റിപ്പബ്ലിക് ദിനാശംസകൾ...


പി. ഉണ്ണികൃഷ്ണൻ

ടാറില്ലാത്ത ചെങ്കൽ പാതയിൽ നിന്ന് നാഷണൽ ഹൈവേയിലേക്കുള്ള ദൂരം, നിരക്ഷതയിൽ നിന്ന് സാക്ഷരതയിലേയ്ക്കുള്ള ദൂരം. ദാരിദ്ര്യത്തിൽ നിന്ന് സന്പന്നതയിലേയ്ക്കുള്ള ദൂരം. ജാതി മത വിവേചനങ്ങളിൽ നിന്ന് മതനിരപേക്ഷയിലേയ്ക്കുള്ള ദൂരം. അസ്വാതന്ത്ര്യത്തിൽ നിന്ന് സ്വാതന്ത്ര്യത്തിലേയ്ക്കുള്ള ദൂരം. ഇരുളിൽ നിന്ന് വെളിച്ചത്തിലേയ്ക്കുള്ള ദൂരം. ഇത്തരം ദൂരങ്ങൾ അളക്കാനുള്ള അളവുകോലുകൾ നാം തേടുന്നത് പലപ്പോഴും ഇന്ത്യൻ ജനത നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ഓർമ്മകൾ ആഘോഷിക്കുന്ന വേളകളിലാണ്!

സാമൂഹ്യ സാന്പത്തിക ശാസ്ത്രജ്ഞർ ഗണിതശാസ്ത്രത്തിന്റെ അകന്പടിയോടെ നിരത്തുന്ന ചിന്തകൾ എന്തുമാകട്ടെ, ഇന്ന് ഇന്ത്യയെ ദൂരെ നിന്ന് നോക്കിക്കാണുന്ന ഓരോ ഇന്ത്യക്കാരന്റെ സാമാന്യബുദ്ധിയിൽ യുക്തിയിൽ തെളിയുന്ന ഒരു ബോധം, അത് ഉച്ചത്തിൽ പറയുന്നത് ഇന്ത്യ വളർന്നിരിക്കുന്നു. സാന്പത്തികമായും സാമൂഹ്യമായും സാംസ്കാരികമായും ഇന്ത്യ ഏറെ വളർന്നു കഴിഞ്ഞിരിക്കുന്നു എന്ന സത്യം തന്നെ.

നേപ്പാളിനെയും ശ്രീലങ്കയെയും പ്രണയം അഭിനയിച്ച് വശീകരിക്കാൻ ശ്രമിക്കുന്ന ചൈന ഒരു വശത്തും കാശ്മീരിലെ പാവപ്പെട്ട ജനങ്ങളെ ബലിയാടാക്കി കുതന്ത്രങ്ങൾ വഴി ഇന്ത്യയെ പിറകിൽ നിന്ന് നിരന്തരം കുത്തിനോവിക്കാൻ ശ്രമിക്കുന്ന പാകിസ്ഥാൻ മറുവശത്തും അതിനിടയിൽ വർഗീയ കലാപങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യയിലേക്ക് ഒഴുകുന്ന ഡോളർ നോട്ടുകൾ കണ്ടു ഭ്രമിച്ചു വീഴുന്ന ഇന്ത്യൻ വംശജരും തീർക്കുന്ന നേരിയ ഒരു പാലത്തിലൂടെ വളരെ സൂക്ഷ്മമായാണ് നമ്മുടെ ഭരണകർത്താക്കൾ ഇന്ത്യയെ പറ്റാവുന്ന വേഗത്തിൽ മുന്നോട്ട് നയിക്കുന്നതെന്നും നാം ഓർക്കേണ്ടതുണ്ട്.

രാജ്യം ഭരിച്ചവർ ആരായാലും വളരെ കരുതലോടെയാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യ മുന്പോട്ടു പോകുന്നത്. വിവിധ മതങ്ങളും വിവിധ പ്രത്യയ ശാസ്ത്രങ്ങളും വിവിധ ഭാഷകളും സംസ്കാരവും കൊണ്ട് സന്പന്നമായ ഇന്ത്യയുടെ ദേശീയ പക്ഷി ഇത്തിരി അഹങ്കാരത്തോടെയാണ് മറ്റ് രാജ്യങ്ങൾ നോക്കി നൃത്തമാടുന്നത്.

ലോക പോലീസായ അമേരിക്കൻ സർക്കാർ ഭരണചക്രം പെട്ടിയിൽ പൂട്ടി പ്രസിഡണ്ടിന്റെ പടിക്ക് പുറത്താക്കി പിണ്ധം വെച്ച കാഴ്ചയും ഈയിടെയാണ് നാം കണ്ടത്. പണപ്പെരുപ്പത്തിന്റെ പേരിൽ ഫ്രാൻസ് നഗരം കത്തിച്ചാന്പലാകുന്ന കാഴ്ചയും നാം കാണുന്നുണ്ട്. ബ്രഡ്ഡിന്റെ വിലയിൽ മൂന്ന് സെന്റ്സ് കൂട്ടിയതിനെ തുർന്ന് ഉണ്ടായ കലാപത്താൽ 21 പേർ മരിച്ച സുഡാന്റെ സങ്കടവും നാം അറിയുന്നുണ്ട്.

ലോകമെന്പാടും സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്പോൾ യൂറോപ്പിലും അമേരിക്കയിലും ഗൾഫ് രാജ്യങ്ങളിലുമുള്ള പരിഭ്രമവും പരിഭ്രാന്തിയും കണക്കിലെടുത്താൽ ഇന്ത്യൻ ജനതയും ഇന്ത്യയെ പുറത്ത് നിന്ന് നോക്കി കാണുന്നവരും ഇപ്പോഴും ശുഭാപ്തി വിശ്വാസത്തിലാണ്. ഇന്ത്യ ലോകരാജ്യങ്ങളിൽ ഒന്നാമനാകുന്ന കാലം വിദൂരമല്ല എന്ന ചിന്തയോടൊപ്പം എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ.

You might also like

Most Viewed