തിരഞ്ഞെടുപ്പുകൾ പൂക്കുമ്പോൾ...


പ്രദീപ് പുറവങ്കര

ഇന്ത്യാ മഹാരാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. 2019ൽ നടക്കാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്പുള്ള റിഹേർസലായി ഇത് മാറുമെന്ന് ഉറപ്പ്. കേവല സംസ്ഥാന തിര‍‍ഞ്ഞെടുപ്പുകൾ ആയിട്ടല്ല ഇതിനെ നിരീക്ഷകർ നോക്കി കാണുന്നത്. അതിർത്തിയിലും, സാന്പത്തികമേഖലയിലും മോഡി സർക്കാർ നടത്തിയ സർജ്ജിക്കൽ സ്ട്രൈക്കുകളെ പറ്റിയുള്ള വിലയിരുത്തലുകൾ ഈ തിര‍ഞ്ഞെടുപ്പിലൂടെ ലഭിക്കുമെന്നും  നിരീക്ഷകർ അഭിപ്രായപ്പെടുന്നു. അതുകൊണ്ട് ദേശീയ അടിസ്ഥാനത്തിൽ ഏറെ ശ്രദ്ധ ഈ തിരഞ്ഞെടുപ്പിന് ലഭിക്കുകയും ചെയ്യുന്നു. ഗോവയിലും പഞ്ചാബിലും ഭരണ കക്ഷിയായ ഭാരതീയ ജനതാ പാർട്ടി ഉത്തരാഖണ്ധിൽ മുഖ്യ പ്രതിപക്ഷം കൂടിയാണ്. വടക്ക് കിഴക്കൻ മേഖലകളിൽ തങ്ങളുടെ സാന്നിദ്ധ്യം വർദ്ധിപ്പിക്കാനുള്ള ഊർജിത ശ്രമത്തിലാണ് ബിജെപി. അതു കൊണ്ട് തന്നെമണിപൂരിലെ തിര‍ഞ്ഞെടുപ്പും അവർക്ക് നിർണ്ണായകം തന്നെ. 2014ലെ പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം ഉത്തർപ്രദേശും ബി.ജെ.പിക്ക് ഏറെ പ്രതീക്ഷയുള്ള സംസ്ഥാനമാണെങ്കിൽ കൂടി അച്ഛനും മകനും തമ്മിലുള്ള അങ്കം നിലനിൽക്കുന്പോൾ തന്നെ സമാജ്്വാദി പാർട്ടി തന്നെ വീണ്ടും അധികാരത്തിൽ വീണ്ടും വരാനാണ് സാധ്യത.    

അഞ്ച് സംസ്ഥാനങ്ങളിലുള്ള തിരഞ്ഞെടുപ്പിൽ 16 കോടിയിലധികം പേരാണ് അവരുടെ സമ്മതിദാനാവകാശം വിനയോഗിക്കുന്നത്. ഉത്തേരന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ ജാതിയും മതവും വ്യാപകമായി സ്വാധീനിക്കാറുണ്ട്. എന്നാൽ  സുപ്രീംകോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധി കാരണം ഇതിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്നു കണ്ടറിയണം. പ്രത്യേകിച്ച് ജാതിരാഷ്ട്രീയം കൊടികുത്തി വാഴുന്ന  ഉത്തർപ്രദേശിൽ ഈ വിധി പ്രസക്തമാകാൻ സാധ്യതയുണ്ട്. പഞ്ചാബിലും ഗോവയിലും ബി.ജെ.പിക്ക് മുഖ്യ എതിരാളിയാകാൻ പോകുന്നത് അരവിന്ദ് കെജറിവാളിന്റെ ആം ആദ്മി തന്നെ. 

ഈ തിരഞ്ഞെടുപ്പിലും കോൺഗ്രസിന്റെ അവസ്ഥ കുറേയൊക്കെ പരിതാപകരം തന്നെയാണ്. കരുത്തനായ ഒരു നേതാവിന്റെ അഭാവം അവരെ തളർത്തുന്നു. നിലവിൽ അധികാരത്തിലുള്ള മണിപ്പൂരിൽ പ്രതിപക്ഷമായ ബി.ജെ.പിയെ പരാജയപ്പെടുത്താൻ ഇവർക്ക് ഏറെ വിയർപ്പ് ഒഴുക്കേണ്ടി വരും. പ്രത്യേകിച്ച് ഇറോം ശർമിളയുടെ പുതിയ പാർട്ടിയെയും, നാഗാ തീവ്രവാദികളുടെ ശക്തമായ എതിർപ്പും സാന്പത്തിക ഉപരോധവും ഒക്കെ നേരിടേണ്ടി വരുന്പോൾ. മുന്പ് ഉത്തരാഖണ്ധിലും, അരുണാചൽ പ്രദേശിലുമൊക്കെ പ്രയോഗിച്ചത് പോലെ മണിപ്പൂരിലും രാഷ്ട്രപതി ഭരണം കൊണ്ടുവരാൻ ബി.ജെ.പി മുന്പ് ശ്രമിച്ചിരുന്നെങ്കിലും അത് ഫലവത്തായില്ല. ഉത്തരാഖണ്ധിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെയും ഭരണകക്ഷിയായ കോൺഗ്രസിന്റെ മുഖ്യ എതിരാളി ബി.ജെ.പി തന്നെ. 

കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളിലുള്ള ഹിതപരിശോധനക്ക് പുറമേ, ജൂലൈ മാസം നടക്കാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിലും, രാജ്യസഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പിലും ഈ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നിർണ്ണായകമാകും. ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 58 അംഗങ്ങളാണ് രാജ്യസഭയിൽ എത്തേണ്ടത്. നിലവിൽ രാജ്യസഭയിൽ പ്രതിപക്ഷത്തെക്കാൾ അംഗസംഖ്യ കുറഞ്ഞിട്ടുള്ള ബി.ജെ.പിക്ക് അതു കൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പുകളിൽ വിജയിക്കേണ്ട അത്യാവശ്യവും.  ഈ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് വ്യക്തമായ ലീഡ് ഉറപ്പാക്കാൻ സാധിക്കുകയാണെങ്കിൽ 2019ലും കേന്ദ്രഭരണം തുടരാൻ തന്നെയാണ് സാധ്യത.

You might also like

Most Viewed