ഗവർ­ണ്ണർ­ക്കെ­തി­രാ­യ പരാ­മർ­ശം മാ­ന്യതയോ­ ?


ഫിറോസ് വെളിയങ്കോട്

കണ്ണൂരിൽ ആർ.എസ്.എസ് പ്രവർത്തകർ കൊല്ലപ്പെട്ട വിഷയത്തിൽ ‘പിണറായിയെ പേടിയാണെങ്കിൽ ഗവർണർ പി. സദാശിവം കസേരയിൽ നിന്ന് ഇറങ്ങി പോകണ’മെന്നായിരുന്നു ശോഭ സുരേന്ദ്രന്റെ പരാമർശം. അല്പമെങ്കിലും മാന്യത കാണിക്കുന്ന പ്രവർത്തനം ഗവർണ്ണറുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും ശോഭാസുരേന്ദ്രൻ ആവശ്യപ്പെട്ടു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.ടി രമേഷ് കഴിഞ്ഞ ദിവസം ഗവർണ്ണർക്കെതിരെ ഫേസ്ബുക്കിൽ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശക്തമായ ഭാഷയിൽ ശോഭാസുരേന്ദ്രനും ഗവർണ്ണറെ പരസ്യമായി വിമർശിച്ചത്. കണ്ണൂർ ജില്ലയിൽ രാഷ്ട്രീയ ആക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സൈനികർക്ക് പ്രത്യേകാധികാരം നൽകുന്ന ‘അഫ്സപ’ ഏർപ്പെടുത്താൻ ഗവർണ്ണർ ഇടപെടണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ശോഭാസുരേന്ദ്രനെ തള്ളി ബി.ജെ.പി എം.എൽ.എ ഒ.രാജഗോപാൽ രംഗത്തു വന്നു. ഗവർണ്ണറെ അപമാനിക്കാൻ ബി.ജെ.പി ശ്രമിച്ചിട്ടില്ല. ശോഭാസുരേന്ദ്രൻ അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കിൽ യുവാക്കളുടെ വികാര പ്രകടനങ്ങളായി കണ്ടാൽ മതി. ഗവർണ്ണറെ അപമാനിക്കുകയെന്നത് തന്റെ പാർട്ടിയുടെ ലക്ഷ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

എന്നാൽ തന്റെ വാക്കുകളിൽ തെറ്റില്ല എന്നും തന്റെ വാക്കുകളിൽ ഉറച്ചു നിൽക്കുന്നുവെന്നും ശോഭാസുരേന്ദ്രൻ പറയുന്നു.

എന്നാൽ കണ്ണൂരിൽ ഉണ്ടായ കൊലപാതകത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഒരു രാഷ്ട്രീയ കൊലപാതകത്തെയും ആരും ന്യായീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ കൊലപാതകങ്ങൾ തടയാൻ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂരിലെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്നും ഇതുമൂലം സമാധാനശ്രമങ്ങളെ തകർക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബി.ജെ.പി നേതാക്കൾ നൽകിയ നിവേദനം മുഖ്യമന്ത്രിക്ക് കൈമാറുകയാണ് ഗവർണ്ണർ ചെയ്തത്. ഗവർണ്ണർ നടപ്പാക്കിയത് ഭരണഘടനാ ചുമതലയാണ്. അതിന്റെ പേരിൽ ബി.ജെ.പി ഗവർണ്ണറെ ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാൻ കഴിയില്ല. കണ്ണൂരിൽ അഫ്സപ നിയമം നടപ്പാക്കണമെന്ന ബി.ജെ.പി നിലപാട് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

സത്യത്തിൽ ഈ പരാമർശം ബി.ജെ.പി എന്ന പാ‍‍ർട്ടിയുടെതോ അതോ ശോഭാ സുരേന്ദ്രന്റെ മാത്രം വാക്കുകളോ? എന്തു തന്നെയായാലും ഗവർണ്ണർക്കെതിരെയുള്ള ഈ പരാമർശം ശരിയല്ല എന്നതു കൊണ്ടായിരിക്കാം ഒ. രാജഗോപാൽ അത് ബി.ജെ.പിയുടെ പരാമർശം അല്ല എന്നും അത് യുവാക്കളുടെ വികാരമാണ് എന്നും പറഞ്ഞ് നിയമസഭയിൽ അവതരിപ്പിച്ചത്. പക്ഷേ താൻ പറഞ്ഞതിൽ തെറ്റില്ല എന്ന കഴന്പോടെ ശോഭാസുരേന്ദ്രനും നിൽക്കുന്പോൾ ഇനിയെന്തു സംഭവിക്കും എന്നത് ആർക്കും അറിയില്ല.

ഈ പരാമർശത്തിൽ ആര് നടപടിയെടുക്കും, ഇതിനെതിരെ നടപടിയുണ്ടാകുമോ? കാണാമെന്ന പ്രതീക്ഷയോടെ ഈ വാരാന്ത്യവീക്ഷണത്തിന് വിട.

You might also like

Most Viewed