ഇങ്ക്വി­ലാബ് സി­ന്ദാ­ബാദ് സ്വജനപക്ഷപാ­തം തു­ലയട്ടെ­ !


കേന്ദ്ര−സംസ്ഥാന സർ‍ക്കാരുകളുടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ ലക്ഷങ്ങൾ‍ കൈകോർ‍ക്കുന്ന മനുഷ്യച്ചങ്ങല! പുളകിതമാകണ്ട, കോൺ‍ഗ്രസ്സോ യുഡിഎഫോ നാളെ നടത്താൻ‍ പോകുന്ന സമരമല്ല, മറിച്ചു രാഷ്ട്രീയം അറിഞ്ഞുതുടങ്ങിയ നാളുകളിൽ‍ കാതുകളിൽ‍ അലയടിച്ച ഇടതുപക്ഷത്തിന്‍റെ സമരാവേശ ആഹ്വാനമായിരുന്നു അത്. ഇന്ന് അഴിമതിയും സ്വജനപക്ഷപാതവുമൊന്നും സഖാക്കൾ‍ക്ക് ഒരു പ്രശ്നമല്ല, നിങ്ങളുടെ കാലത്തും അങ്ങനെ നടന്നില്ലേ എന്നൊരു ഉളുപ്പൻ‍ മറുചോദ്യം വരും.

അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞാടിയ കഴിഞ്ഞ അഞ്ചു വർ‍ഷത്തെ യുഡിഎഫ് ഭരണത്തെ ജനം തകർ‍ത്തെറിഞ്ഞതിൽ‍ നിന്ന് വളരെയധികം പ്രതീക്ഷയോടെയാണ് എൽ‍ഡിഎഫ് സർ‍ക്കാരിനെ അധികാരത്തിൽ‍ കയറ്റിയത്. എങ്ങനെയും തട്ടികൂട്ടിയ ഉത്ഘാടനങ്ങൾ‍ നടത്തിയും നാട് നീളെ നടന്നു നിവേദനങ്ങൾ‍ വാങ്ങുകയും ചെയ്യുന്പോൾ‍ ചെയ്തുകൂട്ടിയ  പാപമെല്ലാം മറക്കുന്ന കഴുതകളാണ് ജനം എന്ന വിഡ്ഢി സ്വപ്നമാണ് ഉമ്മൻ‍ചാണ്ടി സർ‍ക്കാരിന്‍റെ പതനത്തിനൊരു കാരണം. സ്വന്തം മന്ത്രിസഭയിലെ അംഗങ്ങളെ നിയന്ത്രിക്കാനോ നേരെയാക്കാനോ കഴിയാത്ത ഒരു മുഖ്യനായിരുന്നു മുൻ‍ സർ‍ക്കാരിലേത്. അതുകൊണ്ട് തന്നെ വിത്യസ്തമായൊരു മുഖ്യനെയും ഭരണത്തെയുമാണ് സാധാരണ ജനം വീക്ഷിക്കുന്നത്. ആഗോളീകരണത്തിന്റെ പിടിയിൽ‍ ഇന്ത്യയിലെ ഇടതുപക്ഷവും അമരുന്നതിന്‍റെ സൂചനകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. മുതലാളിത്തവും സോഷ്യലിസവും പാർ‍ട്ടി ക്ലാസുകളിൽ‍ പോലും അന്യം നിൽ‍ക്കുന്നു. ഇടതു ഭരണത്തിൽ‍ ഒരു ഇലയനങ്ങണമെങ്കിൽ‍ പാർ‍ട്ടി തീരുമാനിക്കണം എന്ന മുൻ‍ധാരണകളൊക്കെ പഴയ ശീലുപാട്ടിന്റെ ഗണത്തിലേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുന്നു.

ഒരുഭാഗത്ത്‌ രാജ്യത്തെ വൻ‍ കോർ‍പ്പറേറ്റ് മുതലാളിമാർ‍ മധ്യവർ‍ഗ്ഗത്തെയും അടിസ്ഥാന വർ‍ഗ്ഗത്തെയും ചൂഷണം ചെയ്യുന്നു. മറുഭാഗത്ത്‌ ജാതിയുടെയും മതത്തിന്‍റെയും പേരിൽ‍ ജനത്തെ വിഘടിപ്പിച്ചു അധികാരത്തിന്‍റെ അപ്പകഷ്ണം നുണഞ്ഞു പരിലസിക്കുന്ന വലതു പക്ഷരാഷ്ട്രീയം. നിഷ്പക്ഷ ജനത്തെ സ്വാധീനിക്കാൻ‍ ദേശീയതയുടെ ത്രിവർ‍ണ്ണക്കൊടി ഇടയ്ക്കിടെ എടുത്തുയർ‍ത്തുന്നു. രാജ്യം ഇടതുപക്ഷ നിലപാടുകളെയും രാഷ്ട്രീയത്തെയും ആവശ്യപ്പെടുന്ന കാലഘട്ടത്തിലാണ് ജയരാജന്മാരും ശ്രീമതിമാരും കമ്മ്യുണിസ്റ്റ് ആശയത്തിന്റെ ബാലപാഠം പോലും മറന്നു ലോക്കൽ‍ കമ്മിറ്റി അംഗത്തിന്‍റെ നിലവാരത്തേക്കാൾ‍ താഴേയ്ക്ക് പോകുന്നത്. സമസ്ത മേഖലകളിലും ബുർ‍ഷ്വാ നിലപാടുകൾ‍ പിടിമുറുക്കുന്പോൾ‍ പാർ‍ലമെന്‍ററി മോഹവും അഴിമതിയും സ്വജനപക്ഷപാതവും കുറച്ചൊക്കെ നടത്താതെ മുന്നോട്ടുപോകുക ശ്രമകരമാകുമെന്നു പറയുന്ന കാലഘട്ടത്തിൽ‍ പോലും ഇടതുപക്ഷ രാഷ്ട്രീയത്തിൽ‍ നിന്നും ഇന്ത്യയിലെ ജനം പ്രത്യേകിച്ച് കേരളത്തിലെ സാധാരണ ജനം ഇവ പ്രതീക്ഷിക്കുന്നില്ല. എന്ത് ആരോപണം വന്നാലും ആലുമുളച്ചവൻ‍ അതിൽ‍ ഊഞ്ഞാൽ‍ കെട്ടിയാടും എന്ന ഉമ്മൻ‍ചാണ്ടിയോട് എടുക്കുന്ന നിലാപാടല്ല ഇടതുപക്ഷത്തോട് ജനവും പൊതുസമൂഹവും കൈകൊള്ളുന്നത്‌. ഏതു പാർ‍ട്ടിയിൽ‍ വിശ്വസിക്കുന്ന അണികളായാലും ഇടതുപക്ഷത്തിന്‍റെ രാഷ്ട്രീയ സ്വഭാവം കൈമോശം വരാൻ‍ ആഗ്രഹിക്കുന്നില്ല.

തെളിവ് ശേഖരിക്കാനും തൽ‍സമയ പ്രതികരണത്തിനും സൗകര്യപ്രദമായ രീതിയിൽ‍ വളർ‍ന്ന ആധുനിക സാങ്കേതിക ലോകത്ത് യാതൊരു വിധ ഒഴിവുകഴിവുകൾ‍ക്കും പ്രസക്തിയില്ല. സ്വന്തം അണികളോട് പോലും ന്യായീകരണം നൽ‍കാൻ‍ കഴിയാത്ത അവസ്ഥയിൽ‍ നിന്നാണ്  വ്യവസായ മന്ത്രിയായിരുന്ന ജയരാജന്റെ രാജിയുണ്ടായത്. തെറ്റുകൾ‍ ആർ‍ക്കും സംഭവിക്കാം, അത് തിരുത്തുകയും ചെയ്യും എന്ന നിലപാട് ശരിതന്നെ. എന്നാൽ‍ പാർ‍ട്ടിയുടെ മുതിർ‍ന്ന നേതാക്കൾ‍ നേരിട്ട് ബന്ധപ്പെട്ടു നടത്തിയ സ്വജനപക്ഷപാതമായ നടപടി കേവലം ഒരു വീഴ്ചയായി കാണാൻ‍ പാർ‍ട്ടി തയ്യാറാകരുത്. അഴിമതിയും സ്വജനപക്ഷപാതവും ഇടതു രാഷ്ട്രീയത്തിന്‍റെ പുറംകടലിൽ‍ കിടക്കേണ്ട കപ്പലുകളായിരിക്കണം എക്കാലവും, എങ്കിൽ‍ മാത്രമേ നിലവിലെ അഴുകിയ മലീമസമായ രാഷ്ട്രീയത്തിൽ‍ നിന്നും വേറിട്ട്‌ നിൽ‍ക്കാൻ‍ ഇടതുപക്ഷത്തിനു കഴിയുകയുള്ളൂ, അതുവഴി ഇനിയും  വ്യത്യസ്ത രാഷ്ട്രീയബോധം ജനങ്ങളിൽ‍ ഉണ്ടാക്കാൻ‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെയാണ് ധാർ‍മ്മികമായ നടപടി ഏവരും പ്രതീക്ഷിച്ചതും.

അഭ്യസ്തവിദ്യരായ ധാരാളം സാധാരണക്കാർ‍ സർ‍ക്കാരിലോ സർ‍ക്കാരിതര സ്ഥാപനങ്ങളിലോ തൊഴിലിനായി കാത്തിരിക്കുകയാണ്. ആവശ്യമായ ഇടപെടലുകൾ‍ നടത്തി മുരടിച്ചു പോയ വ്യവസായവൽ‍ക്കരണം ത്വരിതഗതിയിലാക്കാനുള്ള നടപടികൾ‍ സർ‍ക്കാർ‍ ഉടൻ‍ പ്രഖ്യാപിക്കണം. അഴിമതിയും സ്വജനപക്ഷപാതവുമാണ് കഴിഞ്ഞ സർ‍ക്കാരിന്‍റെ കാലത്തെ നികുതിവരുമാനത്തിൽ‍ കുറവുണ്ടാക്കിയതെന്നായിരുന്നു തോമസ്‌ ഐസക്ക് അവതരിപ്പിച്ച ധവളപത്രത്തിൽ‍ പറഞ്ഞിരുന്നത്. അപ്പോൾ‍ സ്വജനപക്ഷപാതം ഒരു സർ‍ക്കാരിന്‍റെ പ്രതിച്ഛായ മാത്രമല്ല സംസ്ഥാനതിന്റെ സാന്പത്തിക രംഗം തന്നെ വഷളാകുമെന്ന് മറ്റാരേക്കാളും നല്ലവണ്ണം അറിയാവുന്നവർ‍ ആണ് ഇടതുപക്ഷമെന്ന ഓർ‍മ്മയുണ്ടായിരിക്കണം.

തെറ്റ് സമ്മതിച്ചു ജയരാജനെ കൊണ്ട് രാജിവെപ്പിച്ച  മുഖ്യമന്ത്രി പിണറായി വിജയന്‍റെ കമ്മ്യുണിസ്റ്റ് നിലപാടിന് അഭിനന്ദനം അർ‍ഹിക്കുന്നു. അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ ഉപവാസം ജയരാജൻ‍ ഉൽഘാടനം ചെയ്യട്ടെ, അവിടെ തുടങ്ങട്ടെ ഒരു രണ്ടാം വരവ്...

You might also like

Most Viewed