കലപില


അദൃശ്യൻ

കുടിയൻമാരുടെ ഗദ്ഗദം

സകൃതകൃതാവായ നാട്ടുകാരെ... ഒന്നു ചോദിച്ചോട്ടെ ഞങ്ങൾ കുടിയൻമാരെ എന്തിനാ സർക്കാർ ഇങ്ങനെ ദ്രോഹിക്കുന്നത്? സർക്കാരുകൾ എപ്പൊ ബജറ്റ് പ്രഖ്യാപിച്ചാലും മദ്യത്തിന് വില കൂടിയിട്ടുണ്ടാകും. എപ്പഴേങ്കിലും ഒന്ന് കുറഞ്ഞ് കണ്ടിട്ട് വേണം പടമാവാൻ. ഐസക്കച്ചായൻ ചക്കവെട്ടി താഴെയിടുന്ന പോലെ ബജറ്റു പ്രഖ്യാപിക്കുന്പോൾ ഇത്തവണയും മദ്യത്തിന് വില മേലോട്ടന്നെ. പ്രളയാനന്തരം നഷ്ടം വന്നപ്പോഴും കുടിയൻമാരുടെ മണ്ടയ്ക്കിട്ട് രണ്ട് മേട്ടം കൂടുതൽ മേടിയിരുന്നു.

മൂന്ന് മാസം പത്ത് ശതമാനമാണ് വർദ്ധനവുണ്ടാക്കിയത്. ഞങ്ങളിങ്ങനെ കുടിച്ച് കൂത്താടുന്നതുകൊണ്ട് സർക്കാരിന് നേട്ടമുണ്ടാകുന്നുണ്ടല്ലോ എന്ന് ആലോചിക്കുന്പോഴാ... ഹൊ! എന്നാലും ഒന്നാലോചിച്ചാൽ ബജറ്റിൽ തട്ടിവിടുന്നവ ഒട്ടുമിക്കതും പ്രഖ്യാപനത്തിലൊതുങ്ങുന്പോ മ്മളെ വെള്ളത്തിൽ നഞ്ച് കലക്കുന്നതിന് മാത്രം ഒരു എളവുമില്ല. അത് മുറയ്ക്ക് നടക്കുന്നുണ്ട്. ചിലപ്പോ മദ്യപാനികളുടെ എണ്ണം കുറയ്ക്കാൻ സർക്കാർ രണ്ടടി മുന്നോട്ട് വെച്ചതാണേലോ... എന്തായാലും ആര് വന്നാലും കൂട്ടിലെ കോഴി കറിച്ചട്ടീലന്നേ...

കുപ്പീ കേറാത്ത ലാൽ

ഇച്ചിരി തടികൂടിയോണ്ട് ലാലിനെ കുപ്പീകൊള്ളോ സേട്ടൻമാരെ. ഒരു കുപ്പി തയ്യാറാക്കി അത് മിനുക്കിവെച്ചിട്ട് കൊറേ കാലായി. ലാലിപ്പൊ കേറും ലാലിപ്പൊ കേറൂന്ന് വിചാരിച്ച് എല്ലാ മന്ത്രവാദികളും വാദിനികളും ദണ്ധുകൾകൊണ്ട് ചൊറിഞ്ഞു തുടങ്ങിക്ക്ണ്്. ഓരിയിട്ട് ഗോപാലനും മേശയിൽ തട്ടി രമേശനും ഒച്ചവെച്ച് തുടങ്ങിയപ്പോ ലാല് കുപ്പിയുടെ അടുത്തെത്തിയെന്ന് വിചാരിച്ചു. നാട്ടിലൊക്കെ ലാല് കുപ്പീ കേറുമെന്ന് പാട്ടായിട്ടുണ്ടേലും ഒടിയൻ കളിച്ച് മൂപ്പര് മാറി നിക്കന്നേണ്്. എന്നെക്കൊണ്ട് അയിനൊന്നും ആവൂല, അഭിനയിച്ചൊപ്പിക്കുന്നതിന്റെ പാട് തന്നെ എനിക്കേ അറിയൂ എന്ന ലൈനിലാണ് ലാല്. ഇനിയിപ്പോ ദേശാടനപക്ഷികളുടെ കൂടെ പറക്കാനാണ് ലാലിന്റെ വിധിയെങ്കി അങ്ങനൊരു നാടകം കൂടെ കാണേണ്ടിവരും പാവങ്ങളായ കാഴ്ചക്കാർ...

രാഹുകാലം നോക്കി ഇറങ്ങേണ്ടേ രാഹുലേ?...

രാഷ്ട്രീയ മോടി കൂട്ടാൻ രാഹുകാലം നോക്കിയേ എപ്പഴും ഗാന്ധിതലമുറയെന്ന് സ്വയം അവകാശപ്പെടുന്ന വലിയ കോയിക്കലിലെ ഇളമുറക്കാരൻ രാഹുൽ പുറത്തിറങ്ങാറുള്ളു. ശുക്രനും ശനിയും പരസ്പരം പോരടിച്ചതിനെ തുടർന്ന് നേരം തെറ്റിയിറങ്ങിയ രാഹുൽ കൊച്ചീലെത്തിയപ്പോ ദേണ്ടേ ആകെ വശപ്പിശക്. തർജ്ജമ കേട്ട് മൈക്ക് തിരിച്ച് തെറിവിളി തുടങ്ങിയപ്പോ സത്യത്തിൽ കേക്കാത്തോണ്ടാന്ന് സതീശേട്ടൻ പറഞ്ഞു. സതീശേട്ടന്റെ സ്പെല്ലിംഗ് മിസ്റ്റേക്ക് കണ്ട് രാഹുൽ രാഹുകാലത്തെ ശപിച്ചു. സതീശനല്ല രാഹുവാണ് ചതിച്ചതാശാനെ എന്നൊരു സുല്ലും! ഇന്നാലും മൂപ്പര് പറഞ്ഞൊപ്പിച്ചു. ലാസ്റ്റ് രാഹുസാറ് തോളിൽ തട്ടി പറഞ്ഞു, ഇജ് സുലൈമാനല്ലടാ ഹനുമാനാണെന്ന്...

പറഞ്ഞൊപ്പിച്ച് കാറീ കേറി വിമാനം പിടിക്കാൻ നേരം ദേ കിടക്കുന്നു എഫ്ബീല് ടീച്ചറുടെ പോസ്റ്റ്. രാഹുൽ േകരളത്തെ അപമാനിച്ചത്രേ!. മൂപ്പര് മാത്രേ ഇതിനി ചെയ്യാത്തതുണ്ടായിരുന്നുള്ളു! ഇടക്കിടെ വന്നു പോണോരും വരാനിരിക്കുന്നോരും കേരളത്തെ മഴു പ്രസവിച്ചതാണെന്ന് പറയുന്പോ ലേശം പോലും അപമാനമുണ്ടായിരുന്നില്ല. സംസ്ഥാനത്തെ ഹെൽത്തിനെ കുറിച്ച് രാഹുൽ പറഞ്ഞത് ശരിയായില്ലെന്നാണ് ടീച്ചറ് പറയുന്നത്. അതിനിപ്പോ സതീശേട്ടൻ തർജ്ജമ ചെയ്തപ്പോ മാറി പറഞ്ഞതാണോന്ന് അറീലട്ടോ... ഇന്നാലും കേരളത്തിൽ ആരോഗ്യ രംഗത്ത് അത്ര കൊയപ്പം ഉണ്ടോ? ഏയ് ഇവിടൊരു കൊയപ്പോം ഇല്ല. മുഖ്യമന്ത്രി അമേരിക്കയിൽ പോയി വിദഗ്ദ്ധ ചികിത്സ ചെയ്യുന്നത് “സിഎം അമേരിക്കേ പോയീന്ന് വീന്പെളക്കാനാന്നേ...”

മല വീണ്ടും എലിയെ പ്രസവിച്ചു

ഒന്നടങ്ങിയതായിരുന്നു. ഇന്നലെ മാലോകരൊക്കെ ചേർന്ന് സുപ്രീം കോടതിയുടെ വാതിൽ തുറന്നിട്ട് ആകെ ഒച്ചപ്പാടുണ്ടാക്കി. ശബരിമലയിലെ പെണ്ണുങ്ങളുടെ പ്രവേശന വിധിയിൽ കോടതിയ്ക്ക് തെറ്റ് പറ്റിയെന്ന് ഒരേ സ്വരത്തിൽ ഹർജിക്കാരൊക്കെ. പറഞ്ഞതന്നെ പറഞ്ഞ് സമയം മെനക്കെടുത്തല്ലേന്ന് ജസ്റ്റിസ് അങ്ങുന്ന്. വീണ്ടും പറഞ്ഞതന്നെ പറഞ്ഞപ്പോ ഇനി പറയാനുള്ളതൊക്കെ എഴുതി കത്താക്കി അഡ്രസ് തെറ്റാതെ പോസ്റ്റാൻ പറഞ്ഞിട്ടുണ്ട്. അയിന് ശേഷമുള്ള “പോസ്റ്റ്മോർട്ടത്തിൽ” വരുന്ന വിധിയെ പഴിക്കാൻ ഇപ്പഴേ മുറ്റം തൂത്ത് തുടങ്ങിയിട്ടുണ്ട് മാലാകാര പൂക്കളുണ്ടാകുന്ന ഓർക്കിഡ് മരങ്ങൾ! എന്തായാലും മല വിഴുങ്ങിയ എലി പ്രസവിക്കട്ടെ...

മാവേലിക്ക് ശേഷം...

ഇനിയിപ്പൊ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് വേണം ഒന്നുറങ്ങാൻ. വാമനൻ തേച്ച മാവേലിക്ക് ശേഷം മറ്റൊരു രാജാവും തേയാൻ നിന്നു കൊടുത്തിട്ടില്ല. തേഞ്ഞതൊക്കെ പ്രജകൾ. അന്നുതൊട്ടിന്നുവരെ നേരാവണ്ണം പരീക്ഷ പാസാവാത്തവരൊക്കെ ചേർന്ന് മാറി മാറി ഭരിച്ച് മ്മളെ പരീക്ഷിച്ചോണ്ടിരിക്കല്ലേ?. രാജാവ് നഗ്നനായി വന്നാ പോലും പട്ടുടുത്തതും തൊപ്പി വെച്ചതും നന്നായിട്ടുണ്ടെന്ന് പറയുന്ന ഇനങ്ങളാണ് ചുറ്റിലും. അർദ്ധ നഗ്നനായി ഒരു രാജാവ് വന്നുപോയാൽ പൂർണ്ണനഗ്നനായി മറ്റൊരു രാജാവ് വരും, അയിലപ്പുറം വേറെ മാറ്റമൊന്നുമില്ല. “പീട്യേലെ ചായക്ക് ചിലവുണ്ടാകും വരുന്ന എലശ്ശൻ കഴിഞ്ഞാൽ” എന്നാണ് പീടികകോലായികൾ പറയുന്നത്. അതിലും ഇപ്പോ ലാഭണ്ടാവില്ലല്ലോ, നേതാക്കൻമാർക്ക് ചായ ഫ്രീയല്ലേ... കുടികഴിഞ്ഞൊരു പാട്ടും... “ചായക്കടക്കാരാ നിന്റെ ചായേല് മധുരമില്ല...”!

സീബീഐക്കെന്താ ഈ വീട്ടിൽ കാര്യം?

കാര്യമുണ്ടായാലും ഇല്ലേലും മമത ഇരുന്ന് നടത്തിയ ധർണ്ണ നൈസായിട്ട് ചീറ്റി. ഇന്റെ പോലീസിനെ ഞമ്മള് നോക്കിക്കോളാന്ന് കേന്ദ്രത്തിൽ പിടിയുള്ളോരോട് മമത പറയാൻ പാടുണ്ടോ? ഞമ്മളേലും പോലീസും പട്ടാളോം ഉണ്ടെന്ന് ഉടനെ അവിടുന്ന് മറുപടീം വന്നു. സുപ്രീം കോടതി കൊടുത്ത കടലാസും ചുരുട്ടി പിടിച്ച് പോയ സീബീഐ ഭാഗ്യം കൊണ്ട് ലോക്കപ്പിലായില്ല. മമത പിടിച്ച് മെരട്ടി കളഞ്ഞു. കഷ്ടകാലത്തിന് കമ്മീഷണറെ ചോദ്യം ചെയ്യാമെന്ന് കോടതി പിന്നെ പറഞ്ഞപ്പോ മമതക്ക് ഇരുട്ടടി കിട്ടിയ പോലായി. ജയിക്കാൻ വേണ്ടിയും അധികാക്കൊതികൊണ്ടും കളിക്കുന്ന ഒരു കളിയാണ് രാഷ്ട്രീയമെന്ന് കേന്ദ്രത്തിലുള്ളോർക്കുമറിയാ അല്ലാത്തോർക്കുമറിയാ. “ചിട്ടിവെച്ച് ഉളുപ്പില്ലാതെ കായിമേടിച്ചിട്ടുണ്ടേ തിരിച്ച് കൊടുക്കട ഹമ്ക്കേ” എന്ന് പണ്ടൊരു ചിട്ടി തട്ടിപ്പ് കേസിൽ മദ്ധ്യസ്ഥത്തിന് വന്ന ലിന്പ്വോട്ടൻ പറയണത് കേട്ടിട്ടുണ്ട്. സീബീഐയും സുപ്രീം കോടതിയുമൊക്കെ ഇടപെടുന്ന ചിട്ടിക്കേസ് ഇതാദ്യായിട്ട് കേക്കാ. എന്റെ കെഎസ്എഫ്ഈ കാത്തോണേ...

ഒറ്റക്കണ്ണടച്ചങ്ങനെ പ്രാർത്ഥിച്ചു കൊണ്ടിക്കുന്പോഴാണ് ചെണ്ട മേളം കേക്കണത്. മേളത്തിനൊപ്പം അർമ്മാദിച്ച് ആടുന്ന പച്ചകുപ്പായക്കാരിയെ കണ്ടപ്പോ കണ്ണെടുക്കാൻ തോന്നീല. ഓളൊരു പുലികുട്ട്യാന്ന് എല്ലാരും പറഞ്ഞ്. പൂരല്ലേ അത് ആസ്വദിച്ച് കാണണം എന്നൂടെ പാറു (പാർവ്വതി) പറഞ്ഞപ്പോ ദദ് കലക്കീന്ന് നാട്ടാരും. മ്മടെ നാട് ആസ്വദിച്ച് ജീവിക്കന്നേണ്ന്ന് ആ പച്ചക്കുപ്പായക്കാരിയുടെ ആട്ടം കണ്ടാ അറിയാട്ടോ. ഒരു മീഡിയേലും അക്കൗണ്ടില്ലാത്ത ഓൾക്കെന്ത് മലയും എലിയുമാണ്?!!

You might also like

Most Viewed