രാ­മകഥാ­മൃ­തം (13)


എ. ശിവപ്രസാദ്

 

രാമലക്ഷ്മണന്മാർ സീതാന്വേഷണവുമായിട്ടുള്ള യാത്ര തുടർന്നു. ഏറെ ദൂരം കഴിഞ്ഞപ്പോൾ അവർ ‘മാതംഗസരസ്’ എന്ന് പേരുള്ള ഒരു തടാകത്തിന്റെ അടുത്തെത്തി. അവിടെ നിന്ന് സ്നാനകർമ്മങ്ങൾ അനുഷ്ഠിച്ച അവർ സഞ്ചരിച്ച് അതിമനോഹരമായ പന്പാസരസിലെത്തി. അതൊരു മനോഹരമായ കാഴ്ചയായിരുന്നു. നിറയെ പൂത്തു നിൽക്കുന്ന മരങ്ങൾ കാറ്റിന് പൂക്കളുടെ സുഗന്ധം. തടാകങ്ങളിൽ താമരപ്പൂക്കൾ ധാരാളമുണ്ടായിരുന്നു. ഇവിടെ നിന്നും രാമലക്ഷ്മണന്മാർക്ക് എത്തിച്ചേരേണ്ടത് സുഗ്രീവൻ താമസിക്കുന്ന ഋഷ്യമൂകാചലത്തിലായിരുന്നു.

ജ്യേഷ്ഠനായ ബാലിയെ ഭയന്ന് വാനരരാജാവായ സുഗ്രീവൻ താമിക്കുന്ന സ്ഥലമായിരുന്നു ഋഷ്യമൂകാചലം. രാമലക്ഷ്മണന്മാർ നടന്നുവരുന്നത് സുഗ്രീവന്റെ മന്ത്രിയും വായുതനയനുമായ ഹനുമാൻ കണ്ടു. സുഗ്രീവൻ പറഞ്ഞതനുസരിച്ച് രാമലക്ഷ്മണന്മാരെ കൂട്ടിക്കൊണ്ടുവരുവാനായി ഹനുമാൻ വേഷപ്രച്ഛന്നനായി അവരുടെ അടുത്തെത്തി. ഹനുമാൻ പറഞ്ഞു. “നിങ്ങൾ രാജർഷിമാരാണെന്ന് തോന്നുന്നു. നിങ്ങൾ ദിവ്യന്മാരെപ്പോലെയുമിരിക്കുന്നു. എന്നാൽ തപോനിഷ്ഠരായിരിക്കുന്ന നിങ്ങളുടെ കൈവശം ആയുധവുമിരിക്കുന്നു. സന്യാസിമാരുടെ കൈവശം സാധാരണയായി ആയുധങ്ങൾ കാണാറില്ല താനും. പറയൂ, നിങ്ങളിരുവരും ആരാണ്?”

രാമലക്ഷ്മണന്മാർ മുന്പ് നടന്ന സംഭവങ്ങളെല്ലാം ഹനുമാനെ അറിയിച്ചു. മാത്രമല്ല വാനരരാജാവായ സുഗ്രീവൻ നിങ്ങളെ സഹായിക്കുവാൻ കഴിയും എന്നും അറിയിച്ചു. അതനുസരിച്ച് രാമലക്ഷ്മണന്മാർ ഹനുമാനോടൊത്ത് സുഗ്രീവന്റെ അടുത്തെത്തി. രാമലക്ഷ്മണന്മാരുടെ അവസ്ഥ അറിഞ്ഞ സുഗ്രീവൻ അവരെ സഹായിക്കാമെന്ന് ഏറ്റു. ബാലസുഗ്രീവ കലഹത്തെക്കുറിച്ച് ബാലിയും ശ്രീരാമനെ ധരിപ്പിച്ചു. സുഗ്രീവനെ സഹായിക്കാമെന്ന് ശ്രീരാമനും സമ്മതിച്ചു. അതോടെ സുഗ്രീവനും ശ്രീരാമനും തമ്മിൽ അതീവ ദ‍ൃഢമായ ഒരു മൈത്രീബന്ധം സ്ഥാപിക്കപ്പെട്ടു.

ഇതിനിടയിൽ ഋഷ്യമൂകാചല താഴ്്വരയിൽ വിശ്രമിക്കുകയായിരുന്ന വാനർക്ക് ആകാശത്ത് നിന്നും ആരോ നിക്ഷേപിച്ചു കിട്ടിയ ഒരു ഭാണ്ധത്തെപ്പറ്റി സുഗ്രീവൻ ശ്രീരാമനോട് പറഞ്ഞു. അതിൽ ഒരു സ്ത്രീയുടെ ആഭരണങ്ങളാണെന്ന് സുഗ്രീവൻ പറഞ്ഞതനുസരിച്ച് ശ്രീരാമൻ അതുകാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. അപ്പോൾ വാനരവീരന്മാർ ആ പൊതി കൊണ്ടുവന്നു. അതുകണ്ട ശ്രീരാമദേവൻ കണ്ണൂനീരണിഞ്ഞു. സീതാദേവി കാതിലും കഴുത്തിലും അണിഞ്ഞ ആഭരണങ്ങളായിരുന്നു അത്. ശ്രീരാമന്റെ ദുഃഖം കണ്ട സുഗ്രീവൻ പറഞ്ഞു. “അല്ലയോ ശ്രീരാമാ, ഈ ആഭരണങ്ങൾ സീതയുടേതാണെങ്കിൽ സീത അപഹരിക്കപ്പെട്ടിരിക്കുകയാണ്. ഒരു രാക്ഷസൻ ദക്ഷിണ ദിക്ക് ലക്ഷ്യമാക്കിയാണ് സീതയേയും കൊണ്ടുപോയത്. അത് ആരാണെന്നോ എവിടേയ്ക്കാണ് സീതയെ കൊണ്ടുപോയതെന്നോ എനിയ്ക്കറിയില്ല. പക്ഷേ ഒകു കാര്യം ഞാൻ ഉറപ്പു തരാം. എവിടെയായിരുന്നാലും സീതേദേവിയെ കണ്ടുപിടിച്ച് താങ്കളുെട കൈയിൽ ഞാൻ ഏൽപ്പിക്കുന്നായിരിക്കും.”

സുഗ്രീവന്റെ വാക്കുകൾ ശ്രീരാമന് അല്പം ആശ്വാസം നൽകി. കുറച്ചു സമയം കഴിഞ്ഞപ്പോൾ സുഗ്രീവൻ താൻ ഋഷ്യമൂകാചലത്തിൽ എത്താനുണ്ടായ സാഹചര്യം ശ്രീരാമനോട് വിവരിച്ചു. ഋഷ്യമൂകാചലത്തിന് പുറത്തു വന്നാൽ ജ്യേഷ്ഠനായ ബാലി തന്നെ വധിക്കുമെന്നും സുഗ്രീവൻ ശ്രീരാമനോട് പറഞ്ഞു. എന്നാൽ ബാലിയെ പരാജയപ്പെടുത്താൻ താൻ സഹായിക്കാമെന്ന് ശ്രീരാമനും പറഞ്ഞു. പിറ്റേദിവസം സുഗ്രീവൻ ബാലിയെ പോരിനായി വെല്ലുവിളിച്ചു. ക്രൂദ്ധനായ ബാലി സുഗ്രീവനോട് ഏറ്റുമുട്ടാനായി എത്തി. ഇരുവരും തമ്മിൽ ഘോരമായ യുദ്ധമാരംഭിച്ചു. എന്നാൽ ആകാര സാദൃശ്യമുള്ള ബാലി സുഗ്രീവന്മാരെ ദൂരെ മാറിനിന്ന ശ്രീരാമന് തിരിച്ചറിയാൻ കഴിഞ്ഞില്ല. ഒടുവിൽ ശ്രീരാമസഹായം ലഭിക്കാതെ നിസ്സഹായനായ സുഗ്രീവൻ യുദ്ധക്ഷേത്രത്തിൽ നിന്ന് പിൻതിരിഞ്ഞോടി. പിറ്റേന്ന് ശ്രീരാമചന്ദ്രൻ നൽകിയ ഒരു വനമാലയുമണിഞ്ഞ് സുഗ്രീവൻ ബാലിയുമായുള്ള യുദ്ധത്തിന് പോയി.

 

You might also like

Most Viewed