സ്വാ­ശ്രയം : അഴി­ക്കു­ന്തോ­റും മു­റു­കു­ന്ന കു­രു­ക്ക്?


വർഷാവർഷം ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു സമരാഭാസമായി സ്വാശ്രയ സമരം മാറിയിരിക്കുന്നു. ഏത് കക്ഷി അധികാരത്തിലിരുന്നാലും എതിർ കക്ഷി സമരം ചെയ്യുന്നുവെന്ന വ്യത്യാസമേ പൊതുജനം ഇതിൽ കാണുന്നുള്ളൂ. ഏകദേശം 16 വർഷമായി സമരം ചെയ്തും ചർച്ച ചെയ്തും കരാറുണ്ടാക്കിയും കോടതി കയറിയും സ്വാശ്രയം ഇങ്ങനെ ചന്നംചിന്നം പെയ്യാൻ തുടങ്ങിയിട്ട്. കേരളത്തിലെ ഏറെക്കുറെ മധ്യവർഗ്ഗത്തെ സ്വാധീനിക്കുന്ന വിഷയമാണ് വിദ്യാഭ്യാസം പ്രത്യേകിച്ച് സ്വാശ്രയ വിദ്യാഭ്യാസം, അതിനാൽ തന്നെ രാഷ്ട്രീയ പാർട്ടികൾ ഭരണത്തിന് വേണ്ടിയും ലഭിച്ച അധികാരം നിലനിർത്താൻ വേണ്ടിയും ഒരു രഹസ്യ നാടകം കളിക്കുക എല്ലാവർഷവും പതിവുള്ളതാണ്. ഇവിടെ വിദ്യാഭ്യാസം കച്ചവടമാക്കിയ ഭൂരിപക്ഷം മാനേജ്മെന്റുകളും ഇത്തരം കളിയുടെ അണിയറക്കാരും പ്രയോക്താക്കളുമാണ്. ദിനവും നടക്കുന്ന ചർച്ചകൾ കേട്ടാൽ സ്വാശ്രയ വിഷയം വളരെ സങ്കീർണ്ണമാണ്, അത് ഒരു വർഷമോ രണ്ടു വർഷമോ കൊണ്ടൊന്നും പരിഹരിക്കില്ലന്നും അതിനു തങ്ങളുടെ കയ്യിൽ മാന്ത്രിക വടിയില്ലന്നും പറഞ്ഞു ഒഴിഞ്ഞു മാറുന്ന അധികാരികൾ പൊതുജനത്തെ വിഡ്ഢികളാക്കുകയാണ്. ഇത്തരം അധികാരികൾക്ക് രാഷ്ട്രീയ തന്റേടവും, സാമൂഹിക നീതിബോധവുമുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ പരിഹരിക്കാൻ സാധിക്കുന്ന സഹായകരമാംവിധമുള്ള ജനാധിപത്യവും ജുഡീഷ്യറിയുമാണ് നമുക്കുള്ളത്. 

2000 മുതലാണ് കേരളത്തിൽ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വന്നു തുടങ്ങിയത്. അഞ്ചു രക്തസാക്ഷികളോടെയാണ് അതിന്റെ തുടക്കം. ഗൾഫിൽ നിന്ന് ലഭിച്ച സാന്പത്തിക അഭിവൃദ്ധി, തന്മൂലം നാട്ടിലുണ്ടായ സാമൂഹിക മുന്നേറ്റം, സാന്പത്തിക സാമൂഹിക പിന്നോക്കാവസ്ഥയിൽ തങ്ങൾക്ക് നഷ്ടപെട്ട വിദ്യാഭ്യാസം മികച്ച രീതിയിൽ തങ്ങളുടെ മക്കൾക്ക് ലഭിക്കണമെന്ന ഇടത്തരം ജനതയുടെ അഭിനിവേശം തുടങ്ങിയവയാണ്, കഴുകൻ കണ്ണുമായി സേവനമേഖലയിലേയ്ക്ക് വന്ന മുതലാളിമാർക്ക് സ്വാശ്രയവിദ്യാഭ്യാസം തുടങ്ങാൻ ശക്തി പകർന്നത്. തുടക്കത്തിൽ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് 50:50 എന്ന അനുപാതത്തിൽ അതായത് രണ്ട് സ്വാശ്രയ സ്ഥാപനത്തിന് സമം ഒരു സർക്കാൽ കോളേജ് എന്നതായിരുന്നു ഫോർമുല. എന്നാൽ രണ്ടാം വർഷം തന്നെ ഇതൊക്കെ അട്ടിമറിക്കപ്പെട്ടു, ആന്റണി കബളിപ്പിക്കപ്പെട്ടു. പിന്നീട് നാം കാണുന്നത് തന്നിഷ്ടംപോലെ സീറ്റ് വിൽക്കുകയും ലേലം വിളിക്കുകയും ചെയ്യുന്ന മാനേജ്മെന്റിനെയാണ്. പ്രത്യേകിച്ച് ന്യുനപക്ഷാവകാശമുള്ള സ്ഥാപനങ്ങൾ. അന്ന്തൊട്ടിന്നുവരെ കോടതിയും സർക്കാരും പ്രതിപക്ഷവും നടത്തിയ ഒരു കരാറും ചർച്ചയും ഫലം കണ്ടില്ല. വ്യക്തമായി അറിയാത്തതുകൊണ്ടല്ല മറിച്ചു, മാനേജ്മെന്റും രാഷ്ട്രീയ പാർട്ടികളും തമ്മിലുള്ള അവിഹിത ബന്ധം മൂലമാണ് ശക്തമായ സാമൂഹിക സാന്പത്തിക പ്രതലത്തിൽ നിന്നുകൊണ്ട് ഒരു നിയമം പാസാക്കാൻ കഴിയാതെ പോകുന്നത്.

സംഘടിത മത സാമുദായിക ശക്തികളും അതിന്റെയൊക്കെ തലപ്പത്ത് ഇരിക്കുന്ന നേതാക്കളുടെയും ഏറാൻ മൂളികളായി രാഷ്ട്രീയക്കാരും അധികാരികളും മാറിയതിന്റെ ഫലമാണ് പല കരാറുകളും നിയമങ്ങളും കോടതിയിൽ പരാജയപ്പെടുന്നത്, അല്ലെങ്കിൽ തോറ്റ് കൊടുക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഒട്ടുമിക്ക കോളേജുകളും സ്വന്തം ഇഷ്ടപ്രകാരം പ്രവേശനം നടത്തുകയും സർക്കാരുണ്ടാക്കിയ കരാറിൽ ഇന്റർ ചർച്ച് കൗൺസിൽ ഒരു രീതിയിലും സമവായത്തിന് തയ്യാറാകാതെ അധിക്കാരപരമായി പ്രവേശനം നടത്തുകയുമാണ് ചെയ്തത്, അന്ന് ഉമ്മൻചാണ്ടിക്കും കൂട്ടർക്കും കയ്യും കെട്ടി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. 

സ്വാശ്രയ സമരം വെറും ഫീസ് എന്ന നന്പറിൽ ഒതുക്കി, നിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ ലഭ്യതയെ സൗകര്യപൂർവ്വം എല്ലാവരും മറക്കുന്നു. കൂടുതൽ ഫീസിനായി ആവശ്യമുന്നയിക്കുന്നവരും അത് നൽകുന്നവരും മെഡിക്കൽകോളേജും അതിന്റെ നിലവാരവും കൂടി പരിശോധിക്കേണ്ടതാണ്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ നിലവാരം, വിവിധ ജനവിഭാഗങ്ങളുടെ പങ്കാളിത്തം, തൊഴിൽ ലഭ്യത, നിയമനിർമ്മാണത്തിലെ അപര്യാപ്തതയും കാലതാമസവും, സ്വാശ്രയ സ്ഥാപനങ്ങളുടെ സാന്പത്തിക പുരോഗതി, അദ്ധ്യാപകരുടെ നിലവാരം, വിദ്യാർത്ഥികളോടുള്ള സമീപനം, സ്വാശ്രയസ്ഥാപനങ്ങളിലെ ജനാധിപത്യമൂല്യങ്ങളുടെ സംരക്ഷണം തുടങ്ങിയ വിവിധ വശങ്ങൾ ഉൾപ്പെടുത്തി ഒരു സോഷ്യൽ ഓഡിറ്റിന് സ്വാശ്രയവിദ്യാഭ്യാസത്തെ വിധേയമാക്കണം. അതുപോലെ തന്നെ മുഴുവൻ സീറ്റുകളിലേയ്ക്കും മെറിറ്റടിസ്ഥാനത്തിൽ പ്രവേശനം നടത്തുകയും ഫീസ് കോളേജുകളുടെ നിലവാരമനുസരിച്ച് ഏകീകരിക്കുകയും വേണം, അതിൽ തന്നെ സാന്പത്തിക പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സർക്കാർ തല സ്കോളർഷിപ്പ് ഏർപ്പെടുത്തി സാമൂഹിക ബാധ്യത നിറവേറ്റുകയും വേണം. ഇതൊക്കെ സ്വപ്നമായി അവശേഷിക്കുമോ ആവോ?

You might also like

Most Viewed