ബി നെഗറ്റീവ്...


പ്രദീപ് പുറവങ്കര 

ലോകം മുഴുവൻ ഇന്ന് എയ്ഡ്സ് ദിനമായി ആചരിക്കുകയാണ്. 78 മില്യൺ ജനങ്ങളാണ് ഇന്ന് ലോകമെന്പാടുമായി എച്ഐവി പോസിറ്റീവ് ആയി ജീവിക്കുന്നത്. എച്ച്ഐവി എന്നത് ഹ്യുമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി എന്ന പേരിലുള്ള ഒരു വൈറസ് ആണ്. എന്നാൽ എയ്ഡ്‌സ് എന്നത് ഒരു രോഗാവസ്ഥയാണ്. എച്ച്ഐവി ബാധിച്ചാൽ അത് നമ്മുടെ രോഗപ്രതിരോധ ശേഷിയെ നശിപ്പിക്കുന്നു. ഇത് രോഗങ്ങൾ നമ്മുടെ ശരീരത്തിലേയ്ക്ക് പെട്ടെന്ന് പ്രവേശിക്കാൻ കാരണമാകുന്നു. ഇത്തരത്തിൽ പ്രതിരോധ ശക്തി നഷ്ടപ്പെട്ട രോഗാവസ്ഥയെയാണ് എയ്ഡ്‌സ് എന്നു പറയുന്നത്. എച്ച്ഐവി വൈറസ് ഒരാളിൽ നിന്നും മറ്റൊരാളിലേയ്ക്ക് പകരും. എന്നാൽ എയ്ഡ്‌സ് എന്ന രോഗാവസ്ഥ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരില്ല.

ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് ശേഷം 35 മില്യൺ ജനങ്ങൾക്ക് അവരുടെ ജീവൻ നഷ്ടമായിട്ടുണ്ട്. ഇതുവരെ ശാസ്ത്രീയമായ രീതിയിൽ തെളിയക്കപ്പെട്ട ഒരു മരുന്നും ഈ രോഗത്തിനെതിരെ മനുഷ്യന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതേസമയം 2030ഓടെ ഈ വിപത്തിനെഭൂമുഖത്ത് നിന്ന് തുടച്ചു നീക്കും എന്ന പ്രതിജ്ഞയാണ് മനുഷ്യരാശിമൊത്തമായി ഏറ്റെടുത്തിരിക്കുന്നത്. 18 മില്യൺ ആളുകൾ ഇന്ന് എയ്ഡ്സിനെതിരെയായ പ്രതിരോധ ചികിത്സകൾക്ക് വിധേയരാകുന്നുണ്ട്. ആഫ്രിക്കയിലാണ് ഏറ്റവുമധികം എയ്ഡ്സ് രോഗികൾ ഇന്നുള്ളത്. എച്ഐവി ബാധിതരിൽ ക്ഷയം, ക്യാൻസർ, ഹെപ്പടൈറ്റിസ് സി പോലെയുള്ള മറ്റു രോഗങ്ങളും പെട്ടന്നുണ്ടാകുന്നു.

ഈ രോഗം ഇതുവരെ ഇല്ലാതായിട്ടില്ല. അതുകൊണ്ട് വേണ്ടത് വ്യക്തിഗതമായ ശ്രദ്ധയാണ്. ജനനം മുതൽ മരണം വരെയുള്ള ഇടവേളയിൽ ജീവിതത്തെ കുറിച്ച് അൽപ്പം കരുതൽ ഉണ്ടാകുന്നത് എയ്ഡ്സ് എന്ന മാരകരോഗത്തെ തടഞ്ഞുനിർത്താൻ തീർച്ചയായും സഹായിക്കും. നാളിത് വരെയായി എയ്ഡ്സ് നിയന്ത്രണത്തിൽ നമ്മൾ നേടിയിട്ടുള്ള വിജയം പ്രതീക്ഷ നൽകുന്നത് തന്നെയാണ്. പക്ഷെ അത് അലംഭാവത്തിനുള്ള കാരണമാകരുത്. മരുന്ന് കണ്ടെത്തുന്നത് വരേയ്ക്കും പ്രതിരോധം തന്നെയാണ് ഈ രോഗത്തിനെ നേരിടാനുള്ള പോം വഴി. ഒപ്പം വരാതെ നോക്കലും. 

പ്രവാസലോകത്ത് പ്രത്യേകിച്ച് ബാച്ചിലർ ആയി കഴിയുന്നവരിൽ നൂല് പോയ പട്ടം പോലെ ജീവിക്കുന്ന നിരവധി പേരുണ്ട്. ഇവിടെ പലയിടങ്ങളിലും തോന്നുന്നത് പോലെ ജീവിക്കാനുള്ള അവസരങ്ങളും ധാരാളമുണ്ട്. വഴിവിട്ട ലൈംഗിക ബന്ധങ്ങൾ അതുകൊണ്ട് തന്നെ പലരുടെയും ജീവിതത്തിന്റെ തന്നെ ഭാഗമാണ്. എയ്ഡ്സ് പോലെയുള്ള മാരക രോഗങ്ങൾ ഇങ്ങിനെ സന്പാദിച്ച് അത് നാട്ടിലെ പ്രിയപ്പെട്ടവർക്കും എത്തിക്കുന്നവരും ഏറെയാണ്. അത്തരം ആളുകൾ ദയവ് ചെയ്ത് പരിശോധനകൾ നടത്താൻ ശ്രമിക്കുക. അറിഞ്ഞു കൊണ്ട് മറ്റൊരാളെ കൂടി ഈ മഹാരോഗത്തിന്റെ ഇരയാക്കാതിരിക്കുക. വഴിപിഴച്ച ലൈംഗികത കൊണ്ട് മാത്രമല്ല എയ്ഡ്സ് വരുന്നത് എന്ന കാര്യം വിസ്മരിക്കുന്നില്ല. പ്രത്യേകിച്ച് ചെറിയ കുഞ്ഞുങ്ങൾക്കൊക്കെ ഈ രോഗം അമ്മയിൽ നിന്നും പകരുന്നുണ്ട്. അതേസമയം എയ്ഡ്‌സ് രോഗികളെ അംഗീകരിക്കാനുള്ള മനസ്സ് ഉണ്ടാക്കിയെടുക്കാൻ ഇനി പൊതുസമൂഹത്തിന് കഴിയേണ്ടതുണ്ട്. ഒപ്പം അവരും ഈ ലോകത്തിന്റെ ഭാഗമാണെന്ന് അംഗീകരിക്കാനുള്ള മനോഭാവവും നമുക്ക് ഉണ്ടാകണം. ഒന്നിച്ചു നിന്ന് പോരാടിയാൽ തീർച്ചായായും നമുക്കും ഉറപ്പിച്ച് പറയാം ബി നെഗറ്റീവ് എന്ന് !!

You might also like

Most Viewed