അമരത്വത്തിലേയ്ക്ക് എടുത്തുവച്ച പുസ്തകങ്ങൾ


അനിൽ വേങ്കോട്

ബഹ്റൈൻ കേരളീയ സമാജവും ഡി സി ബുക്സും ചേർന്നൊരുക്കുന്ന മറ്റൊരു പുസ്തകോൽസവ കാലം തുടങ്ങുകയാണ് പതിനൊന്ന് ദിനരാത്രങ്ങൾ ഇനി പുസ്തകങ്ങളുടെ വിശാല ലോകത്താൽ ഈ ചെറുദ്വീപ് കനംവയ്ക്കം. ജീവിതത്തിലെ ദൗർഭാഗ്യങ്ങളും കയ്പേറിയ അനുഭവങ്ങളും അജ്ഞേയതകളുമൊക്കെ നിത്യ യാഥർത്ഥ്യമായിരിക്ക്കുന്പോഴും പ്രവാസി മലയാളി പുസ്തകങ്ങളുടെയും വായനയുടേയും ലോകത്ത്കൂടി കയറി താമസ്സിക്കുകയും അവിടെ നിന്നെടുത്ത ചിലസ്വപ്നങ്ങളും ചിന്തകളും ജീവിതമാതൃകകളും സ്വന്തം ജീവിതന്റെ അടുക്കളയിൽ ഉപ്പിലിട്ടു സൂക്ഷിക്കുകയും ചെയ്യുന്നു.

മേശയും കസേരയും സിമന്റ് ബ്ലൊക്കുകളും മോട്ടോർ വാഹനങ്ങളും റോഡുകളും പാലങ്ങളും കൊണ്ട് മനുഷ്യൻ ഈ ലോകത്തെ സൗന്ദര്യകരമായ ഒരു ഉദ്യാനമായി പണിതിരിക്കുന്നതുപോലെയാണ് വാക്കുകളും , വാചകങ്ങളും , പേപ്പർ ചുരുളുകളും കൊണ്ട് ഒരു ശബ്ദാർഥ പ്രപഞ്ചത്തെ ഭൗതികമായി തന്നെ ഈ ലോകത്തോട് തുന്നിചേർത്തിരിക്കുന്നത്. നാം ഇതുവരെ പോകാത്ത ഒരിടത്തേയ്ക്ക് യാത്ര പോകുന്ന പോലെ, നമ്മുടെ പ്രീയ ഇടങ്ങളിലേയ്ക്ക് പേർത്തും പേർത്തും പോകുന്നതുപോലെ പുസ്തകങ്ങളാൽ പടുത്ത ഈ ശബ്ദാർഥ പ്രപഞ്ചത്തിലേയ്ക്കും നാം നിരന്തരം സഞ്ചരിക്കേണ്ടതുണ്ട്. ആ ലോകം കൂടി നമ്മുടെ പരിചത മേഖലയിലേയ്ക്ക് കൊണ്ടുവന്ന് വെളിച്ചത്ത് നിറുത്തേണ്ടത് മനുഷ്യത്വപരമായ ഒരു കർത്തവ്യമാണ്. ആ നിലയിൽ ഇന്നുമുതലുള്ള പതിനൊന്ന് രാവുകൾ ബഹ്റൈൻ പ്രവാസലോകത്തിനു മാനുഷികതയുടെ ഉൽസവകാലമാണ്.

ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ധാരാളം ആളുകൾ എന്റെജീവിത സമരത്തിൽ നിരന്തരം എന്നോട് സഹകരിക്കുന്നുണ്ട്. പുസ്തകങ്ങളിലേയ്ക് ചൂണ്ടി വഴികാണിച്ചും ഗ്രന്ഥശാലകളിലേയ്ക്ക് കൂട്ടുവന്നും പുസ്തകങ്ങൾ കടം തന്നും വയനാനുഭവങ്ങൾ പങ്കുവച്ചും സഹായിച്ചവർ അനവധിയാണ്. എൺപതുകളുടെ ആദ്യ വർഷങ്ങളിൽ ഒന്നിലാണ് ഞാൻ മാർക്വേസിനെക്കുറിച്ച് കെൾക്കുന്നത്. അന്ന് സ്കൂൾ വിദ്യാർത്ഥിയായിരുന്ന എന്നോട്ഏകാന്തതയുടെ നൂറുവർഷങ്ങൾ വായിച്ചതിന്റെ അനുഭവങ്ങൾ പങ്കുവച്ചത് നക്സലൈറ്റ് ആയ വെള്ളത്തൂവൽ സ്റ്റീഫൻ ആണ്. അന്ന് അദ്ദേഹം തിരുവനന്തപുരം സെന്റർ ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്ന കാലമാണ്. പരോളിനു ഇറങ്ങുന്ന സമയത്ത് ഇടയ്ക്ക് വേങ്കോട്ട് വരും. ജയിൽ ലൈബ്രറിയിൽ നിന്നാണ് അദ്ദേഹം ഏകാന്തതയുടെ നൂറുവർഷങ്ങൾ വായിക്കുന്നത്. സ്റ്റീഫൻ മാമന്റെ വിവരണം മാർക്വേസിനെ എന്റെ ശിഷ്ട ജീവിതത്തിൽ ഒരു പങ്കാളിയെപ്പോലെ കൂടെ താമസിക്കുന്നൊരാളാക്കി മാറ്റി.

പുസ്തകങ്ങൾ അന്വേഷിച്ചു പോയി കണ്ടെത്തി വായിക്കുന്നത് നാലാം ക്ലാസ് വിദ്യാർത്ഥിയായിരിക്കുന്ന കാലത്താണ്. അന്നാണ് ആദ്യമായി വീടിനു ഒന്നരക്കിലോമീറ്റർ അകലെയുള്ള ദേസ സേവിനി ഗ്രന്ഥശാലയിൽ അംഗത്വമെടുക്കുന്നത്. സൂര്യൻ കടലിലേയ്ക്ക് ചായുന്ന നേരത്ത് രക്താഭയാർന്ന ചക്രവാളങ്ങളിലേയ്ക്ക് നോക്കി ഞാനന്ന് ഗ്രന്ഥശാലയിലേയ്ക്ക് നടന്നത് ഇന്നും വാടാതെ നിൽക്കുന്ന ഓർമ്മകളാണ്. അന്ന് ആ യാത്രയിൽ കൂട്ടുവന്നിരുന്ന എന്റെ ഒരുസ്നേഹിതനുണ്ട്. ഞാൻ കവിതാ പുസ്തകങ്ങളും ബാലസാഹിത്യവും വായിക്കുന്പോൾ അന്നേ ഡ്രാക്കുളയും വെളുത്ത ചെകുത്താനുമൊക്കെ വായിക്കാൻ ധൈര്യം കാണിച്ചിരുന്ന എന്റെ വിനയൻ. അവനൊരു മികച്ച ഓട്ടക്കാരനായിരുന്നു. ക്ഷീണമെന്തന്നറിയാത്ത ഭൂഖണ്ടാന്തര യാത്രികനായ പക്ഷിയുടെ ജന്മം . ഗ്രന്ഥശാലയിലേയ്ക്ക് എനിക്ക് കൂട്ടുവരുന്നതിനു പകരമായിഞാനവന്റെ മാരത്തോൺ ഓട്ടങ്ങൾക്ക് സൈക്കിളിൽ അകന്പടി സേവിച്ചു. പലകകൊണ്ട് കവർ പണിഞ്ഞ വലിയ വാൽവ് റേഡിയോകൾ ഞങ്ങളൂടെ യാത്രകളെ സംഗീത സാന്ദ്രമാക്കി.

കുറച്ചു വർഷങ്ങൾക്ക് ശേഷം ഷെൽവി മൾബറി പ്രസാധനം ആരംഭിച്ചു. മലയാള പുസ്തകങ്ങളുടെ മുഖചിത്രങ്ങൾ മുതൽ ഉള്ളടക്കത്തിൽ വരെ ഒരു നവത്വം കളിയാടി. ലോകസാഹിത്യത്തിൽ നിന്നും ചിന്തയ്ക്കും ഭാവനയ്ക്കും തീപിടിപ്പിക്കുന്ന പുസ്തകൾ അതുവഴി മൊഴിമാറ്റം നടത്തി ഞങ്ങളുടെ കൈകളിലേയ്ക്കെത്താൻ തുടങ്ങി. മലയാളത്തിലെ ഒരു പുതു നിര കഥാ കൃത്തുക്കൾ ആപുസ്തകങ്ങളിലൂടെ ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു. കവിതയുടെ ഭാഷയോടൊപ്പം ഗദ്യവും ഇഷ്ടപ്പെട്ട് തുടങ്ങിയത് അക്കാലത്താണ്. അങ്ങനൊരിക്കൽ ഒരു നാഷണൽ മീറ്റ് കഴിഞ്ഞു വരുന്ന ദിവസം വിനയൻ കുളിച്ചുകൊണ്ടിരിക്കുകയായിരുന്ന എന്നോട് പറഞ്ഞു "നീ ഉടനേ വീട്ടിലേയ്ക്ക് വാ. വലിയ ഒരു വിശേഷം പറയാനുണ്ട്.” വിൽഹം റീഹിന്റെ ഫാസിസത്തിന്റെ ആൾക്കൂട്ട മനശാസ്ത്രം എന്ന പുസ്തകം വി പി പിയായി കൈപ്പറ്റിയ ദിവസമായിരുന്നു.

പുസ്തകവും കവിതയുടെ ഒരു കാസറ്റും എടുത്ത് അവന്റെ വീട്ടിലേയ്ക്ക് ചെന്ന ഞാൻ കാണുന്നത് ചരടിൽ തൂങ്ങിയാടുന്ന വിനയന്റെ ശവശരീരമാണ്. ആത്മഹത്യകൾ അവശേഷിച്ച ലോകത്തോട് ചെയ്യുന്ന യുദ്ധ പ്രഖ്യാപനമാണെന്ന് എനിക്ക് തോന്നി. ഞാൻ അവനായി കൊണ്ട് ചെന്ന പുസ്ത്കം നോക്കാതെ മരണമെന്ന വലിയ വിശേഷം അവനെന്റെ മുന്നിൽ വച്ച് നീട്ടി. പിന്നീടൊരിക്കൽ ആ പുസ്തകങ്ങൾ മലയാളിയെ കാണിച്ച ഷെൽവിയും ആത്മഹത്യചെയ്തു. ഞാനിന്നും കരുതുന്നത് എന്നെ നേരിട്ട് കണ്ടിരുന്നെങ്കിൽ അവനായി ഞാൻ കരുതിയ പുസ്തകം അവനൊന്ന് മറിച്ചു നോക്കിയെങ്കിൽ വിനയൻ മരിക്കില്ലായിരുന്നു എന്നാണ്. പ്രിയ സ്നേഹിതാ വർഷമെത്ര കഴിഞ്ഞു, ഞാനിതാ ഇന്നും പുതിയ പുസ്തകങ്ങൾ നിനക്കായി കരുതി വയ്ക്ക്കുന്നു. മരിക്കാനല്ല, ജീവന്റെ അവസാന ശ്വാസത്തിലും പറ്റിപ്പിടിക്കാൻ. വരൂ ഈ പുസ്തകങ്ങളെ കൈപ്പറ്റൂ.

You might also like

Most Viewed