ദുരൂഹതകളൊഴിയാതെ ലാൽ ബഹാദൂർ ശാസ്ത്രിയുടെ മരണം


എബിൻ രാജു കിഴക്കേതിൽ

സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹാദൂർ ശാസ്ത്രിയുടെ 53ാം ചരമ വാർഷികമാണ് നാളെ. 53 വർഷങ്ങൾക്ക് ശേഷവും അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച ദുരൂഹതകൾക്ക് വിരാമമായിട്ടില്ല. ശാസ്ത്രിയുടെ ദുരൂഹമരണം അന്വേഷിച്ച രാജ്നാരായൺ സമിതി റിപ്പോർട്ട് പരസ്യപ്പെടുത്താൻ കേന്ദ്ര വിവരാവകാശ കമ്മിഷണർ (സിവിസി) ശ്രീധർ ആചാര്യലു കഴിഞ്ഞ മേയിൽ പ്രധാനമന്ത്രിയുടെ ഓഫിസിനോടും വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടിരുന്നു. 1977ൽ ജനതാ പാർട്ടി സർക്കാരാണ് അന്വേഷണ സമിതിയെ നിയോഗിച്ചത്. സത്യം അറിയാൻ ജനത്തിന് അവകാശമുണ്ടെന്നും അന്വേഷണ റിപ്പോർട്ട് ലഭ്യമാക്കേണ്ടതു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഉത്തരവാദിത്തമാണെന്നും നവദീപ് ഗുപ്തയുടെ പരാതി പരിഗണിച്ച സിവിസി പറഞ്ഞു.

അദ്ദേഹത്തിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭ്യമാക്കണമെന്നും ശാസ്ത്രിയുടെ മൃതദേഹം ഇന്ത്യയിൽ കൊണ്ടുവന്നാണോ ദഹിപ്പിച്ചത് അതോ റഷ്യയിൽ തന്നെ ദഹിപ്പിക്കുകയായിരുന്നുവോ എന്നതിൽ വ്യക്തത വേണമെന്നുമായിരുന്നു നവദീപ് ഗുപ്തയുടെ ആവശ്യം. ശാസ്ത്രിയുടെമരണം സംബന്ധിച്ച റിപ്പോർട്ടിലെ 11 പേജുകൾ പരസ്യമാക്കാൻ 2011ൽ മറ്റൊരു കേസിൽ സിവിസി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശവദാഹം സംബന്ധിച്ച വിവരങ്ങൾ രഹസ്യമാക്കി വെയ്ക്കാനായിരുന്നു അന്ന് തീരുമാനം.

എഴുപതുകളിൽ രാജ്യത്തിൻ്റെ പുരോഗതിക്ക് വേണ്ടി കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യസുരക്ഷക്കായി സൈനികരെ ചുമതലപ്പെടുത്തുന്നതും സംബന്ധിച്ച് നിലവിൽ വന്ന ഒന്നായിരുന്നു “ജയ്‌ ജവാൻ ജയ്‌ കിസാൻ” എന്ന മുദ്രവാക്യം. ലാൽ ബഹാദൂർ ശാസ്ത്രിയായിരുന്നു ഈ മുദ്രവാക്യത്തിന്റെ ഉപജ്ഞാതാവ്. ലളിത ജീവിതംകൊണ്ട് ശ്രദ്ധേയനായ അദ്ദേഹം രണ്ടര വർഷത്തോളം ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു.

1904 ഒക്ടോബർ 2ന് ഉത്തർപ്രദേശിലെ മുഗൾസരയി എന്ന സ്ഥലത്ത് ജനിച്ച അദ്ദേഹത്തിന് കാശി വിദ്യാപീഠത്തിലെ പഠന ശേഷം 1926−ൽ ശാസ്ത്രി എന്ന ബഹുമതി ലഭിച്ചു. ആഭ്യന്തരമന്ത്രി, ലോകസഭയുടെ ജനറൽ സെക്രട്ടറി, റെയിൽ‌വേ മന്ത്രി, ഗതാഗതമന്ത്രി തുടങ്ങിയ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 1964 മെയ് 27−ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു അന്തരിച്ചു. പിന്നീട് നെഹ്്റുവിന്റെ പാത പിന്തുടർന്ന സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായിരുന്ന ശാസ്ത്രി 1964 ജൂൺ−9 ന് ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ചു.

ഇന്ത്യ-പാക് യുദ്ധത്തിന് ശേഷം വെടിനിർത്തൽ നിലവിൽ വന്നപ്പോഴേക്കും സൗമ്യസ്വഭാവിയും മിതഭാഷിയുമായ ശാസ്ത്രി ഒരു ദേശീയ നായകനായിക്കഴിഞ്ഞിരുന്നു. 1966 ജനുവരിയിൽ ശാസ്ത്രി പാക്ക് രാഷ്ട്രപതി മുഹമ്മദ് അയ്യൂബ് ഖാനുമായി റഷ്യയിലെ താഷ്കന്റിൽ വെച്ച് കൂടിക്കാഴ്ച്ച നടത്തി. റഷ്യൻ പ്രധാനമന്ത്രി കോസിഗിൻ ആയിരുന്നു കൂടിക്കാഴ്ച്ച സംഘടിപ്പിച്ചത്. പാകിസ്താനുമായുള്ള പ്രശസ്തമായ താഷ്കന്റ് കരാറിൽ ജനുവരി 10−ന് ശാസ്ത്രി ഒപ്പുവെച്ചു. അതിന്റെ അടുത്ത ദിവസം ഹൃദയാഘാതം മൂലം ശാസ്ത്രി അന്തരിച്ചു. ഇന്ത്യക്കു പുറത്തുവെച്ച് മരിച്ച ഇന്ത്യയുടെ ഏക പ്രധാനമന്ത്രിയായ ലാൽ ബഹാദൂർ ശാസ്ത്രിയുടെ മൃതദേഹം ഇന്ത്യയിൽ കൊണ്ടുവന്ന ശേഷം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് ഒരുപാട് അഭ്യൂഹങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ശാസ്ത്രത്തിന്റെ സഹായത്താൽ ശാസ്ത്രിയുടെ മരണത്തിന് ഒരു ഉത്തരം കിട്ടുമെന്ന പ്രതീക്ഷയോടെ...

You might also like

Most Viewed