മുതലക്കണ്ണീർ വാർക്കുന്പോൾ...


ആൺ‍കുട്ടികളാണെങ്കിൽ‍ കളിത്തോക്കും, പെൺ‍കുട്ടികൾ‍ക്ക് പാവകുട്ടികളെയും നൽ‍കി അവർ‍ ഭാവിയിൽ‍ എങ്ങിനെ ചിന്തിക്കണമെന്ന് വളരെ ചെറുപ്പത്തിലേ പറഞ്ഞ് പഠിപ്പിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. വെള്ളം ചീറ്റുന്നതും, വെടിയൊച്ച വരുന്നതുമായ നിരവധി കളിതോക്കുകൾ‍ കണ്ട ബാല്യങ്ങളായിരിക്കും നമ്മിൽ‍ മിക്കവരുടെയും. കൂടാതെ നമ്മുടെ നാട്ടിൽ‍ തോക്ക് എന്നത് ഇപ്പോഴും പോലീസോ, പട്ടാളമോ, സുരക്ഷാ ഉദ്യോഗസ്ഥരോ കൈവശം വെക്കുന്ന ആയുധമാണ്. വളരെ അപൂർ‍വ്വം പേരാണ് ലൈസൻ‍സൊക്കെ എടുത്ത് തോക്ക് കൈവശം വെയ്ക്കുന്നത്. നമ്മുടെ ബഹുമാന്യരായ ചില രാഷ്ട്രീയ നേതാക്കൾ‍ക്കും ഈ ശീലമുണ്ടെന്ന് പറഞ്ഞ് കേൾ‍ക്കുന്നു. തോന്ന്യാക്ഷരത്തിൽ‍ എന്തിനാണ് ഇപ്പോൾ‍ ഒരു തോക്ക് വിശേഷം എന്ന് ചിന്തിക്കുന്നവർ‍ ഉണ്ടാകും. അതിന് കാരണക്കാരൻ‍ അമേരിക്കയുടെ രാഷ്ട്രപതി ബറാക് ഒബാമയാണ്.

കഴിഞ്ഞ ദിവസം അദ്ദേഹം അമേരിക്കയിൽ‍ വെച്ച് നടത്തിയ ഒരു പ്രസംഗത്തിന്റെ വീഡിയോ കണ്ടപ്പോഴാണ് തോക്ക് എന്ന ആയുധം സ്വതന്ത്രവും വികസിതവുമായ ഒരു സമൂഹത്തിൽ‍ സൃഷ്ടിക്കുന്ന വേദനയുടെ ആഴം തിരിച്ചറിഞ്ഞത്. 2012ൽ‍ ഇരുപത് കുട്ടികളുടെയും ആറ് ജീവനക്കാരുടെയും മരണത്തിന് കാരണമായ സാൻ‍ഡി ഹൂക്ക് എലമെന്ററി സ്കൂൾ‍ വെടിവെപ്പിനെ കുറിച്ച് സംസാരിക്കവെയാണ് ഒബാമ വികാരാധീനനായത്. ആയുധങ്ങൾ‍ കൈവശംവെക്കാൻ‍ യു.എസ് പൗരന്മാരെ അനുവദിക്കുന്ന ഭരണഘടനാ നിർ‍ദേശം ഭേദഗതി ചെയ്യാൻ‍ അദ്ദേഹം നടത്തുന്ന ശ്രമങ്ങൾ‍ അവിടെ വിജയിച്ചിട്ടില്ല. നിലവിലുള്ള നിയമപ്രകാരം തോക്കുകൾ‍ വാങ്ങുന്നവരുടെ സാമൂഹിക പശ്ചാത്തലം കച്ചവടക്കാർ‍ പരിശോധിക്കണം എന്നു മാത്രം. അതിനപ്പുറം തോക്കു വിൽ‍പ്പനയ്ക്ക് നിയന്ത്രണമേർ‍പ്പെടുത്തുന്ന നിയമനിർ‍ദേശങ്ങളൊന്നും നിലവിലില്ല. തോക്കുകൾ‍ക്കുള്ള അനിയന്ത്രിത ലൈസൻ‍സിന് വിലങ്ങ് വെയ്ക്കാൻ‍ അദ്ദേഹത്തിന്റെ സർ‍ക്കാർ‍ നടത്തിയ പോരാട്ടങ്ങളോട് യുഎസ് കോൺ‍ഗ്രസ്സ് സഹകരിക്കാത്തതിൽ‍ നിരാശ പ്രകടിപ്പിച്ച് കൊണ്ടാണ് അദ്ദേഹം കണ്ണീർ‍ വാർ‍ത്തത്. സ്വാതന്ത്ര്യം അധികമായതിന്റെ വേദനയാണ് ആ വാക്കുകളിൽ‍ പ്രതിഫലിക്കുന്നത്. ആർ‍ക്ക് വേണമെങ്കിലും മാരകായുധമായ തോക്ക് വാങ്ങിക്കാനും ഉപയോഗിക്കാനും അവസരം ലഭിക്കുന്പോൾ‍ ആ സമൂഹത്തിലെ ആരും തന്നെ സുരക്ഷിതരായി മാറുന്നില്ലെന്ന് അദ്ദേഹം ആ പ്രസംഗത്തിൽ‍ സൂചിപ്പിച്ചു. 

തങ്ങളുടെയോ, തങ്ങളുടെ മക്കളുടെയോ ജീവിതം ഒരു വെടിയുണ്ടയിൽ‍ അവസാനിക്കണമെന്ന് ഒരു മാതാപിതാക്കളും ആഗ്രഹിക്കുകയില്ലെന്ന് പറഞ്ഞ് അദ്ദേഹം വാവിട്ട് കരഞ്ഞ ദൃശ്യം കണ്ടപ്പോൾ‍ എന്തിന് വേണ്ടിയാണ് ഒബാമയുടെ അമേരിക്ക തോക്കും അതിലധികം വലിയ മാരാകായുധങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലേയ്ക്കും ഇപ്പോഴും കയറ്റി അയച്ചുകൊണ്ടിരിക്കുന്നതെന്ന ചോദ്യമാണ് എന്റെ മനസിലേയ്ക്ക് ഓടിയെത്തിയത്. ആയുധങ്ങളുടെ വ്യാപരം നടത്തി ലോകത്തെയാകെ ഭയപ്പാടിന്റെ നിഴലിൽ‍ നിർ‍ത്തുന്ന അമേരിക്കയുടെ രാഷ്ട്രപതിയുടെ കണ്ണുനീർ‍ അതുകൊണ്ട് തന്നെ എന്നിലുണർ‍ത്തുന്നത് വേദനയല്ല, മറിച്ച് പരമമായ പുച്ഛം മാത്രമാണ്...

You might also like

Most Viewed