ബ്ലോ­ക്കിംഗ് അഥവാ­ തടയണ സമരം


നിതിൻ നാങ്ങോത്ത്

 താൽപര്യമില്ലാത്തവരെ ബ്ലോക്കുക എന്ന കലാപരിപാടി അഭ്യസിച്ചത് ഫേസ്ബുക്കിൽ നിന്നാണ്. കൊണ്ടും കൊടുത്തും തേനീച്ച കുത്തിയ മുഖകമലവുമായി ആയിരങ്ങൾ വിജൃംഭിച്ചിരിപ്പുണ്ട്. പറഞ്ഞു വരുന്നത് ‘ഭോപ്പാൽ ദുരന്തത്തെപ്പറ്റി തന്നെ. ഇരട്ടച്ചങ്കനെ വെറും ഓട്ടച്ചങ്കനെന്ന് ചാപ്പ കുത്താൻ ക്രിയേറ്റ് ചെയ്ത ‘രണ്ടാം ഭോപ്പാൽ ദുരന്തം!’ നിത്യാഭ്യാസിയും ചാണക്യനുമായ വല്ല്യേട്ടൻ നൈസായി സ്കൂട്ടായതാണെന്ന് ഫാൻസ് അസോസിയേഷൻകാർ. തങ്ങളുടെ പെർമിഷനെടുക്കാതെ ഒരീച്ചയും കാക്കയും പറക്കാത്ത പാർട്ടിഗ്രാമങ്ങളിലെ കുണ്ടിടകളിലൂടെ രാജ്യനാഥൻ ഒരു പോറലുമേൽക്കാതെ വന്നുപോയത് ഓർമ്മയിലിരിക്കട്ടെയെന്ന വാണിംഗ് ബെൽ. കരിങ്കൽച്ചീളിന്റെ കണ്ണൂർ മൂർച്ച മുൻമുഖ്യൻ വിവരിച്ചു തരും.

ഈശ്വരാ, 2017ഉം കൈവിട്ടു പോകുമല്ലോ എന്നാ പേടി! കമ്മികളും സംഘികളും കൂടി പുതുവർഷത്തിൽ അരങ്ങേറ്റം കുറിക്കാനിരിക്കുന്ന പരിചമുട്ടു കളി റദ്ദു ചെയ്യാൻ വല്ല വകുപ്പുമുണ്ടോ ഊർജ്ജിത് പ്രൈം മിനിസ്റ്റർ? സുഡാപ്പികളുടെ സ്ഫോടനാത്മക കളികളെ എങ്ങനെ ഡിഫൻ്റ് ചെയ്യുമെന്റെ ആഭ്യന്തര പുണ്യാളാ.. കൊങ്ങികൾ ഈ വർഷം റിസർവ് ബഞ്ചിലിരുന്നേക്കും. പരിക്കും പരിശീലനക്കുറവും നന്നായുണ്ട്. നല്ലൊരു കോച്ചിനെ തേടുകയാണ്.

പരിച ഒരു പ്രതീകമാണ്. പ്രതിരോധത്തിന്റെ ആണടയാളം. മുനകൂർത്ത വാൾ ഗീതത്തെ പരിച വെച്ച് ബ്ലോക്ക് ചെയ്ത എത്രയോ വീര ‘ഗദ’കൾ നമ്മുടെ വടക്കൻ പാട്ട് പാരന്പര്യത്തിലുണ്ടല്ലോ. ചരിത്രത്തിൽ ഗൂഗിൾ ചെയ്താൽ ചിത്രം വ്യക്തമാകും. ഇങ്ങ് വടക്കേ ഭൂവിൽ കേരളാ ബ്ലോക്േസ്റ്റഴ്സ് വെടക്ക് കളി കളിക്കുന്പോൾ അതായത് കൊലപാതകങ്ങളുടെ ഗോൾ പോസ്റ്റിൽ സ്കോറു കൂട്ടാൻ കത്തിക്ക് പോളീഷും അരവുമിടുന്പോൾ അങ്ങ് ദില്ലി വാലയിലെ ഹെഡ്ഡാപ്പീസിൽ ഒരു കല്ലേറും ഖരാവോയും നടത്തിയാൽ ഇവിടെ സ്റ്റണ്ട്, പ്ലഗ് ഊരിയതുപോലെ ഊർദ്ധ്വൻ വലിക്കുന്നതെന്തു കൊണ്ടാണെന്ന് എത്ര ക്ലിയർ ചാറ്റ് ചെയ്തിട്ടും ക്ലിയറാവുന്നില്ല. ഇത് ഊർജ്ജപ്രവാഹത്തിന്റെ ഒരു പൈപ്പ് ലൈൻ ഫിലോസഫിയായി കൂട്ടിത്തുന്നി വായിക്കേണ്ടതാണ്. വലിയ നേതാക്കളുടെ ചെറിയ കോപ്ലക്സുകളും പകയും വാശിയും ഈഗോയുമൊക്കെയാണ് നമ്മുടെ രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും നല്ല കുറേ ഇന്നലെകൾ കൂരിരുട്ടിലാക്കിയത്. വ്യക്തി വിദ്വേഷം തീർക്കാനുള്ള പ്ലേഗ്രൗണ്ടായി ദേശത്തെ ദുരുപയോഗം ചെയ്യുന്നതിനാൽ എത്ര വികസന സ്വപ്നങ്ങളാണ് കൂന്പടഞ്ഞു പോയത്? എത്ര വൈകിയാണ് പല മുന്നേറ്റങ്ങളും യന്ത്രവൽകൃത ധൂസര സങ്കല്പങ്ങളും നമ്മളിലെത്തിയത്.

മുഖ്യനെ അവിടെ തടഞ്ഞാൽ കേന്ദ്രനെ ഇവിടെ ബ്ലോക്കും. കേന്ദ്രനെ ഇവിടെ ബ്ലോക്കിയാൽ പ്രമുഖരെ അവിടെ പൊക്കും. ഇതൊന്നും കാണാനുള്ള കെല്പും ടൈമുമില്ല. ഛിന്നഭിന്നമായിപ്പോയ ലൈഫിന്റെ രണ്ട് എഡ്ജുകൾ ജോയിന്റ് ചെയ്യാൻ പെടാപ്പാടു പെടുന്ന പാവം ജനതതിയ്ക്ക്. കെല്പില്ലാത്തിടത്താണ് ഹെൽപ്പ് ഓഫറുമായി കോർപ്പറേറ്റ് ജടായുമാർ ലാന്റു ചെയ്യുന്നത്. ആ ചൂണ്ടക്കുരുക്കിൽ നമ്മൾ സ്വാപ്പ് ചെയ്താൽ തീർന്നു. സ്ഥാവരജംഗമ ചട്ടികലകിണ്ടികളൊക്കെ പണയത്തിലാവും. ഫ്രണ്ട് ഡോറിൽ എപ്പോ ജപ്തിപ്പശ തേക്കാൻ ടൈ കെട്ടിയ മാനേജർമാർ എത്തുന്നു എന്ന് കണ്ണിലെണ്ണയൊഴിച്ച് കാത്താ മതി.

ട്രാഫിക് ബ്ലോക്കിലും എ.ടി.എം ക്യൂവിലും പോരാത്തതിന് സിനിമാ കൊട്ടകയിലും സ്റ്റാന്റപ്പിയിട്ട് പരിപ്പിളകിയിട്ടുണ്ട് വരിജനത്തിന്റെ. അടച്ചിട്ട മുറിയിലിട്ട് ഒരു കാരണവശാലും പൂച്ചയെ തല്ലരുത് എന്നാ പ്രമാണം. പൂച്ച പൊതുജനത്തെ പോലെ പ്രതികരിക്കും. മാന്തിപ്പറിക്കലിന്റെ മാനിഫെസ്റ്റോ കമിങ്ങ് സൂൺ. പുച്ഛിക്കുന്നവരും പുഞ്ചിരിക്കുന്നവരും സൂക്ഷിക്കുക. വർദാ മോഡൽ വർദ്ധിത ലിപ് ലോക്ക് സമര പേമാരികൾ കാണാനിരിക്കുന്നതേയുള്ളൂവെന്ന് ഐ.എഫ്.എഫ്.കെ ബുജിപ്പടകൾ. ഇന്നലെയും കണ്ടു. വയനാട്ടിലെ മാവോയിസ്റ്റ് ഇലയനക്കങ്ങളുടെ ലിറ്റിൽ വീഡിയോ.

എടുത്ത ചോരയ്ക്ക് പകരം ചോദിക്കുമെന്ന് ‘വാൾ’പോസ്റ്റർ ഒട്ടിച്ചിട്ടുണ്ട്. എവിടെയൊക്കെ എപ്പോൾ പൊട്ടിത്തെറിക്കുമെന്ന് സോഫയിലിരുന്ന് ചാനലിൽ വിരൽ ഞെക്കി നമുക്കറിയാം. സുഗമമായ ജീവിത ടൂർ ഇനി സ്വപ്നങ്ങളിൽ മാത്രം. നാളെ മരിച്ചു വീണേക്കും എന്ന ഭീതിയിൽ ഇന്ന് ജീവിക്കേണ്ടി വരിക വലിയ ദുരന്തം തന്നെ. അസഹിഷ്ണുതയുടെ മൂത്ത പുത്രനാണ് അരാജകത്വം. ആജ്ഞാ നിഷേധികളുടെ പറുദീസയായി കേരളം വളരുന്നു. റിബലിസം ഒരു ഫാഷനായി കഴുത്തേൽ ടാഗിട്ട് അത് മറ്റുള്ളവരുടെ ഹോം പേജിലേയ്ക്ക് ടാഗുന്ന നരവർഗ്ഗ നവാതിഥികളെ എങ്ങനെ ബ്ലോക്കും ഭരണകൂട ഭീകരതയേ. ഭയപ്പെടുത്തി അനുസരിപ്പിക്കുന്നവർ വളർത്തു പട്ടിയോടൊപ്പം ലൈഫ് പേജ് ലോഗൗട്ട് ചെയ്തത് ചരിത്രത്തിന്റെ ഫ്രണ്ട് പേജിലുണ്ടല്ലോ? ടിയാനെൻമെൻ സ്ക്വയറൊക്കെ ജെ.സി.ബി വെച്ച് ഇടിച്ചു നിരത്തിയോ? അവിടെ പുഷ്പോദ്യാനവും ജലകേളിയും പോപ്കോൺ കൊറിക്കലുമാണോ? ചരിത്രത്തിൽ നിന്ന് നാം ഒന്നും പഠിക്കുന്നില്ല എന്നതാണ് ചരിത്രം നല്കിയ ഏറ്റവും വലിയ പാഠം എന്ന് പറഞ്ഞത് ഇപ്പോൾ ശരിയാവുന്നു. നമ്മൾ ശശിയാവുന്നു പ്ലിങ്ങാവുന്നു.

ഇങ്ങ് മോളിവുഡിലും ടോളിവുഡിലും ബോളിവുഡിലും അരമണിക്കൂർ തീപ്പൊരി ഡയലോഗുകൾക്ക് ശേഷമാണ് നായകൻ വില്ലനെ വെടിവെച്ച് വീഴ്ത്തുക. അങ്ങ് ഹോളിവുഡിൽ രണ്ടര സെക്കന്റിൽ വില്ലന്റെ നെറ്റിയിലേക്ക് ‘ഐ ആം ദ സോറി’ എന്ന ഒറ്റശ്വാസത്തിൽ കാഞ്ചിവലി. ഡിം. വില്ലന്റെ പൂർണ്ണകായ പതനം. കിം കിം ഡുക്ക് കീ ജയ്. നാക്കിൽ ജിംനേഷ്യം നടത്തുന്നത് ആയിരം കൊലപാതകങ്ങളേക്കാൾ ട്രാജ‍ഡിയാണ്. വാക്കിനു മുകളിൽ ഉറയൂരി പുതുക്കപ്പെടട്ടെ, നാഗഫണങ്ങൾ. മകുടി ഊത്തുകാർ ജാഗ്രതൈ....

You might also like

Most Viewed