ഒരു അഖില ഭാരത മഹാ ഉടായിപ്പ് !


പി. ഉണ്ണികൃഷ്ണൻ

അദ്ധ്യാപികയാണ്!. ഗണിതശാസ്ത്രത്തിൽ ഡോക്ടറേറ്റ് ഉണ്ട്! തൂക്കം ഒരു ക്വിന്റൽ എങ്കിലും വരും! നെറ്റിയിൽ മൂന്ന് വര. ഒത്ത നടുവിൽ കുങ്കുമ പൊട്ട്.

സംഗതി ഉരുണ്ടു ഉരുണ്ടു വന്നു നിൽക്കുന്നത് ഇന്ത്യയ്ക്കു വേണ്ടി നിരന്തരം പട്ടിണി കിടന്നു ശോഷിച്ച, മഹാത്മാജിയുടെ ഒരു ചിത്രത്തിനരികിലേയ്ക്ക്. ചുറ്റുമുള്ള വാലാട്ടികൾ ആവേശത്തോടെ നോക്കുന്പോൾ ബ്രോയ്ലർ നേതാവ് ഗാന്ധിയുടെ ചിത്രത്തിന് നേരെ വെടിയുതിർക്കുന്നു.പിന്നീട് ഹിന്ദു മഹാസഭയുടെ നേതാവ് എന്ന് പറയപ്പെടുന്ന ബ്രാഹ്മണ കുല സ്ത്രീ ഗാന്ധിജിയുടെ കോലം കത്തിച്ചു ഗോഡ്‌സെയുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തി ആദരിക്കുന്നു.

ഇവർ അപമാനിച്ചത് ഇന്ത്യയിലെ സ്ത്രീകളെയാണ്. ഇന്ത്യയിലെ ഹിന്ദുക്കളെയാണ്. ഇന്ത്യയിലെ ഉന്നത കുലജാതർ എന്ന് വിശ്വസിക്കുന്ന ബ്രാഹ്മണരെയാണ്! സത്യത്തിൽ ഇന്ത്യ എന്ന മഹാരാജ്യത്തെയാണ്.

ഐക്യരാഷ്ട്ര സഭയിൽ ബഹ്‌റൈൻ പ്രവാസികളെ പ്രധിനിധീകരിച്ചു ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ പോയപ്പോൾ ഏറെ അഭിമാനം തോന്നിയത്, ജനീവയിലെ യുഎൻ കെട്ടിടത്തിന്റെ മുൻപിൽ സ്ഥാപിച്ചിരിക്കുന്ന മഹാത്മാഗാന്ധിയുടെ പ്രതിമ കണ്ടപ്പോഴാണ്. പ്രവേശന കവാടത്തിനു മുൻപിൽ നിന്നിരുന്ന വ്യത്യസ്ത ദേശത്തു നിന്നുള്ള പല പ്രമുഖരും ഗാന്ധി പ്രതിമയെ നോക്കി ചർച്ച ചെയ്യുന്നതും കാണാമായിരുന്നു.

ഇന്ത്യക്കാർ മനസ്സിലാക്കിയതിനേക്കാൾ മഹാത്‌മാജിയെ പഠിച്ചതും മനസിലാക്കിയതും അംഗീകരിച്ചതും വിദേശീയർ ആണ് എന്നതാണ് സത്യം. നിരവധി ഓസ്കാർ നേടിയ ‘ഗാന്ധി’ എന്ന പടം തന്നെ എത്ര മനോഹരമായിട്ടാണ് അദ്ദേഹത്തിന്റെ ജീവിതത്തെ പകർത്തിയിരിക്കുന്നത് എന്ന് ആ പടം കാണുന്ന ഏതൊരുവനും മനസ്സിലാകും. ഗാന്ധിജിയെ കുറിച്ച് ഇന്ത്യൻ വംശജർ എഴുതിയതിനെക്കാൾ ഏറെ വ്യത്യസ്തമായ ഗ്രന്ഥങ്ങൾ രചിച്ചതും വിദേശികൾ തന്നെ.

മഹാത്മാഗാന്ധിയുടെ ആശയം പിന്തുടർന്ന മാർട്ടിൻ ലൂഥർ കിങ്ങും, നെൽസൺ മണ്ടേലയും ആൽബർട്ട് എയ്ൻസ്റ്റീൻ മുതൽ സ്റ്റീവ് ജോബ്സ് വരെ ഗാന്ധി എന്ന പ്രതിഭാസത്തിനെ ഏറെ അത്ഭുതത്തോടെയാണ് വീക്ഷിച്ചത്.

ചിലർ മരിച്ച പോലെ ജീവിക്കുന്നവരാണ്.ചിലർ മരിച്ചിട്ടും ജീവിക്കുന്നവരാണ്.മരിച്ചിട്ടും ജന മനസ്സിൽ ജീവിക്കുമെന്ന് തോന്നുന്നവരെയാണ് മരിച്ചു ജീവിക്കുന്ന ചിലർ ജീവിച്ചിരിക്കുന്പോൾ കൊല്ലുന്നത്.

മംഗൾ പാണ്ധെയേയും, റാം പ്രസാദ് ബിസ്മാലിനെയും, റാണി ലക്ഷ്മി ഭായിയേയും സുബാഷ് ചന്ദ്ര ബോസിനെയും നമ്മൾ മറക്കാത്തതു അവരുടെ പ്രവർത്തികളും ചിന്തകളും അവർ മരിച്ചിട്ടും നമ്മുടെ മനസ്സിൽ ജീവിക്കുന്നത് കൊണ്ടാണ്.

കമ്മ്യൂണിസ്റ്റ് നേതാക്കളായ കെ. കുഞ്ഞാലിയെയും, കൃഷ്ണദേശായിയെയും, ഓർക്കുന്ന കാലത്തോളം നമ്മൾ കമ്മ്യൂണിസം എന്ന ആശയത്തെ ഓർക്കും. ടി.പി ചന്ദ്രശേഖരൻ എന്ന നേതാവിനെ കേരള ജനത മറക്കാൻ കാലം ഏറെ കാത്തിരിക്കേണ്ടിവരും.

ഇന്ദിരാഗാന്ധിയും, രാജീവ് ഗാന്ധിയും, ബിയാന്ത് സിങ്ങും മുതൽ സമാജ് വാദി പാർട്ടി നേതാവായിരുന്ന ഫൂലൻ ദേവി വരെ ഇന്ത്യൻ ചരിത്ര പുസ്തകത്തിൽ മായാതെ നിൽക്കും.

മരിച്ച ചില മഹത് വ്യക്തികളുടെ ആശയത്തെ വരെ ഭയക്കുന്നവരാണ് അവർ മരിച്ചിട്ടും അവരെ അപമാനിക്കുവാൻ ശ്രമിക്കുന്നത്.

ഗാന്ധിജിക്ക് വെടിയേറ്റ ഉടൻ എത്തിയ മൗണ്ട്ബാറ്റൻ പറഞ്ഞു.“ഗാന്ധിജിയെ കൊന്നത് ഒരു ഹിന്ദുവാണ്. ഗാന്ധിജിയെ കൊന്നത് ഒരു ഹിന്ദുവാണ്.” ആരാണ് കൊന്നത് എന്ന് അദ്ദേഹത്തിനു അറിയില്ലായിരുന്നു. പിന്നീട് അദ്ദേഹം പറഞ്ഞത് കൊന്നത് ഒരു മുസ്ലിമായിരുന്നെങ്കിൽ രാജ്യം മുഴുവൻ ‍മുസ്ലിംകളുടെ ചോരപ്പുഴകൾ ഒഴുകുമായിരുന്നു എന്നാണ്. അതൊഴിവാക്കാൻ‍ വേണ്ടിയാണ് സത്യം അറിയുന്നതിന് മുന്പ് തന്നെ ഇങ്ങനെ വിളിച്ചു പറഞ്ഞത് എന്ന്. ആകാശവാണി വാർ‍ത്ത പുറത്തു വിട്ടത് “ഗാന്ധിജിക്ക് വെടിയേറ്റു, കൊന്നത് ഒരു ഹിന്ദുവാണ്” എന്നായിരുന്നു.

ഡോ. പൂജാ ശകുൻ‍ പാണ്ധെ എന്ന ഹൈന്ദവ ആത്മീയ നേതാവ്, എഴുപത് വർ‍ഷങ്ങൾ‍ക്ക് മുന്പ് ജീവിച്ചിരുന്നുവെങ്കിൽ താൻ‍ മോഹൻ‍ദാസ് ഗാന്ധിയെ കൊല്ലുമെന്ന് നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള ആളാണ്. ഗോഡ്‌സെയാണ് തന്റെ നേതാവ് എന്ന് പല വട്ടം പ്രഖ്യാപിട്ടുള്ള ആൾ‍. ഇന്ത്യയെ രക്ഷിക്കാൻ ഇന്ത്യയുടെ മതനിരപേക്ഷത കാത്തു സൂക്ഷിക്കാൻ സായിപ്പായ മൗണ്ട് കാണിച്ച വിവേകത്തിന്റെ ഒരംശം പോലും ഇത്തരം ഭീകര വനിതകളുടെ ആൾ താമസമില്ലാത്ത തലയുടെ ഏതെങ്കിലും ഒരു കോണിൽ വരെ ഇല്ലല്ലോ എന്നതാണ് സങ്കടം!

ഒരു കാര്യം ഉറപ്പാണ്. ഇവർ ഉടൻ അറസ്റ്റ് ചെയ്യപ്പെട്ടില്ലെങ്കിൽ ഇന്ത്യയുടെ നിയമ വ്യവസ്ഥ നശിച്ചിരിക്കുന്നു. ഇവർക്കെതിരെ ഹിന്ദുക്കൾ പ്രതിഷേധിച്ചില്ലെങ്കിൽ ഇന്ത്യയിൽ ഹൈന്ദവ സംസ്കാരം നഷ്ടപ്പെട്ടിരിക്കുന്നു. ഏതെങ്കിലും ഒരു യുവാവ് ഇവരുടെ കോലം കത്തിക്കുകയോ ഇവരുടെ ചിത്രത്തിൽ ചാണകം പതിക്കുകയോ ചെയ്‌തിട്ടില്ലെങ്കിൽ ഇന്ത്യയിലെ യുവത്വം ഉറങ്ങുകയാണ്. ഇന്ത്യയിലെ ഏതെങ്കിലും ഒരു സ്ത്രീ ഇവർക്കെതിരെ നിയമ നടപടിയുമായി കോടതി കയറിയില്ലെങ്കിൽ ഇന്ത്യയിലെ സ്ത്രീകൾ ഇപ്പോഴും അടുക്കളക്കാരികൾ മാത്രമാണ്.

പൂജാ ശകുൻ‍ എന്ന നേതാവ് ശരിയായ ഒരു ഹിന്ദുവിന്റെ മനസ്സിൽ മരിച്ചു കഴിഞ്ഞ ദഹിപ്പിക്കാൻ വൈകിയ ഒരു ശരീരം മാത്രമാണ്. മത ഭീകരതയുടെ മോർച്ചറിയിൽ മരവിച്ച മനസ്സും ദുർമേദസ്സ് വന്ന ശരീരവുമായി അലയുന്ന ഗതി കിട്ടാതെ പ്രേതതുല്യമായ ഒരു മനുഷ്യ ജന്മം !

You might also like

Most Viewed