ഒരു രസമുണ്ടു പോലും. ഉണ്ണിയേശുവിന്റെ മടിയിലേറ്റിയ അമ്മയുടെ വേഷം കെട്ടിയവർ ഒടുവിൽ ജീവനും കൊണ്ട് ഓടി രക്ഷപ്പെടുന്നു. അതും ഒരു ക്രിസ്തുമസ്. ഈ ആഘോഷത്തിൽ ക്രിസ്തു എവിടെ! അവിടെയെങ്ങുമില്ല. വീര്യമിറങ്ങിക്കഴിയുന്പോൾ കാട്ടിക്കൂട്ടിയ കോപ്രായങ്ങളോർത്ത് പശ്ചാത്തപിച്ചിട്ട് എന്ത് കാര്യം?

മറുവശത്ത് മറ്റൊരു നിശബ്ദമായ ക്രിസ്തുമസ് ആഘോഷം. അവധിക്ക് നാട്ടിലെത്തിയ കുടുംബം. കുഞ്ഞുങ്ങളോടൊപ്പം പുതു വസ്ത്രം ധരിച്ച് ആരാധനാലയത്തിൽ പോയി ആരാധനയിൽ സംബന്ധിച്ച ശേഷം കുടുംബസമേതം ഒരു അനാഥാലയത്തിലേക്ക്. ഭിന്നശേഷിയുള്ള കുട്ടികളെ സംരക്ഷിക്കുന്ന ആ  അനാഥാലയത്തിലെ അന്തേവാസികൾക്ക് സമ്മാനമായി പുതുവസ്ത്രവും ഒരു നേരത്തെ ആഹാരവും തന്റെ വകയായി. അവരോടൊപ്പം കുടുംബസമേതം ഭക്ഷണം കഴിക്കുന്നു. ഒരു ക്രിസ്തുമസ് ഗാനം അവരോടൊപ്പം പാടി ആസ്വദിക്കുന്നു. ഒടുവിൽ അനാഥ കുഞ്ഞുങ്ങൾ ഒരുമിച്ചു ചേർന്ന് ‘താങ്ക്്യു അങ്കിൾ ആന്റ് ഫാമിലി, വിഷ് യു എ മെരി ക്രിസ്തുമസ്’ എന്ന് ഉരുവിടുന്നു. എന്തൊരു സംതൃപ്തി. തന്റെ ഭവനത്തിൽ ക്രിസ്തു പിറക്കുകയായി. സംതൃപ്തമായ വികാരവായ്പോടെ അനാഥാലയത്തിലെ പടിയിറങ്ങുന്പോൾ ഉണ്ടാകുന്ന മനഃസുഖം ഒരു സംയുക്ത ക്രിസ്തുമസ് ആഘോഷത്തിനും നൽകാൻ സാധ്യമല്ല. ഇളക്കങ്ങളിൽ ക്രിസ്തുവില്ല എന്ന സത്യം ഇവിടെ അന്വർത്ഥമാണ്. ഹൃദയത്തിന്റെ ശുദ്ധതയിൽ നിന്ന് ഉടലെടുത്ത നിസ്വാർത്ഥമായ ക്രിസ്തുമസ് ആഘോഷത്തിലെ ക്രിസ്തുവിന്റെ സാന്നിദ്ധ്യം ആസ്വദിക്കുവാൻ സാധിക്കൂ.

നമ്മുടെ ജീവിതത്തിൽ എത്ര ക്രിസ്തുമസിലൂെട നാം കടന്നുപോയി. ഒരു വേറിട്ട ക്രിസ്തുമസ് പരീക്ഷിച്ചു കൂടെ? ഞാനും എന്റെ കുടുംബവും ആഘോഷത്തിമിർപ്പിൽ ആഹ്ലാദിക്കുന്നതിന് പകരം ഒരു ക്രിസ്തുമസിനെങ്കിൽ അയൽപക്കത്തെ സന്തോഷത്തെക്കുറിച്ചൊന്ന് ചിന്തിച്ചു കൂടേ? താൻപോരിമയുടെ പാരമ്യത്തിൽ ചിലർ വീന്പടിക്കും. ‘എനിക്ക് ആരുടെയും ഒന്നും വേണ്ട. എനിക്ക് ആരെയും ആശ്രയിക്കേണ്ടതായ ആവശ്യമില്ല. സ്വന്തം കാലിൽ എനിക്ക് നിൽക്കാൻ കഴിയും. അതിനുള്ള വക ഞാൻ നേടിയിട്ടുണ്ട്.’ പക്ഷേ സൂക്ഷ്മമായി ഒന്ന് വിചിന്തനം ചെയ്താൽ ഞാൻ ആരോടെല്ലാം കടപ്പെട്ടിരിക്കുന്നു. ആരുടെയെല്ലാം സഹായവും സേവനവും എനിക്ക് ലഭിക്കുന്നു എന്ന് മനസിലാകും. ധരിക്കുന്ന വസ്ത്രം, കഴിയ്ക്കുന്ന ആഹാരം തുടങ്ങി ഒരുവന്റെ ജീവിതം സുഗമവും സുസാദ്ധ്യവുമാക്കാൻ ഞാൻ അറിയാതെ എത്രയോ പേരുടെ സഹായം എനിക്ക് ലഭിച്ചുകൊണ്ടേയിരിക്കുന്നു. മനുഷ്യൻ പരസ്പരം കടപ്പെട്ടിരിക്കുന്നു എന്നത് ഒരു ജീവിതയാഥാർത്ഥ്യമാണ്.

ജയിംസ് ബെൻഡർ എന്ന പാശ്ചാത്യ എഴുത്തുകാരൻ തന്റെ ഒരു പ്രസിദ്ധമായ കൃതിയിൽ ബുദ്ധിമാനായ ഒരു കർഷകനെ പരാമർശിക്കുന്നുണ്ട്. അയാളുെട ഗവേഷണങ്ങളെക്കുറിച്ചും പരീക്ഷണങ്ങളെക്കുറിച്ചും പ്രശംസിക്കുന്നു. പുതിയ ഇനം വിത്ത് കണ്ടുപിടിക്കുന്നതിലും പുതിയ കൃഷി സന്പ്രദായം പരീക്ഷിക്കുന്നതിലും ഇയാൾ വിദഗ്ദ്ധനാണ്. പല വർഷവും തുടർച്ചയായി ഇയാൾക്ക് അവാ‍‍ർഡും പ്രശംസാ പത്രവുമൊക്കെ ലഭിച്ചിട്ടുമുണ്ട്. അയാളുടെ പ്രധാന ഉൽപ്പന്നം ചോളമാണ്. കൂടുതൽ ഉത്പാദനക്ഷമതയോടെ ചോളത്തിന്റെ വിത്ത് അയാൾ കണ്ടുപിടിച്ചു കൊണ്ടിരുന്നു. അയാളെ അഭിമുഖം നടത്തുവാൻ ഒരു മാധ്യമ റിപ്പോർട്ടർ സമീപിച്ചു. മാധ്യമപ്രവർത്തകന് കൗതുകം ഉണർത്തിയ വസ്തുത, ഈ കർഷകൻ ഉൽപാദിപ്പിക്കുന്ന പുതിയ വിത്തിനങ്ങൾ അയൽക്കാരായ മറ്റു കർഷകർക്കും നൽകി എന്നതാണ്. മത്സരങ്ങളിൽ ഏർപ്പെടുന്നവർ നേട്ടത്തിന്റെ രഹസ്യം ആരുമായും പങ്കുെവയ്ക്കാറില്ല. എന്നാൽ ഇദ്ദേഹം അങ്ങനെയായിരുന്നില്ല. മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി കർഷകൻ ഇങ്ങനെ പറഞ്ഞു. ‘നിങ്ങൾ അറിയേണ്ട ഒരു കാര്യമുണ്ട്. വയലിൽ അടിക്കുന്ന കാറ്റ് പരാഗ വിതരണം നടത്തുന്നു. പഴുത്തു വരുന്ന ചോളത്തിന്റെ പരാഗം ഒരു വയലിൽ നിന്ന് മറ്റൊന്നിലേയ്ക്ക് കാറ്റ് വിതരണം ചെയ്യുന്നു. എന്റെ അയൽക്കാരൻ മോശമായ ഇനം ചോളമാണ് കൃഷി ചെയ്യുന്നതെങ്കിൽ കാറ്റിലൂടെയുള്ള പരാഗവിതരണം മൂലം എന്റെ വയലിലെ ചോളത്തിന്റെ ഗുണം നഷ്ടമായേക്കാം. ഞാൻ നല്ല ഇനം ചോളം വിളയിക്കണമെങ്കിൽ എന്റെ അയലത്തെ വയലിലെ ചോളവും നല്ല ഇനമാകാൻ ഞാൻ സഹായിക്കണം.

ജീവിതത്തിൽ നിലനിൽക്കുന്ന പരസ്പര ബന്ധത്തിന്റെ വലിയ രഹസ്യം ആ കർഷകൻ വെളിപ്പെടുത്തുകയായിരുന്നു. തന്റെ അയൽക്കാരന്റെ ഉൽപ്പന്നവും മെച്ചപ്പെടുന്നില്ലെങ്കിൽ തന്റെ ഉൽപ്പന്നം മെച്ചപ്പെടാൻ സാധ്യമല്ല. പ്രകൃതിയിൽ ദൃശ്യമാകുന്ന ഈ പാരസ്പര്യത്തിന്റെ തത്ത്വം ബുദ്ധിജീവി എന്ന് അവകാശപ്പെടുന്ന പലരും മനസ്സിലാക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല. സമാധാനത്തിൽ ജീവിക്കണമെന്നാഗ്രഹിക്കുന്നവർ തങ്ങളുടെ അയൽക്കാരും സമാധാനത്തിൽ വസിക്കാൻ സഹായിക്കണം. മെച്ചപ്പെട്ട ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവർ മറ്റുള്ളവർക്കും അത് സാധ്യമാകാൻ സഹായിക്കേണ്ടതും പരിശ്രമിക്കേണ്ടതുമാണ്. സന്തോഷമാണ് നാം കാംക്ഷിക്കുന്നതെങ്കിൽ മറ്റുള്ളവർക്കും സന്തോഷം ലഭ്യമാക്കാൻ സഹായിക്കണം. നമ്മിൽ ഓരോരുത്തരുടെയും ക്ഷേമം മറ്റുള്ളവരുടേതുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നതാണ് സത്യം. ഈ ക്രിസ്തുമസ് ആഘോഷവേളയിൽ ഈ തത്വം ഉൾക്കൊള്ളുവാൻ ശ്രമിച്ചാൽ അയൽപക്കത്തെ ക്രിസ്തുമസ് ആഘോഷത്തിലൂടെ പങ്കുചേർന്ന് സമാധാന പ്രഭുക്കളായി തീരാൻ നമുക്ക് മനസു വരും.

പരസ്പരം ബന്ധമില്ലാത്ത തുരുത്തുകളായി ജീവിക്കാനല്ല മനുഷ്യ ജീവിതം. അയൽക്കാരന്റെ സന്തോഷം നമ്മിലും സന്തോഷമുളവാക്കും. പ്രകൃതിയിൽ ഉടനീളം ദൃശ്യമായ ഒരു പ്രതിഭാസമാണ് സ്വീകരിക്കുകയും നൽകുകയും എന്നത്, ആദാനവും ദാനവും എന്നതിനെ വിശേഷിപ്പിക്കാം. ലഭിക്കുന്നത് മറ്റൊരു വിധത്തിൽ പകർന്നു കൊടുക്കുന്നു. നിശ്ചലമായി ഒന്നും നിലകൊള്ളുന്നില്ല. സമുദ്രം മഴവെള്ളവും പുഴവെള്ളവും സ്വീകരിക്കുന്നു. അത് പകരം നീതവിമേഘത്തിന് നൽകി മഴ പെയ്യാൻ സഹായിക്കുന്നു. പ്രകൃതിയുടെ എല്ലാ മേഖലയിലും ഈ തത്ത്വം അനസ്യൂതം നടക്കുന്നു. ശരീരത്തിലെ രക്തധമനികളിൽകൂടെ ഒഴുകുന്ന രക്തവും ശ്വാസോച്ഛ്വാസത്തിന്റെ തത്ത്വവുമൊക്കെ ഇതു തന്നെ. രക്തവും ജീവശ്വാസവുമെന്നതുപോലെ നമ്മുടെ സമാധാനവും സന്തോഷവും നമ്മിൽ തളംകെട്ടി കിടക്കാനുള്ളതല്ല. ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക് പ്രസരിക്കാനുള്ളതാണ്, ആ ചലനം നടക്കുന്നില്ലാ എങ്കിൽ നാം നിർജീവത്വത്തിലാണ്. ജലാശയത്തിൽ ഒരു കല്ലിടുന്പോൾ ജലാശയം മുഴുവൻ അലകൾ വ്യാപരിക്കുന്നു. സർവ്വർക്കും സമർത്ഥമായ ജീവൻ നൽകുന്നതിന് ജഡം ധരിച്ച ക്രിസ്തുവിന്റെ പിറന്നാൾ അനുസ്്രണ വേളയിൽ ഈ ചലനാത്മകതെയെ സ്വാംശീകരിക്കുവാൻ നാം തയ്യാറാകുമെങ്കിൽ,‍‍ ക്രിസ്തുമസ് അർത്ഥപൂർണ്ണമാകും. ഇല്ലെങ്കിൽ Christ ഇല്ലാത്ത Christmas വെറും Xmas ആയിത്തീരും.

You might also like

Most Viewed