ഒരു മാമാങ്കം കൂടി കഴിയുന്പോൾ


പ്രദീപ് പുറവുങ്കര 

കേരളത്തിൽ‍ മറ്റൊരു തിരഞ്ഞെടുപ്പ് മാമാങ്കം കൂടി കഴിഞ്ഞിരിക്കുന്നു. അണികളുടെ കുഞ്ഞാപ്പ വിജയകിരീടം ചൂടിയിരിക്കുന്നു. ഇനി പാണ്ടികടവത്ത് കു‍‍ഞ്ഞാലിക്കുട്ടി ഇന്ദ്രപ്രസ്ഥത്തിൽ‍ മുസ്ലീം ലീഗിന്റെ ജിഹ്വയായി മാറും. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ  ഇ. അഹമ്മദ് നേടിയ ഭൂരിപക്ഷത്തിനടുത്ത് എത്താനായില്ലെങ്കിലും 2014ൽ നേടിയ 437723 വോട്ട് 515330 വോട്ടാക്കിമാറ്റാൻ കുഞ്ഞാലിക്കുട്ടിക്കായി.

പിണറായി സർ‍ക്കാരിനോടും, മോഡി ഭരണത്തോടുമുള്ള വിരോധമാണ് തന്റെ വിജയത്തിന് സഹായകമായതെന്നാണ് കുഞ്ഞാലിക്കുട്ടി അവകാശപ്പെടുന്നത്. ഇത് എത്ര മാത്രം ശരിയാണെന്ന് പറയാറായിട്ടില്ല. കഴിഞ്ഞ തവണ എൽ‍.എഡി.എഫ് സ്ഥാനാർ‍ത്ഥി ആയിരുന്ന പി.കെ സൈനബ നേടിയ 2,42,984 വോട്ടുകളെ ഇത്തവണ എം.ബി ഫൈസൽ‍ 3,44,307 ആക്കി വർ‍ദ്ധിപ്പിച്ചിട്ടുണ്ട്. അതേ സമയം ബി.ജെ.പിയുടെ വോട്ടുകളിൽ‍ വലിയൊരു വ്യത്യാസം കാണാനും സാധിക്കുന്നില്ല. കഴിഞ്ഞ തവണ എൻ. പ്രകാശ് 64705 വോട്ടുകൾ‍ ആണ് നേടിയതെങ്കിൽ‍ ഇത്തവണ അത് 65675 ആക്കാൻ മാത്രമേ അദ്ദേഹത്തിനും സാധിച്ചുള്ളു. കഴിഞ്ഞ മൂന്ന് വർ‍ഷത്തിനുള്ളിൽ‍ മണ്ധലത്തിൽ‍ ഒന്നര ലക്ഷത്തോളം വോട്ടർ‍മാരുടെ വർ‍ദ്ധനവ് ഉണ്ടായി എന്നത് കൂടി ഇതോടൊപ്പം ചേർ‍ത്ത് വായിക്കാം. 

ശതമാന കണക്ക് വെച്ച് നോക്കുന്പോൾ‍ വലിയ നഷ്ടമുണ്ടായിരിക്കുന്നത് ബി.ജെ.പിക്ക് തന്നെയാണ്. ഏഴ് ശതമാനം വോട്ടാണ് ബി.ജെ.പിയ്ക്ക് ലഭിച്ചത്. ബി.ജെ.പി മുന്പോട്ട് വെച്ച പല ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങളും കുഞ്ഞാലികുട്ടിയുടെ വോട്ട് വർ‍ദ്ധിപ്പിക്കാൻ കാരണമായിട്ടുണ്ട് എന്ന് തന്നെ മനസിലാക്കേണ്ടിയിരിക്കുന്നു. അഹമ്മദിനെതിരെ മത്സരിച്ച മുസ്ലീം മുഖമുള്ള പല രാഷ്ട്രീയ പാർ‍ട്ടികളും ഈ ഉപതിരഞ്ഞെടുപ്പിൽ‍ സ്ഥാനാർ‍ത്ഥികളെ നിർ‍ത്തിയില്ലെന്നതും ബി.ജെ.പിക്കെതിരെ വോട്ടുകൾ‍ കേന്ദ്രീകരിക്കാൻ ഇടയായിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ ജയം എളുപ്പമാക്കാനായി ഈ പാർ‍ട്ടികൾ‍ തിരഞ്ഞെടുപ്പിൽ‍ നിന്നും മാറി നിന്നുവെന്ന് വേണം മനസിലാക്കാൻ. ബീഫിന്റെ രാഷ്ട്രീയവും ഈ തിരഞ്ഞെടുപ്പിൽ‍ മലപ്പുറത്ത് ഏറെ ചർ‍ച്ചയായി മാറി. എന്തായാലും ദേശീയ രാഷ്ട്രീയത്തിൽ‍ വലിയ ചലനങ്ങളൊന്നും സൃഷ്ടിക്കാൻ ഈ തിരഞ്ഞെടുപ്പിന് സാധിക്കില്ലെങ്കിലും, ന്യൂനപക്ഷങ്ങൾ‍ കൊണ്ടുനടക്കുന്ന ആശങ്കകൾ‍ ശരിയായ രീതിയിൽ‍ മനസിലാക്കാൻ ബി.ജെ.പിക്ക് സാധിക്കുമെന്നെങ്കിലും കരുതാം.

You might also like

Most Viewed