ഭരണകൂ­ടം വേ­ട്ടക്കാ­ർ­ക്കൊ­പ്പമാ­ണ്....


എ. ശിവപ്രസാദ്

രള ജനതയുടെ മനഃസാക്ഷിക്ക് ആഴത്തിൽ മുറിവേൽപ്പിച്ചു കൊണ്ട് കഴിഞ്ഞാഴ്ച ഒരു സംഭവം നടന്നു. മലയാളത്തിലെ പ്രസിദ്ധമായ ഒരു യുവനടി രാത്രിയിൽ നഗരമദ്ധ്യത്തിൽ ക്രൂരമായി ആക്രമിക്കപ്പെട്ടു. ഭാരതത്തിലൊരിടത്തും കേട്ടുകേൾവി പോലുമില്ലാത്ത സമാനതകളില്ലാത്ത ഒരു ദുരന്തമാണ് കേരളത്തിൽ സംഭവിച്ചത്. ഡൽഹിയിൽ കൂട്ടമാനഭംഗത്തിനിരയായ ‘നിർഭയ’ സംഭവത്തിനെ ഓർമ്മിപ്പിക്കുന്ന സംഭവമായിരുന്നു ഇത്. ആക്രമിക്കപ്പെട്ട നടി ആക്രമിക്കപ്പെട്ട അതേ രാത്രിയിൽ തന്നെ ഒരു പ്രമുഖ സംവിധായകന്റെ വീട്ടിൽ അഭയം തേടി. അതിനുശേഷം പോലീസിനെ അറിയിച്ചു. അത്യന്തം ധീരമായ നടപടിയായിരുന്നു അത്. തീർത്തും ധീരവും അഭിനന്ദനാർഹവും തന്നെയാണിതെന്നതിൽ സംശയമില്ല. സിനിമാ ലോകം ഉൾപ്പെടെ മുഴുവൻ സമൂഹവും ആ യുവനടിയുടെ പിന്നിൽ അണിനിരന്നു. സിനിമാ പ്രവർത്തകർ ഒരുമിച്ച് കൂടി യുവനടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രതിജ്ഞയും ചൊല്ലി പിരിഞ്ഞു.

എന്നാൽ സംഭവം നടന്നതിന്റെ പിറ്റേ ദിവസം കേരള ഭരണം മുഖ്യമായും കൈയാളുന്ന കക്ഷിയായ സി.പി.ഐ(എം)ന്റെ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന കേട്ട് പ്രബുദ്ധ കേരളം ഞെട്ടിത്തരിച്ചു. “ഇതൊരു ഒറ്റപ്പെട്ട സംഭവമാണ് എന്നാണ് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയായ ശ്രീ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. പാലക്കാട്ട് ബി.ജെ.പി പ്രവർത്തകന്റെ വീടിന് തീ കൊളുത്തിയ സി.പി.ഐ(എം)കാ‍ർ ആ വീട്ടിലെ വീട്ടമ്മയെ ചുട്ടു കൊന്നിട്ട് ആഴ്ചകൾ പോലും ആയിട്ടില്ല എന്ന് നാം ഓർക്കേണ്ടതുണ്ട്. തലശ്ശേരിയിലെ ധർമ്മടത്ത് സന്തോഷ് എന്ന പേരായ ഒരു പാവം തൊഴിലാളിയെ വെട്ടിക്കൊന്നിട്ട്, പാന്പാടി നെഹ്റു കോളേജിലെ ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തിട്ട്, ദിവസങ്ങൾ മാത്രം പിന്നിടുന്പോൾ സംഭവിച്ച നടി അക്രമിക്കപ്പെട്ട സംഭവം, “ഒറ്റപ്പെട്ട സംഭവമായി പാർട്ടി സെക്രട്ടറിക്ക് തോന്നിയത് കേരള ജനതയിൽ ഞെട്ടലുണ്ടാക്കി. നിർഭാഗ്യമെന്നു പറയട്ടെ നടി ആക്രമിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം ഒരു പ്രമുഖ മലയാള ചാനലിൽ നടന്ന ചർച്ചയിൽ സി.പി.എമ്മിന്റെ എം.എൽ.എ ആയ എ.എൻ ഷംസീർ പറഞ്ഞത് ആക്രമിക്കപ്പെട്ട നടിയും ആക്രമിച്ച വ്യക്തിയും തമ്മിൽ സൗഹൃദത്തിലായിരുന്നു. അതേ ചർച്ചയിൽ പങ്കെടുത്തവരും അവതാരകനുമടക്കം ഷംസീറിനെ തിരുത്താൻ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല.

സി.പി.എം ചാനലായ കൈരളി ആക്രമിക്കപ്പെട്ട യുവനടിയെ അപകീ‍‍‍‍‍‍‍‍ർത്തിപ്പെടുത്തുന്ന രീതിയിൽ വാർത്ത പ്രസിദ്ധീകരിക്കുകയും പിന്നീട് മാപ്പു പറഞ്ഞതായും ഈ അവസരത്തിൽ ശ്രദ്ധിക്കപ്പെടേണ്ടതാണ്. കൈരളി ടി.വി ചെയ്തത് മഹാപരാധമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ശ്രീമതി വൃന്ദ കാരാട്ടും സമ്മതിച്ചു. നടിയെ അപമാനിച്ച കൈരളിയുടെ ചെയർമാനാകട്ടെ പ്രസിദ്ധ മലയാള നടൻ മമ്മൂട്ടിയും. കേരള പോലീസ് അക്രമത്തിലെ പ്രതികളെ പിടിക്കുന്നതിൽ ആദ്യ ദിവസങ്ങളിൽ അതീവ ശുഷ്കാന്തി കാണിച്ചു. നാലു പ്രതികളെ പിടിക്കുകയും ചെയ്തു. നല്ല കാര്യം തന്നെ. എന്നാൽ പ്രധാന പ്രതിയായ പൾസർ സുനിയുടെ കാര്യത്തിൽ പിന്നീട് പോലീസ് ഇരുട്ടിൽ തപ്പുന്നതാണ് നമുക്ക് കാണാൻ കഴിഞ്ഞത്. ഏറണാകുളത്തും പരിസരങ്ങളിലും കഴിഞ്ഞിരുന്ന പൾസർ സുനിയും കൂട്ടരേയും പിടിക്കാൻ കേരള പോലീസ് കോയന്പത്തൂരിൽ വല വിരിച്ച് കാത്തിരുന്നു. പിന്നീട് പ്രതികൾ കോടതിയിൽ ഓടിക്കയറി നാടകം കളിച്ചു എങ്കിലും പോലീസ് അവരെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു.

ഇവിടെ അത്യന്തം ഗുരുതരമായ ഒരു വസ്തുതയുണ്ട്. നടിയുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും അടങ്ങുന്ന ഒരു വലിയ സമൂഹം നടിക്കുള്ള പിന്തുണ കുറച്ചു. അതിന്റെ കാരണമന്വേഷിക്കുന്പോൾ വിരൽ ചൂണ്ടപ്പെടുന്നത് കേരളത്തിന്റെ അധികാര കേന്ദ്രങ്ങളിലേക്കാണ്. നടിയെ ആദ്യം തന്നെ സംരക്ഷിച്ച്് പോലീസിനെ വിളിക്കാൻ സഹായിച്ച നടനും സംവിധായകനുമായ വ്യക്തി വിമർശനത്തിന്റെ കട്ടി കുറയ്ക്കുന്നതും വാക്കുകൾ മാറ്റിപ്പറയുന്നതും ഇതിന്റെ വ്യക്തമായ സൂചനയായി കാണാൻ കഴിയും. ‍‍ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും മഞ്ജുവാര്യരും പൃഥിരാജും മാത്രമാണ് സിനിമാ മേഖലയിൽ ഈ നടിയ്ക്ക്് കൂട്ടായി പിന്നീട് വന്നത്. നടനും എം.എൽ.എയുമായ മുകേഷാകട്ടെ പൾസർ സുനിയെ തനിക്ക് അടുത്തറിയാമെന്നും തന്റെ ഡ്രൈവറായി പ്രവ‍‍ർത്തിച്ചിട്ടുണ്ടെന്നും പറഞ്ഞ് പ്രശ്നത്തെ ലഘൂകരിക്കുകയും ലളിതവൽക്കരിക്കുകയും ചെയ്തു. ഒരുകാര്യം ഉറപ്പാണ് അക്രമത്തിലെ പ്രതികളെ സംരക്ഷിക്കുവാൻ ആരോ ശ്രമിക്കുന്നുണ്ട് അല്ലെങ്കിൽ അക്രമികളെ സഹായിക്കുന്നവ‍ർ ഭരണസ്വാധീനമുള്ളവരാണ്. ഇവരോടൊപ്പം സമൂഹത്തോട് അൽപം പോലും പ്രതിബദ്ധത ഇല്ലാത്ത അർത്ഥകാമികളായ ഒരു കൂട്ടം അഭിഭാഷകരും ഉണ്ട്.

ഭരണകൂടം വേട്ടക്കാർക്കൊപ്പമാണെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നടത്തിയത്. നടിക്കെതിരായ അക്രമം പൾസർ സുനിയുടെ ഭാവനയിൽ ഉദിച്ച ആശയം മാത്രമാണെന്നാണ് അഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പറഞ്ഞത്. തനിക്ക് കിട്ടിയ ക്വട്ടേഷന്റെ ഫലമായാണ് തട്ടിക്കൊണ്ടുപോകുന്നതും അപമാനിക്കുന്നതെന്നും പൾസർ സുനി പറഞ്ഞതായി ആക്രമിക്കപ്പെട്ട നടി പോലീസിൽ മൊഴി കൊടുത്തിരിക്കെയാണ് ആഭ്യന്തര മന്ത്രി ഇത് പൾസർ സുനി സ്വന്തമായി ചെയ്തതാണെന്ന് പറയുന്നത്. ഇതിൽ നിന്നും മനസിലാക്കാൻ കഴിയുന്നതെന്താണ്? ക്വട്ടേഷൻ കൊടുത്തവർ പിടിക്കപ്പെടരുതെന്ന് മുഖ്യമന്ത്രിക്ക് നിർബന്ധമുണ്ടോ? കേസ് ഡയറി പോലും തയ്യാറാക്കുന്നതിനു മുന്പ് ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി കേസിനു വിധി കൽപിക്കുന്നത് ആർക്കു വേണ്ടിയാണ്? ഒരു പ്രമുഖ നടൻ  ഇതിനു പിന്നിലുണ്ടെന്നത് വെറും ആരോപണങ്ങൾ മാത്രമാണെന്നു പറയാൻ മുഖ്യമന്ത്രി പൊതുവേദിയിൽ പാടുപെടുന്നതെന്തിനാണ്? കേരള പോലീസിന്റെ മുഴുവൻ ചുമതലയുള്ള മന്ത്രി ഈ കേസിൽ ഗുഢാലോചനയില്ലെന്ന് പറയുന്പോൾ കീഴുദ്യോഗസ്ഥരായ പോലീസ് മേധാവികൾ എങ്ങിനെ ഗൂഢാലോചന കേസ് ചുമത്തും...? ഇവിടെ ഒരു കാര്യം ഉറപ്പാണ്. കേരളഭരണം കൈയാളുന്നവർക്ക് ആരെയോ സംരക്ഷിക്കേണ്ടത് അനിവാര്യമായി വന്നിരിക്കുന്നു. ഇല്ലെങ്കിൽ ഇത്രയേറെ നിരുത്തരവാദിത്വപരമായ ഒരു പ്രസ്താവന പിണറായി വിജയനെപ്പോലുള്ള ഒരു മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടാവാൻ തരമില്ല. ആരെയോ സംരക്ഷിക്കാൻ വേണ്ടിയാണിതെല്ലാം എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.

കേരള ഭരണത്തിന്റെ ഈ കറുത്ത പ്രഭാവം മലയാള സാഹിത്യ, സാംസ്കാരിക മേഖലയിലും ഉണ്ടായി എന്നു വേണം കരുതാൻ. സിനിമാക്കാരൊഴികെ ഒരു സാഹിത്യ സാംസ്കാരിക മേഖലക്കാരെയും ഈ വിഷയത്തിൽ കണ്ടില്ല. കമൽ എന്ന സംവിധായകനെതിരെ ഒരു രാഷ്ട്രീയ നേതാവ് പ്രസ്താവന നടത്തിയത് അടിവസ്ത്രം കാണിച്ച് തെരുവു നാടകം കാണിച്ച ‘അലൻസിയർ’ സ്വന്തം സഹപ്രവ‍ർത്തക ക്രൂരമായി പീഡിപ്പിക്കപ്പെട്ടപ്പോൾ ശബ്ദിച്ചതായി കണ്ടില്ല. വിശ്വസാഹിത്യകാരന്മാരായ മലയാളികളെയോ സാറാ ജോസഫിനെപ്പോലെയുള്ള പെണ്ണെഴുത്തുകാരോ അനങ്ങിയില്ല. ഒരുപക്ഷേ ഉത്തരേന്ത്യയിലെങ്ങാനുമായിരുന്നെങ്കിൽ തകർത്തേനെ! മഹാരാഷ്ട്രയിൽ ബീഫ് നിരോധിച്ചതിന് കേരളത്തിൽ ബീഫ് ഫെസ്റ്റ് നടത്തിയ പുരോഗമനക്കാരും ഈ വിഷയത്തിൽ ശബ്ദിച്ചില്ല. ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ കിടക്കുന്ന രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട കനയ്യകുമാറിനു വേണ്ടി വിളിച്ച മുദ്രാവാക്യത്തിന്റെ ഒരു ചെറിയ അംശമെങ്കിലും (മുദ്രാവാക്യമായി വേണ്ട) ഒരു പ്രസ്താവനയായി ഈ നടിക്കു വേണ്ടി പറയാത്തതെന്താണ്...? കാരണം മറ്റൊന്നുമല്ല. അവർ കേരള ഭരണത്തിന്റെ ദല്ലാളന്മാരാണ്. ഇവിടെയാണ് ഭരണകൂടം ആർക്കൊപ്പമാണെന്ന് നാം മനസിലാക്കുന്നത്.

ലോ അക്കാദമി സമരത്തിലും ഇതേ വേട്ടക്കാർക്കൊപ്പമാണ് കേരള ഭരണകൂടം നിലകൊണ്ടത്. സ്വന്തം വിദ്യാർത്ഥി പ്രസ്ഥാനത്തെ വിദ്യാർത്ഥി സമരത്തിൽ നിന്ന് പിൻതിരിപ്പിച്ച് സമരം പൊളിക്കാമെന്ന വ്യാമോഹം സർക്കാറിനുണ്ടായതും ഇതുകൊണ്ടാണ്. പക്ഷേ നെഹ്റു കോളേജ് വിഷയത്തിൽ സർ‍ക്കാറിന് മുട്ടുമടക്കേണ്ടി വന്നു. നടിയെ അക്രമിച്ച സംഭവത്തിലും ജനങ്ങളുടെ ഒരു കൂട്ടായ്മ ഉയർന്നു വരേണ്ടതുണ്ട്. ‘എല്ലാം ശരിയാവും’ എന്ന ആപ്തവാക്യം ജനമനസിലേക്ക് എറിഞ്ഞു കൊടുത്ത് അധികാരത്തിലെത്തിയ ഒരു ഭരണകൂടം ഒന്നും ശരിയാക്കുന്നില്ല എന്നു മാത്രമല്ല എല്ലാം നശിപ്പിക്കുന്നവർക്കു വേണ്ടി നിലകൊള്ളുന്നത് കാണേണ്ടി വരുന്ന ഒരവസ്ഥയാണ് ഇന്ന് കേരള സംസ്ഥാനത്തിനുള്ളത്.

ഒരു സ്ത്രീ ക്രൂരമായി നശിപ്പിക്കപ്പെടുന്നതിനെ ഒറ്റപ്പെട്ട സംഭവമെന്നു പറയുന്ന പാർട്ടി സെക്രട്ടറിയും സംഭവത്തിന്റെ പോലീസ് റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുന്പു തന്നെ ഗുഢാലോചനയില്ലെന്ന് പ്രസ്താവിക്കുന്ന മുഖ്യമന്ത്രിയും ചേർന്നാണ് കേരളം ഭരിക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളും വിദ്യാർത്ഥി ആത്മഹത്യയും സദാചാര കൊലപാതകങ്ങളും താണ്ധവമാടുന്ന കേരളത്തിൽ ഇരകൾക്കൊപ്പം നിൽക്കേണ്ട ഭരണകൂടം വേട്ടക്കാ‍‍‍‍‍‍‍‍ർക്കൊപ്പമാണ്. റോമാ നഗരം കത്തിയെരിയുന്പോൾ വീണ വായിച്ചു കൊണ്ടിരുന്ന നീറോ ചക്രവർത്തിയെ പോലെ.

You might also like

Most Viewed