സകാ­ത്ത് അഥവാ­ നി­ർ­ബന്ധ ദാ­നം


ബഷീർ വാണിയക്കാട്

ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നാണ് സകാത്ത്. വിശുദ്ധ ഖുർആനിലെ ഇരുപത്തെട്ട് സൂക്തങ്ങളിൽ നമസ്കാരത്തോടൊപ്പം തുല്യ പ്രാധാന്യത്തോടെ സകാത്തിനെയും പരാമർശിച്ചതായി കാണാം. അങ്ങിനെ ഖുർആൻ കൊണ്ടും റസൂലിന്റെ ചര്യ കൊണ്ടും മുസ്ലിം പണ്ഡിതൻമാരുടെ ഏകകണ്ഠമായ അഭിപ്രായം മുഖേനയും സ്ഥാപിതമായ നിർബന്ധ ബാദ്ധ്യതയാണ് സകാത്ത്.

അല്ലാഹു ഖുർആനിൽ പറയുന്നത് കാണുക.

“അവരുടെ ധനത്തിൽ നിന്ന് അവരെ ശുദ്ധീകരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്ന സദഖ (ദാനം) താങ്കൾ സ്വീകരിച്ച് കൊള്ളുക.”

നബി(സ) പറഞ്ഞതായി അലി (റ) നിവേദനം ചെയ്യുന്നു.

“മുസ്ലിം ദരിദ്രൻമാരുടെ ആവശ്യത്തിന് മതിയാകുന്ന തുക മുസ്ലിം ധനികരുടെ ധനത്തിൽ അല്ലാഹു നിർബന്ധമാക്കിയിരിക്കുന്നു. ദരിദ്രർ വിശന്നോ നഗ്നരായോ കഷ്ടപ്പെടുന്നുണ്ടെങ്കിൽ അത്‌ ധനികരുടെ ദുഷ്പ്രവൃത്തി കൊണ്ട് മാത്രമാണ്. അറിഞ്ഞു കൊള്ളുക, അല്ലാഹു അവരെ കഠിനമായി ചോദ്യം ചെയ്യും.
അവർക്ക് വേദനാജനകമായ ശിക്ഷ നൽകുകയും ചെയ്യും” (തബ്റാനി).

അനസ് (റ) പറയുന്നു: തമീം ഗോത്രക്കാരനായ ഒരാൾ നബി(സ) യുടെ അടുത്ത് വന്ന് ഇങ്ങിനെ പറഞ്ഞു: “അല്ലാഹു വിന്റെ ദൂതരെ, ധാരാളം സന്പത്തുള്ള ഒരാളാണ് ഞാൻ. കുടുംബവും ധനവും ധാരാളം വിരുന്നുകാരും എനിക്കുണ്ട്. അതിനാൽ എങ്ങിനെയാണ് ഞാൻ പ്രവർത്തിക്കേണ്ടത്, എങ്ങിനെയാണ്‌ ഞാൻ ചിലവ് ചെയ്യേണ്ടത് എന്ന് അറിയിച്ചാലും.” അപ്പോൾ റസൂൽ(സ) പറഞ്ഞു. “താങ്കളുടെ ധനത്തിൽ നിന്ന് സക്കാത്ത് കൊടുക്കുക. അത് താങ്കളെ ശുദ്ധീകരിക്കുന്ന ഒരു ശുദ്ധീകരണോപാധിയാണ്. അതോടൊപ്പം ബന്ധു ജനങ്ങൾക്ക്‌ ഉപകാരം ചെയ്യുക. സാധുവിന്റെയും അയൽവാസിയുടെയും ചോദിച്ച് വരുന്നവന്റയും അവകാശം മനസ്സിലാക്കി പ്രവർത്തിക്കുകയും ചെയ്യുക.” (അഹ് മദ്) ഒരാൾ നബി(സ)യോട് ചോദിച്ചു. അല്ലാഹുവിന്റെ റസൂലെ, ഒരാൾ തന്റെ സന്പത്തിന് സക്കാത്ത് കൊടുത്ത് കഴിഞ്ഞാൽ പിന്നെ അയാളെ പറ്റി എന്താണ് അഭിപ്രായം? “ഒരാൾ തന്റെ ധനത്തിന് സക്കാത്ത് കൊടുത്ത് കഴിഞ്ഞാൽ ആ ധനത്തിന്റെ നാശം അവനിൽ നിന്ന് പോയിക്കഴിഞ്ഞു. “എന്നായിരുന്നു തിരുമേനിയുടെ മറുപടി”.

“അല്ലാഹു തന്റെ ഔദാര്യമായി നൽകിയ സന്പത്തിൽ പിശുക്ക് കാണിക്കുന്നവർ, അത് തങ്ങൾക്ക് ഗുണമാണെന്ന് വിചാരിക്കേണ്ടതില്ല  (3 : 180)”

ഇനി സക്കാത്ത് നൽകാതിരിക്കുന്നവരെ കുറിച്ച് അല്ലാഹു താക്കീത് നൽകുന്നത് നോക്കുക. “സ്വർണവും വെള്ളിയും (സന്പത്ത്) നിക്ഷേപിച്ച് വെക്കുകയും അവ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ചിലവഴിക്കാതിരിക്കുകയും ചെയ്യുന്നവർക്ക് വേദനാജനകമായ ശിക്ഷയുണ്ടെന്ന സുവാർത്ത അറിയിക്കുക. അവ നരകാഗ്നിയിൽ വെച്ച് പഴുപ്പിച്ച് അതുകൊണ്ട് അവരുടെ നെറ്റിയും പാർശ്വങ്ങളും പുറം ഭാഗവും ചൂടുവെക്കപ്പെടുന്ന ദിവസം (അവരോട് പറയപ്പെടും) ഇതാ നിങ്ങൾക്ക് വേണ്ടി നിങ്ങൾ നിക്ഷേപിച്ച് വെച്ചതാണിത്. നിങ്ങൾ നിക്ഷേപിച്ചിരുന്നതിന്റെ രുചി ആസ്വദിച്ചു കൊള്ളുക.”

സന്പത്ത് അല്ലാഹുവിന്റെ ഔദാര്യമാണ്. എന്നാൽ ധനവാന്റെ സന്പത്തിന്റെ ഒരു വിഹിതം പാവപ്പെട്ടവന്റെ അവകാശമാണ്. ഇതാണ് ഇസ്ലാമിന്റ കാഴ്ചപ്പാട്. തന്റെയും കുടുംബത്തിന്റെയും ചിലവ് കഴിച്ച് മിച്ചം വരുന്ന നിർണ്ണിതമായ ഒരു സംഖ്യ തികഞ്ഞാൽ അതിന്റെ രണ്ടര ശതമാനം അഗതികൾക്ക് കൊടുക്കൽ ഒരു മുസ്ലീംമിന്റെ നിർബന്ധ ബാധ്യതയാണ്. ഇത്തരത്തിൽ സാന്പത്തിക ചുറ്റുപാടുള്ളവർ തങ്ങളുടെ വിഹിതം ചിലവഴിക്കാൻ തയ്യാറായാൽ സമുഹത്തിൽ ദാരിദ്യത്തിനും, പട്ടിണിക്കും, കഷ്ടപ്പാടിനും അറുതിയാകുമെന്ന കാര്യത്തിൽ സംശയമില്ല.

You might also like

Most Viewed