ഇരുളും വെളിച്ചവും


വി.ആർ.സത്യദേവ് 

ദ്ധങ്ങൾ മനുഷ്യകുലത്തിന്റെ കൂടെപ്പിറപ്പുകളാണ്. തലച്ചോറുകൾ വ്യത്യസ്ഥ രീതിയിൽ ചിന്തിക്കുന്ന കാലത്തോളം, ശരീരങ്ങൾ വ്യത്യസ്ഥ രീതിയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നിടത്തോളം കാലം ഭൂമുഖത്ത് പലതരത്തിലുള്ള യുദ്ധങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും. അത് അനിവാര്യതയാണ്. അങ്ങനെയുള്ള പലവിധ യുദ്ധങ്ങളുമായി സമരസപ്പെട്ടു ജീവിതം നയിക്കാൻ നമ്മൾ ശീലിക്കപ്പെട്ടിരിക്കുന്നു. യുദ്ധങ്ങൾ ആയുസ്സെത്താതെ മനുഷ്യ ജന്മങ്ങൾ അവസാനിപ്പിച്ചുള്ള ബലപരീക്ഷണങ്ങളാണ്. അതുകൊണ്ടു തന്നെ അത് രക്തച്ചൊരിച്ചിലിന്റേതും കണ്ണീർ പുഴകളുടേതും കൂടിയാണ്. അഭിപ്രായ വ്യത്യാസങ്ങളൊക്കെ യുദ്ധത്തോളമെത്താതെ പരിഹരിക്കാനുള്ള ശ്രമങ്ങൾ അതുകൊണ്ടുതന്നെ അങ്ങനെയുള്ള കണ്ണീർപുഴകൾ ഉണ്ടാകാതെ കാക്കാനുള്ള ഉദ്ദേശത്തോടു കൂടിയുള്ളതുമാണ്. ഓരോ യുദ്ധത്തിലെയും അവസാന വെടിപൊട്ടിയൊഴിയുന്പോൾ ലോകം ആശ്വാസത്തിന്റെ നെടുവീർപ്പിടുന്നു. എന്നാൽ വെടിനിർത്തലുളോടെ യുദ്ധമുണ്ടാക്കുന്ന കണ്ണീർപ്പുഴയ്ക്കും ഭീതിക്കും അവസാനമാകുന്നില്ല എന്നതാണ് വാസ്തവം.

രണ്ടാം ലോകയുദ്ധവേളയിൽ ജപ്പാനുമേൽ അമേരിക്ക വർഷിച്ച അണുബോംബുകൾ മൂലം എണ്ണമില്ലാത്ത ജനങ്ങൾ ഇന്നും പലതരത്തിൽ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇതിനുമപ്പുറത്തേക്കുമുണ്ട് ആ യുദ്ധമുയർത്തിയ, ഇന്നും നിലനിൽക്കുന്ന ഭീഷണികൾ. അതിനുദാഹരണമാണ് ഗ്രീക്കു നഗരമായ തെസ്സലോനിക്കി (Thessaloniki) ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. വർത്തമാനകാലത്തെ തീവ്രവാദ ഭീഷണികളിൽ നട്ടം തിരിയുന്ന യൂറോപ്യൻ രാജ്യത്തിന് കൂനിന്മേൽ കുരുവായിരിക്കുകയാണ് ഒരു പഴയ ബോംബിനെ ചൊല്ലിയുയർന്ന ഭീഷണി. ബോംബ് വളരെ പഴയതാണ്. രണ്ടാം ലോകയുദ്ധത്തിന്റെ ബാക്കിപത്രമാണ് ഇത്. ഗ്രീക്കു നഗരമായ തെസ്സലോക്കിയിൽ കഴിഞ്ഞയാഴ്ചയാണ് ബോംബ് കണ്ടെത്തിയത്. 

1939 മുതൽ 1945 വരെയായിരുന്നു ലക്ഷക്കണക്കിനാൾക്കാരുടെ ജീവനെടുത്ത രണ്ടാം ലോകയുദ്ധം. കൃത്യമായിപ്പറഞ്ഞാൽ ആറു വർഷവും ഒരു ദിവസവും നീണ്ടു നിന്ന യുദ്ധം. അന്ന് വിമാനത്തിൽ നിന്നും വർഷിച്ചിട്ടും പൊട്ടാതെ കിടന്ന ബോംബാണ് ഇത്. ഉപയോഗിച്ചത് ജർമ്മനിയാണോ സഖ്യശക്തികളാണോയെന്ന കാര്യത്തിൽ ഈ കുറിപ്പു തയ്യാറാക്കുന്പോഴും വ്യക്തത വന്നിട്ടില്ല. 

തെസ്സലോനിക്കിയിൽ റോഡുപണി നടക്കുന്നതിനിടെയായിരുന്നു ബോംബു കണ്ടത്തിയത്. അതാവട്ടെ സ്ഥലത്തെ ഒരു പെട്രോൾ ഫില്ലിംഗ് േസ്റ്റഷനു തൊട്ടടുത്തും. ഇങ്ങനെ പൊട്ടാതെ കണ്ടെത്തിയ ബോംബുകളിൽ ചിലതെങ്കിലും പിന്നീട് വലിയ അപകടങ്ങൾക്കു കാരണമായിട്ടുണ്ട്. കഴിഞ്ഞമാസം ലണ്ടനിലെ തേംസ് നദിയിൽ നിന്നും ഇത്തരത്തിലൊരു പൊട്ടാബോംബു കണ്ടെത്തിയിരുന്നു, സുരക്ഷാ ഉദ്യോഗസ്ഥർ അത് വിജയകരമായി നീക്കം ചെയ്തു. എസ്.ഡി 50 ഇനത്തിൽ ജർമ്മൻ നിർമ്മിതമായ ബോംബായിരുന്നു അത്. നിർവ്വീര്യമാക്കുന്നതിനിടെ അത് പൊട്ടിത്തെറിച്ചെങ്കിലും ആളപായം ഉണ്ടായില്ല. അന്നു കണ്ടെത്തിയതിലും വലിയ ബോംബാണ് ഗ്രീസിൽ കണ്ടെത്തിയത്. അതുകൊണ്ടുതന്നെ അപായ സാദ്ധ്യതയും പതിന്മടങ്ങ് അധികവുമാണ്.

ഇതു മുന്നിൽ കണ്ട് അധികൃതർ പ്രദേശത്തുനിന്നും തെസ്സലോനിക്കിയിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. എഴുപതിനായിരത്തോളം ആൾക്കാരെയാണ് ഇങ്ങനെ സുരക്ഷാസ്ഥാനങ്ങളിലേക്ക് മാറ്റിയത്. ഇത്തരത്തിലുള്ള ഏറ്റവും വലിയ ഒഴിപ്പിക്കലുകളിലൊന്നാണ് ഇത്. ബോംബ് കണ്ടത്തിയ സ്ഥലത്തിന് രണ്ടു കിലോമീറ്റർ പരിധിയിലുള്ള ജനങ്ങളെയാണ് മാറ്റിയതെന്ന് തെസ്സലോനിക്കി മേയർ വൗള പലൗലിദോ സ്ഥിരീകരിച്ചു. 

ഇത്തരത്തിലുള്ള ഇനിയും ഒരുപാടു യുദ്ധാവശിഷ്ടങ്ങൾ പഴയ യുദ്ധഭൂമികളിൽ ഇനിയും ഉണ്ടാവാമെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. 72 ആണ്ടുകൾക്കുമുന്പ് അവസാനിച്ച ഒരു യുദ്ധം മനുഷ്യകുലത്തിന്റെ സ്വസ്ഥതയ്ക്കും സ്വൈര്യജീവിതത്തിനും ഇന്നും ഭീഷണിയായി തുടരുന്നു എന്ന ഭീതിജനകമായ സത്യമാണ് ഈ സംഭവം തെളിയിക്കുന്നത്. എന്നാൽ ഇതൊന്നും കണ്ടിട്ടും കേട്ടിട്ടും തിരിച്ചറിയാതെ ലോകത്തിന് അത്യന്തം വിനാശകാരികളായ ആയുധങ്ങളുമായി പുത്തൻ ഭീഷണികളുയർത്തുകയാണ് ചില ലോക ശക്തികൾ. ഉത്തര കൊറിയ പോലുള്ള രാജ്യങ്ങൾ ഇക്കാര്യത്തിൽ ഏറെ മുന്പിലാണ്. പുതിയ ഭൂഖണ്ധാന്തര മിസൈൽ പരീക്ഷണമാണ് ആ രാജ്യത്തു നിന്നുള്ള പുത്തൻ ഭീഷണി. 

ശനിയാഴ്ച പ്രാദേശിക സമയം 7.15നായിരുന്നു ഉത്തരകൊറിയയുടെ ഏറ്റവും പുതിയ മിസൈൽ പരീക്ഷണമെന്ന് അറിവായിട്ടുണ്ട്. പരീക്ഷണം വിജയമാണെന്ന ഉത്തരകൊറിയ അവകാശപ്പെട്ടു. ഉത്തരകൊറിയ നിരന്തരം നടത്തുന്ന ആയുധപരീക്ഷണങ്ങൾ മേഖലയിലെ സമാധാനത്തിന് വൻ ഭീഷണിയാണ് ഉയർത്തുന്നത്. പ്രധാനമായും അവരുടെ ഭീഷണി ദക്ഷിണ കൊറിയക്കും അമേരിക്കക്കും എതിരെ തന്നെയാണ്.

പ്രമുഖ വ്യോമ താവളമായ ബാംഗ്യോണിൽ നിന്നായിരുന്ന മിസൈലിന്റെ വിക്ഷേപണം. മദ്ധ്യ ദൂര മിസൈലായ റോഡോംഗായിരുന്നു പരീക്ഷണ വിക്ഷേപത്തിനുപയോഗിച്ചത്. ഇത് ജപ്പാൻ കടലിന് 500 കിലോമീറ്ററകലെയാണ് വീണതെന്ന് പറയപ്പെടുന്നു. അങ്ങനെയെങ്കിൽ ദക്ഷിണ കൊറിയക്കൊപ്പം ജപ്പാനും ഉത്തരകൊറിയയിൽ നിന്നുള്ള ഭീഷണി കൂടുതൽ ശക്തമാവുകയാണെന്ന കാര്യം ഉറപ്പാണ്. മിസൈൽ പരീക്ഷണം സ്വാഭാവികമായും അമേരിക്കയെയും പ്രകോപിപ്പിച്ചിട്ടുണ്ട്. ഭീഷണികളുടെ വെളിച്ചത്തിൽ ജപ്പാൻ അമേരിക്ക സഖ്യവും സഹകരണവും കൂടുതൽ ശക്തമാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. പ്രസിഡണ്ടുമൊത്തുള്ള കൂടിക്കാഴ്ചക്കുശേഷം ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേയാണ് അമേരിക്കൻ നിലപാട് ലോകത്തെ അറിയിച്ചത്. മേഖലയിലെ അമേരിക്കൻ സേനാ സാന്നിദ്ധ്യവും ആയുധ മത്സരവും വർദ്ധിക്കാനുള്ള സാദ്ധ്യതയാണ് ഈ പ്രസ്താവനകൾ നൽകുന്നത്.

നിലവിൽ അമേരിക്കയ്ക്കു നേരെ വരെ ഉപയോഗിക്കാൻ ശേഷിയുള്ള മിസൈലുകൾ തങ്ങൾ വികസിപ്പിച്ചിട്ടുണ്ട് എന്ന് ഉത്തരകൊറിയ നേരത്തേ തന്നെ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം അവർ തങ്ങളുടെ അഞ്ചാമത്തെ ആണവ പരീക്ഷണവും നടത്തിയതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ അവകാശവാദങ്ങളുടെ സാധുത എത്രയെന്ന കാര്യത്തിൽ വിദഗ്ദ്ധർക്ക് സംശയമുണ്ട്. അവകാശപ്പെടുന്നത്ര സാങ്കേതിക വളർച്ച ആ രാജ്യം സ്വന്തമായി വികസിപ്പിച്ചെടുത്തിരിക്കാനുള്ള സാദ്ധ്യത കുറവാണ്. എന്നാൽ അവരുടെ ചെയ്തികൾ ആഗോള സമാധാനത്തിനു നേർക്കുയർത്തുന്ന ഭീഷണി വലുതാണ്. 

മേഖലയിൽ ചൈനയുടെ നിലപാടുകളും ഇക്കാര്യത്തിൽ വളരെ പ്രധാനമാണ്. പൊതുവേ ഉത്തരകൊറിയയോട് മൃദുസമീപനം പുലർത്തുന്ന ചൈന പക്ഷേ അമേരിക്കയോട് ഇപ്പോൾ പ്രത്യക്ഷത്തിലെങ്കിലും സൗഹാർദ്ദപരമായ ബന്ധമാണ് പുലർത്തുന്നത്. പ്രസിഡണ്ട് ട്രംപും , ചൈനീസ് നായകൻ ഷി ചിൻ പിംഗുമായി നടത്തിയ ടെലഫോൺ സംഭാഷണം ഉഭയക്ഷിബന്ധം കൂടുതൽ മെച്ചപ്പെടുത്തിയെന്നാണ് വിലയിരുത്തൽ. തയ്്വാനെ അധികരിച്ചുള്ള ട്രംപിന്റെ പരാമർശങ്ങളും ചെയ്തികളും ഇരുരാജ്യങ്ങൾക്കും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. എന്നാൽ ഒറ്റ ചൈന നയം അംഗീകരിക്കുമെന്ന ട്രംപിന്റെ പുതിയ ഉറപ്പ് ഈ ഉലച്ചിൽ ഇല്ലാതാക്കിയിരിക്കുന്നു. ഇത് ഏറെ പ്രത്യാശ പകരുന്നതാണ്. 

പ്രചാരണ വേളയിൽ പുലർത്തിയിരുന്നതിനു കടക വിരുദ്ധവും കൂടുതൽ പ്രായോഗികവുമാണ് ചൈനയുമായുള്ള ബന്ധത്തിന്റെ കാര്യത്തിൽ ട്രംപ് ഇപ്പോൾ പ്രകടമാക്കിയിരിക്കുന്നത്. എന്നാൽ യാത്രാനുമതി വിലക്കിന്റെ കാര്യത്തിൽ കൂടുതൽ കടുത്ത നിലപാടുകളിലേക്കാണ് താൻ പോകുന്നത് എന്നാണ് അദ്ദേഹം നൽകുന്ന സൂചന. തുടർച്ചയായി രാജ്യത്തെ കോടതികളിൽ നിന്നേറ്റ തിരിച്ചടികൾ ട്രംപിനെ തളർത്തുന്നില്ല. ഈ വരുന്നയാഴ്ച യാത്രാനുമതിക്കാര്യത്തിൽ കൂടുതൽ ശക്തമായ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. 

ഇതിനിടെ അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാർക്കെതിരെയുള്ള നടപടികൾ കൂടുതൽ ഊർജ്ജിതമാക്കിയതായി റിപ്പോർട്ടുണ്ട്. ശരിയായ അനുമതിയും രേഖകളുമില്ലാതെ രാജ്യത്തു തങ്ങുന്ന നിരവധിയാൾക്കാരെ അധികൃതർ കസ്റ്റഡിയിലെടുത്തുകൊണ്ടിരിക്കുകയാണ്. ഇതിൽ നിരവധിയാൾക്കാർ കുറ്റവാളിപ്പട്ടികയിൽ പെട്ടവരാണെന്ന് സുരക്ഷാ വൃത്തങ്ങൾ അവകാശപ്പെട്ടു. ഇതിനെതിരേ ഡെമോക്രാറ്റിക് കക്ഷിയിൽ പെട്ടവരും കുടിയേറ്റ അവകാശ സംരക്ഷണ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ പരിശോധന പുതിയതല്ലെന്നാണ് കുടിയേറ്റ കാര്യ വകുപ്പിന്റെ പക്ഷം. വർഷത്തിൽ ഇത്തരത്തിൽ രണ്ടോ മൂന്നോ പരിശോധനകൾ പതിവാണെന്ന് ലോസ് ആഞ്ചൽസ് കുടിയേറ്റ കാര്യ അധികാരി ഡേവിഡ് മരിയൻ പറഞ്ഞു. ഇപ്പോൾ നടക്കുന്ന പരിശോധനയുടെ കാര്യങ്ങൾ ഒബാമയുടെ കാലത്ത് ആരംഭിച്ചതാണ്. ഇതിനുള്ള ഉത്തരവിൽ ഇപ്പോൾ പ്രസിഡണ്ട് ട്രംപ് ഒപ്പുവെച്ചു എന്നേയുള്ളൂ എന്നാണ് മരിയന്റെ പക്ഷം. ഏതായാലും പരിശോധനയിൽ ഇന്നലെവരെ 160 വിദേശികൾ പിടിയിലായിട്ടുണ്ട് എന്നറിയുന്പോൾ കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് വ്യക്തം. കുറ്റവാളിപ്പട്ടികയിൽ ഇന്ത്യൻ വംശജർ കാര്യമായി ഉണ്ടാവില്ല എന്നത് നമുക്ക് ആശ്വാസകരമാവും.

യുദ്ധവും ആയുധപരീക്ഷണങ്ങളുമടക്കമുള്ള ഭീഷണികൾ ഒരുവശത്തുയരുന്പോൾ പ്രത്യാശയുടെ ചില കിരണങ്ങളും ഉയരുന്നുണ്ട് എന്നത് ആശ്വാസകരമാവുകയാണ്. എല്ലാ പ്രതിസന്ധികൾക്കുമപ്പുറം പ്രത്യാശ അവസാനിക്കുന്നില്ല എന്ന മൈക്രോ സോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിന്റെ വാക്കുകളാണ് ആ കിരണങ്ങളിലൊന്ന്. വെറും വാക്കിനപ്പുറം ഇതിനായുള്ള പ്രവർത്തന പദ്ധതികളും അദ്ദേഹം അടുത്തിടെ പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തിന്റെ അവികസിതമായ നിരവധിയാൾക്കാർക്കായുള്ള നിരവധി സഹായ പരിപാടികളാണ് പ്രഖ്യാപനത്തിലുള്ളത്. ബിൽ ആൻഡ് മെളിന്ദ ഫൗണ്ടേഷനാണ് ആയിരക്കണക്കിനാൾക്കാരുടെ ജീവിതങ്ങൾ മെച്ചപ്പെടുത്താനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്.

യുദ്ധവും ഭീഷണികളുമൊക്കെ അവസാനിക്കുമെന്ന് പ്രത്യാശിക്കുന്നതു തന്നെ അബദ്ധമാണ്. അവയൊക്കെ അതിജീവിക്കുക എന്നതാണ് പ്രധാനം. മനുഷ്യകുലത്തിന് അതിനു കഴിയുമെന്ന കാര്യത്തിൽ തർക്കമില്ല.

You might also like

Most Viewed