രാ­മകഥാ­മൃ­തം (6)


എ. ശിവപ്രസാദ്

ശ്രീരാമൻ ലക്ഷ്മണ സീതാസമേതം വനയാത്രയ്ക്ക് തയ്യാറായി. പിതാവായ ദശരഥനോട് യാത്ര പറയാനായി ദശരഥന്റെ അടുത്തെത്തി. ശ്രീരാമനെ കണ്ട മാത്രയിൽ തന്നെ ദശരഥൻ ദുഃഖപരവശനായി. പിതാവിനെയും മറ്റ് ബന്ധുമിത്രാദികളെയും ആശ്വസിപ്പിച്ചു കൊണ്ട് ശ്രീരാമൻ യാത്രയാരംഭിച്ചു. സുമന്ത്രർ നയിച്ച തേരിൽ തമസാ നദി ലക്ഷ്യമാക്കി അവർ യാത്രയാരംഭിച്ചു. കണ്ണീർ വാർത്തുകൊണ്ട് അയോദ്ധ്യാ നിവാസികളും അവരെ അനുഗമിച്ചു. രാത്രിയായതോടെ അവർ ഗംഗാതീരമണഞ്ഞു. എല്ലാവരും അവിടെ വിശ്രമിച്ചു. ഗംഗാ നദീതീരത്ത് ശൃംഗിവേരപുരം എന്നൊരു നഗരമുണ്ടായിരുന്നു. വേട പ്രമാണിയായ ഗുഹനാണ് ഈ നഗരം ഭരിച്ചിരുന്നത്. ശ്രീരാമനും സംഘവും എത്തിയതറിഞ്ഞ് ഗുഹൻ അവരുടെ അടുത്തെത്തി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. നദീതീരത്ത് വിശ്രമിച്ച ശ്രീരാമാദികൾക്ക് ഗുഹൻ കാവൽ നിന്നു.

പിറ്റേന്ന് പുലർച്ചെ സൂര്യനുദിക്കുന്നതിന് മുന്പുതന്നെ സ്നാനാദി കർമ്മങ്ങൾ കഴിച്ച് മൂവരും യാത്രയാരംഭിച്ചു. ഗുഹൻ തന്റെ തോണിയിൽ ശ്രീരാമലക്ഷ്മണാദികളെ നദിയുടെ മറുകര കടത്തി. കണ്ണീർ വാർത്തുകൊണ്ട് ഗുഹനും തിരിച്ചു പോയി. അവിടെ നിന്നും യാത്ര തിരിച്ച രാമലക്ഷ്മണന്മാർ എത്തിച്ചേർന്നത് ഭരദ്വാജമഹ‍ർഷിയുടെ ആശ്രമത്തിലാണ്. ഭരദ്വാജമഹർഷിയെ കണ്ട അവർ നടന്ന വൃത്താന്തങ്ങളെല്ലാം അദ്ദേഹത്തെ ധരിപ്പിച്ചു. രാമലക്ഷ്മണ സീതാദികളെ അനുഗ്രഹിച്ച ഭരദ്വാജമഹർഷി അവിെട അടുത്തായി അതിമനോഹരവും മുനിമാ‍ർ ധാരാളമായി താമസിക്കുന്നതുമായ ചിത്രകൂടം എന്നൊരു പ്രദേശമുണ്ടെന്ന് പറഞ്ഞു. നിരവധി മഹർഷിമാ‍ർ തപസ്സു ചെയ്ത് മോക്ഷപ്രാപ്തി കൈവരിച്ച പ്രദേശമാണ് ചിത്രകൂട പർവ്വതം എന്ന് ഭരദ്വാജൻ പറഞ്ഞപ്പോൾ ശ്രീരാമൻ അവിടേയ്ക്ക് യാത്രയാവാൻ തീരുമാനിച്ചു. 

ഭരദ്വാജമഹർഷിയുടെ അനുഗ്രഹത്തോടെ ചിത്രകൂട പർവ്വതത്തിലെത്തിയ രാമലക്ഷ്മണ സീതാദികൾ ചിത്രകൂടത്തിലെത്തി. ഭരദ്വാജമഹർഷി വർണ്ണിച്ചതുപോലെ തന്നെ അതിമനോഹരമായിരുന്നു ചിത്രകൂടം. അരുവികളും നിറഞ്ഞ അവിടെ ഒരു പർണ്ണശാല നിർമ്മിച്ച് അവ‍ർ അവിടെ താമസവും ആരംഭിച്ചു. ചിത്രകൂടത്തിൽ വെച്ച് അവർ വാത്മീകി മഹർഷിയെ കണ്ടു. അങ്ങിനെ അവർ ചിത്രകൂടത്തിൽ താമസമാരംഭിച്ചു.

രാമലക്ഷ്മണാദികളെ വനത്തിൽ യാത്രയാക്കിയ സുമന്ത്രർ അയോദ്ധ്യയിൽ തിരിച്ചെത്തി. രാമന്റെ വനവാസ വൃത്താന്തങ്ങൾ സുമന്ത്രരിൽ നിന്നും അറിഞ്ഞ ദശരഥ മഹാരാജാവ് ദുഃഖത്താൽ അലമുറയിട്ടു കരഞ്ഞു. പത്നിയായ കൈകേയിയുടെ അടുത്തെത്തിയ ദശരഥൻ ശാപവചനങ്ങളാൽ അവരെ മൂടി. പിന്നീട് കൗസല്യയുടെ അടുത്തുപോയി രാമനെ കാട്ടിലയ്ക്കേണ്ടി വന്നതിന് മാപ്പപേക്ഷിച്ചു. തീർത്തും ഭ്രാന്തമായ ഒരു അവസ്ഥയായിരുന്നു ദശരഥന്റേത്. പുത്രദുഃഖത്താൽ പീഢിതനായ ദശരഥ മഹാരാജാവ് തനിക്ക് വർഷങ്ങൾക്ക് മുന്പ് ലഭിച്ച വൃദ്ധ ദന്പതികളുടെ ശാപത്തെക്കുറിച്ച് ഓ‍ർത്തു.

ഒരിക്കൽ മൃഗയാ വിനോദത്തിലേർപ്പെട്ട് രാത്രിയിൽ സഞ്ചരിക്കുന്പോൾ സമീപത്തെ വയലിൽ നിന്നും ഒരു ശബ്ദം കേട്ടു. ആന വയലിലെ വെള്ളം കുടിക്കുകയായിരിക്കുമെന്ന് കരുതി ദശരഥൻ അവിടേയ്ക്ക് ഒരു അന്പ് എയ്തു. ദശരഥന് ‘ശബ്ദേഭേദി ബാൺ’ എന്ന കഴിവുണ്ടായിരുന്നു. (അതായത് വസ്തുവിനെ കാണാതെ തന്നെ ശബ്ദത്താൽ ലക്ഷ്യം ഭേദിക്കാനുള്ള കഴിവ്) ദശരഥന്റെ അസ്ത്രമേറ്റ് വീണതാകട്ടെ ഒരു മുനികുമാരനായിരുന്നു. ഓടിച്ചെന്ന ദശരഥൻ മുനികുമാരന്റെ അടുത്തെത്തി. വൃദ്ധരായ തന്റെ അച്ഛനമ്മമാർക്ക് ദാഹജലം നൽകാനായി വന്നതായിരുന്നു ഈ മുനികുമാരൻ. തന്റെ മാതാപിതാക്കൾക്ക് ദാഹജലമെത്തിക്കണമെന്ന് ആവശ്യപ്പെട്ട ആ യുവാവ് അന്ത്യശ്വാസം വലിച്ചു. വൃദ്ധമാതാപിതാക്കളുടെ അടുത്ത് ദാഹജലവുമായി എത്തിയ ദശരഥൻ സംഭവമെല്ലാം വിവരിച്ചു. ദുഃഖിതരായ മാതാപിതാക്കൾ ‘പുത്രദുഃഖത്താൽ നീയും മരിക്കും’ എന്ന് ദശരഥനെ ശപിച്ചുകൊണ്ട് ഇഹലോകവാസം വെടിഞ്ഞു.

You might also like

Most Viewed