ജി­.എസ്.ടി­ രക്ഷയോ­ ശി­ക്ഷയോ­?


ആഗോളവൽക്കരണത്തിന്റെ ഏറ്റവും ഉദാരീകരണ പ്രക്രിയയായ  ജി.എസ്.ടി നടപ്പിലാക്കുന്നതിനായുള്ള 122−ാം ഭരണഘടനാ ഭേദഗതി ബിൽ രാജ്യസഭയും തിരുത്തലുകൾ വന്നതിനാൽ ഇന്ന് വീണ്ടും ലോക്സഭയും പാസാക്കിയ വാർത്തയാണ് രാജ്യം വലിയ ഞെട്ടലൊന്നും കൂടാതെ ശ്രവിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തന്നെ അതായത് 2010 മുതൽ ചിദംബരവും മൻമോഹൻസിങ്ങും കിണഞ്ഞ് പരിശ്രമിച്ച ബില്ല്, വലിയ പ്രതിസന്ധിയൊക്കെ ഉണ്ടെന്ന് വരുത്തി തീർത്തു, പേരിനെങ്കിലും യെച്ചൂരിയെ കൊണ്ട് രണ്ട് വാക്ക് പറയിപ്പിച്ചു, എല്ലാവരുടെയും സമ്മതത്തോടെ അരുൺ, ജെറ്റ്ലി കടത്തിക്കൂട്ടി. ഇനി പകുതിയോളം സംസ്ഥാനങ്ങൾ അംഗീകരിച്ച് രാഷ്ട്രപതിയുടെ അവസാനത്തെ സ്റ്റാന്പും വാങ്ങി രാജ്യത്ത് ജി.എസ്.ടി നടപ്പിലാകാൻ പോകുന്ന രംഗം മാത്രം അവശേഷിക്കുന്നു. രാജ്യം ഒറ്റ നികുതി, ഒറ്റ കന്പോള സന്പ്രദായത്തിലേയ്ക്ക് വരുമെന്നും ചരക്ക് ഗതാഗതം സുഗമമാകുമെന്നും, നികുതി ഭാരം കുറയുമെന്നുമൊക്കെയുള്ള സുന്ദര വാഗ്ദാനങ്ങൾ കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. ബുദ്ധിജീവികൾ ചർവ്വിത ചർപ്പണം പോലെ ചർച്ച ചെയ്ത് ഒടുവിൽ സംസ്ഥാനത്തിന്റെ പിരിവിന്റെ കാര്യമായപ്പോൾ ഇടത് പക്ഷവും വേണ്ട, ആഗോളവൽക്കരണ എതിർതത്വശാസ്ത്രവും വേണ്ട, എങ്ങനെയെങ്കിലും ഖജനാവ് നിറഞ്ഞാൽ മതിയെന്ന ചിന്തയിൽ സാക്ഷാൽ തോമസ് ഐസക്കും ജി.എസ്.ടി ഏറ്റുപാടി. ബുദ്ധിയിൽ തമിഴന്മാർ പിറകിലാണെന്നാണ് വെപ്പെങ്കിലും സ്വന്തം കൃഷിക്കാരെയും ഉത്പാതകരെയും ഓർത്തെങ്കിലും തമിഴ്നാട് എന്ന ഒരൊറ്റ സംസ്ഥാനം മാത്രം ഈ ബില്ലിനെ നിസ്സാഹയാരായി എതിർത്തു. 

എന്നാൽ ജി.എസ്.ടി വരുന്നതോടെ സർക്കാരുകളുടെ വരുമാനം വർദ്ധിക്കാൻ പോകുന്നു എന്നതാണ് ഇതിലെ കാതലായ വശം. ഏതായാലും ആകാശത്ത് നിന്ന് സർക്കാരിലേയ്ക്ക് വരുമാനം പൊട്ടി വീഴില്ല, മറിച്ച് പൊതുജനം തന്നെ പല പേരുകളിൽ വരുമാനം സർക്കാരിലേയ്ക്ക് നൽകുന്നു. ഏകദേശം ഒന്നര ഡസനോളം പ്രത്യക്ഷ നികുതികൾ ശേഷിക്കും. ഇവിടെ നേട്ടം, ജി.എസ്.ടിക്ക് വേണ്ടി സമ്മർദ്ദം ചെലുത്തിയ രാജ്യത്തെയും വിദേശത്തെയും വൻ വ്യവസായികൾക്കാണ്. ജി.എസ്.ടി വരുന്പോൾ സംസ്ഥാനങ്ങൾക്ക് സേവന മേഖലയിലും കേന്ദ്രത്തിന് ചരക്കുകളുടെ വിൽപ്പനയിലും നികുതി ചുമത്താൻ കഴിയുന്നു, പുറമേ അന്തർ സംസ്ഥാന നികുതിയും കൂടി വരുന്നു. 

അതുപോലെ തന്നെ പരമപ്രധാനം നികുതി നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നഷ്ടമാകുന്നു. നികുതി നിശ്ചയിക്കുന്നത് കേന്ദ്ര സംസ്ഥാന അംഗങ്ങൾ ചേർന്നുള്ള ജി.എസ.്ടി കൗൺസിൽ ആയിരിക്കും. കേന്ദ്രം അംഗമാകുന്ന ഏതൊന്നിലും പ്രായോഗികമായി സംസ്ഥാന സർക്കാരുകൾക്ക് പ്രത്യേക റോൾ കാണില്ല, ഫലത്തിൽ അടുത്ത തവണ മുതൽ സംസ്ഥാന ബഡ്ജറ്റുകൾ പ്രഹസനമാകും. നികുതി കുറയ്ക്കാനോ, കൂട്ടാനോ ഭരണഘടന നിർവ്വചിച്ച അധികാരം നഷ്ടമാകുന്നു.  അപ്പോൾ ഇനി വൻ ബിസിനസ്സ് ലോബികൾക്ക് ഓരോ സംസ്ഥാനത്തെയും രാഷ്ട്രീയ ഘടനയും പൊതു സമൂഹത്തിന്റെ കാഴ്ചപ്പാടും നോക്കി നിൽക്കേണ്ട ആവശ്യകത ഇല്ലാതെയാകുന്നു, മറിച്ച് കേന്ദ്രം എന്ന ഒറ്റ ലോബിയിങ്ങിലൂടെ തങ്ങളുടെ കച്ചവട താൽപര്യങ്ങൾ സംരക്ഷിക്കാൻ അവർക്ക് സാധിക്കും. ഇവിടെയാണ് ഇടതുപക്ഷം പോലെ ഒന്നോ രണ്ടോ സംസ്ഥാനങ്ങൾ മാത്രം ഭരിക്കുന്ന പാർട്ടികൾക്ക് ജനകീയ വിഷയങ്ങളിൽ ഒറ്റപ്പെടൽ അനുഭവപ്പെടാൻ പോകുന്നത്. ജി.സി.സി രാജ്യങ്ങളിൽ ഇപ്പോൾ തന്നെ നിലവിലുള്ള ‘മക്കാസ’ പോലെ ഇരട്ട നികുതി ഒഴിവാക്കുന്നതിന് വേണ്ടി ‘ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്’ പോലെയുള്ള ചില പൊടിക്കൈകളും കാണാതെ വിട്ടുകൂടാ. ഒരു ഉപഭോക്തൃ സംസ്ഥാനം എന്ന നിലയ്ക്ക് കേരളത്തിന് കൂടുതൽ മെച്ചമുണ്ടാകുമെന്ന ധാരണയിലാണ് നാം നിലകൊള്ളുന്നത്, എന്നാൽ നിലവിൽ കുറച്ചെങ്കിലുമുള്ള കാർഷിക−വ്യവസായ കയറ്റുമതിയെ നിരുത്സാഹപ്പെടുത്താൻ നാം ശ്രമിക്കാതെ നോക്കുകയും വേണം. സി.ജി.എസ്.ടിയും എസ്.ജി.എസ്ടിയും കൂടാതെ അന്തർസംസ്ഥാന വ്യാപാരത്തിലൂടെ ഇന്റഗ്രേറ്റഡ് ജി.എസ്.ടി−യുമാകുന്പോൾ സേവന മേഖലകളിൽ സാധാരണക്കാരന്റെ നടുവൊടിയും, അത് നമുക്ക് എളുപ്പത്തിലറിയാൻ കഴിയുന്നത് ടെലികോം മേഖലയിലായിരിക്കും. പതിനെട്ട് ശതമാനം ജി.എസ്.ടി വേണമെന്നാണ് കോൺഗ്രസ്സ് വാദിക്കുന്നത്. ഇപ്പോൾ തന്നെ പതിനഞ്ച് ശതമാനമുള്ള സേവനങ്ങൾക്ക് മൂന്ന് ശതമാനം അധിക നികുതി നൽകണം. 

അധികാരത്തിന്റെ എതിർചേരിയിൽ നിന്നപ്പോൾ എന്തിനെയൊക്കെ എതിർത്തിരുന്നോ അതൊക്കെ ഒന്നൊന്നായി നടപ്പിലാക്കുന്ന കാഴ്ചയാണ് കേരളത്തിലും കേന്ദ്രത്തിലും കണ്ട് വരുന്നത്, അപ്പോൾ പിന്നെ ഭരണകർത്താക്കളെ മാറിയിട്ടുള്ളൂ, നയങ്ങളും അത് തീരുമാനിക്കുന്നവരും രംഗപ്പടത്തിന് പിറകിൽ നിൽക്കുന്ന ഒരു കൂട്ടം പ്രമാണിമാർ തന്നെയെന്ന് പരസ്പരം തെറി വിളിക്കുന്ന അണികൾ മനസ്സിലാക്കിയാൽ നന്ന്.

You might also like

Most Viewed