ഭൂ­മി­യൊ­രു­ വട്ടപൂ­ജ്യമാ­യി­കൊ­ണ്ടി­രി­ക്കു­ന്നു­...


ധനേഷ് പത്മ

ങ്ങനൊരു ഭൂമിയിൽ ജീവിക്കാൻ നമുക്ക് ലഭിച്ച ഭാഗ്യത്തെ കുറിച്ചോർത്ത് അഹങ്കരിച്ചൊരു കാലം മാറി, ‘ഹൊ ഇതെന്തൊരു ഭൂമി’എന്ന് നമ്മൾ ആകുലപ്പെട്ടു തുടങ്ങിയിട്ടുണ്ടിന്ന്. അതിന്റെ പൂർണ്ണ ഉത്തരവാദിത്വം നാമെല്ലാമടങ്ങുന്ന മനുഷ്യ സമൂഹത്തിനാണ്. ഭൂമിയെ കീറി മുറിച്ച് അതിർ വരന്പുകളിട്ട് ഇന്ത്യയെന്നും പാകിസ്ഥാനെന്നും അമേരിക്കയെന്നുമൊക്കെ വേർതിരിച്ച് അന്യോന്യം കലഹിച്ചും പടവെട്ടിയും ജീവിക്കുന്ന മനുഷ്യൻ, തങ്ങൾക്ക് വളരെ കുറച്ച് കാലമാണ് ഭൂമിയിൽ അനുവദിക്കപ്പെട്ടിട്ടുള്ളതെന്നും ആയതിനാൽ ഇനിയും തലമുറകൾ ഇവിടെ ജിവിക്കാനുണ്ടെന്നും മറന്നുകൊണ്ട് പ്രവർത്തിക്കുകയാണ്. ഈയൊരു അവസ്ഥ തുടർന്നു പോയാൽ വരും തലമുറകൾക്ക് ഇവിടെ വസിക്കാൻ ബുദ്ധിമുട്ടാണ്. ശരാശരി ആയുസ്സു പോലും തികയ്ക്കാതെ മനുഷ്യൻ മരണത്തിന് കീഴടങ്ങുന്ന വിവരങ്ങൾ മറുതലയ്ക്കൽ കേട്ടുകൊണ്ടിരിക്കുന്നു.

ഭൂമിയൊരു മൊട്ടക്കുന്നായി മാറുന്ന കാഴ്ച കണ്ട് മിണ്ടാതിരിക്കുകയാണ് നമ്മളെല്ലാം. പച്ചപ്പ് നിറച്ച് തന്നൊരു ഭൗമപ്രതലത്തെ ചെത്തികോരി മൈതാനകണക്കാക്കി മാറ്റിയ മനുഷ്യൻ പ്രക−ൃതിയുടെ തുലനാവസ്ഥ നഷ്ടപ്പെടുത്തി. ചുഴലികാറ്റിന് സാധ്യത, സുനാമിയുണ്ടാകും, എന്നിങ്ങനെയുള്ള മുന്നറിയിപ്പുകളിൽ ഭയപ്പാടുണ്ടാകുന്നതിന് പകരം കരുതൽ അനുഭവപ്പെടാൻ നമുക്ക് കഴിഞ്ഞാൽ മാത്രമേ ഭൂമിയുടെ ഇപ്പോഴുള്ള അവസ്ഥ നിലനിർത്താൻ കഴിയു. ഫോട്ടോ എടുപ്പുകൾക്കും വാർത്താ പ്രാധാന്യങ്ങൾക്കും വേണ്ടി മാത്രം മരംനടലും മാലിന്യം വൃത്തിയാക്കലും അവസാനിപ്പിക്കണം, പകരം അതൊരു കടമയായി കരുതി ചെയ്തു പോരണം, അങ്ങനെ മറ്റുള്ളവർക്ക് പ്രചോദനം നൽകണം.

ലോക ഭൗമദിനം ആചരിച്ചുപോരേണ്ടി വരുന്നതിലെ അപകാത നമ്മൾ ഭൂമിയെ മറന്നു പോകുന്നു എന്ന് ഓർമ്മപ്പെടുത്താൻ വേണ്ടിയാണ്. ഏപ്രിൽ 22ാണ് ലോകഭൗമദിനം ആയി ആചരിക്കുന്നത്. ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണത്തിന്റെ പ്രഥമ ലക്ഷ്യം. മനുഷ്യന്റെ ഇടപെടൽ മൂലം ഭൂമിയിലുണ്ടാവുന്ന ആഗോളതാപനം, കാലവസ്ഥാ വ്യതിയാനങ്ങൾ തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ച് ആഗോള തലത്തിൽ അവബോധം വളർത്തുക, ഭൂമിശാസ്ത്ര ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുക, പുതിയ പ്രകൃതിവിഭവങ്ങൾ കണ്ടെത്തുക, ഭൂമിശാസ്ത്രത്തിലെ ചികിത്സാ സാധ്യതകൾ കണ്ടെത്തുക, സമുദ്രങ്ങളെക്കുറിച്ചു കൂടുതൽ പഠിക്കുക എന്നിവയായിരുന്നു ഭൗമവർഷാചരണത്തിന്റെ ലക്ഷ്യങ്ങൾ.

ജനങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രിൽ 22−ന് അമേരിക്കൻ ഐക്യനാടുകളിൽ ആണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്‌. പിന്നീട് വർഷാവർഷം ഏപ്രിൽ 22 അതൊന്ന് ഓർമ്മപ്പെടുത്തും, ശേഷം വീണ്ടും പഴയപടിയാകും. മുന്പ് പ്രകൃതിയുടെ സ്വാഭാവികമായ ഇച്ഛയ്ക്കാനുസരിച്ചാണ് മാറ്റങ്ങൾ വന്നിരുന്നതെങ്കിൽ ഇന്ന് മനുഷ്യന്റെ ഇടപെടലിനെ ആശ്രയിച്ചാണ് ഭൂമിയുടെ നിലനിൽപ്പ്. മനുഷ്യൻ അതിനെ നശിപ്പിക്കാതെ സംരക്ഷിക്കാനാണ് മുൻകൈ എടുക്കേണ്ടത്. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിടുന്ന നിരവധി ദിനാചരണങ്ങൾ ലോകത്ത് നടക്കുന്നുണ്ട്. ഇതിൽ ഏറ്റവും പഴക്കം ചെന്നതാണ് ഭൗമദിനാചരണം. സാൻഫ്രാൻസിസ്കോയിലെ സമാധാന പ്രവർത്തകൻ ജോൺ മെക്കോണലിന്റെ നേതൃത്വത്തിലാണ് ഭൂമിയുടെ രക്ഷയ്ക്ക് ഭൗമദിനം എന്ന ആശയം മുന്നോട്ട് വരുന്നത്. പിന്നീട് ലോകത്തിലെ 141 രാഷ്ട്രങ്ങളിലേയ്ക്ക് ഭൗമദിനാചരണം വ്യാപിച്ചു. ആഗോളതാപനവും അതുമായി ബന്ധപ്പെട്ട കാലാവസ്ഥ വ്യതിയാനവുമാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. അത്യന്തം സങ്കീർണ്ണമായ രീതിയിൽ ആഗോളതാപനം മുന്നോട്ട് പോയാൽ 21−ാം നൂറ്റാണ്ടിന്റെ അവസാനമാകുന്പോഴേയ്ക്കും അന്തരീക്ഷ താപനില 4 ഡിഗ്രി സെൽഷ്യസ് വർദ്ധിക്കും എന്നാണ് പ്രവചനം. അന്തരീക്ഷ താപനില രണ്ട് ഡിഗ്രി സെൽഷ്യസ് വർദ്ധിച്ചാൽ തന്നെ ഭൂമിയിൽ ജീവനു വെല്ലുവിളിയാകും എന്ന് പഠനങ്ങൾ പറയുന്നു.

ഇന്ത്യയിൽ ഇന്ന് വർദ്ധിച്ചുവരുന്ന മലിനീകരണവും വനനശീകരണവും മൂലം വരൾച്ച കൂടിവരുകയാണ്. പല സംസ്ഥാനങ്ങളും ഇന്ന് വരൾച്ചയുടെ നെല്ലിപ്പടിയിലാണ്. പുഴകളും കുളങ്ങളും വറ്റിവരണ്ടിരിക്കുന്നു. ഇനിയും ഉണർന്ന് പ്രവർത്തിച്ചില്ലങ്കിൽ നാം നേരിടേണ്ടിവരുന്നത് വലിയ നാശം തന്നെയാകും എന്നതിൽ സംശയമില്ല. കാലവർഷത്തിന്റെ താളം തെറ്റിയപ്പോഴാണ് നാം ആഗോളതാപനത്തെക്കുറിച്ച് തിരിച്ചറിയുന്നത്. ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങൾ ഏതാനും വർഷങ്ങളായി കേരളത്തിൽ വ്യക്തമായി കാണുവാൻ കഴിയുന്നുണ്ട്. എല്ലാ ജില്ലകളിലും താപനില ക്രമാതീതമായി ഉയർന്നുകഴിഞ്ഞു. കേരളത്തിലെ ചില ജില്ലകളിൽ താപനില 41 ഡിഗ്രി സെൽഷ്യസ് വരെയെത്തിയിരിക്കുന്നു. കണ്ണൂർ ജില്ല ഏറ്റവും മുന്നിൽ നിൽക്കുന്നു. പകൽ സമയങ്ങളിൽ തൊഴിൽ ചെയ്യാൻ പറ്റാത്ത നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.

വനനശീകരണമാണ് ആഗോളതാപനം വർദ്ധിച്ചു വരുന്നതിന് പ്രധാന കാരണം. അന്തരീക്ഷത്തിൽ നിറയുന്ന കാർബൺ ആഗിരണം ചെയ്യാൻ മാത്രം പാകത്തിലുള്ള വൃക്ഷങ്ങൾ ഇന്ന് കേരളത്തിൽ ഇല്ല. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ മൊത്തം ഭൂവിസ്തൃതിയുടെ 44% ശതമാനം വനമുണ്ടായിരുന്ന കേരളത്തിൽ ഇന്നത് 28 ശതമാനമായി കുറഞ്ഞിരിക്കുന്നു എന്നാണ് സർക്കാർ കണക്കുകൾ പറയുന്നത്. നദികളും കുളങ്ങളും അതിവേഗത്തിൽ വറ്റിപ്പോകുന്നു. ഭൂഗർഭ ജലനിരപ്പ് അതിവേഗത്തിൽ താഴ്ന്ന് പോകുന്നു. തിരുത്തലിനും നിയന്ത്രണത്തിനുമായി ആഗോള വ്യാപകമായി നടക്കുന്ന ശ്രമങ്ങളാണ് ഇന്ന് ലോകത്തിനു പ്രതീക്ഷ നൽകുന്നത്. ഇന്ധനങ്ങളായ പെട്രോളും മറ്റും കത്തുന്പോൾ പുറത്തുവിടുന്ന കാർബൺ അന്തരീക്ഷത്തിൽ നിറയുന്നതും ക്രമാതീതമായി വർദ്ധിക്കുന്ന ചൂടിനു പിന്നിലുള്ള അടിസ്ഥാന കാരണമാണ്. ആഗിരണം ചെയ്യുവാൻ ആവശ്യമായ വനങ്ങളും മറ്റു സസ്യാവരണങ്ങളും കുറഞ്ഞതോടെ ഈ കാർബൺ അന്തരീക്ഷത്തിൽ തന്നെ അവശേഷിക്കുന്നു. പ്രകൃതിയിലേയ്ക്കുള്ള തിരിച്ചുപോക്കാണ് ഈ പ്രതിസന്ധിക്കുള്ള ഏക പരിഹാരം. തിരുത്തലിനും നിയന്ത്രണത്തിനുമായി ആഗോള വ്യാപകമായി നടക്കുന്ന ശ്രമങ്ങളിലാണ് ഇന്നു ലോകത്തിന്റെ പ്രതീക്ഷ. നാളത്തെ തലമുറയുടെ ഇങ്ങനെയുള്ള ദുർവിധിതിരുത്തുക എന്നതാണ് ഭൗമദിനാചരണം കൊണ്ട് ഉദ്ദ്യേശിക്കുന്നത്.

ഭൂമിയെ പ്ലാസ്റ്റിക് വിഴുങ്ങികൊണ്ടിരിക്കുന്ന കാഴ്ചയും വേദനാജനകമാണ്. വർഷങ്ങളായി അടിഞ്ഞുകൂടിയ പ്ലാസ്‌റ്റിക് പൊടിയുന്നതു വേന്പനാട് കായലിന്റെ ജൈവവൈവിധ്യത്തിനു വൻ ഭീഷണി ഉയർത്തുന്നു എന്ന പഠനം പുറത്തുവന്നിട്ടും കായലിലേക്കു തള്ളുന്ന പ്ലാസ്‌റ്റിക്കിൽ കുറവൊന്നുമില്ല. വഞ്ചിവീടുകളും വിനോദ സഞ്ചാരവും പുറന്തള്ളുന്ന മാലിന്യം താങ്ങാനാവാതെ കേരളത്തിലെ ഈ റംസാർ മേഖല നിലനിൽപ്പിനായുള്ള പിടച്ചിലിലാണ്. വേന്പനാട്ട് കായലിന്റെ സംരക്ഷണത്തിന് കേരള സർക്കാർ പദ്ധതി പ്രഖ്യാപിച്ചെങ്കിലും ബോധവൽക്കരണത്തിന്റെ കുറവുമൂലം കായലിനെ മാലിന്യം തള്ളാനുള്ള കുപ്പത്തൊട്ടിയായി കാണുന്ന മനോഭാവത്തിന് ഈ ഭൗമദിനത്തിലും മാറ്റമില്ല. കായലിലെ പത്തു സ്ഥലങ്ങളിൽനിന്നുള്ള ചെളി പരിശോധിച്ചതിൽ എല്ലാറ്റിലും വൻ തോതിൽ പോളി എത്തിലീൻ മൈക്രോ പ്ലാസ്‌റ്റിക്കിന്റെ അംശം കണ്ടെത്താൻ സാധിക്കും. കക്കയിലും മത്സ്യങ്ങളിലൂടെയും ഈ പ്ലാസ്റ്റിക്്തരി മനുഷ്യനിൽ എത്താനുള്ള സാധ്യത ഏറെയാണ്. ലോകത്തിലെ ഏറ്റവും മലിനമായ കടലോരങ്ങളുടെ പട്ടികയിൽ കേരളതീരവും ഇപ്പോൾ ഇടംപിടിച്ചിട്ടുണ്ട്. പ്ലാസ്‌റ്റിക്കും പാഴ്‌വസ്‌തുക്കളും കടലിലേയ്ക്കു വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട് ജർമ്മനിയിലെ ആൽഫ്രഡ് വെഗ്‌നർ ഇൻസ്‌റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് കേരളവും ഉൾപ്പെട്ടത്. മുംബൈ ജുഹു ബീച്ചും ആൻഡമാനുമാണ് മറ്റു രണ്ടു മോശമായ കടലോരങ്ങൾ. ലോകത്തെ 1257 കടലോരങ്ങളിലായിരുന്നു പഠനം. ഒരു മിനിറ്റിൽ ഒരു ട്രക്ക് പ്ലാസ്‌റ്റിക് നദികളിലൂടെയും നേരിട്ടും കടലിൽ എത്തുന്നതായി പഠനം രേഖപ്പെടുത്തുന്നു. ഈ രീതിയിൽ മുന്നോട്ടു പോയാൽ 2050 ആകുന്പോൾ മീനുകളേക്കാൾ കൂടുതൽ പ്ലാസ്‌റ്റിക്കുകൊണ്ട് കടൽ നിറയും. 80 ലക്ഷം ടൺ പ്ലാസ്‌റ്റിക്കാണ് പ്രതിവർഷം കടലിൽ പതിക്കുന്നത്. കടലിൽ പ്ലാസ്റ്റിക് എത്രമാത്രമുണ്ടെന്ന് കേരളത്തിന് ഓഖി ദുരന്തം കാണിച്ചു തന്നതാണ്. കടൽ കയറിയപ്പോൾ അത്രയധികം പ്ലാസ്റ്റിക്കുകളാണ് കരയിലെത്തിയത്.

ഓരോ വർഷം കഴിയുന്തോറും അന്തരീക്ഷത്തിലെ താപനില വർദ്ധിക്കുകയും മഴകുറയുകയും ചെയ്യുന്നത് വളരെ തമാശയായാണ് നമ്മളൊക്കെ കാണുന്നത്. ചൂടു കൂടിയാൽ വലിയ വേവലാതിയൊന്നുമില്ലാതെ, വളരെ ലാഘവത്തോടെ നമ്മൾ പറയുന്നത് നാട് ഗൾഫ് പോലെയായി എന്നാണ്. മഴയാണെങ്കിൽ താലൂക്കടിസ്ഥാനത്തിൽ പെയ്യുന്നതിലും തമാശ കണ്ടെത്തുന്നുണ്ട് നമ്മൾ. നാല് കിലോമീറ്റർ ചുറ്റളവിൽ ചിലയിടങ്ങളിൽ മഴ ലഭിക്കുകയും മറ്റിടങ്ങളിൽ മഴയില്ലാത്ത അവസ്ഥയും ഉണ്ടാകുന്പോൾ ഇതെന്തത്ഭുതം എന്ന ആശ്ചര്യത്തോടെ നമ്മളതിനെ ചിരിയോടെ നോക്കികാണുന്നു. അങ്ങനെയിരിക്കെ തന്നെ ഈ വർഷം ഉഷ്ണതരംഗമുണ്ടാകാൻ സാധ്യതയുണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇന്നലെ പുറത്തു വന്നിരിക്കുന്നത്. ഇന്ത്യ മുഴുവൻ ബാധകമായ മുന്നറിയിപ്പാണത്. 40 ഡിഗ്രിയോ അതിൽക്കൂടുതലോ ചൂട് തുടർച്ചയായി രണ്ടുദിവസം അനുഭവപ്പെടുന്നതാണ് ഉഷ്ണതരംഗം. താപനില ശരാശരിയിൽനിന്ന് നാലര ഡിഗ്രിയെങ്കിലും കൂടുതലായിരിക്കുന്ന സാഹചര്യം ഒരു സംസ്ഥാനത്ത് രണ്ടു സ്ഥലത്ത് ഒരേസമയമുണ്ടായാലാണ് അവിടെ ഉഷ്ണതരംഗമുള്ളതായി കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിക്കുന്നത്.

ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന്, സംസ്ഥാന സർക്കാർ ഇതിനകം മുൻകരുതൽ നടപടി തുടങ്ങിയിട്ടുണ്ട്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പുകൾ അവഗണിക്കാൻ സംസ്ഥാന സർക്കാർ മിനക്കെട്ടേക്കില്ല. ഉഷ്ണതരംഗം മനുഷ്യനും മറ്റുജീവികൾക്കും കൃഷിക്കും അപകടമുണ്ടായേക്കാവുന്ന സാഹചര്യമാണ് സൃഷ്ടിക്കുക. കടുത്ത ചൂടേറ്റ് മോഹാലസ്യവും ചിലപ്പോൾ ജീവഹാനിക്കുതന്നെ കാരണമാവുന്ന തളർച്ചയും ഉണ്ടായേക്കാം. 11 മുതൽ മൂന്നുമണിവരെ വെയിൽ കൊള്ളാതിരിക്കുക എന്നതാണ് ഉഷ്ണതരംഗത്തിൽ നിന്നും രക്ഷ നേടാനുള്ള പ്രധാന പോംവഴി. സൂര്യതാപവും ഉഷ്ണതരംഗവും ജലദൗർലഭ്യവുമെല്ലാം നമ്മൾ ഭൂമിയെ കാർന്ന് തിന്നതിന്റെ പരിണിത ഫലമായി സംഭവിച്ചതാണ്. വരുത്തിവെച്ച ഈ വിപത്തിൽ ദുഃഖിക്കാതെ ഓരോ മനുഷ്യനും പ്രകൃതിയെ സംരക്ഷിക്കാൻ തയ്യാറെടുത്താൽ ഈ ഭൂമി വരും തലമുറയ്ക്ക് വാസയോഗ്യമായൊരു പരവതാനി വിരിച്ചു നൽകുമെന്ന് മാത്രം ഓർമ്മപ്പെടുത്തട്ടെ...

You might also like

Most Viewed