മാനം നശിപ്പിക്കാൻ ചാറ്റിങ്ങ്...


പ്രദീപ് പുറവങ്കര 

മേരി ലിൻ ഗസ്റ്റിപാനിയോ എന്നൊരു പേര് ബഹ്റൈനിലെ പ്രവാസി മലയാളികളിൽ‍ ചിലർ‍ക്കെങ്കിലും പേടിസ്വപ്നമായി മാറിയിരിക്കുന്നു. ഇവിടെ തനിച്ചും, കുടുംബമായും താമസിക്കുന്ന പ്രവാസികളെ ഫേസ്ബുക്ക് ചാറ്റിലൂടെ കുടുക്കി തുണിയഴിപ്പിക്കുന്ന ഒരു പെൺ‍കുട്ടിയാണ് മേരി ലിൻ‍ ഗസ്റ്റിപാനിയോ. നാൽപ്‍പതിനും അന്പതിനുമിടയിൽ‍ പ്രായമുള്ള യുവ-വൃദ്ധരെയാണ് ഈ പെൺ‍കുട്ടി കൂടുതലായും നോട്ടമിട്ടിരിക്കുന്നത്. മെസഞ്ചറിലൂടെ തന്റെ നഗ്നചിത്രങ്ങൾ‍ അയച്ച് ചാറ്റിങ്ങ് ആരംഭിക്കുന്ന ഇവരുടെ വലയിൽ‍ കുടുങ്ങുന്നവർ‍ക്ക് നഷ്ടപ്പെടുന്നത് ലക്ഷങ്ങളാണത്രെ. ബഹ്‌റൈനിൽ കണ്ണൂർ, തൃശൂർ, പാലക്കാട്, കാസർഗോഡ്, കൊല്ലം സ്വദേശികളാണ് ഈ കുരുക്കിൽപെട്ടുപോയിരിക്കുന്നത്. ഇതേ തരത്തിൽ‍ പണം തട്ടുന്ന വലിയൊരു സംഘം തന്നെ മിഡിൽ‍ ഈസ്റ്റിൽ‍ ഇപ്പോൾ‍ വ്യാപകമായി പ്രവർ‍ത്തിക്കുന്നുണ്ട്.  

ഫേസ്ബുക്ക് വഴിയാണ് ഇത്തരത്തിലുള്ള തട്ടിപ്പ് സംഘം വല വിരിക്കുന്നത്. ഇവരുടെ ഐഡികളിൽനിന്നുള്ള ഫ്രണ്ട്സ് റിക്വസ്റ്റ് സ്വീകരിച്ചാൽ ഇരയുടെ കുടുംബവിവരങ്ങളും സുഹൃത്തുക്കളുടെ വിവരങ്ങളുമടക്കം ചോദിച്ച് മനസിലാക്കും. തുടർന്ന് വിഡിയോ ചാറ്റിനായി ക്ഷണിക്കും. ചാറ്റിങ്ങിനിടെ യുവതി ശരീരഭാഗങ്ങൾ തുറന്നുകാണിക്കും. പുരുഷന്മാരോടും തുണിയഴിക്കാൻ ആവശ്യപ്പെടുകയും, തുടർ‍ന്ന് നടത്തുന്ന ചാറ്റിങ്ങും റെക്കോഡ് ചെയ്ത് പിന്നെ അത് കാണിച്ച് ഭീഷണിപ്പെടുത്തുകയാണ് ഈ തട്ടിപ്പിന്റെ രീതി. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ‍ നൽകി പണം അങ്ങോട്ട് ട്രാൻസ്ഫർ ചെയ്യിക്കുന്നു. കൊല്ലം സ്വദേശിയായ മലയാളി യുവാവും ഫിലിപ്പൈൻസുകാരിയായ യുവതിയും തമ്മിലുള്ള ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ ഇതിനിടെ പുറത്താവുകയും, അതിനെ തുടർ‍ന്ന് അയാളുടെ കുടുംബജീവിതം താറുമാറാകുകയും ചെയ്തത് വാർ‍ത്തയായി മാറിയതും ഇതോടൊപ്പം ചേർ‍ത്ത് വായിക്കാം. ഭീഷണി ഭയന്ന് പണം നൽകേണ്ടി വന്നവർ മാനഹാനി ഭയന്ന് സംഭവം പുറത്ത് പറയാൻ മടിക്കന്നത് കൊണ്ട് തന്നെ ഇത്തരം സംഭവങ്ങൾ വർദ്ധിച്ചു വരികയാണ്. ഇത്തരം തട്ടിപ്പ് സംഘങ്ങൾ‍ ഗൾ‍ഫ് രാജ്യങ്ങൾ‍ക്ക് പുറത്ത് നിന്ന് പ്രവർ‍ത്തിക്കുന്നതിനാൽ‍ ഇവർ‍ക്കെതിരെ നിയമപരമായി മുന്നോട്ട് നീങ്ങാനുള്ള പ്രയാസവും ഇത്തരം തട്ടിപ്പുകൾക്ക് മുതൽക്കൂട്ടാവുന്നു. 

ഇലക്ട്രോണിക്ക് മീഡയകളിലൂടെ നടത്താൻ സാധിക്കുന്ന തട്ടിപ്പുക്കളുടെ എണ്ണം കൂടി വരികയാണെന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരു മനുഷ്യനെ ഇല്ലാതാക്കാൻ അവന്റെ സ്വസ്ഥത നശിപ്പിക്കാൻ, കുടുംബബന്ധങ്ങളെയും, സൗഹർ‍ദ്ദങ്ങളെയും തകർ‍ക്കാൻ തക്ക കഴിവുള്ള മാരകമായ ബോംബുമായിട്ടാണ് നമ്മൾ‍ ഓരോരുത്തരും ഇന്ന് സഞ്ചരിക്കുന്നത്. നമ്മൾ‍ പോലും അറിയാതെ റെക്കോർ‍ഡ് ചെയ്യപ്പെടുന്ന ഫോൺ‍ കോളുകളും, വിഡിയോ ചിത്രങ്ങളും ഭാവിയിൽ‍ ഏത് തരത്തിലുള്ള അപകടങ്ങളാണ് കൊണ്ടുവരിക എന്ന് പോലും നമുക്ക് അറിയില്ല. അതുകൊണ്ട് തന്നെ വികാരങ്ങളെ വിർ‍ച്വൽ‍ ലോകത്ത് തളച്ചിടാതെ യാത്ഥാർ‍ത്ഥ്യങ്ങളിലേയ്ക്ക് തിരികെ കൊണ്ടുവരേണ്ട കാലമാണിതെന്ന് ഓർ‍മ്മിപ്പിച്ചുകൊണ്ട്...

You might also like

Most Viewed