കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ....


സ്കൂളിൽ പഠിക്കുന്ന കാലം. ക്ലാസും കഴിഞ്ഞ് നാല് കിലോമീറ്റർ ദൂരെയുള്ള വീട്ടിലേയ്ക്ക് നടക്കുന്പോൾ കൂട്ടിന് എപ്പോഴും വിമൽ എന്ന സഹപാഠികൻ കാണും. പഠിക്കുന്നത് ഏഴാം ക്ലാസിലായിരുന്നെങ്കിലും, കുരുത്തക്കേടിൽ വിമൽ ഡിഗ്രി എടുത്തു കഴിഞ്ഞിരിന്നു.

വൈകുന്നേരം തിരിച്ചു നടക്കുന്പോൾ വിശപ്പ് അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയിരിക്കും. കിഴക്കും കരയിലെ ഗോപാലേട്ടന്റെ വീട്ടിന്റെ മുന്പിൽ അറിയാതെ സഡൻ ബ്രേക്കിടുന്ന നമ്മൾ അപ്പോൾ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും.

ഗോപാലേട്ടന്റെ വീട്ടിലെ റോഡിലേയ്ക്ക് തൂങ്ങി നിൽക്കുന്ന കശുമാങ്ങാ ലക്ഷ്യം വെച്ച് തുരുതുരാ കല്ലുകൾ പതിക്കുന്പോൾ, ഗോപാലേട്ടൻ പിള്ളേരെ പ്രാകി കൊണ്ട് ഓടി ഗേറ്റിനരികിലെത്തും. അതിനിടയിൽ കിട്ടാവുന്ന മാങ്ങയും പെറുക്കി ഓടുന്പോൾ ഗോപാലേട്ടന്റെ പുളിച്ച വാക്കുകൾ നമ്മെക്കാൾ മുന്പിൽ ഓടിക്കൊണ്ടിരിക്കും. 

ആവർത്തിച്ച് ചെയ്തിട്ടും വിരസത തോന്നാത്ത ഈ കലാപരിപാടിക്ക് അവസാനം കുറിച്ചത് ഗോപാലേട്ടന്റെ വീടിന്റെ ടെറസ്സിലെ ഒരു ജനാല ചില്ല് തകർത്ത് വിമൽ എറിഞ്ഞ കല്ല് ഗോപാലേട്ടന്റെ മുഖത്തു കൊണ്ടപ്പോഴാണ്.

സംഭവം വിമലിന്റെ കുടുംബക്കോടതിയിലെത്തി. ഗോപാലേട്ടനും വിമലിന്റെ പിതാവും പരിചയക്കാരനായിരുന്നതിനാൽ സംഗതി ചെറിയ നഷ്ടപരിഹാരം കൊടുത്ത് കാര്യം പരിഹരിക്കപ്പെട്ടു.

പ്രായപൂർത്തിയാകാത്ത മകൻ ചെയ്ത തെറ്റിന് ധാർമ്മികതയുടെ പേരിൽ പിതാവ് കുറ്റം ഏറ്റ് പറയുകയും നഷ്ടപരിഹാരം നൽകുകയും ചെയ്തു. ഇതൊരു തിരിച്ചറിവായിരുന്നു. വിമലിനും കൂടെയുള്ള ഞാനടക്കമുള്ള സഹകൂട്ടാളികൾക്കും ഇത് ഒരു ജീവിത പാഠമായിരുന്നു.

കുറച്ചു കൂടി വിവരവും വിദ്യാഭ്യാസവും പ്രായവും ഒക്കെ ആയാൽ പിന്നെ നിങ്ങളുടെ കുറ്റങ്ങൾക്ക് ഉത്തരവാദി നിങ്ങൾ തന്നെ എന്ന ഗോപാലേട്ടന്റെ ഉപദേശം ഇപ്പോഴും തലയ്‌ക്കുള്ളിൽ മുഴങ്ങികൊണ്ടിരിക്കുന്നുണ്ട്.

സൗദിയിൽ നിന്നും പ്രായപൂ‍‍ർത്തിയായ, വിവരവും ബുദ്ധിയുമുള്ള ഒസാമ ബിൻ ലാദൻ എന്ന വ്യക്തി ഒരു സെപ്റ്റംബർ മാസത്തിൽ കുറച്ചു വർഷങ്ങൾക്കു മുന്പ് അമേരിക്കയിലെ ഏറ്റവും വലിയ ടവറുകളെ ലക്ഷ്യമാക്കി ഒരു വൻ കല്ലെറിഞ്ഞപ്പോൾ നഷ്ടമായത് നൂറുകണക്കിന് ജീവനുകളും കോടികളുടെ നഷ്ടവുമാണ്.

ഇത്തരമൊരു നഷ്ടത്തിന്റെ പരിപൂർണ്ണ ഉത്തരവാദിത്വം ഒബാമ ബിൻ ലാദനെ വളർത്തി വലുതാക്കിയ സൗദിയുടെ തലയിൽ അമേരിക്ക വെച്ച് കെട്ടിയപ്പോൾ മനസിലുയർന്ന ചോദ്യം ഗോപാലേട്ടന്റെ കോമൺ സെൻസ് പോലും ലോക പോലീസിന് ഇല്ലാതെ പോയല്ലോ എന്നതാണ്.

അമേരിക്ക വർഷങ്ങളായി ലക്ഷ്യമിടുന്നത് അറബ് രാജ്യത്തെ കൊള്ളയടിക്കുവാനും തകർക്കുവാനുമാണ്. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുറച്ചതും അറബ് രാജ്യങ്ങളിൽ നടന്ന വിപ്ലവങ്ങളും, സദ്ദാം ഹുസൈനെയും ഗദ്ദാഫിയെയും കൊന്നതുമടക്കം അമേരിക്ക ഉത്തരം നൽകേണ്ടതും നഷ്ടപരിഹാരം നൽകേണ്ടതുമായ നിരവധി സംഭവങ്ങളുണ്ട്.

അഫ്ഗാനിസ്ഥാനിൽ അമേരിക്കയും ബ്രിട്ടനും കൂടി കൊന്നൊടുക്കിയത് രണ്ടരലക്ഷം പേരെയാണ്. നാഗസാക്കിയിൽ അണുബോംബിട്ട് കൊന്നൊടുക്കിയത് 7000ത്തിലധികം പേരെയാണ്. ഇറാഖിൽ കൊന്നത് എട്ടര ലക്ഷം പേരെയാണ്. ഒരു വിദേശരാജ്യത്ത് ഭീകരാക്രമണം നടത്തിയ വ്യക്തിയുടെ രാജ്യം നഷ്ടപരിഹാരം നൽകണമെന്ന നിയമം അമേരിക്ക അനുസരിക്കുമെങ്കിൽ അമേരിക്ക ഫിലിപ്പൈൻസിനും ജപ്പാനും അഫ്ഗാനിസ്ഥാനിനും വിയറ്റ്നാമിനും സോമാലിയയ്ക്കും ജർമ്മനിക്കും നൽകേണ്ടി വരിക ബില്യണുകളാണ്.

ഒരു വ്യക്തി വിദേശ രാജ്യത്ത് നടത്തുന്ന തീവ്രവാദത്തിന് നഷ്ടപരിഹാരം നൽകേണ്ടത് ആ വ്യക്തിയുടെ രാജ്യത്തിന്റെ ഉത്തരവാദിത്തം ആണെന്ന് വാദിക്കുന്നത് തന്നെ എത്ര ബാലിശമായ ചിന്തയാണ്. അമേരിക്കയിൽ ഹിലാരിക്ക് പകരം ട്രംപ് ഭരണത്തിൽ വന്നാൽ justice against sponsors of terrorism act എന്ന പുതിയ കെണിയുമായി അമേരിക്ക അറബ് രാജ്യങ്ങളിലെ മുഴുവൻ സമ്പത്തും ഊറ്റി കുടിക്കുമെന്നതിൽ സംശയമില്ല.

 

You might also like

Most Viewed