നമ്മു­ടെ­ സംസാ­രം നാം ശ്രദ്ധി­ക്കാ­റു­ണ്ടോ­?


ഡോ. ജോൺ പനയ്ക്കൽ

ശ്വരൻ മനുഷ്യർക്ക് നൽകിയ വരദാനമാണ് സംസാരിക്കാനുള്ള കഴിവ്. വ്യക്തിബന്ധങ്ങൾ ദൃഡമാക്കുന്നതിനും സംഭാഷണം വലിയ പങ്കുവഹിക്കുന്നു. ഒരാളുടെ സംഭാഷണ ശൈലി അയാളുടെ വ്യക്തിത്വത്തെ വെളിപ്പെടുത്തുന്നു. നല്ല വ്യക്തിത്വമുള്ള ഒരാളുടെ ധാർമിക ബോധം, ജീവിത ദർശനം എന്നിവ അയാളുടെ സംഭാഷണത്തിൽ പ്രതിഫലിക്കാതിരിക്കില്ല.

നല്ല സംസാരം കേട്ടിരിക്കാൻ രസവും ആനന്ദ പ്രദവുമാണ്. ഒരാൾ ഒന്ന് പറഞ്ഞു. അത് കേട്ടതിനു ശേഷം മറ്റേയാൾ മറുപടി തക്കതായി പറഞ്ഞു. അതിനെ പിന്തുടർന്ന് വേറൊരാൾ പുതിയ ചോദ്യങ്ങൾ ഉന്നയിക്കുന്നു. അങ്ങനെ സംഭാഷണം ഹൃദ്യവും വിജ്ഞാന പ്രദവുമായ തരത്തിൽ തുടർന്ന് പോകുന്നത് ഹൃദയഹാരിയായ അനുഭവമാണ്. 

ചിലരുടെ സംഭാഷണ ചാതുര്യത്തെ കുറിച്ച് നാം പ്രശംസിക്കാറുണ്ടല്ലോ. എന്തുകൊണ്ടാണ് അത് നമ്മെ ആകർഷിക്കുന്നത്? വാചക കസർത്ത് മാത്രമാണെങ്കിൽ കുറെ കഴിയുന്പോൾ നമുക്ക് വിരക്തിയും വിരസതയും അനുഭവപ്പെടും. നല്ലത് പോലെ ചിന്തിച്ച ശേഷം ഉചിതമായ ഭാഷയിൽ ആത്മാർഥതയോടെ ഉരുവിടുന്ന വാക്കുകൾ എപ്പോഴായിരുന്നാലും എത്ര പ്രാവശ്യമായിരുന്നാലും കേൾക്കുന്ന ആളുകളെ ആകർഷിക്കാതെയിരിക്കില്ല. മൗനവും മൗനത്തിനു ശേഷമുള്ള വാക്കുകളും ബുദ്ധിമാന്റെ ലക്ഷണമാണ്. 

പക്ഷെ ചിലരുടെ സംഭാഷണമാണല്ലോ ചിലരെ വെട്ടിലാക്കുന്നത്. പ്രത്യേകിച്ച് പൊതു രംഗത്ത് വ്യാപ്തരായിട്ടുള്ളവരുടെ കടിഞ്ഞാണില്ലാത്ത വാക്കുകൾ അവർക്ക് തന്നെ കെണിയാവുന്നതായി വർത്തമാനകാലത്തെ പല അനുഭവങ്ങളിലൂടെയും നമുക്ക് വ്യക്തമാണ്. സർവ്വവും ഒപ്പിയെടുക്കാൻ സജ്ജരായ മാദ്ധ്യമപ്പട ഇടയിലുള്ളപ്പോൾ തടി തപ്പി പോവുക അസാദ്ധ്യമാണ്. വിലയിടിവിന് വിധേയരാവും വാക്കുകളിലൂടെ വെറുതെ ചർവ്വിതചർവ്വണം നടത്തുന്നവർ.

സംഭാഷണം ഹൃദയവും ആകർഷകവുമാക്കുന്നതിനു ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കുടുംബ സാഹചര്യങ്ങളിൽ ആയാലും മറ്റു രംഗങ്ങളിലായാലും അവ പരിഗണിക്കപ്പെടാമെങ്കിൽ ഒട്ടേറെ പ്രശ്നങ്ങൾ ഒഴിവാക്കാം. ഇതിൽ പരമ പ്രധാനമായ ഒന്നാണ് മറ്റൊരാൾ സംസാരിക്കുന്പോൾ ശ്രദ്ധയോടെ കേൾക്കുക എന്നത്. പക്ഷെ പലപ്പോഴും നമ്മുടെ അഭിപ്രായങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ നാം വെന്പൽ കൊള്ളുന്പോൾ അവരുടെ അഭിപ്രായം ശ്രദ്ധിക്കാൻ നാം മെനക്കെടില്ല. മറ്റൊരാൾ സംസാരിക്കുന്പോൾ വളരെ ആത്മാർത്ഥമായി അയാളുടെ സംഭാഷണത്തിൽ നിങ്ങൾ ശ്രദ്ധിച്ചിരിക്കുന്നുവെങ്കിൽ നിങ്ങളിൽ അയാൾക്ക് വിശ്വാസമുണ്ടാകും. തന്നെയുമല്ല സംഭാഷണത്തിൽ ശ്രദ്ധിച്ചിരിക്കുന്പോൾ അതിൽ നിന്ന് കഴന്പുള്ള പലതും നമുക്ക് സ്വീകരിക്കാനുമുണ്ടാകും. മുൻവിധിയോടെ ഒരാളുടെ സംഭാഷണം കേട്ടിരിന്നാൽ അതിലെ കഴന്പ് കണ്ടുപിടിക്കാൻ സാധിക്കുകയില്ല. വളർത്തു നായ്ക്കും അതിന്റെ ആംഗ്യ ഭാഷയിലൂടെ എന്തെങ്കിലും കഴന്പുള്ളത് പറയാനുണ്ടാകും. അടുത്ത് അപകടം പതിയിരിക്കുന്നു എന്ന സന്ദേശമായിരിക്കും ഒരു പക്ഷെ അത്. ഒന്നുമില്ലെങ്കിൽ മറ്റേയാളുടെ സ്വഭാവത്തേയും വ്യക്തിത്വത്തെയും പറ്റി പുതുതായി ചില അറിവുകൾ ശേഖരിക്കുന്നതിനെങ്കിലും ശ്രദ്ധയോടെയുള്ള കേൾവി സഹായിക്കും. നാം എന്തെങ്കിലും കാര്യമായി പറഞ്ഞു കൊണ്ടിരിക്കുന്പോൾ കേൾക്കുന്ന ആൾ മറ്റൊരു പ്രവൃത്തിയിൽ വ്യാപ്തനായിരുന്നാൽ നമ്മുക്കുണ്ടാവുന്ന അസ്വസ്ഥത ഊഹിക്കാവുന്നതേയുള്ളൂ. പൊടുന്നവേ നമ്മുടെ സംസാരം നാം നിറുത്തുകയോ സംഭാഷണ രീതി മാറ്റുകയോ ചെയ്യാൻ നാം അപ്പോൾ നിർബ്ബന്ധിതരായി തീരും. ശ്രദ്ധിച്ച് കേട്ടശേഷം പ്രതികരിച്ചാൽ പാഴ് വാക്കുകളൊഴിവാക്കാൻ സാധിക്കും. ഇടക്ക് കയറി പ്രതികരിച്ചാൽ കേൾക്കുന്നയാളിനു നമ്മിലുള്ള വിശ്വാസം അന്യമാകുമെന്ന് മാത്രമല്ല സംഭാഷണ വിഷയത്തിന്റെ ഗതിതന്നെ മാറിപ്പോകും. 

നിങ്ങൾ ഒരു കേൾവിക്കാരനാണെങ്കിൽ നിങ്ങളുടെ ഭാവം കൊണ്ടും പെരുമാറ്റം കൊണ്ടും സംഭാഷണത്തിൽ താൽപര്യം പ്രദർശിപ്പിക്കണം. അതിനു ശരീരഭാഷ വളരെയധികം സഹായിക്കും. മുഖഭാവം, ശിരസ്സിന്റെ ചലനം, കൈകളിലൂടെയുള്ള ആംഗ്യം എന്നീ ശരീര ഭാഷകൂടാതെ ശബ്ദത്തിലൂടെ ചില കേൾവിയുടെ പ്രതിഫലനങ്ങളും നന്നായിരിക്കും. ‘ശരിയാണ്, അതെയോ, ഞാൻ മനസിലാക്കുന്നു, ങ്ഹാ’ എന്നിങ്ങനെയുള്ള പ്രതികരണങ്ങൾ മറ്റേയാളുടെ സംഭാഷണത്തെ ത്വരിതപ്പെടുത്താൻ പ്രേരകമാകും. സംഭാഷണത്തിനിടയിൽ യുക്തവും പ്രസക്തവുമായ ചില ചോദ്യങ്ങൾ ഉന്നയിക്കുന്നതും സംഭാഷണ പുരോഗതിയെ സഹായിക്കും. പക്ഷെ ആ വക ചോദ്യങ്ങൾ സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തിയെ ചൊടിപ്പിക്കുന്നവ ആകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അയാളുടെ മനസ്സ് തുറക്കാൻ ഉതകുന്ന തുറന്ന ചോദ്യങ്ങൾ ആയിരിക്കണം വളരെ ശ്രദ്ധയോടെ ഉപയോഗിക്കേണ്ടത്. പലപ്പോഴും നാം സംസാരിക്കുന്നത് വളരെ ആലോചിച്ചും ചിന്തിച്ചുമായിരിക്കില്ല, പ്രത്യേകിച്ച് സാധാരണ സംഭാഷണങ്ങളിൽ ഏർപ്പെടുന്പോൾ. അത്തരം വഴിതെറ്റിയ സംഭാഷണത്തെ നേർവഴിയിലാക്കാൻ ഇടക്കിടെയുള്ള ചോദ്യങ്ങൾ വളരെ സഹായകമായിരിക്കും. വ്യക്തമാകാത്ത കാര്യങ്ങൾ വ്യക്തമാക്കി കിട്ടുന്നതിനും ഇത്തരം ചോദ്യങ്ങൾ ഉപയോഗിക്കാം. അനുയോജ്യവും സാന്ദർഭികവുമായ ചോദ്യങ്ങളാണ് സംഭാഷണം സജീവമാക്കുന്നത്. 

സംഭാഷണത്തിലെ ‘കാടുകയറുന്ന രീതി’ ഗതിവിട്ടോടുന്ന മാൻ പേടയെ പോലെയാണ്. ‘മൂന്നു കാര്യങ്ങളാണ് എനിക്ക് ഇതിനെ പറ്റി പറയാനുള്ളത്’ എന്ന് പറഞ്ഞിട്ട് ആദ്യത്തെ വസ്തുത പറയുന്പോഴേക്ക് അതിൽ നിന്ന് വ്യതിചലിച്ച്, ശാഖകളും ഉപശാഖകളും ആയി പലമേഖലകളിലേക്കും സംഭാഷകൻ ചിലപ്പോൾ കാടുകയറും. അങ്ങനെ സുപ്രധാനങ്ങളായ രണ്ടും മൂന്നും കാര്യങ്ങളെ പറ്റി ഓർക്കുവാൻ പോലും സാധിക്കാതെ വരും. കേൾക്കുന്നയാൾ ഇത്തരത്തിലുള്ള സംഭാഷണത്തിൽ ഭവ്യതയോടെ ഇടപെട്ട് വ്യതിചലനത്തെ കുറിച്ച് സംഭാഷകനെ ബോധവാനാക്കി നേർവഴിക്ക് കൊണ്ടുവരാൻ ശ്രമിക്കേണ്ടതാണ്. 

സംഭാഷണം സംവാദമായി തീരാതെ സൂക്ഷിക്കേണ്ടതാണ്. സംവാദമായി തീരുന്പോൾ മാത്സര്യ ബുദ്ധിയും സ്വന്തം വീക്ഷണം സ്ഥാപിച്ചു കിട്ടുന്നതിനുള്ള വ്യഗ്രതയുമെല്ലാം തലപൊക്കും. സംഭാഷണം എപ്പോഴും സൗഹൃദത്തിന്റെ അന്തരീക്ഷത്തിലായിരിക്കണം. പരസ്പര ബഹുമാനമുള്ള അന്തരീക്ഷത്തിൽ മാത്രമേ സൗഹൃദ സംഭാഷണങ്ങളുണ്ടാകൂ. സൗഹൃദ സംഭാഷണത്തിൽ രണ്ടുപേരും പങ്കാളികളാണ്. ഒരാൾ വാദിയും മറ്റെയാൾ പ്രതിയുമല്ല. രണ്ട് പേരും മത്സരികളുമല്ല. സംഭാഷണം പരദൂഷണത്തിന്റെ ഭാവത്തിലേക്ക് നീങ്ങുന്പോൾ നിയന്ത്രണം പാലിച്ചേ മതിയാവൂ. ശ്രോതാവിനു ആ വിഷയത്തിൽ താൽപ്പര്യമില്ല എന്ന് സൗമ്യതയോടെ സംഭാഷകനെ ധരിപ്പിച്ച് മറ്റു വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കാവുന്നതാണ്. സംഭാഷണത്തിൽ ഉടനീളം അവിടവിടെയായി ആത്മ സംയമനത്തിനും ആത്മപരിപോഷണത്തിനും മൗനത്തിനും ഇടമുണ്ടെന്ന് തിരിച്ചറിയുക. അങ്ങനെ നമ്മുടെ സാധാരണ ജീവിതത്തിൽ നമ്മുടെ സംസാരശക്തി ഒരു സുന്ദര കലയാക്കി മാറ്റിയാൽ നാം മറ്റുള്ളവരുടെ മനസ്സിൽ സ്ഥാനം പിടിക്കും. കേൾക്കുന്നവർക്ക് പുളകമണിയുവാനും സൗമ്യത മെനയുവാനും തക്കവണ്ണം നമ്മുടെ സംഭാഷണ ശൈലി രുചി പ്രദവും ആസ്വാദ്യകരവുമായിരുന്നെങ്കിൽ, പല തെറ്റിദ്ധാരണകളും വ്യക്തി ബന്ധങ്ങളുടെ ഉരസ്സലുകലും പന്പ കടക്കും.

മങ്ങി കത്തുന്ന വിളക്കിൽ എണ്ണ പകരുന്പോൾ ആളിക്കത്തും. ഇഴഞ്ഞു നീങ്ങുന്ന ഒന്നിൽ ഊർജം എത്തുന്പോൾ അത് ഉദ്വേഗ പൂർണ്ണമാകും. വാടി തളർന്ന സസ്യലതാദികൾ പുതുമഴ ഏൽക്കുന്പോൾ തളിരിട്ട് തഴയ്ക്കും. കൂന്പി നിൽക്കുന്ന മുകുളങ്ങൾ സൂര്യ രശ്മിയുടെ തലോടലിൽ വിടർന്ന് വികസിക്കും. ഇതുപോലെ അർഹമായ പ്രോത്സാഹനവും യഥാസമയത്തുള്ള അഭിനന്ദനങ്ങളും നിറഞ്ഞ വാക്കുകൾ വ്യക്തി ജീവിതത്തെ സന്തുഷ്ടമാക്കുന്നു. അപ്രാപ്തരെന്നും അയോഗ്യരെന്നും മുദ്രയടിക്കപ്പെട്ടവർ തുടർച്ചയായ പ്രോത്സാഹനത്തിന്റെ വാക്കുകളിലൂടെ വളർച്ചയുടെ പടവുകൾ ചവിട്ടി കയറുന്നതും നേട്ടങ്ങളുടെ കൊടുമുടിയിൽ കയറി പറ്റുന്നതും അപൂർവ്വങ്ങളായ അനുഭവങ്ങളല്ല. യഥോചിതമായ സംസാര ശൈലിയിലൂടെ, വാക്കുകളിലൂടെ വ്യക്തിത്വങ്ങൾക്ക് ഊർജം പകരുന്നതിലൂടെ നിഷ്പ്രയാസം നേടിയെടുക്കുന്നതാണിത്.

പഠിത്തത്തിൽ പിന്നോക്കം നിൽക്കുന്ന ഒരു കുട്ടിയെ മാതാപിതാക്കൾ അതിന്റെ കാരണം കണ്ടുപിടിക്കാൻ എന്റെയടുത്ത് കൊണ്ട് വന്നു. മാതാപിതാക്കളുമായുള്ള സംഭാഷണത്തിൽ മുഴച്ച് നിന്നത് കുട്ടിയുടെ അനുസരണകേടും വൃത്തിയില്ലായ്മയും പഠിക്കാനുള്ള വൈമനസ്യവും മറ്റുമായിരുന്നു. കുട്ടിയുമായുള്ള സംഭാഷണത്തിൽ പ്രകടമായത് അവനു അവന്റെ അച്ഛനമ്മമാരോട് ഉള്ള കടുത്ത നീരസമാണ്. തൊട്ടതിനും പിടിച്ചതിനും അവനെ കുറ്റം പറയുന്ന അവരുടെ രീതി. ഒരു നല്ല കാര്യം നേടിയാലും അതിനെ പ്രശംസിക്കാതെ അതിനെ തൃണവൽക്കരിച്ച് കുറ്റം തന്നെ അവനെപ്പറ്റി പറഞ്ഞു കൊണ്ടിരിക്കുന്നു അവർ. എല്ലാ വിഷയങ്ങൾക്കും മുന്പത്തെക്കാൾ കൂടുതൽ മാർക്ക് വാങ്ങിയിരിക്കുന്നു. സ്പോർട്സിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നു. പ്രസംഗത്തിനും സമ്മാനം കിട്ടി. ഇതൊന്നും അവരുടെ ദൃഷ്ടിയിൽ കാര്യമല്ല. ക്ലാസ്സിലെ ഒന്നാംകിട കുട്ടികളുടെ നിരയിൽ അവൻ എന്തുകൊണ്ട് എത്തുന്നില്ല! എന്തിന്റെ കുറവാണവന്? ചോദിക്കുന്നതെല്ലാം ഉടൻ സാധിച്ചു കൊടുക്കുന്നു, ഇതാണ് മാതാപിതാക്കളുടെ ഭാഷ്യം. തങ്ങളുടെ മകന്റെ കഴിവുകളെ അഭിനന്ദിക്കുന്ന ഒരു സംഭാഷണ ശൈലി വീട്ടിലുണ്ടായാൽ മകന്റെ മാതാപിതാക്കളോടുള്ള സമീപനത്തിൽ കാതലായ വ്യതിയാനമുണ്ടാകുമെന്നുള്ള അഭിപ്രായം മുഖവിലക്കെടുത്ത് പ്രാവർത്തികമാക്കിയപ്പോൾ ഉദ്ദേശിച്ച ഫലം കണ്ടു. സംഭാഷണശൈലിയുടെ ശക്തി ബന്ധങ്ങളിൽ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനുദാഹരണമാണ് ഈ അനുഭവ കഥ. ഒരു അധ്യാപിക ഒരു കുട്ടിയെ വിളിച്ച് അവളോട്, ‘നിനക്കുള്ളതിൽ കൂടുതൽ മാർക്ക് വാങ്ങിക്കാനുള്ള കഴിവ് നിനക്കുണ്ട്. ആ കഴിവ് ഒന്ന് പ്രയോഗിച്ചു നോക്കണം’. ഈ വാക്കുകളിൽ അവൾക്ക് വലിയ പ്രോത്സാഹനം നൽകും. അത് അവൾ ആവർത്തിച്ചു ഓർക്കും. പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുന്നതിനുള്ള പ്രേരണയും ഉണ്ടാകും. ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവാനും ബലഹീനരെ താങ്ങുവാനും പരസ്പരം നന്മ ചെയ്യുവാനും നമ്മുടെ സംസാരം ഉപയോഗപ്രദമായിരുന്നെങ്കിൽ!

You might also like

Most Viewed