മൂളി പറക്കുന്ന ചിന്തകൾ


പി. ഉണ്ണികൃഷ്ണൻ

കൊത്തിയ പാന്പിനെ കൊണ്ട് വിഷമിറക്കിയാൽ അപമാനം സഹിക്കുവാൻ പറ്റാതെ പാന്പ് തല തല്ലി ചാകുമെന്നു പഴമൊഴി. പേട്ട സിനിമയിൽ ൈസ്റ്റൽ മന്നൻ രജനി പറയുന്നത് ശത്രുവിനെ നിർമ്മാർജനം ചെയ്യുവാൻ കട്ടവന്റെ കൈ വെട്ടുകയും വെട്ടിയവനെ തട്ടുകയും, ഒപ്പം കള്ളത്തരത്തിലൂടെ കള്ളനെ പൂട്ടുക എന്ന തന്ത്രം രാജ്യനീതിയാണ് എന്നതാണ്.

മനുഷ്യ ഗണങ്ങളെ അന്നും ഇന്നും നിരന്തരം കുത്തി കൊലപ്പെടുത്തുന്ന ഭീകരനാണ് കൊതുക്. ഒരു വർഷം പത്തു ലക്ഷത്തിൽ അധികം പേരാണ് ടിയാന്റെ സ്നേഹ പ്രകടനം വഴി കാലപുരിയിലേക്കു മൂളിപ്പാട്ടും കേട്ട്‌ യാത്രയാവുന്നത്. മുപ്പതു മുതൽ അന്പത് ലക്ഷത്തോളം പേരാണ് മലേറിയ വഴി മാത്രം ഒരു വർഷം ചികിത്സ തേടി ആശുപത്രികളിൽ കയറി ഇറങ്ങുന്നത്. ആഫ്രിക്ക പോലുള്ള രാജ്യങ്ങളിൽ ആരോഗ്യ മേഖലയിൽ നാൽപതു ശതമാനത്തോളം ചിലവ് കൊതുകു നിർമാർജനത്തിനായിട്ടാണ് നീക്കി വെച്ചിട്ടുള്ളത്!

ചകിരിയിട്ട് പുകപ്പിച്ചും, ജനാലയ്ക്കു നേരിയ കന്പിവല തീർത്തു തടയിട്ടും, ദേഹമാസകലം കൊതുകു നിവാരണി പുരട്ടിയും കൊതുക് തിരി കത്തിച്ചും മറ്റു പലവിധ കലാപരിപാടികൾ നടത്തി പരാജയപ്പെട്ട മനുഷ്യൻ കേവലം ഒരു കൊതുകിന്റെ മുന്പിൽ കൈകൂപ്പി ഭയന്ന് നിൽക്കുവാൻ തുടങ്ങിയത് ഡെങ്കിയും, സീകയും, യെല്ലോ ഫീവറും, H1N1 ഉം മുന്നറിയിപ്പില്ലാതെ കയറിവന്നു ഗോൾ അടിക്കുവാൻ തുടങ്ങിയപ്പോഴാണ്.

ഇന്ത്യയിൽ കൊതുകിനെ പൂർണ്ണമായും നിർമ്മാർജനം ചെയ്യുവാനുള്ള ഒരു പദ്ധതിയ്ക്കെതിരെ ഏതോ കൊതുക്്തിരി കന്പനി കോടതി കയറുകയും അത്തരം പദ്ധതി വഴി പൊതു ഇടങ്ങളിൽ തളിക്കുന്ന മരുന്ന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് വാദിച്ചു േസ്റ്റ വാങ്ങിക്കുകയും ചെയ്തു.

ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധതരം പരീക്ഷണങ്ങളാണ് ഈ ആളെ കൊല്ലിയെ തല്ലി കൊല്ലാനും, തുരത്തിയോടിക്കുവാനുമായിട്ട് നടക്കുന്നത്. അതിൽ രസകരമായ ഒരു കണ്ടുപിടുത്തം ഒരു പ്രത്യേക ഗുളിക കഴിക്കുകയാണെങ്കിൽ ആ ഗുളിക കഴിച്ച വ്യക്തിയെ കടിക്കുന്ന കൊതുകുകൾ ഒരു മണിക്കൂർ സമയത്തിനുള്ളിൽ മരിച്ചു വീഴും എന്നതാണ്. വേറൊന്നു ട്രെയിൻ ചെയ്ത പട്ടികൾക്ക് മലേറിയ രോഗം ബാധിച്ച മനുഷ്യരെ തിരിച്ചറിയാൻ പറ്റുമെന്ന കണ്ടുപിടുത്തമാണ്. സ്വാഭാവികവും മലേറിയ പടരുന്ന സമയത്തു അത്തരം പട്ടികൾ രോഗബാധിതരായവരെ കണ്ടുപിടിച്ചു രോഗം ഗുരുതരമാകുന്നതിനു മുന്പ് ചികിത്സിച്ചു രക്ഷിക്കാനും അത് വഴി പ്രതിരോധ നടപടികൾ സ്വീകരിക്കുവാനും പറ്റുന്നു.

എന്നാൽ ഇത്തരം കണ്ടുപിടുത്തങ്ങളെ എല്ലാം വെല്ലുവിളിക്കുന്ന ഒരു പുതിയ രീതിയാണ് ഈയിടെ ശാസ്ത്രജ്ഞർ കണ്ടുപിടിച്ചത്. ഉഷ്ണം ഉഷ്‌ണേന്ന ശാന്തി എന്ന നമ്മുടെ പഴമൊഴിയുടെ ചിന്ത കടമെടുത്താണ് ശാസ്ത്രജ്ഞർ ഒരു പുതിയ ‘നല്ല കൊതുകിനെ’ നായകനാക്കി അവതരിപ്പിച്ചിരിക്കുന്നത്. ക്ഷീരമുള്ള അകിടിന്റെ കീഴിലും ചോര തേടുന്ന വില്ലൻ കൊതുകുകൾക്കെതിരെ നല്ല കൊതുകുകളെ പറത്തി ഇന്ന് ഓസ്‌ട്രേലിയയിലും ചൈനയിലും ശാസ്ത്രജ്ഞർ നമ്മുടെ ആര്യോഗത്തിന് ഹാനികരമല്ലാത്ത ചില ബാക്ടീരിയ വഴി വില്ലൻ കൊതുകുകളെ നിർമ്മാർജനം ചെയ്തു തുടങ്ങിയിരിക്കുന്നു.

2011ൽ മെൽബോണിലാണ് മൊണാഷ് യൂണിവേഴ്സിറ്റി ടൗൺ വില്ലെയിൽ നല്ല കൊതുകുകളെ പറത്തി തുടങ്ങിയപ്പോൾ ജനം അത്തരം ഒരു പദ്ധതി അംഗീകരിക്കുവാൻ തയ്യാറായില്ല. കൂടുതൽ കൊതുകൾ ജനങ്ങളുടെ ജീവിതം കൂടുതൽ ബുദ്ധിമുട്ടിലാക്കും എന്നായിരുന്നു ആദ്യ പ്രതികരണങ്ങൾ. പിന്നീട് പൊതുജനങ്ങളിൽ കൂടുതൽ പ്രചാരണം നടത്തി സംഗതിയുടെ സത്യാവസ്ഥ മനസിലാക്കി കൊടുത്തപ്പോൾ പലരും വീട്ടിലെ ഒരു ചെറിയ പെട്ടിയിൽ നല്ല കൊതുകുകളെ വളർത്തി തുടങ്ങി. പിന്നീട് സ്കൂൾ കുട്ടികൾ ഇതിന്റെ പ്രചാരണത്തിനും നടത്തിപ്പിനും മുൻകൈ എടുത്തപ്പോൾ നല്ല കൊതുകുകൾ വില്ലൻ കൊതുകുകളെ തുരത്തി തുടങ്ങി. പരീക്ഷണാർത്ഥം തുടങ്ങിയ ഈ പദ്ധതിയുടെ റിസൾട്ട് നഗരത്തിൽ ഉടൻ കണ്ടു തുടങ്ങി. ഡെങ്കിയും മറ്റു കൊതുക് പരത്തുന്ന രോഗങ്ങൾ ഗണ്യമായി കുറഞ്ഞു. കേവലം പത്തു ശതമാനം പേർക്ക് മാത്രമാണ് പിന്നീടുള്ള സീസണിൽ രോഗം പിടിപെട്ടത്.

നല്ല കൊതുകിൽ കുത്തി വെയ്ക്കുന്നത് വോൾബാച്ചിയാ എന്ന ഒരു ബാക്റ്റീരിയയെയാണ്. 2005 ലാണ് ഇത്തരം ഒരു ബാക്ടീരിയയെ വിജയകരമായി നല്ല കൊതുകിലേയ്ക്കു പകരാൻ പറ്റിയത്. ചൈനയിൽ ഇന്ന് സജ്ജീകരിച്ചിരിക്കുന്ന ലാബിൽ ഒരു ആഴ്ചയിൽ 60 ലക്ഷം നല്ല കൊതുകുകളെ ഉൽപാദിപ്പിക്കുവാനുള്ള ശേഷി സമാഹരിച്ചിട്ടുണ്ട്.

പേട്ട എന്ന സിനിമയിൽ രജനികാന്ത് വിജയ് സേതുപതിയെ തന്റെ മകനാണ് എന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചാണ് അയാളുടെ പിതാവിനെയും സഹോദരനെയും ഒപ്പം മൊത്തം കുടുംബത്തെയും നശിപ്പിക്കുന്നത്. ഇവിടെ നല്ല കൊതുക് വില്ലൻ കൊതുകിനെ നശിപ്പിക്കുന്നത് ഇതേ മാർഗ്ഗം വഴി തന്നെ.

പാന്പ് കടിച്ചാൽ ചികിത്സിക്കുന്നത് പാന്പിന്റെ വിഷം എടുത്ത് തന്നെയാണ്. ഭ്രാന്തൻ നായ കടിച്ചാൽ ചികിത്സിക്കുവാനായാലും വേണ്ടത് നായയുടെ സലൈവ തന്നെയാണ്. ഒരു പരിധി വരെ എല്ലാ വിഷവും ചികിത്സിച്ചു ഭേദമാകണമെങ്കിൽ, മരുന്ന് വിഷം വമിക്കുന്നവരിൽ തന്നെയാണ് ലഭിക്കുന്നത്. ഇതൊരു പ്രകൃതി സത്യമാണ്.

ജാതിയുടെ പേരിൽ, മതത്തിന്റെ പേരിൽ, രാഷ്ട്രീയത്തിന്റെ പേരിൽ വിഷം പകർത്തുന്നവരെ ചികിത്സിക്കാനുള്ള മരുന്ന് അവർ തന്നെ ഉൽപ്പാദിച്ചു തുടങ്ങും. ബോംബയിലെ അധോലകത്തെ കൊന്നൊടുക്കിയത് പോലീസുകാരെക്കാൾ അവരുടെ ഇടയിലുള്ള ഗുണ്ടകളാണെന്നു ഓർക്കുക. മതത്തിന്റെ പേരിൽ തീവ്രവാദികളായവർ കൊല്ലപ്പെടുന്നത് അവർ വിശ്വസിക്കുന്നവരുടെ ഇടയിൽ നിന്ന് ആണ് എന്നതും നാം ഏറെ കണ്ടു കഴിഞ്ഞിരിക്കുന്നു.

വാളെടുത്തവൻ വാളാൽ എന്ന ചിന്ത ശരിയാണെന്നാണ് ശാസ്ത്രവും പ്രകൃതിയും നമ്മെ പഠിപ്പിക്കുന്നത്. വരാൻ പോകുന്ന മഴക്കാലത്ത് നല്ല കൊതുകുകളെ വളർത്താനും പറത്താനും നമ്മുടെ സർക്കാറും ആരോഗ്യവകുപ്പും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എല്ലാ വർഷവും ദിലീപിനെ പോലുള്ള ഒരുവനെ മുന്പിൽ നിർത്തി കൊതുക് കടി വഴി വരുന്ന മരണങ്ങൾ മൂടി വെയ്ക്കാൻ ആവില്ല എന്നതും ഭരണകർത്താക്കൾ ഓർക്കേണ്ടത് തന്നെ.

കൊതുകിനെ തുരത്താൻ ഒരു ആന്റിമോസ്‌ക്വിറ്റോ സോഫ്റ്റ്‌വെയർ ഒരു തായ് കന്പ്യൂട്ടർ പ്രോഗ്രാമർ കണ്ടുപിടിച്ചിരുന്നു. കന്പ്യൂട്ടറിൽ ഈ സോഫ്റ്റ്‌വെയർ വഴി ഒരു പ്രത്യേക ശബ്‌ദം പുറപ്പെടുവിച്ചാൽ അത് രണ്ടു മീറ്റർ ചുറ്റളവിൽ വരുന്ന കൊതുക്, ഏലി, പാറ്റ എന്നിവയെ തുരത്തും. ഏകദേശം 50 ലക്ഷത്തിൽ അധികം പേർ കൊതുകുകൾ ഉള്ള ഓഫീസിൽ ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തുടങ്ങി എന്നാണ് റിപ്പോർട്ട്. മനുഷ്യർക്കു കേൾക്കാൻ പറ്റാത്ത ഈ ശബ്ദം നമ്മെ കന്പ്യൂട്ടറിൽ ജോലി ചെയുന്പോൾ ഉപദ്രവിക്കുന്നില്ല എന്നതും ഈ സോഫ്റ്റ്‌വെയർ കൂടുതൽ സ്വീകര്യമാക്കുന്നു.

കേരളത്തിലെ ഏതെങ്കിലും ശാസ്ത്രജ്ഞർ നല്ല കൊതുകിനെ ഉൽപാദിപ്പിച്ചു പരത്തുന്പോൾ ജനങ്ങളുടെ ചോരയ്ക്ക് പകരം കൊഴുപ്പു കുടിച്ചു തീർക്കുന്ന വല്ല വിദ്യയും കണ്ടുപിടിച്ചാൽ നല്ലതല്ലേ എന്ന ചിന്തയോടൊപ്പം എല്ലാവർക്കും നേരുന്നു ഒരു നല്ല വാരാന്ത്യം.

You might also like

Most Viewed