ബാഹ്യാകാശ പരിവേഷണം


ന്ത്യ ബഹികാരാകാശ മത്സരത്തിൽ ഇടം പിടിച്ചിരിക്കുകയാണല്ലോ. 104 പേടകങ്ങൾ ഒരേ സമയം വിക്ഷേപിച്ചു കൊണ്ട് ലോക രാഷ്ട്രങ്ങളുടെ ബാഹ്യാകാശ മത്സരത്തിലും, കച്ചവടത്തിലും ഇന്ത്യ നല്ലൊരു സ്ഥാനം ഉറപ്പിച്ചിരിക്കുന്നു. 

എന്താണ് ബാഹ്യാകാശം”. ഭൂമിയുടെ അന്തരീക്ഷം 480 കി.മി. കട്ടിയുള്ള ഒരു വായുവിന്റെ പുതപ്പു ആയി കണക്കാക്കാം. എന്നാൽ അതിൽ തന്നെ പ്രധാന വായു സാന്ദ്രതയുള്ള ഭാഗം 16 കി.മി എന്ന് കണക്കാക്കാം. കൃത്യം ആയ ഒരു പരിധിയില്ല എങ്കിലും ക്രമേണ നേർത്ത് വരുന്ന ഒരു അന്തരീക്ഷമാണ് വായു മണ്ധലം. ഇതിൽ 100 കിലോ മീറ്ററിന് മുകളിൽ ഉള്ള ഭാഗത്തെ ബഹ്യാകാശം ആയി കരുതുന്നു. അവിടെ നിന്നും ക്രമേണ നേർത്തു വായു ശൂന്യമായ സ്പേസിലേക്ക് ലയിക്കുന്നു. നൂറു കിലോ മീറ്ററിലുള്ള കാർമൻ ലൈൻ തുടങ്ങി ബാഹ്യാകാശമായി കരുതുന്നു. 

സെക്കന്റിൽ 11.2 കി.മീ വേഗതയിൽ കുതിച്ചാലെ ഒരു വസ്തുവിന് ഭൂമിയുടെ ആകർഷണ പരിധി വിട്ടു പുറത്തു കടക്കാൻ കഴിയൂ. വളരെ അധികം സാങ്കേതിക മികവുവേണ്ട ഇത്തരം പേടക വിക്ഷേപണം വളരെ ചിലവും പ്രയത്നവും ഉള്ളതാണ്. എന്താണ് ഇത് കൊണ്ടുള്ള പ്രയോജനങ്ങൾ?. ഉപഗ്രഹങ്ങളെ കൊണ്ട് പ്രപഞ്ചത്തെയും ശൂന്യാകാശത്തേയും അടുത്തറിയുന്നത് തൊട്ട് കാലാവസ്ഥ പ്രവചിക്കുന്നത് വരെ പല ഉപയോഗങ്ങളുണ്ട്. ഭൂമിയിൽ ഏതൊരാളുടെയും സ്ഥലത്തിന്റെയും വസ്തുവിന്റെയും സ്ഥാനം കൃത്യമായി നിർണ്ണയിക്കുന്ന ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം, ഭൂമിയുടെ ഉപഗ്രഹ ചിത്രമെടുത്ത് അതിൽ നിന്നും അനവധി കാര്യങ്ങൾ മനസ്സിലാക്കുന്ന റിമോട്ട് സെൻസിംഗ് എന്നിങ്ങനെ ലോകത്തിൽ എല്ലാവർക്കും ഗുണമുള്ള ഏറെ കാര്യങ്ങളാണ് ഉപഗ്രഹങ്ങൾ കൊണ്ട് നടത്താവുന്നത്. എന്നാൽ ഐ.എസ്.ആർ.ഒ ഒക്കെ ഉണ്ടെന്ന് വലിയ അഭിമാനത്തോടെ നമ്മൾ പറയുമെങ്കിലും, അവർ സാധ്യമാക്കുന്ന ഉപഗ്രഹ സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ സമൂഹത്തിനു വേണ്ടി ഉപയോഗിക്കുന്നതിൽ നാം ഏറെ പിന്നിലാണ്. ഉപഗ്രഹ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എന്തൊക്കെ സാധ്യമാണോ അതിന്റെ ഒരംശം പോലും നമ്മൾ ഉപയോഗിക്കുന്നില്ല എന്നത് വസ്തുതയാണ്. നമുക്കുള്ള വിദഗ്ദ്ധരെയും ചിലവ് കുറഞ്ഞ ഉപഗ്രഹ സംവിധാനങ്ങളെയും ഉപയോഗപ്പെടുത്താൻ പാകത്തിന് നമ്മുടെ നിയമങ്ങളും ഔദ്യോഗിക സംവിധാനവും വളർന്നിട്ടില്ലെന്നതാണ് ഇതിന് കാരണം.

ഏറ്റവും കൂടുതൽ ജനങ്ങളെ ബാധിക്കുന്ന കാര്യം ആദ്യം പറയാം. കേരളത്തിൽ ഇപ്പോഴും ഭൂമിയുടെ അളവ് നടത്തുന്നത് ചെയിൻ ലിങ്ക് ഉപയോഗിച്ചാണ്. 1620ൽ ഇംഗ്ലീഷുകാരനായ എഡ്മണ്ട് ഗുണ്ടർ ആണ് ഈ ചെയിൻ കണ്ടു പിടിച്ചത്. എന്നാൽ ഇംഗ്ലണ്ടിൽ ഇപ്പോൾ മ്യൂസിയത്തിൽ അല്ലാതെ മറ്റൊരിടത്തും ഈ ചെയിൻ ഇല്ല, ഔദ്യോഗികമായി ഒരു സർവെയ്ക്കും ഇത് ഉപയോഗിക്കുന്നുമില്ല. ചെയിനിലും എത്രയോ കൃത്യമായി, എളുപ്പത്തിൽ ഉപഗ്രഹങ്ങൾ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം ഉപയോഗിച്ച് സർവ്വേ ചെയ്യാനുള്ള സംവിധാനം കഴിഞ്ഞേ നൂറ്റാണ്ടിലേ ഉണ്ട്. ഇക്കാര്യത്തിൽ നാമിപ്പോഴും പതിനേഴാം നൂറ്റാണ്ടിലാണ്.

കേരളത്തിലെ പ്രധാന സാമൂഹ്യപ്രശ്നങ്ങളായ പാടം നികത്തൽ, അനധികൃത ക്വാറി, വനം, കായൽ, പുഴയോരം കൈയേറ്റ പ്രശ്നങ്ങളൊക്കെ ഒറ്റയടിക്ക് കണ്ടുപിടിക്കാൻ സംസ്ഥാനമെന്പാടും ഉപഗ്രഹചിത്രങ്ങളുടെ വിശകലനത്തിലൂടെ എളുപ്പത്തിൽ സാധിക്കും. നമ്മൾ ഇപ്പോഴും പുതിയതായി സ്ഥലം കൈയേറി അതിൽ വലിയൊരു തെങ്ങു പിഴുതു കൊണ്ടുവന്നു വെച്ചിട്ട് ‘അപ്പനപ്പൂപ്പന്മാരുടെ കാലം തൊട്ടേ’ ഞങ്ങളിവിടെ താമസക്കാരാണെന്ന് വാദിക്കുന്ന തറ വേല വരെ കാണിക്കുന്നവരാണ്. ഇപ്പോൾ ലഭ്യമാകുന്ന ഉപഗ്രഹ ചിത്രത്തിൽ പുതിയായി വരുന്ന ഇത്തരം തെങ്ങു പോലും കണ്ടുപിടിക്കാൻ പറ്റുമെന്നിരിക്കെയാണ് ഈ സാധ്യത നാം ഉപയോഗിക്കാതിരിക്കുന്നത്. കേരളത്തിന്റെ മുഴുവൻ ഭൂവിഭാഗത്തിന്റെയും ഹൈ റെസൊലൂഷൻ ഉപഗ്രഹ ചിത്രം എടുത്ത് അതിൽ ഈ നൂറ്റാണ്ടിന്റെ ആദ്യം മുതൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ കന്പൂട്ടർ വഴി തന്നെ വിശകലനം ചെയ്യാം. എന്നിട്ട് നിയമ വിരുദ്ധമായി തോന്നുന്ന കയ്യേറ്റങ്ങൾ കേരളത്തിലെ സിവിൽ എഞ്ചിനീയിറിംഗ് വിദ്യാർത്ഥികളെ ഏകോപിപ്പിച്ച് വെരിഫൈ ചെയ്യുന്ന (ഗ്രൗണ്ട് ട്രൂത്തിംഗ് എന്ന് റിമോട്ട് സെൻസിംഗിലെ സാങ്കേതിക പ്രയോഗം) ഒരു പ്രോജക്ട് നടത്തിയാൽ ഒറ്റയടിക്ക് കേരളത്തിന്റെ വ്യാപകമായ ചിത്രം കിട്ടും. 

ബഹുമുഖ ഉപയോഗമുള്ള ഇത്തരം പരിവേക്ഷണങ്ങൾ, മനുഷ്യന്റെ ഭാവിയിലെക്കുള്ള പ്രധാന ചുവടു വെപ്പുകളാണ്.

You might also like

Most Viewed