അമേരിക്ക... അമേരിക്ക...


വി.ആർ സത്യദേവ്

 

ലോകത്തിലെ ഏറ്റവും അധികാരമുള്ള ഔദ്യോഗിക പദവി അമേരിക്കൻ പ്രസിഡണ്ടിൻ്റെ പദവിയാണ് എന്നാണ് വയ്പ്പ്. മാറിയ സാഹചര്യങ്ങളിൽ അതിനും മാറ്റങ്ങളുണ്ടാവുക സ്വാഭാവികം. ഏറ്റവും അധികാരമുള്ള പദവി ഏറ്റവും തലവേദനകൾ സമ്മാനിക്കുന്ന പദവി എന്ന നിലയിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ് എന്നതാണ് അമേരിക്കയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അധികാര പദവികളിരിക്കുന്നവർക്കെല്ലാം തലവേദനകളുണ്ടാകാം. എന്നാൽ അതിന് ഒരു അതിരില്ലാതായിരിക്കുന്നു എന്നതാണ് പ്രസിഡണ്ട് ട്രംപിൻ്റെ അനുഭവം. സാധാരണ പ്രസിഡണ്ടുമാർ ഒരുകൊല്ലക്കാലത്തിനിടെ അനുഭവിച്ചേക്കാവുന്നത്ര തലവേദനകൾ കഴിഞ്ഞ ഒരൊറ്റയാഴ്ചക്കാലത്ത് ട്രംപിന് അഭിമുഖീകരിക്കേണ്ടിവന്നുവെന്നാണ് പ്രമുഖ അമേരിക്കൻ മാദ്ധ്യമങ്ങൾ അക്കമിട്ട് വിലയിരുത്തുന്നത്.

തലവേദനകൾ ഡോണൾഡ് ട്രംപിനു പുത്തരിയല്ല. ഒരുപക്ഷേ തലവേദനകൾ അദ്ദേഹത്തിന് കൂടെപ്പിറപ്പാണ് എന്നു പറയുന്നതാവും കൂടുതൽ ഉചിതം. അത് പലപ്പോഴും ട്രംപ് ആസ്വദിക്കുന്നുമുണ്ടോ എന്നതാണ് നിരീക്ഷകരുടെ സംശയം. ഇത്തരം തലവേദനകളെ ട്രംപ് അതിജീവിക്കുന്നത് മറ്റുള്ളവർക്കു പലതരത്തിലുള്ള തലവേദനകൾ പകർന്നു നൽകിയാണോ എന്നും സംശയിക്കാം.

ഏതായാലും കഴിഞ്ഞു പോകുന്ന വാരം ആ തലവേദനകളുടെ അതിബാഹുല്യം കൊണ്ടു സന്പന്നമായിരുന്നു എന്ന കാര്യത്തിൽ തർക്കമില്ല. അതിൽ ഏതാണ് പ്രധാനം എന്നകാര്യത്തിൽ തർക്കമുണ്ടാവാം. എന്നാലും ഒന്നിനു പിന്നാലേ മറ്റൊന്ന് എന്ന തരത്തിൽ വിവാദങ്ങളൊഴിഞ്ഞ് ഒരു നേരമുണ്ടായില്ല എന്നതാണ് പരമാർത്ഥം. വിഷയങ്ങൾ പലതുണ്ടായിരുന്നാലും ശരാശരി മലയാളിക്ക് അതിൽ ഏറ്റവും കൗതുകമുണ്ടാവുക ട്രംപിൻ്റെ അപഥസഞ്ചാര കഥകളെക്കുറിച്ചു തന്നെയാവും.  വികസന രാഷ്ട്രതന്ത്ര വിഷയങ്ങളെല്ലാം മാറ്റിവച്ച് സരിതാരതിയിലും ഉപകഥകളിലും അഭിരമിക്കാനുള്ള മലയാളിയുടെ സ്ഥായിയായ താൽപ്പര്യം (കു)പ്രസിദ്ധമാണല്ലോ. പണ്ടു വിജയ് മല്യയെക്കുറിച്ച് ഒരു പാലാക്കാരൻ പറഞ്ഞത് ആളൊരു കൊച്ചു മണർകാടു പാപ്പനാണ് എന്നായിരുന്നു. അത് അനുകരിച്ചു പറഞ്ഞാൽ ഒരു കൊച്ച് അമേരിക്കൻ സരിതയാണ് ഈ പുതിയ പഴയ വിവാദ കഥയിലെ നായിക. പേര് കാരെൻ മക്ഡൗഗൽ എന്നാൽ ഒരു പേരിലൊക്കെ എന്തിരിക്കുന്നു. പേരുദോഷമാണ് ഇവിടെ വിഷയം. പ്രസിഡണ്ട് ട്രംപിൻ്റെ ഔദ്യോഗിക ജീവിതത്തിനു മേൽ കാരെൻ മക്ഡൗഗൽ  ഒരു കൊടുങ്കാറ്റു പോലെ ആഞ്ഞു വീശപ്പെടുമെന്നാണ് എതിരാളികൾ ആശിച്ചത്. പ്രസിഡണ്ടിൻ്റെ മുൻ ലൈംഗീക പങ്കാളിയായിരുന്നത്രേ കാരെൻ. പ്രമുഖ മാസികയായ പ്ലേബോയ്്യിലെ നിറ സാന്നിദ്ധ്യമായിരുന്നു അവർ. ലൈംഗീകതയുണർത്തുന്ന സുന്ദര ചിത്രങ്ങളുടെ നിറവുകൊണ്ട് പ്രസിദ്ധമാണ് പ്ലേ ബോയ്. ട്രംപിൻ്റെ മാത്രം ലൈംഗീക പങ്കാളിയൊന്നുമായിരുന്നില്ല കാരെൻ. തെളിച്ചു പറഞ്ഞാൽ ഉന്നതങ്ങളിൽ പാറി പലപൂക്കളുമായി ഒന്നിച്ച വർണ്ണ ശലഭം. ഒരു കൊച്ചു സരിതാക്ക. പലരാരെന്നത് ഇപ്പോൾ വിഷയമല്ല. അതിലൊരാൾ അമേരിക്കയുടെ പരമോന്നത നായകനാണ് എന്നതാണ് പ്രസക്തം.

പാറി നടന്നത് ട്രംപിൻ്റെ കുറ്റമല്ല. പ്രസിഡണ്ടായതും അദ്ദേഹത്തിൻെറ കുറ്റമല്ല. എന്നാൽ രാജാവ് സംശയാതീതനായിരിക്കണം എന്നാണ് പ്രമാണം. കാരെനേപ്പോലുള്ളവർ മുതലെടുക്കുന്നത് ഈ സദാചാര സങ്കൽപ്പങ്ങളെയാണ്. കുടുങ്ങുന്പോൾ അത് നിഷേധിക്കുകയും കാശുകൊടുത്ത് ആരോപിക്കുന്നവരുടെ വായടപ്പിക്കുകയും മാത്രമാണ് പ്രശ്നപരിഹാരത്തിനുള്ള പോംവഴി. കൈയ്യിൽ കാശുള്ള ട്രന്പായതുകൊണ്ട് അങ്ങനെയിങ്ങനെ കാര്യം സാധിക്കാം. 2006 2007 കാലത്ത് ട്രന്പും കാരെനുയുമായുള്ള ഇടപാടുകളാണ് ഇപ്പോൾ വിവാദമായത്. ഈ കാലഘട്ടത്തിന് മുന്പും പിന്പുമുള്ള ഇത്തരം കഥാപാത്രങ്ങൾ ഒന്നൊന്നായി പുറത്തുവരുമോയെന്നാണ് കണ്ടറിയേണ്ടത്. തെരഞ്ഞെടുപ്പു പ്രചാരണ കാലത്ത് സ്റ്റോമി ഡാനിയൽസ് എന്നൊരു സുന്ദരിയുടെ സമാന സ്വഭാവമുള്ള ആരോപണങ്ങളെ വലിയ തുക കൊടുത്ത് ട്രന്പും കൂട്ടരും ഒതുക്കിയിരുന്നു എന്ന ആരോപണമുണ്ട്. ദീർഘകാലം ട്രംപിൻെറ അഭിഭാഷകനായിരുന്ന മൈക്കേൽ കോഹനായിരുന്നു അന്നു പണം കൊടുത്തത്. സ്വന്തം ഇടപാടുകളുടെ ഭാഗമായാണ് സ്വന്തം കൈയിൽ നിന്നും അന്നു പണം കൊടുത്തത് എന്നായിരുന്നു കോഹൻ പറഞ്ഞത്. ഒരുലക്ഷത്തി മുപ്പതിനായിരം അമേരിക്കൻ ഡോളറായിരുന്നു കൈമാറിയത്. ട്രന്പിൻെറ തെരഞ്ഞെടുപ്പു ഫണ്ടിൽ നിന്നായിരുന്നു പണമെടുത്തത് എന്നും ഇത് ഗുരുതരമായ ചട്ട ലംഘനമാണ് എന്നും അന്ന് ആരോപണമുയർന്നിരുന്നു. കാരെൻ വിവാദമുയർന്നതോടേ പഴയ ലൈഗീകാരോപണവും വീണ്ടും സജീവമായിരിക്കുന്നു. പുതിയ ആരോപണം നുണയും കെട്ടുകഥയുമാണ് എന്നതാണ് ട്രന്പിൻെറ പക്ഷം. അങ്ങനെ പലതും പറയാമെങ്കിലും ആളുടെ സ്വഭാവം പരിഗണിക്കുകയാണെങ്കിൽ കാരെൻെറ വായടപ്പിക്കാനുള്ള പണം കണ്ടെത്താനുള്ള സ്രോതസ്സിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാവും ട്രന്പ് ഇപ്പോൾ. തോന്ന്യവാസങ്ങൾ കാണിക്കുകയും കുടുക്കിലാവുന്പോൾ മറ്റു വല്ലവരുടെയും പോക്കറ്റിലെ കാശുപയോഗിച്ച് അതിലൊക്കെ നിന്ന് തലയൂരുകയും ചെയ്യാനുള്ള രാഷ്ട്രീയക്കാരുടെ വൈദഗ്ദ്ധ്യം ഒന്നു വേറെ തന്നെയാണല്ലോ. ഇതിന് അമേരിക്കയെന്നോ കേരളമെന്നോ വ്യത്യാസമില്ല എന്നതിന് സമീപകാല സംഭവങ്ങൾ സാക്ഷി. 

ലൈംഗീക വിവാദത്തെക്കുറിച്ച് ആദ്യമേ പറഞ്ഞത് ശരാശരി മലയാളിക്ക് അതിലുള്ള അതിരുകവിഞ്ഞ താൽപ്പര്യം കൊണ്ടുതന്നെയാണ്. എന്നാൽ അതിലേറെ പ്രാധാന്യമുള്ളത് അമേരിക്കൻ പ്രസിഡണ്ടു തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലുമായി ബന്ധപ്പെട്ട പുതിയ സംഭവങ്ങളാണ്. റഷ്യൻ ഇടപെടലുമായി ബന്ധപ്പെട്ട പുതിയ 13 കുറ്റാരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത് റോബർട് മ്യൂലെറാണ്. ഇടപെടലിനെക്കുറിച്ചും എഫ്ബിഐ ഡയറക്ടറുടെ സ്ഥാനത്തുനിന്നും ജയിംസ് കോമിയെ പുറത്താക്കിയതിനെക്കുറിച്ചുമൊക്കെ അന്വേഷിക്കുന്ന പ്രത്യേക കോൺസലാണ് മ്യൂലെർ. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മ്യൂലെറുടെ ആരോപണം പുറത്തു വന്നത്. റഷ്യൻ പ്രചാരവേലകൾ പണ്ടേ തുടങ്ങിയതാണെന്നും തൻ്റെ വിജയത്തിൽ അതിനു കാര്യമായ സ്വാധീനമില്ലെന്നും പറഞ്ഞ് ഇതിൽ നിന്നും തലയൂരാനാണ് ട്രന്പിൻെറ ശ്രമം. എന്നാൽ ഉഇത് വിജയിക്കുമോയെന്ന് കണ്ടു തന്നെ അറിയണം. തൻെറ നിലപാട് ന്യായീകരിക്കാൻ ഫെയ്സ് ബുക് വൈസ് പ്രസിഡണ്ടിൻെറ വാക്കുകൾ കടമെടുത്തതും പ്രസിഡണ്ടിനു പുലിവാലായി. തൻെറ വാക്കുകൾ വളച്ചൊടിച്ചാണ് ട്രന്പ് ഉപയോഗിച്ചതെന്ന്  ഫെയ്സ് ബുക് വൈസ് പ്രസിഡണ്ട് ട്വീറ്റു ചെയ്തതോടെയാണ് ഇത്. ആരോപണമുന്നയിച്ച മ്യൂലറെ പുറത്താക്കി അദ്ദേഹത്തിൻെറ നീക്കങ്ങൾക്ക് തടയിടുക എന്നതാണ് അടുത്ത നടപടി. ഇതും പക്ഷേ വിപരീത ഫലമായിരിക്കും ഉണ്ടാക്കുക.

ഫ്ലോറിഡയിൽ ഒരു സ്കൂളിലുണ്ടായ വെടിവെപ്പാണ് അടുത്ത തലവേദന. ഫ്ലോറിഡയിലെ പാർക് ലാൻഡ് സ്കൂളിൽ നിന്നു പുറത്താക്കപ്പെട്ട വിദ്യാർത്ഥി കാന്പസിനുള്ളിൽ നടത്തിയ വെടിവെപ്പിൽ 17 പേരാണ് മരിച്ചത്. ഇവരിലേറെയും വിദ്യാർത്ഥികളാണ്. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കാന്പസ് കൂട്ടക്കുരുതിയാണ് ഇത്. സംഭവത്തിൻെറ പേരിൽ എഫ് ബീ ഐയ്ക്കെതിരേ ആരോപണമുന്നയിക്കുകയാണ് ട്രംപ്. കൂട്ടക്കുരുതി നടത്തിയ നിക്കോളാസ് ക്രൂസെന്ന വിദ്യാർത്ഥി അപകടകാരിയാണെന്ന സൂചന നൽകിയിരുന്നു. എന്നാൽ ദുരന്തം തടയുന്നകാര്യത്തിൽ എഫ് ബീ ഐ പരാജയപ്പെട്ടുവെന്ന് ട്രംപ് ആരോപിച്ചു. റഷ്യൻ ഇടപെടലിനെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യത്തിലധികം സമയംചെലവഴിക്കുന്നതിനാലാണ് എഫ് ബീ ഐക്ക് ഇക്കാര്യത്തിൽ പിഴവു സംഭവിച്ചതെന്നും ട്രംപ് ആരോപിച്ചു. എന്നാൽ ഈ ആരോപണവും വിവാദമാവുകയാണുണ്ടായത്. 

ട്രംപിൻെറ ഓഫീസിലെ പ്രമുഖ ഉദ്യോഗസ്ഥനായ റോബ് പോർട്ടർക്കെതിരായ ആരോപണങ്ങളാണ് അടുത്തത്. പോർട്ടർ മുൻ ഭാര്യമാരോട് ലൈംഗീകവും ശാരീരികവുമായ അതിക്രമങ്ങൾ കാട്ടിയെന്നാണ് ആരോപണം. ആരോപണത്തിൻെറ പേരിൽ പോർട്ടർക്ക് സ്ഥാനം നഷ്ടമായി. ഇതിൻെറ പേരിലുള്ള ട്രന്പിൻെറ പ്രതികരണവും വിവാദമായി. ഇതിനൊക്കെ പുറമേ കുടിയേറ്റ നിയമങ്ങളും നടപടികളും പ്രസിഡണ്ടിന് കൂടുതൽ തലവേദന പകരുന്നുണ്ട്. റഷ്യൻ സഹായവും ബന്ധവും ഒരുവശത്ത് വിവാദമാകുന്നതിനിടെ സിറിയയിൽ നിന്നുള്ള മറ്റൊരു വാർത്തയും പ്രസിഡണ്ട് ട്രന്പിൻെറ അസ്വസ്ഥത കൂട്ടുമെന്നുറപ്പ്.

സിറിയയിൽ റഷ്യൻ സംഘത്തിനു നേരേ അമേരിക്കൻ സേന കനത്ത ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. ആക്രമണത്തിൽ 20ഓളം റഷ്യക്കാർക്ക് ജീവഹാനി സംഭവിച്ചതായാണ് റിപ്പോർട്ട്. ഇക്കാര്യം റഷ്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ശീതകാല സംഘർഷങ്ങൾക്ക് അറുതിയായ ശേഷം നടക്കുന്ന ഏറ്റവും വലിയ അമേരിക്ക− റഷ്യ സംഘർഷമാണ് ഇത്. 

അമേരിക്കൻ പ്രസിഡണ്ടിൻെറ സമീപകാല തലവേദനകളിൽ പ്രധാനമായിരുന്നു കൊറിയൻ പ്രശ്നം. ഉത്തര കൊറിയൻ പ്രസിഡണ്ട് കിം ജോംഗ് ഉന്നിൻെറ സഹോദരി കിം യോ ജോംഗിൻെറ സന്ദർശനത്തോടേ കൊറിയൻ മേഖലയിലെ സംഘർഷത്തിന് കുറച്ചൊന്ന് അയവു വന്നിരിക്കുകയാണ്. കൊറിയൻ പ്രശ്നം അയഞ്ഞാലും പ്രസിഡണ്ട് ട്രന്പിൻെറ തലവേദനകൾക്ക് ഒരു കുറവും ഉണ്ടാവില്ല എന്നുറപ്പ്. 

You might also like

Most Viewed