50 കോടിക്ക് ആയിരം വീടുകൾ നിർമിക്കാം : വനിതാ മതിലിനെതിരെ ജോയ് മാത്യു


ജോയ് മാത്യു

മുൻപ് എവിടെയോ വായിച്ചതാണ്. ഒരു രാജ്യത്ത് കാലാവധി കഴിഞ്ഞ സാധനങ്ങൾ വീടുകളിൽ ബാക്കിവന്നാൽ അതു മുതലാക്കാനായി അവിടത്തുകാർ എന്തു കോപ്രായവും കാട്ടിക്കൂട്ടും. ഉദാഹരണത്തിന് മുറിവുകളിൽ പുരട്ടാനുപയോഗിക്കുന്ന അയഡിൻ. കാലാവധി കഴിയാറായ അയഡിൻ എന്തുചെയ്യും? അതിനവർ ആദ്യം ചെയ്യുന്നത് കുടുംബത്തിലുള്ളവരെ കുത്തിമുറിവേൽപിക്കും. എന്നിട്ട് മുറിവുകളിൽ മുഴുവൻ അയഡിൻ പുരട്ടും.

അത്തരമൊരു ഏർപ്പാട് കേരളത്തിലും പരീക്ഷിക്കാൻ തീരുമാനിച്ചു എന്നാണ് വനിതാമൽ കെട്ടാനുള്ള പണം എവിടെനിന്നാണെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് സർക്കാർ നൽകിയ ഉത്തരം കേട്ടാൽ തോന്നുക. സാമ്പത്തിക വർഷം അവസാനിക്കാറായതിനാൽ സ്ത്രീസുരക്ഷയ്ക്കും സ്ത്രീ ശാക്തീകരണത്തിനും വേണ്ടി ബജറ്റിൽ മാറ്റിവച്ച തുക പാഴായിപ്പോകും എന്നു കണ്ടെത്തിയപ്പോൾ തോന്നിയ ഐഡിയ ആണത്രേ, അയഡിൻ വച്ചുള്ള ഈ ഒടിവിദ്യ.

മതിലുകെട്ടണോ വേണ്ടയോ എന്നൊക്കെ മനുഷ്യരെ മതിലുകെട്ടിത്തിരിക്കാൻ തീരുമാനിച്ച ഏതു പാർട്ടിക്കും നിശ്ചയിക്കാൻ കഴിയും. എന്നാൽ, നാടിന്റെ പൊതുവികാരം എന്താണെന്നു മനസ്സിലാക്കി പ്രവർത്തിക്കുമ്പോഴാണ് ഒരു സർക്കാർ, ദീർഘവീക്ഷണമുള്ള സർക്കാരാകുക. ഇനിയുമൊരു പ്രളയം തടുക്കാനും പ്രളയത്താൽ തകർന്നുപോയ കേരളത്തെ പുതുക്കിപ്പണിയാനുമാണ് ഈ മതിലെങ്കിൽ, കേരളം ഒറ്റക്കെട്ടായി മതിലല്ല കോട്ടതന്നെ കെട്ടിയുയർത്തിയേനെ. ഹൈക്കോടതിയിൽ സർക്കാർ ബോധിപ്പിച്ച, കാലാവധി കഴിയാറായതുവഴി പാഴായിപ്പോകും എന്നു പറഞ്ഞ 50 കോടി ഒരു നിസ്സാര സംഖ്യയല്ലതന്നെ.

വാസയോഗ്യമായ ഇടത്തരമൊരു വീട് നിർമിക്കാൻ അഞ്ചുലക്ഷം രൂപ മതിയാകുമെന്നു കണക്കാക്കിയാൽത്തന്നെ, 50 കോടി രൂപയ്ക്ക് ആയിരം വീടുകൾ നിർമിച്ചു നൽകാനാകും. പ്രളയകാലത്തു കിടപ്പാടം നഷ്ടപ്പെട്ട സ്ത്രീകളുടെ പേരിലാണു വീടു നിർമിച്ചുനൽകുന്നതെങ്കിൽ സ്ത്രീകൾക്ക് അതിൽപരം സുരക്ഷിതത്വം എന്താണുള്ളത്? കോടതിപോലും അത് സ്ത്രീശാക്തീകരണത്തിനു മുതൽക്കൂട്ടാണെന്നല്ലേ പറയൂ. അങ്ങനെയല്ലേ സ്ത്രീകളെ ശാക്തീകരിക്കേണ്ടത്? പ്രളയദുരിതാശ്വാസമായി അനുവദിച്ച പതിനായിരം രൂപ പോലും ഇപ്പോഴും ലഭിക്കാത്തവരുണ്ട്. അപ്പോഴാണ് നവോത്ഥാനമതിലെന്ന മാമാങ്കം!

ഇനി മതിൽ കെട്ടുകയാണെന്നിരിക്കട്ടെ. ചുരുങ്ങിയത് 16 ലക്ഷം വനിതകൾ വേണമത്രേ മതിലുയർത്താൻ. അതിനായി നിയോഗിക്കപ്പെടുന്ന, ജോലിക്കു പോകുന്ന സ്ത്രീകൾ അവധിയെടുത്താൽ, ഒരാൾക്കു ശരാശരി 300 രൂപ കൂലിയായി കൂട്ടിയാൽത്തന്നെ 48 കോടി രൂപ സംസ്ഥാനത്തിനു നഷ്ടം. ഇതും പോരാഞ്ഞ് ഒരു മന്ത്രി പറഞ്ഞത് 50 ലക്ഷം വനിതകളെ മതിലിനുവേണ്ടി അണിനിരത്തുമെന്നാണ്. അപ്പോൾ എത്ര കോടി രൂപ സംസ്ഥാനത്തിനു നഷ്ടം വരുമെന്നു കണക്കു കൂട്ടുമ്പോൾത്തന്നെ നമുക്കു തലകറങ്ങും. ഇതിനൊക്കപ്പുറമേ ഇത്രയും പേർക്കു യാത്രാച്ചെലവിനായി എത്ര രൂപ വേണ്ടിവരും? സർക്കാർ സംവിധാനങ്ങൾക്കു വേണ്ടിവരുന്ന ചെലവുകൾ വേറെയും. അതിന്റെ ഏകദേശരൂപം അറിയണമെങ്കിൽ പൊലീസ് വാഹനങ്ങൾക്ക് ആ ദിവസം എത്ര രൂപയുടെ ഇന്ധനം ചെലവാകും എന്നു മാത്രം ആലോചിച്ചാൽ മതി.

ഇനി മതിലുകെട്ടിയാൽത്തന്നെ അതെങ്ങനെയാണ് നവോത്ഥാനമാകുക? കേരളം ജാതീയമായി പല തട്ടുകളിൽ ആണെന്നു പറയുന്നവർതന്നെ, ചില ജാതികളെ തഴഞ്ഞും ചിലജാതികളെ ചേർത്തുനിർത്തിയും പണിയുന്നത് ഒരു ‘വല്ലാത്ത ജാതി’മതിൽ ആയിരിക്കും.

മതിൽ കെട്ടുന്നത് മലയാളിയുടെ ഒരു മനോരോഗമാണെന്നതും അതു പ്രളയകാലത്ത് എത്രമാത്രം ബുദ്ധിമുട്ടു സൃഷ്ടിച്ചു എന്നതും നമ്മൾ കണ്ടതാണ്. മറ്റുള്ളവരിൽനിന്ന് എന്തോ ഭദ്രമായും ഒളിച്ചും സൂക്ഷിക്കാനാണല്ലോ മതിൽകെട്ടുന്നത്. അപ്പോൾ, ഈ മതിൽപണിക്കാർക്കു ജനങ്ങളിൽനിന്ന് എന്തോ ഭദ്രമായി ഒളിച്ചുവയ്ക്കാനുണ്ടെന്നതു സ്പഷ്ടം.

ഇനി മറ്റൊരു കാര്യം. സാമ്പത്തികവർഷം അവസാനിക്കുക മാർച്ചിലാണ്. അല്ലാതെ, ഡിസംബറിലല്ല. തുക നേരാംവണ്ണം ചെലവഴിക്കാൻ ഇനിയും മൂന്നു മാസം കിടക്കുന്നു. അതിനാൽ, അയഡിൻ മരുന്നു പോലെ 50 കോടി രൂപയെ കാണരുത്.

(നടനും സംവിധായകനുമാണ് ലേഖകൻ. കടപ്പാട് : മനോരമ)

You might also like

Most Viewed