സത്യാനന്തര രാഷ്ട്രീയം (Post truth politics)


പങ്കജ് നാഭൻ

ഇത് പോസ്റ്റ്‌ മോഡേൺ‍ കാലം. ചരിത്രത്തിൽ‍ ഇന്നുവരെയുണ്ടായിരുന്ന രീതികളെ അപനിർമ്മിക്കുക, പഴയ സംഹിതകളെ ബൃഹത് ആഖ്യാനങ്ങളായി തള്ളി കളയുക തുടങ്ങി ഇരുപതാം നൂറ്റാണ്ടിന്റെയവസാന കാലം തൊട്ടുള്ള അഥവാ ആധുനികതയുടെ തുടർ‍ച്ചയും എന്നാൽ‍ അതിനോട് വേർപിരിഞ്ഞും കലയിലും, ശിൽപകലയിലും, തത്വശാസ്ത്രത്തിലും ഉരുത്തിരിഞ്ഞ ഒരു വിശാല സമൂഹ്യ ചിന്താരീതി എന്ന് പറയാം.

ജ്ഞാനോദയ മൂല്യമടക്കം എല്ലാ മെറ്റാനരേറ്റിവുകളെയും ചോദ്യം ചെയ്യുന്ന പ്രത്യയശാസ്ത്ര അവിശ്വാസം, യഥാർ‍ത്ഥ്യം, ധാർ‍മ്മികത, സദാചാരം ഇവയെ ഒക്കെ സന്ദേഹപരമായും ചോദ്യം ചെയ്യുന്ന ഈ പദ്ധതി ബഹുസ്വരതയ്ക്ക് പ്രാധാന്യവും പാർ‍ശ്വവൽക്കരിക്കപ്പെട്ടവരുടെ വിഷയങ്ങളെ പ്രശ്നവൽക്കരിക്കുകയും ചെയ്യുന്നു.

സംഘടിത ശക്തികളും ഭരണകൂടങ്ങളും വന്മൂലധന ശക്തികൾ‍ നിയന്ത്രിക്കുന്ന മീഡിയ അടക്കം എല്ലാ വിധ മോഡേൺ‍ കാലത്തിന്റെ ടോട്ടലിറ്റേരിയൻ‍ ഗ്രാന്റ് നരേറ്റിവ്കളെയും ആക്ഷേപഹാസ്യപരമായി വിമർശിക്കുന്നു. ഇന്റർ‍നെറ്റും വിവര സങ്കേതിക വിദ്യയും, അറിവിന്റെ കുത്തകയടക്കമുള്ള എല്ലാത്തരം പഴയകാല വീക്ഷണത്തെയും ഉടച്ചു വാർ‍ത്തു. എന്തിനെകുറിച്ചുള്ള അറിവും ഏതോരാൾ‍ക്കും വിരൽ‍തുന്പിൽ‍ ലഭ്യമായി.

പഴയ എഡിറ്ററുടെ ഔദാര്യത്തിനു കാത്തു നിൽക്കേണ്ട അവസ്ഥ സോഷ്യൽ‍ മീഡിയകൾ‍ ഇല്ലാതാക്കി. ഓരോ വ്യക്തിയും അറിവിനും, സർ‍ഗ്ഗാത്മക ആവിഷക്കാരത്തിനും സ്വയം പ്രകാശനം കൊടുക്കാവുന്ന പബ്ലിഷിംഗ് രീതികൾ‍ ഓൺ‍ലൈൻ‍ ബ്ലോഗ്‌ അടക്കമുള്ള സങ്കേതങ്ങൾ‍ സൗകര്യം ഒരുക്കി. ഇത് പഴയ ശീലങ്ങളും അധികാര മേഖലകളും തമ്മിൽ‍ പുതിയ സംഘർ‍ഷം സൃഷ്ടിച്ചു. പല അടഞ്ഞ സമൂഹത്തിലും അതിന്റെ പ്രതിഫലനമായി ജനകീയ സമരങ്ങൾ‍ ഉയർ‍ന്നു വന്നു. മുല്ലപ്പൂ വിപ്ലവം അടക്കമുള്ളവ.

യഥാർ‍ത്ഥത്തിൽ‍ വ്യക്തികളെ വളരെ സ്വതന്ത്രമാക്കിയ ആധുനികാനന്തര സാങ്കേതിക വിദ്യകൾ‍, കമ്മ്യുണിസ്റ്റ് വ്യവസ്ഥകളടക്കം പൊലിഞ്ഞു പോയ മെറ്റാനരേറ്റിവ്കൾ‍, ഇവയ്ക്കു ബദലായി ഉയർ‍ന്നു വന്ന സാംസ്കാരിക ജനകീയ ആശയ സംഹിതകളാണ് ഉത്തരാധുനികത എന്ന് പറയാം. എന്നാൽ‍ പുരോഗമന സ്വഭാവത്തോടപ്പം വികസിക്കാത്ത പഴയ ശീലങ്ങൾ‍ അധികാര ഘടനകൾ‍ ഇവയെ അങ്ങിനെയങ്ങ് ഉൾ‍കൊള്ളാൻ‍ തയ്യാർ‍ അല്ലായിരുന്നു. പ്രത്യേകിച്ചും മൂലധന കേന്ദ്രീകൃതമായ, എന്നാൽ‍ വളരെ അയവുള്ളവ എന്ന് തോന്നിക്കുന്ന വ്യവസ്ഥകൾ‍. ഇവ ഒരു വഴിക്ക് വലിയ ലിബറൽ‍ ചിന്തകൾ‍ സ്വാതന്ത്ര്യം ഒക്കെ പറയുന്പോഴും പിടിവിട്ടു പോവാതിരിക്കാനുള്ള സകല ബദ്ധപ്പാടിലുമായിരുന്നു. ലിബെറലിസമെന്നും, ഗ്ലോബലയ്സേഷൻ‍ എന്നും പറഞ്ഞു കൊണ്ട് വന്ന ലോകവ്യവസ്ഥ പുത്തൻ‍ ചൂഷണത്തിന്റെ പുതിയ ഗോണ്ടാനാമോകളുടെ സൃഷ്ടിയിൽ‍ കൂടെയായിരുന്നു. സാന്പ്രദായിക ഇടതുപക്ഷമടക്കമാവട്ടെ, പുത്തൻ‍ വികസന അജണ്ടയിൽ‍ മോഹിച്ചു പോയി. കുറേ ഇടത്തരം വർ‍ഗമാവട്ടെ സാമാന്യം ഭേദപ്പെട്ട ജോലി, സാന്പത്തിക അവസ്ഥയൊക്കെ കൈവരിക്കുന്ന അവസ്ഥയുമുണ്ടായി. എന്നാൽ‍ ആന്തരികമായി വ്യവസ്ഥ പഴയത് തന്നെയായിരുന്നു. അരുകു വൽക്കരിക്കപ്പെട്ട ജനതകൾ‍ കൂടികൊണ്ടിരുന്നു. വൻ‍ പ്രതീക്ഷ പുലർ‍ത്തിയ പുത്തൻ‍ വികസന മോഹങ്ങൾ‍ വെറും സാന്പത്തിക കുമിളകൾ‍ ആയിരുന്നു എന്നതും ക്രമേണ തിരിച്ചറിയപ്പെട്ടു. സാദാ ജനം മാത്രമല്ല വൻ‍കിട കോർപ്പറേറ്റുകളും പ്രതിസന്ധിയിലേയ്ക്ക് തന്നെയായിരുന്നു.

മൂന്നാം ലോകം മാത്രമല്ല, യു.എസും, യുറോപ്പും പ്രതിസന്ധിയിലേയ്ക്ക് കൂപ്പു കുത്തി. അതോടൊപ്പം ഗ്ലോബലൈസേഷൻ‍ പ്രതിസന്ധിയെയും ഗ്ലോബലാക്കി മാറ്റി കൊണ്ടിരുന്നു. ലിബറൽ‍ മുഖം മൂടികൾ‍ അഴിഞ്ഞു വീണു. മൂന്നാം ലോകങ്ങളിൽ‍ വംശീയതയും, മതവും വീണ്ടും രാഷ്ട്രീയ അധികാരങ്ങളിൽ‍ ശക്തി നേടി. യു.എസ്, യൂറോപ്പ്, ഇവയിൽ‍ യാഥാസ്ഥിക കക്ഷികൾ‍ മുന്നേറ്റം നടത്തി. ഇത്തരം പൊതുസാഹചര്യത്തിലാണ് പോസ്റ്റ്‌ ട്രുത്ത് രാഷ്ട്രീയം ഉയർ‍ന്നു വരുന്നത്.ഗ്ലോബലൈസേഷനു ശേഷം, പ്രത്യേകിച്ച് സാമുഹ്യ മാധ്യമങ്ങൾ പ്രധാനമായ ശേഷം വളർന്ന ഒരു രാഷ്ട്രീയ രീതിയാണ് സത്യാനന്തര രാഷ്ട്രീയം.

അപ്പീൽ റ്റു ഇമോഷൻ, വൈകാരിക തൃപ്തിയുണ്ടാക്കുന്ന, വസ്തുതാധിഷ്ടിത നിരാകരണം നടത്തുന്ന, ഫാൾസിഫിക്കേഷൻ ഇവയൊന്നും കണക്കിലെടുക്കാതെ ചരിത്ര, രാഷ്ട്രീയ സംഭവങ്ങളെ വിലയിരുത്തി അഭിപ്രായ രൂപീകരണമുണ്ടാക്കുന്ന രീതി. രാഷ്ട്രീയ പരിതസ്ഥിതി, നയം ഇവയൊന്നും കണക്കിലെടുക്കാതെയുള്ള വിലയിരുത്തൽ ഫസ്റ്റ് ഫാക്റ്റ്സ്, ഡയറക്റ്റ് ഫാക്റ്റ്സ് ഇവയൊക്കെ പരിഗണിക്കാതെ വിടും.

ഇത്തരം ചരിത്ര വിശകലനമാണ് ഇന്ന് മിക്കതും. സോഷ്യൽ‍ മീഡിയ ചർ‍ച്ചയ്ക്കു വേണ്ടി പടച്ചു വിടുന്ന നുണകൾ‍, ട്രോളുകൾ‍ ഇവയ്ക്കു വേണ്ടി ഭരണ കൂടവും, പ്രസ്ഥാനങ്ങളുംവരെ ഇതിനായുള്ള വിദഗ്ദ്ധരെ ശന്പളം കൊടുത്തു നിയോഗിക്കുന്നു. മുന്‍പ് പത്രമാധ്യമങ്ങളെ വിലയ്ക്ക് എടുത്താൽ‍ സാധിക്കുന്ന കാര്യങ്ങൾ‍ വേറെ ഒരു രീതിയിൽ‍, നിയന്ത്രണം സാധ്യമല്ലാത്ത മീഡിയകളിൽ‍ അഭിപ്രായ രൂപീകരണം, ചർ‍ച്ചാ വിഷയം ഉണ്ടാക്കുക തുടങ്ങിയ ധർമ്മമാണ് ഇവർ‍ നടത്തുന്നത്.

യാഥാർത്ഥ്യങ്ങളെ ഭയക്കുന്ന വലതുപക്ഷം ഇത്തരം പോസ്റ്റ് ട്രൂത്ത് രാഷ്ട്രീയവും അവരുടെ ഐഡിയോളജിക്കൽ മാനിപ്പുലേഷന്റെ ഭാഗമായി ഉപയോഗിക്കുന്നു.

You might also like

Most Viewed