രോ­ഹിത് മു­തൽ ജിഷ്ണു­ വരെ­... ആർ­ക്കാണ് ചോ­ദി­ക്കാ­നർ­ഹത?


രോഹിത് വെമുല എന്ന ദളിത് വിദ്യർത്ഥി ഹൈദരാബാദ് സർവകലാശാലയിൽ അധികാരികളുടെ പീഡനം മൂലം ആത്മഹത്യ ചെയ്തിട്ട് ഒരു വർഷം കഴിയുന്നു. ഇന്ത്യൻ ക്യാന്പസ്സുകളിൽ അരാഷ്ട്രീയ പീഡനങ്ങളും, ദളിതരോടും ന്യുനപക്ഷങ്ങളോടുമുള്ള അക്രമങ്ങളും തുടർക്കഥയാകുന്നുവെന്ന് പുറം ലോകം കൂടുതലായി അറിഞ്ഞത് രോഹിത് വെമുലയുടെ ആത്മഹത്യക്ക് ശേഷമായിരുന്നു. രോഹിത് വെമുലയിൽ നിന്നും ജിഷ്ണു വിലേക്കുള്ള ദൂരം അധികമല്ല. ‘ഔദ്യോകിക രക്തസാക്ഷി’യല്ല ജിഷ്ണുവെന്ന അൽപ്പത്തം നിറഞ്ഞ വാക്കുകൾ ഒരു ഇടതുപക്ഷ ചിന്തയിൽ നിന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ ബൂർഷ്വാ സ്ഥാനം നൽകി അദ്ദേഹത്തെ ആദരിക്കുകയല്ലാതെ വേറെ വഴിയില്ല. “മരണം എപ്പോഴോക്കെയാണോ നമ്മെ അത്ഭുതപ്പെടുത്തുന്നത് അപ്പോഴൊക്കെ മരണം സ്വാഗതം ചെയ്യപ്പെടും. നമ്മുടെ യുദ്ധകാഹളങ്ങൾക്ക് ഒരു കാത് നേടാനായാൽ നമ്മുക്കൊപ്പം ആയുധമേന്താൻ അനേകം കരങ്ങളുണ്ടാകും” വിപ്ലവകാരി ചെഗുവേരെയുടെ ഈ വരികൾ തന്റെ മുഖ പേജിൽ കുറിച്ച ജിഷ്ണു ഒരു വിപ്ലവ രക്തസാക്ഷിയാണ്. സ്വാശ്രയമെന്ന വലതുപക്ഷ ചിന്തയുടെയുടെയും പ്രവർത്തിയുടെയും ഇരുന്പ് ലോഹത്തെ വെട്ടിമുറിക്കാൻ പാകത്തിൽ തുടങ്ങി വെച്ച സമരച്ചൂളയിലെ ആദ്യത്തെ രക്തസാക്ഷി. തെറ്റിന് നേരെ വിരൽ ചൂണ്ടാൻ നമ്മെ പ്രേരിപ്പിക്കേണ്ട രക്തസാക്ഷിത്വം. ക്യാന്പസ്സുകൾ വെറും പുസ്തക പഠിപ്പ് കേന്ദ്രമാക്കാൻ ശ്രമിക്കുന്ന ഒരു നീണ്ട നിര നമ്മുക്കുണ്ട്. പ്രതികരണ ശേഷി നഷ്ടപെട്ട നാളെയുടെ തലമുറയെ വാർത്തെടുക്കാൻ പാകപ്പെടുത്തുന്ന പ്രവണത മുതലാളിത്ത വർഗ്ഗ മേൽക്കോയ്മ നിലനിർത്താൻ വേണ്ടിയുള്ള ബോധപൂർവ്വമായ ശ്രമമാണ്. മനം മയക്കുന്ന പ്രലോഭനങ്ങളിൽ മയങ്ങുന്ന രക്ഷകർത്താക്കൾ ജിഷ്ണുവിന്റെ മരണത്തോടെ ഒരു പുനർചിന്തക്കുള്ള ഒരുക്കത്തിലാണ്. പക്ഷെ മാധ്യമങ്ങൾ, അല്ല മുതലാളിത്ത മാധ്യമങ്ങൾ ‘ഇടതുപക്ഷ’ രാഷ്ട്രീയത്തിന്റെ നശീകരണത്തിൽ മാത്രം ശ്രദ്ധ പതിപ്പിക്കുകയാണ്. 

ആരാണ് ജിഷ്ണുവിന്റെ മരണത്തിന്റെ ഉത്തരവാദി? ജിഷ്ണുവിന്റെ മരണം ഒരു സ്ഥാപന കൊലപാതകം തന്നെയാണ്. ചെഗുവേരെയുടെ ചിന്തകളും ഇടതുപക്ഷ മനസ്സുമായി തെറ്റുകൾക്കെതിരെ നിലയുറപ്പിച്ച ഒരു വിദ്യാർഥിക്കുണ്ടായ സമാനതകളില്ലാത്ത പീഡനം തന്നെയാണ് മരണത്തിലേക്ക് നയിച്ചത്. ഈ മരണത്തോടെ സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ ഒരു ജനകീയ ഓഡിറ്റിംഗ് നടന്നു കൊണ്ടിരിക്കുന്നു. കാലങ്ങളായി അറിഞ്ഞോ അറിയാതെയോ പ്രകടിപ്പിക്കാൻ കഴിയാതെയിരുന്ന പ്രതിഷേധങ്ങൾ കൊടുങ്കാറ്റായി മാറുന്ന ഒരു നിലയിൽ നിന്നാണ് വളരെ പെട്ടന്ന് സർക്കാരിനെതിരെയുള്ള പ്രതിഷേധമായി വിഷയം മാറിയത്. ഉയർന്നു വന്ന സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിനെതിരെയുള്ള ജനകീയ പ്രതിഷേധം ഒതുക്കി തീർക്കാനാണ് മാധ്യമങ്ങളും മറ്റു ‘പൊതു ബോധവും’ ശ്രമിക്കുന്നത്. വിദ്യാഭ്യാസം കച്ചവടമല്ല എന്നും അർഹിക്കുന്ന മുഴുവൻ പേർക്കും അവ ലഭിക്കണമെന്നും ഉത്തമ പൗരന്മാരായുള്ള ഒരു സാമൂഹിക ക്രമം സൃഷ്ടിക്കലുമാണ് വിദ്യാഭ്യാസം ലക്ഷ്യം വെക്കുന്നതുമെന്ന എക്കാലവും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾ ഉയർത്തിപ്പിടിച്ച മുദ്രാവാക്യം പാടെ ഇല്ലായ്മ ചെയ്തു സാന്പത്തികമായ ലാഭം മാത്രം മുന്നിൽക്കണ്ട് വിദ്യാഭ്യാസത്തെ കച്ചവടമാക്കിയവർക്ക് പച്ചപ്പരവതാനി വിരിച്ച വലതുപക്ഷ രാഷ്ട്രീയത്തിനും അതിനു എല്ലാവിധ ഒത്താശയും ചെയ്തു കൊടുത്ത ‘മാധ്യമ ശിങ്കിടികൾക്കും’ ജിഷ്ണുവിന്റെ മരണത്തിന്റെ ക്രെഡിറ്റിൽ നിന്നും ഒഴിഞ്ഞു മാറാൻ കഴിയില്ല. അവരാണ് ജനകീയ വിചാരണയിൽ ഒന്നാം പ്രതി സ്ഥാനത്ത് എത്തേണ്ടവർ. 

എന്താണ് ഇടതു പക്ഷം ചെയ്യേണ്ടത്? ജിഷ്ണു സ്വാശ്രയ വിദ്യാഭാസ കച്ചവടത്തിന്റെ രക്തസാക്ഷിയാണ്. നിങ്ങൾ ഇടതുപക്ഷമാണെങ്കിൽ സ്വാശ്രയ വിദ്യാഭ്യാസ നയത്തിൽ പൊളിച്ചെഴുത്ത് നടത്തണം. അക്കാദമിക്ക്-സാന്പത്തിക കാര്യങ്ങളിൽ കൃത്യമായ നിയന്ത്രണം കൊണ്ട് വരുക. രാഷ്ട്രീയ −സംഘടനാ പ്രവർത്തനം ക്യാന്പസ്സുകളിൽ അനുവദിക്കുക. രാഷ്ട്രീയവും പഠിപ്പ് മുടക്കും പാടില്ല എന്ന് പറഞ്ഞിരുന്ന മാനേജ്മെന്റുകൾ വിദ്യാർത്ഥി പ്രക്ഷോഭം ഉയർന്നപ്പോൾ കോളേജ് അടച്ചിട്ടു പ്രതിഷേധിച്ചതു എന്തിനായിരുന്നു? ജിഷ്ണുവിന്റെ സംരക്ഷകർ എന്ന് മേനി നടിക്കുന്നവരുടെ തനി നിറംപുറത്താക്കുക. മകൻ നഷ്ടപ്പെട്ട ഒരമ്മയുടെ തേങ്ങലുകളെ ആശ്വസിപ്പിക്കുന്നതിൽ പോലീസിനു പരാജയം സംഭവിച്ചു എന്ന് തന്നെയാണ് അഭിപ്രായം, എന്നാൽ സംസ്ഥാനം മുഴുവനായും ഹർത്താൽ നടത്താനുള്ള രാഷ്ട്രീയ ധാർമികത പ്രതിപക്ഷമായ ഒരു പാർട്ടിക്കുമില്ല. 

ക്യാന്പസ്സിൽ രാഷ്ട്രീയം നിരോധിച്ചും മുതലാളിത്ത ഭീമനമാർക്ക് കച്ചവടം ചെയ്യാൻ വിദ്യാഭ്യാസ രംഗം തുറന്നു കൊടുത്തും, അനർഹരെ സർവ്വകലാശാലകളുടെ തലപ്പത്ത് ഇരുത്തി വിദ്യാഭ്യാസ മൂല്യം നശിപ്പിക്കുന്നവർക്കും ജിഷ്ണുവിന്റെ മരണത്തെയോർത്തു കണ്ണീർപൊഴിക്കാനും ഹർത്താൽ നടത്താനും ഒരർഹതയുമില്ല. വിദ്യാഭ്യാസ കച്ചവടത്തിനെതിരെ നിലപാടെടുത്ത ഇടതുപക്ഷ രാഷ്ട്രീയത്തെ വരണ്ട വാദമായി പുച്ഛമായി തള്ളിയ മുതലാളിത്ത−മുത്തശ്ശി മാധ്യമങ്ങൾക്കും കൂടുതൽ ചിലക്കാൻ അവകാശമില്ല. മറിച്ചു ജിഷ്ണു തുടങ്ങി വെച്ച വിപ്ലവം ഏറ്റെടുത്തു സ്വാശ്രയ മുതലാളിമാരെ നിലക്ക് നിർത്താൻ കഴിഞ്ഞാൽ അതായിരിക്കും ജിഷ്ണുവിനു നൽകാൻ കഴിയുന്ന ഏറ്റവും വലിയ നീതി...

You might also like

Most Viewed