വർഷാരംഭത്തിന്റെ പൂക്കളും വർഷാവസാനത്തിന്റെ കായ്കളും


ഡോ. ജോൺ പനയ്ക്കൽ

 

തുവർഷമെത്തി. ആയുസ്സിന് നീളം കൂട്ടി ഒരു വത്സരം കൂടെ കടന്നുപോയി. പിന്നിലേയ്ക്കും മുന്നിലേയ്ക്കും നോക്കുവാനുള്ള അവസരമാണിപ്പോൾ. പാശ്ചാത്യ പഞ്ചാംഗ പ്രകാരം ജനുവരിയാണ് പുതുവർഷത്തെ ആദ്യ മാസം. ജനുവരി എന്ന പേരിന്റെ ഉത്ഭവം ജാനസ് (ജനുവാരിയസ്) എന്ന റോമൻ ദേവന്റെ നാമത്തിൽ നിന്നാണ്. തുടക്കത്തിന്റെ ദൈവമെന്നാണ് അതിന്റെ അർത്ഥം. ഈ ദേവന് രണ്ട് തലകളും നാലു കണ്ണുകളുമുള്ളതായി സങ്കൽപ്പിക്കപ്പെടുന്നു. തലകളിൽ ഒന്ന് പിന്പോട്ടും മറ്റേത് മുന്പോട്ടും തിരിഞ്ഞിരിക്കുന്നു. അതിനാൽ രണ്ട് കണ്ണുകൾ മുന്നിലേയ്ക്കും രണ്ട് കണ്ണുകൾ പിന്നിലേയ്ക്കും നോക്കുന്നവയാണ്. അർത്ഥപൂർണ്ണമായ ഒരു സങ്കൽപ്പമാണിത്. പുതുവർഷാരംഭത്തിൽ നമ്മുടെ  നോട്ടം മുന്നിലേയ്ക്കും പിന്നിലേയ്ക്കും തിരിയേണ്ടതാണ്. കടന്നുപോയ വർഷത്തിലെ ഫലങ്ങൾ (കായ്കൾ) എന്തൊക്കെ എന്ന് തിരിച്ചറിയുവാൻ ശ്രമിക്കുന്നതോടൊപ്പം പുതുവർഷത്തിലെ പൂക്കൾ (പ്രതീക്ഷകൾ) എന്തൊക്കെയെന്ന് മനനം ചെയ്യുവാനും ഈ അവസരം വിനിയോഗിക്കണമെന്നർത്ഥം. കഴിഞ്ഞ വർഷത്തെ ലാഭനഷ്ടങ്ങളുടെ ആകെത്തുകയിൽ നിന്ന് പുതുവത്സരത്തിലേയ്ക്ക് നിക്ഷേപം എന്തെന്ന് വിലയിരുത്താം.

ജീവിതത്തിലെ ലാഭനഷ്ടങ്ങൾ കണ്ടുപിടിക്കേണ്ടത് ജീവിതപുരോഗതിക്ക് ആവശ്യമാണ്. പിറകോട്ട് തിരിഞ്ഞു നോക്കുന്പോൾ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കണം.

ഒന്ന്: കൈവന്ന നേട്ടങ്ങൾ ഓരോന്നായി അനുസ്മരിക്കുക. ശാരീരികമായും മാനസികമായും ഉണ്ടായിരുന്ന സ്വസ്ഥത, പ്രതീക്ഷക്ക് ഉപരിയായി ലഭിച്ച അവസരങ്ങളും സ്ഥാനമാനങ്ങളും. ഇങ്ങനെ ഓരോന്നും ഓർത്തു നോക്കുക. കഴിഞ്ഞ കാലത്ത് ലഭിച്ച അനുഗ്രഹങ്ങളും നന്മകളും ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ ഉളവാക്കാൻ സഹായിക്കും.

രണ്ട്: നേരിട്ട പരാജയങ്ങളെ എണ്ണി തിട്ടപ്പെടുത്തുക. ഏതെല്ലാം ഇനത്തിൽ എന്തെല്ലാം നഷ്ടമുണ്ടായി എന്നറിയണം. വർഷാരംഭത്തിൽ എടുത്ത തീരുമാനങ്ങളിൽ ഏതെല്ലാം നടത്താൻ സാധിക്കാതെ പോയി, ഏതെല്ലാം വ്യക്തിബന്ധങ്ങളിൽ ഇടർച്ചകളുണ്ടായി, സ്വകാര്യ ജീവിതത്തിൽ എന്തെല്ലാം പാളിച്ചകളുണ്ടായി ഇവയൊക്കെ തിരിഞ്ഞു നോട്ടത്തിൽ വിഷയങ്ങളാകണം. നേരിട്ട പരാജയങ്ങളെപ്പറ്റി നിരാശപ്പെടരുത്. അവയെ എപ്രകാരം പ്രയോജനപ്പെടുത്തണമെന്നതാണ് പ്രശ്നം. failsmanship എന്ന ഇംഗ്ലീഷ് പദത്തിന്റെ അർത്ഥവും അതു തന്നെ. തോൽവിയിൽ നിന്ന് പാഠം പഠിക്കുക. തെറ്റിപ്പോകുവാൻ ഇടയായ സാഹചര്യങ്ങളും സന്ദർഭങ്ങളും മനസിലാക്കിയാൽ ഭാവിയിൽ അവ ഒഴിവാക്കാൻ നമുക്ക് കഴിയും.

ജാനസ് ദേവന്റെ മുന്നിലേയ്ക്ക് നോക്കുന്ന മുഖം മുന്നിലുള്ള അവസരങ്ങളെയും ഉത്തരവാദിത്വങ്ങളെയും പ്രതിനിധാനം ചെയ്യുന്നു. അവയെ ശുഭാപ്തി വിശ്വാസത്തോടെ നേരിടാനുള്ള ദൃഢപ്രതിജ്ഞ പുതുവർഷാരംഭത്തിൽ ചെയ്യേണ്ടതാണ്. പ്രാപിക്കുവാൻ ഒരു ലക്ഷ്യവും പ്രവർത്തിക്കുവാൻ ഒരു പദ്ധതിയും ഉണ്ടാകുന്പോഴാണ് ജീവിതം ധന്യമാകുന്നത്. നമ്മിൽ പലരും പലപ്പോഴും പറയാറുണ്ട്, ‘ഓ, വരുന്നിടത്ത് വെച്ച് കാണാം.’ ഭാവിയെപ്പറ്റി ലക്ഷ്യവും പദ്ധതിയുമില്ലാത്തവരാണിങ്ങനെ ജല്പനം നടത്തുന്നത്.

പന്ത്രണ്ടാം  ക്ലാസ്സിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയുമായി ഈയിടെ നടന്ന കൂടിക്കാഴ്ചയിൽ ‘ഓ, വരുന്നിടത്ത് വെച്ച് കാണാം’ എന്ന ശൈലി അയാൾ പ്രയോഗിക്കുന്നത് കേൾക്കുവാൻ ഇടയായി. 12ന് ശേഷം എന്ത് എന്ന ചോദ്യം രക്ഷിതാക്കൾ ഒന്പതാം ക്ലാസു മുതൽ ചോദിക്കുന്നുണ്ട്. നിശ്ചയിച്ചില്ല എന്ന മറുപടിയാണ് നിരന്തരം നൽകിക്കൊണ്ടിരുന്നത്. 10ൽ എത്തിയപ്പോൾ മാതാപിതാക്കൾ എഞ്ചിനിയറിംഗ് മേഖല 11ൽ തിരഞ്ഞെടുക്കുവാൻ നിർബന്ധിച്ചെങ്കിലും അയാൾക്ക് കോമേഴ്സ് മതിയായിരുന്നു. സയൻസിൽ നല്ല മാർക്ക് വാങ്ങിക്കൂട്ടിയിരുന്ന അയാളോട് കൊമേഴ്സ് എന്തിന് എന്ന് ചോദിച്ചപ്പോഴും വരുന്നിടത്ത് വെച്ച് കാണാം എന്ന മറുപടിയായിരുന്നു. 12ന്റെ അവസാനപാദത്തിൽ അടുത്ത ഡിഗ്രി ഏതാവണമെന്ന ചോദ്യത്തിന് മറുപടി ബി.ബി.എ എന്നായിരുന്നു. അതിനെയും ന്യായീകരിച്ചത് വരുന്നിടത്ത് വെച്ച് കാണാം എന്ന പ്രയോഗത്തിലാണ്. വരുന്നിടത്ത് വെച്ച് കണ്ടിട്ട് പശ്ചാത്തപിച്ച് തിരിഞ്ഞുനോക്കി കുണ്ഠിതപ്പെട്ടിട്ടെന്തു കാര്യം? ലക്ഷ്യബോധമില്ലാതെ, ആത്മവിശ്വാസമില്ലാതെ ഒഴുക്കിനനുസൃതമായി നീന്തുന്ന ഇത്തരം കുമാരീകുമാരന്മാർ ഒട്ടും കുറവല്ല നമ്മുടെ ഇടയിൽ !

34 വയസ്സായ ഒരു ചെറുപ്പക്കാരൻ 23 വയസ്സിലെത്തിയപ്പോൾ മുതൽ വിവാഹം കഴിക്കാൻ ശ്രമിക്കുകയായിരുന്നു. യോജിച്ച ആലോചനകൾ ഒന്നും ഒത്തുവന്നില്ല. അയാളുടെ ജാതി വ്യവസ്ഥ പ്രകാരം ഭാര്യക്ക് ഭർത്താവിനെക്കാൾ വിദ്യാഭ്യാസ യോഗ്യത വേണം. പത്താം ക്ലാസുമാത്രം പാസ്സായ അയാൾ ജീവിതസഖിയായി തെരയുന്നത് ഒരു എം.എക്കാരിയെയാണ്. വിട്ടുവീഴ്ചക്ക് വീട്ടുകാരും തയ്യാറല്ല. ഉയരത്തിൽ ഇയാൾ കുറിയവനാണ്. ഉയരം കുറഞ്ഞവനെ ആർക്കും വേണ്ടാ പോലും! ആകെയുള്ള ഒരു ആകർഷണീയത ഇയാൾ ഗൾഫ്‌കാരനാണ് എന്നതു മാത്രം. അത് പണ്ടായിരുന്നു! ഇന്ന് ഗൾഫുകാരനെ വിവിധ കാരണങ്ങളാൽ ഒരു പെണ്ണിനും വേണ്ട. കഴിഞ്ഞ 11 വർഷമായി  തകർത്തു പിടിച്ച വിവാഹാലോചനകൾ! ഒന്നും അടുക്കുന്നില്ല. ആറു വർഷമായി നിരന്തരം അയാൾ എന്നെയും ബുദ്ധിമുട്ടിക്കുന്നു. ഓരോ ആലോചന വരുന്പോഴും ‘ഇത് ശരിയാകുമോ സാറേ’ എന്ന ചോദ്യവുമായി എന്റെ അടുക്കൽ എത്തും. ഞാൻ ഒരു ഭാവി പ്രവചിക്കുന്ന യോഗിയാണെന്നായിരിക്കും അയാളുടെ ധാരണ. ഓരോ പ്രാവശ്യവും കുറെ പോസിറ്റീവ് എനർജി നൽകി ഞാൻ പറഞ്ഞയക്കും. പോകുന്പോൾ പറയും, ‘ഇനി വരുന്നിടത്ത് വെച്ച് കാണാം’ എന്ന്. ഒന്നും വന്നുമില്ല. ഒന്നും കണ്ടുമില്ല ഇതുവരെ. ഗതികേട് തന്നെ. മൈൽകുറ്റി പോലെ നമ്മുടെ സമൂഹത്തിൽ പായൽ പിടിച്ചു നിൽക്കുന്ന ചില മനുഷ്യക്കോലങ്ങളുടെ പ്രതീകമാണ് ഈ യുവാവ്. പ്രാതികൂല്യങ്ങളെ കീറിമുറിച്ച് പ്രതിജ്ഞകളുടെയും പ്രതീക്ഷകളുടെയും വെള്ളിക്കോലുമായി ജീവിതത്തിന്റെ പെരുവഴിയിലേയ്ക്ക് എടുത്തു ചാടാനുള്ള ധൈര്യമില്ലാത്ത മനുഷ്യക്കോലങ്ങളുടെ ജല്പനം എത്ര കേട്ടിരിക്കുന്നു കഴിഞ്ഞ 44 വർഷമായി. കലപ്പയ്ക്ക് കൈ കൊടുത്തിട്ട് പിറകോട്ട് നോക്കുന്നവൻ ശപിക്കപ്പെട്ടവനെന്ന് വിശുദ്ധഗ്രന്ഥം സാക്ഷിക്കുന്നു. കുതിരപ്പുറത്തിരിക്കുന്നവൻ പിറകോട്ട്നോക്കി കുതിര സവാരി നടത്താറില്ല. പായുന്ന കുതിരയുടെ ഗതി നിയന്ത്രിക്കുന്നത് മുന്നോട്ടുള്ള സൂക്ഷ്മമായ നോട്ടം തന്നെ. ഭാവിയെപ്പറ്റിയുള്ള ആകാംക്ഷയും ആശങ്കയുമൊക്കെ നമുക്ക് മാറ്റിവെയ്ക്കാം ഈ പുതുവത്സര മുഹൂർത്തത്തിൽ.

ഒരു സുകൃതവർഷത്തിന് സുകൃതചിന്തകൾ അനിവാര്യമാണ്. ഈ അവസരത്തിൽ കുറേ സുകൃതചിന്തകൾ നമ്മെ ഭരിക്കട്ടെ.

1. എല്ലാവരും എന്നെ സ്നേഹിക്കണമെന്നില്ല: അങ്ങനെ ചിന്തിക്കുക പോലും ചെയ്യരുത്. ഞാൻ അറിയുന്ന എല്ലാവരേയും ഞാൻ സ്വാഭാവികമായി സ്നേഹിക്കുന്നില്ല. മറ്റുള്ളവർ എന്നെ സ്നേഹിക്കുന്നത് എനിക്ക് ആനന്ദമാണ്. പക്ഷെ മറ്റൊരാൾ എന്നെ സ്നേഹിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ലെങ്കിൽ ഞാൻ ദുഃഖിക്കേണ്ട കാര്യമില്ല.

2. തെറ്റ് സ്വാഭാവികമാണ്: തെറ്റു വരുത്താത്തവർ തുലോം ചുരുങ്ങും. ആരും തന്നെ ഇല്ല എന്നു തന്നെ പറയാം. അതുകൊണ്ട് എനിക്ക് തെറ്റ് പറ്റിയാലും ഞാനതിൽ അസ്വസ്ഥനാകേണ്ടതില്ല. തിരുത്തുവാനുള്ള പരിശ്രമമാണ് അപ്പോൾ വേണ്ടത്.

3. എല്ലാറ്റിനെയും എന്റെ പിടിയിൽ ഒതുക്കാമെന്ന് ചിന്തിക്കരുത്. വ്യക്തികളെയും വസ്തുതകളേയും ആയിരിക്കുന്ന അവസ്ഥയിൽ അംഗീകരിക്കുവാൻ എനിക്ക് കഴിയണം. സാധിക്കുന്നില്ലെങ്കിൽ എന്റെ മനസമാധാനത്തിനു  ക്ഷതമേൽക്കും. ഞാൻ പ്രതീക്ഷിക്കുന്ന വിധത്തിൽ കാര്യങ്ങൾ നീങ്ങുന്നില്ല എന്നത് എന്റെ കുഴപ്പം കൊണ്ടല്ല. എന്റെ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലമാണ്. എന്റെ സാഹചര്യങ്ങളെ ഞാൻ ഇഷ്ടപ്പെടുന്നില്ല. എങ്കിൽ കൂടെ അവയോട് ഒത്തുജീവിക്കാൻ എനിക്ക് കഴിയണം.

4. മറ്റുള്ളവരെ ആദരിക്കുവാനുള്ള വിശാലതയുണ്ടാകണം. ഞാൻ ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ചെയ്യുന്നവ‍ർ മോശക്കാരോ ശത്രുക്കളോ ആകണമെന്നില്ല. എല്ലാവരും എന്റെ ഇഷ്ടപ്രകാരം എല്ലാം ചെയ്തുകൊള്ളണമെന്ന് ശഠിക്കുന്നത് ന്യായീകരിക്കാൻ സാധ്യമല്ല. എത്ര കുറഞ്ഞവരായിരുന്നാലും മറ്റുള്ളവരെ ആദരിക്കുവാനുള്ള ഉൾക്കാഴ്ച ഉണ്ടാകണം.

5. എന്റെ ചെയ്തികൾക്ക് ഉത്തരവാദി ഞാൻ തന്നെ: എന്റെ ദിവസം മോശമായിപ്പോകുന്നുവെങ്കിൽ ഞാനാണ് അത് ആ വിധമാക്കിതീർത്തത്. എന്റെ ദിവസം ശ്രേഷ്ഠവും വിജയപ്രദവുമായി തീർന്നെങ്കിൽ അതിനുത്തരവാദി ഞാനാകുന്നതു പോലും മറിച്ചും ചിന്തിക്കണം. എന്റെ ചിന്തകൾക്കും പ്രവർത്തികൾക്കും വാക്കുകൾക്കുമുള്ള ചുമതല ഈശ്വരൻ എന്നെയാണ് ഏൽപ്പിച്ചിരിക്കുന്നത്.

6. വൈഷമ്യഘട്ടങ്ങളിൽ ധൈര്യം കൈവിടരുത്: സംഗതികൾ വിചാരിക്കാത്ത വഴിയിലേയ്ക്ക് നീങ്ങിയാലും അതിനെ കൈകാര്യം ചെയ്യണം. എല്ലാ കാര്യങ്ങളും വിജയത്തിൽ കലാശിക്കില്ല. മൂല്യമുള്ളതെന്തിനും ശ്രമവും ശ്രദ്ധയും അദ്ധ്വാനവും അനിവാര്യമാണ്.

7. ആരും തനിക്കായിത്തന്നെ ജീവിക്കുന്നില്ല: തനിയ്ക്കായിത്തന്നെ മരിക്കുന്നുമില്ല. ഒരു പരാശ്രയ ജീവിയോ പരാന്നഭോജിയോ ആയി ജീവിതം തള്ളിനീക്കുകയല്ല എന്റെ സൃഷ്ടിയുടെ ഉദ്ദേശം. കഴിഞ്ഞ ജീവിതത്തിൽ എന്തു സംഭവിച്ചു എന്നുള്ളത് എന്റെ ഇന്നത്തെ ജീവിതത്തെ ഭാരപ്പെടുത്തരുത്. ഓരോ നാളും ഓരോ പുതുദിനങ്ങളാണ്. എന്നിൽ തദനുസൃതമായി മാറ്റങ്ങൾ വരുത്തുവാൻ ഞാൻ സന്മനസ്സ് കാട്ടണം. ഒരുകാര്യം ഒരു വിധത്തിൽ മാത്രമേ ചെയ്യാവൂ, അത് ഞാൻ വിചാരിക്കുന്ന വിധത്തിലെ സാധിക്കൂ എന്നുള്ള ധാരണ മൗഢ്യമാണ്.

8. ഈശ്വരനിലുള്ള വിശ്വാസവും അവിടുത്തെ ദിവ്യപരിപാലനത്തിലുള്ള ദൃഢമായ ബോധ്യവും ഉണ്ടാകണം. അസ്വാസ്ഥ്യങ്ങളുടെ മധ്യത്തിലും ഭയാനകാന്തരീക്ഷത്തിലും പ്രശാന്തമായി മുന്നേറുവാൻ നമ്മെ സഹായിക്കുന്നത് ഈശ്വരന്റെ ദിവ്യപരിപാലനത്തെക്കുറിച്ചുള്ള ബോധ്യമാണ്!

9. ജീവിതക്രമത്തിൽ അടുക്കും ചിട്ടയും കൈവരുത്തുക: സമയനിഷ്ഠ, കൃത്യനിഷ്ഠ ഇവ പാലിക്കാൻ തീവ്രശ്രമം നടത്തണം. അതുവഴി അളവിൽ കൂടുതൽ കാര്യങ്ങൾ നിർവഹിക്കുവാൻ കഴിയുമെന്ന് മാത്രമല്ല, മറ്റനേകരുടെ ജീവിതത്തിലും ഗുണം ചെയ്യുവാൻ നമുക്ക് സാധിക്കും. പ്രകൃതി ക്രമവും ചിട്ടയുമുള്ളതാകുന്നതു പോലെ നാമും ക്രമങ്ങൾക്ക് കീഴ്പ്പെട്ടിരിക്കുക.

10. ഒരു ദിവസം ഒരു നന്മയെങ്കിലും ഒരാൾക്ക് ചെയ്യുക: ഒരു ജീവിതവ്രതമായി  ഈ കാര്യം ഏറ്റെടുത്താൽ അതിൽ നിന്ന് ഞാൻ മെനഞ്ഞെടുക്കുന്ന നിർവൃതി അവർണ്ണനീയമായിരിക്കും.

വാഷിംഗ്ടൺ കൂപ്പർ എന്ന ലോകപ്രസിദ്ധനായ എഞ്ചിനിയർ നയാഗ്രാ വെള്ളച്ചാട്ടത്തെ നോക്കിപ്പറഞ്ഞു: “എനിക്ക് ഗിരിനിരകളെ തുരന്ന് തുരങ്കങ്ങൾ നിർമ്മിക്കാം. നദികൾക്ക് കുറുകെ പാലങ്ങൾ പണിയാം. വെള്ളച്ചാട്ടങ്ങളെ തടഞ്ഞു നിർത്തുന്ന അണക്കെട്ടുകൾ ഉണ്ടാക്കാം. പക്ഷെ അധമചിന്തകളുള്ള ഒരു മനുഷ്യമനസിനെ രൂപാന്തരപ്പെടുത്തുവാൻ ഞാൻ അപ്രാപ്തനാണ്. അതിന് അഭൗമികമായ ഉർജ്ജ സ്രോതസ്സ് തന്നെ വേണം.”

ഈ അഭൗമികവും അനിർവചനീയവും അവാച്യവുമായ ഊർജ്ജമാണ് നമ്മിലേയ്ക്ക് സുകൃതചിന്തകളിലൂടെ വ്യാപരിക്കേണ്ടത്. വരുന്ന ഒരു വർഷം മുഴുവൻ അദൃശ്യമായ ആ ഊർജ്ജ വലയത്തിലമർന്ന് സുഖസുഷ്പ്തിയിലമരുവാൻ നമുക്ക് ഭാഗ്യമുണ്ടാകട്ടെ.

എന്റെ വായനക്കാർക്ക് ഒരായിരം പുതുവത്സരാശംസകൾ!

You might also like

Most Viewed