ആഘോഷങ്ങൾ ആനന്ദകരമാകട്ടെ....


പ്രദീപ് പുറവങ്കര 

ത്യാഗത്തിന്റെയും ഉയിർ‍പ്പിന്റെയും സ്മരണയിൽ‍ ലോകമെങ്ങുമുള്ള വിശ്വാസികൾ‍ ഈസ്റ്റർ‍ ആഘോഷിക്കുന്ന ഈ അവസരത്തിൽ‍ എല്ലാ പ്രിയപ്പെട്ട വായനക്കാർ‍ക്കും സ്നേഹം നിറഞ്ഞ ഈസ്റ്റർ‍ ആശംസകൾ‍ നേരുന്നു. കലണ്ടറിലെ ഓരോ ദിനങ്ങളും മാഞ്ഞും മറഞ്ഞും വരുന്പോൾ‍ ഈസ്റ്ററും, വിഷുവും, ഓണവും, പെരുന്നാളുമൊക്കെ നമ്മുടെ മുന്പിലെത്തുന്നു. ഇനി വരാനിരിക്കുന്നത് ലോക തൊഴിലാളി ദിനമാണ്. തൊഴിലിന്റെ മഹത്വം വിളിച്ചോതുന്ന ഈ ദിനത്തെ ചിലരെങ്കിലും അബദ്ധവശാൽ‍ മുതലാളിത്ത വിരുദ്ധദിനമായും ചിത്രീകരിക്കാറുണ്ട്. യത്ഥാർ‍ത്ഥത്തിൽ‍ മുതലാളി തൊഴിലാളി ബന്ധം കുറേകൂടി ദൃഢമാക്കേണ്ട ദിനമാണ് ഇത് എന്നതാണ് സത്യം. രണ്ടുവിഭാഗവും തോളോട് തോൾ‍ ചേർ‍ന്നു പ്രവർ‍ത്തിക്കുന്പോഴാണ് ഒരു സമൂഹം സന്പൽ‍സമൃദ്ധമാകുന്നത്. 

പ്രവാസലോകത്ത് വിദേശതൊഴിലാളികളുടെ ശക്തമായ സാന്നിദ്ധ്യമുണ്ട്. ഇവിടെയുള്ള ആകാശം മുട്ടുന്ന കെട്ടിടങ്ങളുടെ പിന്നിൽ‍ ഈ തൊഴിലാളികളുടെ വിയർ‍പ്പുണ്ട്. പലപ്പോഴും ഇവരെ അംഗീകരിക്കാൻ സമൂഹം മറക്കുന്നു. ഇത് തിരിച്ചറിഞ്ഞു കൊണ്ടാണ് ഫോർ‍ പി.എം ന്യൂസ് ബഹ്റൈറിനിലെ തൊഴിലാളി സമൂഹത്തെ ആദരിക്കാനുള്ള ഒരു തീരുമാനമെടുത്തത്. ബഹ്റൈനിലെ പ്രമുഖ കന്പനികളുടെ നിറഞ്ഞ സഹകരണം ഇതിന് ലഭിച്ചിട്ടുണ്ട്. ബഹ്റൈിനിലെ ലക്ഷക്കണക്കിന് വരുന്ന തൊഴിലാളികളുടെ പ്രതിനിധികളായി ഈ കന്പനികൾ‍ തിരഞ്ഞെടുത്തിരിക്കുന്ന തൊഴിലാളികളെയാണ് നിരവധി പേരുടെ സാന്നിദ്ധ്യത്തിൽ‍ ആദരിക്കുന്നത്. ഇതോടൊപ്പം നല്ലൊരു കലാപരിപാടിയും ഫോർ‍ പിഎം ന്യൂസ് അന്നേ ദിവസം അവതരിപ്പിക്കുന്നുണ്ട്. മെയ് ഉത്സവ് എന്ന പേരിലാണ് ഈ കലാപരിപാടി അരങ്ങേറുന്നത്. വരും ദിവസങ്ങളിൽ‍ ഇതേ പറ്റിയുള്ള വാർ‍ത്തകൾ‍ ഫോർ‍ പി.എമ്മിലൂടെ നിങ്ങളുടെ മുന്പിലെത്തും. നമുക്ക് വേണ്ടി വിയർ‍പ്പൊഴുക്കുന്ന തൊഴിലാളി സമൂഹത്തെ ആദരിക്കാനുള്ള ഈ ശ്രമത്തിന് പ്രിയ വായനക്കാരുടെ സഹകരണം അഭ്യർ‍ത്ഥിക്കുന്നു. 

പരസ്പരം സ്നേഹിക്കാനും, പരസ്പരം തിരിച്ചറിയാനുമുള്ള സന്തോഷവേളകളാണ് ഓരോ ആഘോഷങ്ങളും മനുഷ്യസമൂഹത്തിന് സമ്മാനിക്കുന്നത്. അതിന്റെ ആന്തരിക അര്‍ത്ഥങ്ങള്‍ മനസിലാക്കി ജീവിതത്തിന്റെ ഓരോ നിമിഷവും ആഘോഷമാക്കി തീര്‍ക്കുക എന്ന ഓര്‍മ്മപ്പെടുത്തലോടെ...

You might also like

Most Viewed