ഗംഗ പഴയ ഗംഗയല്ല


ശിബിരാജ് നീലക്കേരിൽ

നെഞ്ചും വിരിച്ചു ഇരു കൈകളിലും പങ്കായം പിടിച്ചു ഗംഗയിലെ നീരൊഴുക്കിനെതിരെ ആഞ്ഞു തുഴയുകായാണ് അഭിഷേക്‌. തുഴച്ചിലിനോടൊപ്പം വാചാലനാവുന്പോൾ തനിക്കും തന്റെ കുടുംബത്തിനും അന്നം നൽകുന്ന ഗംഗാ മാതാവിനെ പുകഴ്ത്തിപ്പറയാനും അയാൾ മറക്കുന്നില്ല. എട്ടാം ക്ലാസിൽ പഠനം നിർത്തിയ അന്ന് മുതൽ കൂടിയതാണ് ഗംഗയ്‌ക്കൊപ്പം. അതിനിടയിൽ വിദേശ ടൂറിസ്റ്റുകളോട് യെസ്സും നോയും പറഞ്ഞു പറഞ്ഞു ഇംഗ്ലീഷ് പ്രാവിണ്യം നേടി. അതുകൊണ്ട് തന്നെ ഇപ്പോൾ ഒരു ഗൈഡിന്റെ പരിവേഷമാണ് അവന്...

സാബ്... എന്ന് വിളിച്ച് അവൻ ഹിന്ദിയിൽ തുഴച്ചിലിന്റെ താളത്തിനൊപ്പം പറഞ്ഞു തുടങ്ങി... (ചിലപ്പോൾ നീരൊഴുക്ക് വിപരീദ ദിശയിലായിരിക്കും... നമ്മുടെ ജീവിതം പോലെ... പ്രതീക്ഷയ്ക്കൊത്തു മുന്നോട്ട് നീങ്ങണമെന്നില്ല.അപ്പോൾ കൂടുതൽ ശക്തിയിൽ തുഴയേണ്ടി വരും...

ഒരു വ്യാഴവട്ടക്കാലം എന്നത് ഒരു മനുഷ്യായുസ്സിന്റെ ദൈർഘ്യമേറിയ കാലഘട്ടമാണ്. ഇത്രയും കാലം ഇങ്ങനെ ആവേശത്തോടെ തുഴഞ്ഞ അഭിലാഷിന്റെ കൈക്കരുത്തിനെപ്പറ്റിയായിരുന്നു പിന്നെ ഞങ്ങൾ സംസാരിച്ചത്.ഗംഗയിലെ ഗാട്ടുകൾ (വിവിധ പേരുകളിൽ ഉള്ള കടവുകൾ) എന്നറിയപ്പെടുന്ന ഗംഗാതീരത്തിന്റെ കാഴ്ച്ചകളിൽ അതിശയോക്തി കലർന്നതും നേരിട്ട്കണ്ടതുമായ നിരവധി കഥകളും കാഴ്ച്ചകളുമാണ് വാരണാസിയിലെ അനുഭവങ്ങൾ സമ്മാനിച്ചത്. അസി ഗാട്ടിൽ തുടങ്ങി, പഞ്ചാഗ്നി അഘോര ഗാട്ട് വരെ 88 ഗാട്ടുകളാണ് വാരണാസിയിലെ ഗംഗാതീരത്തെ പ്രധാനഭാഗത്ത് മാത്രമുള്ളത്. ശവദാഹത്തിനും, ഉദകക്രിയക്കും പ്രസിദ്ധമായ ഹരിശ്ചന്ദ്ര ഗാട്ടിലെ തീയണയാത്ത തീരത്ത് പത്തോ പതിനഞ്ചോ മൃതശരീരങ്ങളാണ് ദഹിച്ചുകൊണ്ടിരുന്നത്. മണികർണ്ണികാ ഗാട്ടിലെ തിരക്കിൽ ഒരു കണക്കെടുപ്പ് അപ്രായോഗികമായിരുന്നു, അഭിഷേക് പറഞ്ഞുകൊണ്ടേയിരുന്നു. ദക്ഷയാഗത്തിൽ ജീവത്യാഗം ചെയ്ത സതി ദേവിയുടെ ശരീരവുമായി വിലപിച്ചിരുന്ന ശിവന്റെ ദുഃഖം കണ്ടു സഹിക്കാനാവാതെ വിഷ്ണു ഭഗവാനയച്ച സുദർശന ചക്രം, സതി ദേവിയുടെ ശരീരം 51 കഷണങ്ങൾ ആക്കുകയും അതിൽ മണികർണ്ണികയെന്ന കർണ്ണാഭരണം ഇവിടെ വീണു എന്നുമാണ് മണികർണ്ണികയുടെ ഐതിഹ്യങ്ങളിൽ ഒന്ന്.

വിലാപങ്ങളും ഭക്തി സ്തുതികളും ശംഖ നാദങ്ങളും മണിയൊച്ചയും സദാ മുഴങ്ങുന്ന ഈ ഗാട്ടുകളിൽ നിന്നുയരുന്ന ശബ്ദങ്ങളിൽ നിന്നാണ് ഇവിടത്തുകാരുടെ ദിവസങ്ങൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും. ആത്മാക്കളുടെ പോക്കുവരവുകൾ തിരിച്ചറിഞ്ഞിട്ടെന്നപോലെ ശ്വാനഗണങ്ങളുടെ ശ്രുതി തെറ്റിയ ഓരിയിടൽ വേറിട്ട അകന്പടിപോലെ ആവർത്തിച്ചുകൊണ്ടേ യിരുന്നു!! റാം റാം മന്ത്രങ്ങളോടെ ഓരോ നിമിഷങ്ങളിലും സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും, നേപ്പാളിൽ നിന്ന് പോലും എത്തിക്കൊണ്ടിരിക്കുന്ന മൃതദേഹങ്ങളും അവയ്ക്കൊപ്പം എത്തുന്നവരെയും കൊണ്ട് തെരുവുകൾ പാതിരാത്രിയിലും സജീവമാണ്. അവർക്കു വേണ്ടുന്ന പൂക്കളും ധൂപവസ്തുക്കളും ആവശ്യസാധനങ്ങളും നൽകിക്കൊണ്ട് ഉപജീവനമാർഗ്ഗങ്ങൾ കണ്ടെത്തുന്നവരുടെ സങ്കേതം കൂടിയാണ് ഈ തെരുവുകൾ. ശവദാഹത്തിന് വിറകുകൾ കച്ചവടം ചെയ്യുന്നവർ പാതിരാത്രിയിലും സേവനനിരതരാണ്.

അതിനിടയിൽ നാടകങ്ങളിലെ സന്യാസി വേഷം കെട്ടിയ നടനെപ്പോലെ തോന്നുന്ന നോട്ടു കെട്ടുകളിൽ കണ്ണും നട്ടിരിക്കുന്ന കപട ഭിക്ഷാംദേഹികളെ ഗംഗ തീരത്തു ഞങ്ങൾ കണ്ടു. ശ്രീ ശങ്കര ഭഗവൽപാദരുടെ ഭജഗോവിന്ദത്തിലെ, ചതുർദശ മഞ്ജരികാ സ്തോത്രം ഓർമ്മപ്പെടുത്തി!

“ജടിലോ മുണ്ധീ ലുഞ്ജിത കേശഃ കാഷായാന്ബര ബഹുകൃത വേഷഃ

പശ്യന്നപി ച ന പശ്യതി മൂഢഃ ഉദര നിമിത്തം ബഹുകൃത വേഷഃ” (ജടാ ധാരി, തല മുണ്ധനം ചെയ്തയാൾ, തലയിലെ ഓരോ രോമങ്ങളും പിഴുതെടുത്തയാൾ, ഇങ്ങനെ കാഷായ വേഷം ധരിച്ച പല വിധ വേഷങ്ങൾ. (സത്യമെന്തെന്ന്‌) കാണുന്നുണ്ടെങ്കിലും (സത്യം) കാണാത്ത മൂഢൻമാർ തികച്ചും വയറ്റുപ്പിഴപ്പിനായി മാത്രം പല വിധ വേഷം ധരിച്ചവർ.)

സർവ്വസംഗപരിത്യാഗികളായ ചുരുക്കം സന്യാസിമാരെയും, രാവും പകലും പൂജകളിൽ വ്യാപൃതരായി ജീവിതം ഈശ്വരനിൽ അർപ്പിച്ചു ഗംഗയുടെ പുണ്യം പേറുന്നവരെയും ഞങ്ങൾ കണ്ടു!! എല്ലാ വൈവിധ്യങ്ങളും ഈ ഗാട്ടുകളുടെ ഭാഗമാണ്. ഗംഗയിൽ ഒഴുകി നടന്നിരുന്ന മൃതശരീര അവശിഷ്ടങ്ങൾ ഭക്ഷിക്കുകയും മനുഷ്യാസ്ഥി കത്തുന്ന ചുടലയിൽനിന്നു ഭസ്മമണിയുന്നവരും, കഞ്ചാവിന്റെ ലഹരിയിൽ എല്ലാം മറക്കുന്നവരും, അഘോരികൾ എന്ന് തോന്നുന്നവരെയും കത്തുന്ന ചിതയുടെ വെളിച്ചത്തിൽ പലയിടത്തും കാണാമായിരുന്നു. അഘോരികൾ കുംഭമേളയുടെ സമയത്തു മാത്രം പുറത്തിറങ്ങുന്ന സന്യാസി വിഭാഗമാണ്, ഇവരെക്കുറിച്ചുള്ള കെട്ടുകഥകൾ ധാരാളമെങ്കിലും, കൃത്യമായ അറിവുകൾ വളരെ പരിമിതമാണ്, ഇവർ പൊതുവെ വനന്തരങ്ങളിലോ ഹിമാലയത്തിലോ ആണ് കഴിച്ചു കൂട്ടാറ് എന്നാണ് പറയപ്പെടുന്നത്.

ഇവിടെ നിന്ന് ഏകദേശം 140 കിലോമീറ്റർ ദൂരയുള്ള അലഹബാദിലെ പ്രയാഗ്‌രാജിൽ 12 വർഷത്തിൽ ഒരിയ്ക്കൽ മാത്രം നടക്കുന്ന കുംഭമേളയിൽ സംബന്ധിക്കാനെത്തുന്ന നാഗാസന്യാസിമാരുടെ സാന്നിദ്ധ്യം വാരണാസിയിലും കാണാവുന്ന മാസമാണിത്. ഗാട്ടുകളിൽ അങ്ങിങ്ങു വിഭൂതിയിൽ കുളിച്ചു നിൽക്കുന്ന സന്ന്യാസിമാരുടെ ഉറക്കവും നിത്യവൃത്തിയും എല്ലാം ഗംഗാതീരത്തുതന്നെ. കുംഭമേളയുടെ ഭാഗമായി ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തുന്ന സന്യാസിമാരും ടൂറിസ്റ്റുകളും ഗാട്ടുകളിൽ സജീവമാണ്. അതുകൊണ്ടു തന്നെ ഇപ്പോൾ ഇവിടെ ഭക്തി ടൂറിസം പച്ചപിടിച്ചിരിക്കുകായാണ്.

പ്രവാസി ഭാരതീയ ദിവസ് അടക്കമുള്ള ആഘോഷങ്ങളുടെ നിറവിൽ വാരണാസി ദീപപ്രഭയിൽ മുങ്ങി നിൽക്കുന്പോഴും അവയ്ക്കിടയിലൂടെ പട്ടു പുതച്ചെത്തുന്ന മൃതദേഹങ്ങൾ ഏന്തിയെത്തുന്ന ആൾക്കൂട്ടങ്ങൾ ഇവിടത്തുകാർക്ക് നിത്യ കാഴ്ച്ച മാത്രം.

ഗംഗയുടെ പൂർണ്ണമായ ശുദ്ധീകരണം ഇനിയും സംഭവിക്കേണ്ടിയിരിക്കുന്നു, 50000 −ത്തോളം ആൾ‍ക്കാർ‍ ജോലി ചെയ്യുന്ന കാൺ‍പൂരിലെ മാത്രം 400 തുകൽ വ്യവസായശാലകളിൽ നിന്നും ഗംഗയിലോട്ടു പുറംതള്ളുന്ന അമ്ലാംശമുള്ള മാലിന്യങ്ങൾ കൊണ്ട് ഗംഗ വിഷകാരിയായി മാറിയിരിക്കുകയായിരുന്നു. പക്ഷെ ഗംഗ ശുദ്ധീകരിക്കാനുള്ള സർക്കാരിന്റെ പദ്ധതി മുക്കാൽ ഭാഗവും വിജയത്തിലെത്തിയതിന്റെ ലക്ഷണമാണ് കാണുന്നതെന്ന് ഇവിടുത്തുകാർ പറഞ്ഞു. “കഴിഞ്ഞ വർഷങ്ങളിൽ വരെ കണ്ട ഗംഗയല്ല ഇപ്പോഴത്തേത്, ഗംഗ തന്റെ പഴയ രൂപത്തിലേയ്ക്ക് വരികയാണ്” എല്ലാ വർഷവും വാരണാസി സന്ദർശിക്കുന്ന ഒരു വിദേശ ടൂറിസ്റ്റ് പറഞ്ഞു കഴിയുന്പോഴേയ്ക്കും ജപ്പാന്റെ ആധുനിക ഫിൽറ്ററിംഗ്‌ സംവിധാനം ഘടിപ്പിച്ച ബോട്ടിന്റെ ഇരന്പൽ ഗംഗയിൽ മുഴങ്ങി. എല്ലാ ദിവസവും ഈ ഉപകരണവുമായി ബോട്ട് പല തവണ ഗംഗയിൽ കറങ്ങി ജല ശുദ്ധീകരണം നടത്തുന്നുണ്ടത്രേ.

മാലിന്യത്തിന്റെ കാര്യത്തിൽ‍ ലോകനദികളിൽ‍ ഏറ്റവും മുന്നിലായിരുന്ന ഗംഗാനദിയുടെ മുഖച്ഛായ മാറുന്നതിനോട് നാട്ടുകാരും സഹകരിക്കുന്നുണ്ടെന്നത് പോലീസ് പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങളോ കുപ്പികളോ നദിയിൽ വലിച്ചെറിയുന്നതിന് ശക്തമായ വിലക്കുണ്ട്. ലോകത്തേറ്റവും ആൾ‍ക്കാർ‍ ഉപയോഗിക്കുന്ന നദിയായ ഗംഗ 50 കോടിയിലേറെപ്പേർ‍ ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. 11 സംസ്ഥാനങ്ങളിൽ‍ക്കൂടി ഒഴുകുന്ന ഗംഗയെ സംരക്ഷിക്കാൻ നടക്കുന്ന ശ്രമങ്ങളിൽ നാട്ടുകാരുടെ താൽപ്പര്യവും ചെറുതല്ല.

നദി ഒഴുകിവരുന്ന ഇടങ്ങളാകെ മനുഷ്യമഹാസമുദ്രങ്ങളാണ്‌. അതിൽ‍ത്തന്നെയാണ്‌ കുളി, അലക്ക്‌, വളർ‍ത്തുമൃഗങ്ങളെ കുളിപ്പിക്കൽ‍, വ്യാവസായിക മാലിന്യങ്ങൾ‍ കൊണ്ടുതള്ളൽ‍ എന്നിവയെല്ലാം. ഒരു ലക്ഷത്തിനുമുകളിൽ‍ ജനങ്ങൾ‍ വസിക്കുന്ന 29 നഗരങ്ങളാണ്‌ ഗംഗാതീരത്തുള്ളത്‌. ജൈവമാലിന്യങ്ങൾ‍ അടങ്ങിയ മലിനജലം ഇവിടെനിന്നെല്ലാം നേരേ ഗംഗയിലേക്കായിരുന്നു എത്തിക്കൊണ്ടിരുന്നത്. കൂടാതെ വന‍നഗരങ്ങളായ കാൺ‍പൂർ‍, വാരണാസി, പാറ്റ്‌ന എന്നിവിടങ്ങളിലെല്ലാമുള്ള എണ്ണമറ്റ വ്യവസായശാലകൾ‍, രാസവസ്തുശാലകൾ‍, തുണി ഉൽ‍പ്പാദനകേന്ദ്രങ്ങൾ‍, ഡിസ്റ്റിലറികൾ‍, കശാപ്പുകേന്ദ്രങ്ങൾ‍, ആശുപത്രികൾ‍ എന്നിവയിൽ‍ നിന്നെല്ലാം ശുദ്ധീകരിക്കാത്ത ജലം നേരെ ഗംഗയിലേക്കായിരുന്നു തുറന്നുവിടുന്നത്‌. അതിനെല്ലാം ഇപ്പോൾ കൃത്യമായ മാനദണ്ധങ്ങൾ വന്നുതുടങ്ങി.

ജല‍−സമാധിയാണ് ഗംഗയുടെ മലിനീകരണത്തിന്റെ പിന്നിലുള്ള ഏറ്റവും വലിയ കാരണം. മത പാരന്പര്യമനുസരിച്ച്‌ മൃതദേഹങ്ങൾ‍ പത്മാസനത്തിൽ‍ ഇരുത്തി ജല‍−സമാധിയിലേയ്ക്ക് ഒഴുക്കി വിടുകയാണ് ചെയ്തിരുന്നത്. ജല മലിനീകരണത്തിലേയ്ക്ക് നയിക്കുന്ന ഈ ആചാരം ദീർ‍ഘകാലമായി സന്യാസിമാർ‍ നടത്തുകയായിരുന്നു. അതും നിർത്തലാക്കിക്കഴിഞ്ഞുവെങ്കിലും പോലീസിന്റെ കണ്ണു വെട്ടിച്ച് ചിലർ ഇപ്പോഴും ഈ ആചാരം നടത്തുണ്ടെന്നാണ് മൺകോപ്പയിൽ ചായ വിൽപ്പന നടത്തുന്ന റബീറിന്റെ കണ്ടെത്തൽ.

മുജ്ജന്മപാപങ്ങൾ‍ കഴുകിക്കളയാനായി ഉത്സവകാലങ്ങളിൽ‍ എതാണ്ട്‌ 7 കോടി ആൾ‍ക്കാരാണ്‌ ഗംഗയിൽ‍ കുളിക്കുന്നത്‌. അതുകൊണ്ടു തന്നെ ഭക്ഷണാവശിഷ്ടങ്ങൾ‍, ഇലകളും പൂക്കളും എല്ലാം ഇതോടൊപ്പം ഗംഗയിൽ‍ ഒഴുക്കുന്നു. ഓരോ വർ‍ഷവും വാരാണസിയിൽ‍ മാത്രം നദീതീരത്ത്‌ സംസ്കരിക്കുന്നത് ഏതാണ്ട്‌ 40000 മൃതദേഹങ്ങളാണ്‌. ശുദ്ധീകരണ പ്രക്രിയ ആരംഭിച്ചതോടെ ശവദാഹത്തിനും ചില മാനദണ്ധങ്ങൾ തുടങ്ങി. മുൻപ് പകുതി മാത്രം ദഹിച്ച മൃതദേഹങ്ങൾ ഒഴുക്കിയ മണികർണ്ണികാ, ഹരിശ്ചന്ദ്രാ ഗാട്ടുകളിൽ കൃത്യമായ പോലീസ് നിരീക്ഷണ സംവിധാനവും വന്നു തുടങ്ങി.

പ്രകൃതി വാതകം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ദഹന സംവിധാനങ്ങൾ സമയവും ചിലവും ലഭിക്കാൻ സഹായിക്കുന്നു. ഗംഗയുടെ ശുദ്ധീകരണം തുടർന്നും നടന്നാൽ ടൂറിസ്റ്റുകൾ കൂടുതൽ എത്തിച്ചേരുമെന്നും അതുവഴി തങ്ങളുടെ വരുമാനം കൂടുമെന്നുമുള്ള തിരിച്ചറിവ് പുതിയ തലമുറക്കാർക്കു വന്നു തുടങ്ങി എന്നത് തന്നെ വലിയ നേട്ടമാണെന്നും വരും നാളുകൾ ഗംഗയെ കൂടുതൽ തെളിച്ചമുള്ളതാക്കി മാറ്റാനുള്ള തങ്ങളുടെ ദൗത്യം തുടരുമെന്നും ഇവിടത്തുകാർ ഒറ്റ സ്വരത്തിൽ പറയുന്നു.

You might also like

Most Viewed