കൃ­മി­കടി­ക്കു­ന്ന സോ­ഷ്യൽ­മീ­ഡി­യ...


ധനേഷ് പത്മ

 

“ചൂണ്ണാന്പ് വെറ്റിലയിൽ തേച്ച് അടക്കത്തുണ്ടുകൾ അതിലടക്കിവെച്ച് ചെറുതായി ഒന്ന് ചുരുട്ടി ചാക്കോച്ചൻ ഒന്ന് മുറുക്കി. മുറുക്കിയ ചാക്കോച്ചൻ തൊണ്ടയൊന്ന് കാറി ചുവപ്പോടെ നീട്ടിതുപ്പികൊണ്ട് ചോദിച്ചു നീയെന്താടാ മോനെ ഈ തേച്ചുകൊണ്ടിരിക്കുന്നത്. തേച്ചുകൊണ്ടിരിക്കുന്നത് ചാക്കോച്ചന്റെ കൊച്ചുമോനാണ്. എന്തുവേണമെങ്കിലും തെളിഞ്ഞുകാണുന്ന, മുന്പത്തേക്കാളും  സ്മാർട്ടായെന്ന് പറയുന്ന ഇന്നത്തെ ഫോണിന്റെ 5x7 ഇഞ്ചിലെ വെട്ടിതിളങ്ങുന്ന ചില്ലിലാണ് കൊച്ചുമോൻ തേച്ചുകൊണ്ടിരിക്കുന്നത്. ഇത് സ്മാർട്ഫോണാ മുത്തച്ഛാ, മുഖം ആ ചെറുവെളിച്ചത്തിൽനിന്ന് ഒന്ന് ഉയർത്താൻ പോലും മിനക്കെടാതെ അവൻ പറഞ്ഞു. അവന്റെ തള്ളവിരൽ അവന്റെ പ്രായം കടന്നുപോകുന്നതിലും വേഗത്തിൽ നീങ്ങുന്പോൾ അമേരിക്കയും സ്വിറ്റസർലന്റും ജർമ്മനിയുമെല്ലാം ഇവിടിരുന്ന് അവന് കാണാം. ആ കാഴ്ചയുടെ ഭംഗിയിൽ അഭിരമിച്ച് നടക്കുന്ന പുതുതലമുറ പലതും മറക്കുന്നു, ഇല്ലെങ്കിൽ അവരെ പലതും ആരും ഓർമ്മിപ്പിക്കുന്നില്ല.

വിശ്വസമില്ലാത്ത കാര്യം പോലും വിശ്വസിക്കേണ്ട ഗതികേടിൽ ജീവിക്കുന്ന കേരളത്തിൽ തങ്ങളുടെ ചുറ്റും പ്രചരിക്കുന്ന വാസ്തവമല്ലാത്ത കാര്യങ്ങൾ ദഹനക്കേടുണ്ടാകുമെന്ന് അറിഞ്ഞിട്ടും ഭുജിക്കേണ്ട അവസ്ഥയാണുള്ളത്. ഏറ്റവും പുതിയ സംഭവത്തെ കുറിച്ച് തന്നെ ഇവിടെ പറയാം.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ (സമൂഹം വ്യക്തമായ ബോധാവസ്ഥയിലല്ല സഞ്ചരിക്കുന്നത് എന്ന കാര്യത്തിൽ പൂർണ്ണ ബോധ്യമുണ്ടെങ്കിലും ആരോ ഇട്ടൊരു ഇരട്ടപേര് “സോഷ്യൽ മീഡിയ” അത് ഉപയോഗിച്ച് പോരുന്നു എന്ന് മാത്രം) പ്രചരിച്ച  വാർത്തയും അതിനോടനുബന്ധിച്ച ഒരു ചിത്രവും ശ്രദ്ധയിൽപ്പെട്ടിരുന്നു. ചലചിത്ര നടൻ ഹരിശ്രീ അശോകന്റെ മകൾ വിവാഹിതയായി എന്നതാണ് വാർത്ത. വാട്സപ്പ് എന്ന നവ ‘ആപ്പിൽ’ കൂടെ കേരളം മൊത്തം ഹരിശ്രീയുടെ മകൾ വിവാഹിതയായി എന്ന വാർത്ത പ്രചരിച്ചു. നമ്മളെയൊക്കെ ഏറെ ചിരിപ്പിച്ചിട്ടുള്ള ഒരു താരത്തിന്റെ മകൾ വിവാഹിതയായ വിവരം അറിയാത്തവരെ അത് അറിയിക്കാം, അതിൽ തെറ്റില്ല. പക്ഷെ ആ ചിത്രം പ്രചരിച്ചതിന്റേയും പ്രചരിപ്പിച്ചതിന്റേയും ഉദ്ദേശശുദ്ധി നല്ലതായിരുന്നില്ല. കറുത്ത് മെലിഞ്ഞ ഒരു പെൺകുട്ടിയും തൊലിവെളുത്ത ഒരു ചെറുക്കനും നിൽക്കുന്ന ചിത്രമാണ് ഇത്തരത്തിൽ പ്രചരിച്ചത്.

സൗന്ദര്യബോധത്തിൽ ഒട്ടും പിന്നിലല്ല മലയാളികൾ. തൊലിവെളുത്തവന് കറുത്ത തൊലിയോട് അറപ്പാണ്. കറുത്ത നിറമുള്ളവന്റെ മുഖത്ത് നോക്കി അവനെ/അവളെ സന്തോഷിപ്പിക്കാൻ (പരിഹാസത്തോടെയെങ്കിലും) കറുപ്പിന് ഏഴഴകാണ് എന്ന് പറയുന്നത് ഒരു ട്രെന്റാണ്. അത് കേട്ട് നിറം കറുത്തവൻ/വൾ പുറമേ ചിരിക്കുമെങ്കിലും അവന്റെ ഉള്ളിൽ ഒരു നീറ്റലുണ്ടാകും. “മാനുഫാക്ചറിംഗ് ഡിഫ്കറ്റാല്ലേ” എന്നുകൂടെ ചോദിച്ച് കൂട്ടചിരിയുണ്ടാകുന്പോൾ നിറം കറുത്തവൻ/വൾ ഉള്ളിൽ കരഞ്ഞിട്ടുണ്ടാകും.

സൗഹൃദങ്ങളിൽ ഇത്തരം നിറവ്യത്യാസത്തിന്റെ അകലം അനുഭവപ്പെടാറില്ലെങ്കിലും ദാന്പത്യത്തിൽ ഇന്നും വെളുത്തവന് വെളുത്ത പെണ്ണും, കറുത്തവന് കറുത്തപെണ്ണും തന്നെയാണ് നിശ്ചയിക്കപ്പെടുന്നത്.  കാലം കറുത്തു തുടങ്ങുന്പോഴും വെളുത്തനിറമുള്ള ചിന്തയിൽ വെട്ടിതിളങ്ങുന്ന മനുഷ്യൻ കരിഞ്ഞ് പോകുമെന്ന് ചിന്തിക്കാതെയാണ് നടന്നുനീങ്ങുന്നത് എന്ന് അറിയുന്പോൾ എന്ത് പറയാനാണ്!.

ഹരിശ്രീ അശോകന്റെ മകൾ കറുത്തിട്ടോ വെളുത്തിട്ടോ ആയിക്കൊള്ളട്ടെ, അവൾ തൊലിവെളുത്തവനെ വിവാഹം കഴിക്കുകയോ, കഴിക്കാതിരിക്കുകയോ ആകട്ടെ, അതൊന്നും ആരെയും ബാധിക്കുന്ന വിഷയമേ അല്ല. പക്ഷെ നമ്മൾ ഒരു ഉത്സവമെന്നപോലെ അത് ആഘോഷിച്ചുമദിക്കും. ഒരു ഗ്രൂപ്പിൽ നിന്ന് അത്തരത്തിലുള്ള ഫോട്ടോ മറ്റൊരു ഗ്രൂപ്പിലേയ്ക്ക് കോരിയിട്ട് നിർവൃതിയടയും. ഒരു പക്ഷെ ഹരിശ്രീ അശോകൻ അത്ര ഗ്ലാമറില്ലാത്ത താരമായതിനാലാകാം അദ്ദേഹത്തിന്റെ മകളുടെ കല്യാണ ഫോട്ടോയെന്ന പേരിൽ പുറത്തിറങ്ങിയ വ്യാജന് ജന്മം നൽകിയവന്റെ തലയിൽ ഇത്തരമൊരു ആശയം ഉദിക്കാൻ കാരണമായത്.

സംഭവങ്ങളുടെ നിജസ്ഥിതി അറിയാൻ സമയമില്ലാത്ത നമ്മൾ പെട്ടെന്ന് തന്നെ ഇതെല്ലാം കണ്ണടച്ച് വിശ്വസിക്കും. ഇങ്ങിനെ വിശ്വസിക്കുന്നത് കൊണ്ടാണ് നമ്മൾ ഈ ഫോട്ടോ മറ്റൊരു ഗ്രൂപ്പിലേക്കോ അല്ലെങ്കിൽ വ്യക്തികൾക്കോ അയച്ചുകൊടുക്കുന്നത്. കണ്ട് ചിരിക്കാൻ രസമുള്ള, അല്ലെങ്കിൽ അന്പരപ്പുള്ള സംഭവങ്ങൾക്കാണല്ലോ, ഇന്ന് ഡിമാന്റ്. (മുന്പ് ഇക്കിളി സംഭവമായിരുന്നു ഇതിന് മുന്നിൽ, പക്ഷെ ഇപ്പോൾ ഒൗട്ട് ഓഫ് ഫാഷൻ ആയിട്ടുണ്ട് !).

ഈ മാസം 26ന് ആയിരുന്നു ഹരിശ്രീയുടെ മകൾ വിവാഹിതയായത്. തുടർന്ന് വന്ന വ്യാജഫോട്ടോ ചർച്ച ചെയ്യപ്പെട്ടതോടെ വിശദീകരണവുമായി ഹരിശ്രീ തന്നെ രംഗത്തെത്തി. സമൂഹമാധ്യമം ചർച്ചയാക്കിയ വിഷയത്തിൽ ആ മാധ്യമം തന്നെയാണ് വിശദീകരണത്തിനായി അദ്ദേഹം ഉപയോഗപ്പെടുത്തിയത്.

“സമൂഹ മാധ്യമങ്ങളിൽ കുറച്ചുദിവസങ്ങളായി എന്റെ മകളുടേതെന്നപേരിൽ ഒരു വിവാഹചിത്രം പ്രചരിക്കുന്നതായി അറിയാൻ സാധിച്ചു. എന്നാൽ ഇത് തികച്ചും ഒരു വ്യാജചിത്രം ആണെന്ന് ഞാൻ വിനീതപൂർവ്വം ഏവരെയും അറിയിച്ചുകൊള്ളുന്നു. അതോടൊപ്പം തന്നെ എൻ്റെ ഒരു കുടുംബചിത്രംകൂടി ഞാൻ എവിടെ ഷെയർ ചെയ്യുന്നു. ഹരിശ്രീ അശോകൻ”.  

ഇത്തരത്തിലൊരു അവസ്ഥ വന്ന അച്ഛന്റെ ഗതികേട് ഒന്ന് നോക്കണേ, ‘യഥാർത്ഥ’ കുടുംബത്തെവരെ സമൂഹത്തിന് ബോധ്യപ്പെടുത്തേണ്ട അവസ്ഥ. ഇവിടെ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല കാരണം എല്ലാവരും ചേർന്ന് സമൂഹമായി ഉണ്ടാക്കിയതാണല്ലോ ഈ മാധ്യമത്തിന്റെ പ്രസക്തി.

ഹരിശ്രീ അശോകൻ സോഷ്യൽ മീഡിയയുടെ ഏറ്റവും പുതിയ ഒരു ഇരമാത്രമാണ്. മുന്പ് ‘സമൂഹമാധ്യമത്തിൽ മാത്രം ഉണ്ടായ’ അപകടത്തിൽ മരിച്ച മാമ്മുക്കോയയും ജഗതിയും മറ്റ് പലരും ജീവനോടെ തിരിച്ചുവന്നിട്ടുണ്ട്. ഇതൊക്കെ ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ കടന്നുപോകുമെങ്കിലും ഇത്തരം വാർത്തകളുടെ ഉറവിടം എവിടെയാണെന്നോ, ഇങ്ങനെ വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ എന്താണ് ശിക്ഷയെന്നോ ഉള്ള ചോദ്യങ്ങൾക്കൊന്നും വ്യക്തമായ ഒരു ഉത്തരമില്ല. ശിക്ഷയുണ്ട് പക്ഷെ കഠിനമല്ല എന്നു മാത്രം അറിയാം. കോടിക്കണക്കിന് ജനങ്ങളുള്ള നാട്ടിൽ ഇത്തരം മാധ്യമങ്ങൾ വിരൽ തുന്പുകൊണ്ട് ഉപയോഗിക്കുന്ന നമ്മളിൽ ചിലരെ ആര് എങ്ങനെ തിരിച്ചറിയും? സൈബർ സെൽ എന്നൊരു സംവിധാനം നിലവിൽ ഉണ്ടെങ്കിലും കിട്ടിയ പരാതിയിൻമേൽ അന്വേഷണങ്ങൾ കെട്ടികിടക്കുന്നതിനാൽ അവർക്ക് ഇത്തരം വാർത്തകൾ ചിലപ്പോൾ ഗൗനിക്കാൻ കഴിയുന്നുണ്ടാകില്ല. 

മറ്റൊരു സമാനസംഭവം എടുക്കുകയാണെങ്കിൽ ദേശം മാറിയെത്തിയ വാർത്തയും, ഓഡിയോ ക്ലിപ്പുമാണ് അതിശയോക്തി ഉളവാക്കുന്നത്. തമിഴ്നാട്ടിൽ നിന്നായിരുന്നു വാർത്ത. ചികിത്സയിലുള്ള തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചു, ഒപ്പം ഒരു ചിത്രവും പിന്നെ ഒരു ഓഡിയോ ക്ലിപ്പും. കേട്ട ക്ലിപ്പിൽ ശബ്ദം മലയാളിയുടേതായിരുന്നു. ആദ്യത്തേതിൽ ഒരു പെൺ ശബ്ദവും, രണ്ടാമത്തേതിൽ ആൺ ശബ്ദവും. വ്യാജവാർത്ത പ്രചരിച്ചതുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തെന്നും വാർത്തൾ (വ്യാജമാണോ എന്ന് അവ്യക്തം) വന്നു. എങ്ങനെയാണ് ഇവർക്ക് ഇത്തരം ആശയങ്ങൾ ലഭിക്കുന്നതെന്നറിയില്ല. എന്താണ് ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിലൂടെ ലഭിക്കുന്നതെന്നും വ്യക്തമല്ല, പക്ഷെ ഇപ്പോഴും പ്രചരിക്കുന്നുണ്ട് ഇത്തരത്തിൽ നിരവധി വാർത്തകൾ.

ഹരിശ്രീയെ ആഘോഷിച്ച ശേഷം ഇന്നലെ ‘ഫേസ്ബുക്കികൾ’ ആഘോഷിച്ച മറ്റൊരു സംഭവമാണ് പ്രേംലത എന്ന ബാങ്ക് ഉദ്യോഗസ്ഥയുടെ ജോലിയിലെ വേഗത. സംഭവം ഇത്രയേ ഉള്ളു. അവർ പൂനെയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ കാഷ്യർ ആണ്. അവർ കാഷ് എണ്ണുന്നതിലെ വേഗതക്കുറവാണ് ചർച്ചയിലെ വിഷയം. മദ്ധ്യവയ്സകയായ അവർ വിരമിക്കാൻ അധികനാൾ ഇല്ല. പക്ഷെ ബാങ്കിലെത്തിയ ഏതോ ഒരു യുവഹൃദയം തുടിച്ചു, അവരുടെ  ‘കൂടിയവേഗത’ ഒപ്പിയെടുത്ത് സമൂഹത്തെ അറിയിക്കാൻ. ആ വീഡിയോ എടുത്ത മാന്യൻ പഠിച്ചെടുത്ത ‘സമൂഹ്യപ്രതിബദ്ധത’യുടെ ഭാഗമായാണ് അത്തരത്തിലൊരു പ്രേരണ അയാൾക്കുണ്ടായത്. സംഭവം വൈറലായി. അതുകണ്ട് ‘കണ്ണ് നിറഞ്ഞ് ചിരിച്ചവർ’ നിരവധിയായിരുന്നു. “ലോകത്ത് ഏറ്റവും വേഗതയേറിയ കാഷ്യർ’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിച്ചത്. കണ്ട അരക്കോടി ‘ഫേസ്ബുക്കികളിൽ’ ഒന്നര ലക്ഷത്തോളം പേർ അത് ഷെയർ ചെയ്തു. അവരുടെ ആ കുറഞ്ഞ വേഗതയ്ക്ക് എഴുപതിനായിരത്തിലധികം ലൈക്കുമുണ്ട്, കഷ്ടം !

യഥാർത്ഥസംഭവം പുറത്ത് വരാൻ ഒരു ദിവസമെടുത്തു. സങ്കടം തോന്നുന്നതും എന്നാൽ ഏറെ അഭിമാനിക്കേണ്ടതുമായ ഒരു സത്യമുണ്ട് ആ ദൃശ്യത്തിന് പിന്നിൽ. അവർ രണ്ട് തവണയുണ്ടായ ഹൃദയാഘാതത്തേയും ഒരു തവണയുണ്ടായ പക്ഷാഘാതത്തേയും അതിജീവിച്ച് ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ ധീരവനിതയായിരുന്നു. ഫെബ്രുവരിയിൽ അവരുടെ സർവ്വീസ് അവസാനിക്കാനിരിക്കുകയാണ്. ചികിത്സക്കായി ദീർ‍ഘനാൾ അവധിയെടുത്ത ശേഷം ജോലിയിൽ കയറിയിട്ട് കുറച്ചു നാളുകളേ ആയിട്ടുള്ളൂ. വിരമിക്കുന്നത് വരെ വീട്ടിലിരിക്കാനുള്ള അവധികൾ പ്രേംലതയ്ക്കുണ്ടായിരുന്നിട്ടും (അതും ശന്പളത്തോടെയുള്ള അവധികൾ) ശാരീരികമായ പ്രയാസങ്ങളെ കണക്കിലെടുക്കാതെ ജോലി ചെയ്യാൻ അവർ തയ്യാറാകുകയായിരുന്നു. ജോലി ചെയ്യാനുള്ള അവരുടെ മോഹമറിഞ്ഞപ്പോൾ ബാങ്ക് അധികൃതർ അവർ‍ക്കായി പ്രത്യേക കാഷ് കൗണ്ടർ ഒരുക്കി നൽ‍കി. അവരുടെ ശാരീരികമായ അവശതകൾ കാരണം ഉപഭോക്താക്കൾ‍ക്ക് തടസ്സമുണ്ടാകരുതെന്ന ഉദ്ദേശ്യവും ഇതിനു പിന്നിലുണ്ടായിരുന്നു. പ്രേംലതയ്ക്ക് കഴിയാവുന്ന വേഗത്തിൽ നോട്ടെണ്ണാവുന്ന സ്വാതന്ത്ര്യവും നൽ‍കി. അതേസമയം ഉപഭോക്താക്കൾ‍ക്കായുള്ള സാധാരണ കൗണ്ടർ പതിവുപോലെ തുടർ‍ന്നുപോന്നു.

എന്നാൽ ഇതേകുറിച്ച് അറിവില്ലാതെ ബാങ്കിലെത്തിയ ഉപഭോക്താക്കളാണ് പ്രേംലത ഇരിക്കുന്ന കൗണ്ടറിൽ പണം കൊടുത്തതും അതിന്റെ വീഡിയോ ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും. പ്രേംലതയുടെ  ഭർത്താവ് നേരത്തെ മരിച്ചുപോയതാണ്. ഏകമകൻ‍ വിദേശത്തും. ഹൃദയാഘാതങ്ങളും പക്ഷാഘാതവും വന്നപ്പോൾ സ്വന്തം ആരോഗ്യ ചികിത്സയ്ക്ക് പ്രേംലത ആരുടേയും സഹായം തേടിയില്ലെന്നതിൽ നിന്ന് തന്നെ ആ വനിതയുടെ ധീരത മനസ്സിലാക്കാം. പ്രേംലതയുടെ വൈറൽ വീഡിയോ ശ്രദ്ധയിൽപെട്ട സാമൂഹ്യപ്രവർ‍ത്തകൻ‍ കുന്ദൻ‍ ശ്രീവാസ്തവയാണ് സംഭവത്തിന്റെ യാഥാർത്ഥ്യം വെളിപ്പെടുത്തിയത്. അപ്പോഴേക്കും ‘വ്യാജ വൈറൽ വീഡിയോ’ കണ്ട് ചിരിച്ചവരും അതിശയിച്ചവരും ദീർഘനിശ്വാസമെടുത്തുകഴിഞ്ഞിരുന്നു.

പാഠം: 1 സംസ്കാരം 

സാക്ഷരത, അത് നേടിയെടുത്ത് അധികമായവരാണ് ഇത്തരം സംഭവങ്ങൾക്ക് മുന്നിൽ നിൽക്കുന്നത്. അത്യാവശ്യം പഠിപ്പുള്ളവനേ ഒരു സ്മാർട് ഫോൺ ഉപയോഗിക്കാൻ കഴിയു. അല്ലാതെ ചാക്കോച്ചനെ പോലെ വെറ്റിലയിൽ ചുണ്ണാന്പ് തേച്ച് മുറിക്കിയിരിക്കുന്നവരൊന്നും ഇത്തരത്തിലുള്ള പ്രക്രിയകൾക്ക് പിന്നിലും മുന്നിലും ഉണ്ടാകില്ല. സാക്ഷരത കൈവരിച്ചെന്ന് അവകാശപ്പെടുന്ന നാടുകളിൽ പലതിലും സംസ്കാരമെന്തെന്ന് തിരിച്ചറിയാൻ ആരും തയ്യാറട്ടൊല്ലതാനും.

പഠിക്കാൻ പാഠങ്ങൾ ഒരുപാടുണ്ട്. പറഞ്ഞ് പഠിപ്പിച്ചാൽ പരുക്കനും അല്ലാതെ പഠിച്ചെടുത്താൽ പണ്ധിതനുമാകാം. പക്ഷെ പണ്ധിതനെന്ന് സ്വയം ധരിക്കുന്നവർ അജ്ഞമായ അറിവിനെ വിനിയോഗിച്ച് തുടങ്ങുന്പോൾ അത് ആപത്ത് വിളിച്ച് വരുത്തും. കാളവണ്ടിയിൽ നിന്ന് കരകയറി കാലം റോക്കറ്റ് പോലെ കുതിക്കുകയാണ്. പതിനാല് സെക്കന്റിലും പതിനഞ്ച് സെക്കന്റിലും നമ്മൾ നേർത്ത ചിരിയോടെ കണ്ട് തള്ളിയ ചില കാഴ്ചകളിൽ കണ്ണീർപാടുകളുണ്ടാകും. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. 

ഇങ്ങനെയൊക്കെയാണെങ്കിലും സോഷ്യൽ മീഡിയ ഇപ്പോഴും ചിരിക്കുകയാണ്, അവിടെ സങ്കടങ്ങൾക്ക് സ്ഥാനമില്ല, സഹതപിക്കാം, ചിരിക്കാം, അന്പരക്കാം... കടന്ന് വരൂ...

You might also like

Most Viewed