മണ്ടന്മാർ‍ക്ക് കുട പിടിക്കരുത്...


പ്രദീപ് പുറവങ്കര

കഴി­ഞ്ഞ ദി­വസം തമിഴ്നാട്­ടി­ലെ­ മധു­രയിൽ‍ ഒരു­ മന്ത്രി­യു­ടെ­ നേ­തൃ­ത്വത്തിൽ‍ നടന്ന ഒരു­ പരീ­ക്ഷണത്തി­ന്റെ­ വാ­ർ‍­ത്ത നി­ങ്ങളും വാ­യി­ച്ചി­രി­ക്കും. ജലക്ഷാ­മം രൂ­ക്ഷമാ­യ തമി­ഴ്‌നാ­ട്ടി­ലെ­ ജലം സൂ­ര്യതാ­പത്താൽ‍ ബാ­ഷ്പീ­കരി­ച്ച് പോ­കാ­തി­രി­ക്കാ­നു­ള്ള ശ്രമമാണ് തമി­ഴ്‌നാട് സഹകരണമന്ത്രി­ ചെ­ല്ലൂർ‍ കെ­. രാ­ജു­ തന്റെ­ അതി­ബു­ദ്ധി­യി­ലൂ­ടെ­ നടപ്പാ­ക്കാൻ ശ്രമി­ച്ചത്. 

മധു­രയി­ലെ­ വൈ­ഗെ­ ഡാ­മി­ലെ­ ബാ­ഷ്പീ­കരണം തടയു­ന്നതി­നാ­യി­ തെ­ർ‍­മോ­ക്കോൾ‍ ഷീ­റ്റു­കൾ‍ കൂ­ട്ടി­ക്കെ­ട്ടി­ ജലം മറയ്ക്കു­ക എന്ന അതി­നൂ­നത സാ­ങ്കേ­തി­കവി­ദ്യാ­യാണ് അദ്ദേ­ഹം നടപ്പി­ലാ­ക്കി­യത്. സെ­ല്ലോ ടേ­പ്പ് ഒട്ടി­ച്ച് തെ­ർ‍­മോ­ക്കോൾ‍ ഷീ­റ്റു­കൾ‍ പരസ്പരം ബന്ധി­പ്പി­ച്ച് ഡാ­മി­ലെ­ ജലത്തെ­ സൂ­ര്യപ്രകാ­ശത്തിൽ‍ നി­ന്നും സംരക്ഷി­ക്കു­ക എന്നതാ­യി­രു­ന്നു­ അദ്ദേ­ഹത്തി­ന്റെ­ ആശയം. ഇതി­നാ­യി­ പൊ­തു­ഖജനാ­വിൽ‍ നി­ന്നെ­ടു­ത്ത പത്തു­ലക്ഷം രൂ­പയു­ടെ­ തെ­ർ‍­മോ­ക്കോ­ളും വാ­ങ്ങി­ അദ്ദേ­ഹം വൈ­ഗെ­ ഡാ­മി­ലെ­ത്തി­. തന്റെ­ പു­തി­യ സാ­ങ്കേ­തി­കവി­ദ്യ കാ­ണാ­നും രാ­ജ്യവ്യാ­പകമാ­യി­ റി­പ്പോ­ർ‍­ട്ട് ചെ­യ്യാ­നും പ്രധാ­ന മാ­ധ്യമങ്ങളെ­യെ­ല്ലാം അദ്ദേ­ഹം ക്ഷണി­ച്ചി­രു­ന്നു­. പക്ഷെ­ കാ­റ്റി­ന്റെ­ ചലനവേ­ഗവും തെ­ർ‍­മോ­ക്കോൾ‍ ഷീ­റ്റി­ന്റെ­ സാ­ന്ദ്രതയും തമ്മി­ലു­ള്ള പരസ്പര ബന്ധത്തി­ന്റെ­ ഭൗ­തീ­കശാ­സ്ത്ര തത്വത്തെ­ പറ്റി­ മന്ത്രി­ അറി­യാ­തെ­ പോ­യി­. ഏതാ­യാ­ലും മാ­ധ്യമ പ്രവർ‍­ത്തകരു­ടെ­യും അനു­യാ­യി­ വൃ­ന്ദത്തി­ന്റെ­യും നടു­വിൽ‍ തെ­ർ‍­മോ­ക്കോൾ‍ ഷീ­റ്റ് വെ­ള്ളത്തി­ലി­ട്ട് മന്ത്രി­ക്ക് കി­ട്ടി­യത് നല്ല മു­ട്ടൻ പണി­. ഷീ­റ്റ് വെ­ള്ളത്തിൽ‍ ഇടു­ന്പോ­ഴേ­യ്ക്കും കാ­റ്റിൽ‍ അത് പറന്നു­പോ­കു­ന്ന അവസ്ഥയാണ് ഉണ്ടാ­യത്. ഈ പരീ­ക്ഷണം കു­റെ­ നേ­രം തു­ടന്ന് തളർ‍­ന്ന മന്ത്രി­ ഒടു­വിൽ‍ പണി­ നി­റു­ത്തി­. ഏതാ­യാ­ലും സാ­മൂ­ഹി­ക മാ­ധ്യമങ്ങൾ‍ ഇപ്പോൾ‍ മന്ത്രി­യു­ടെ­ നേ­ർ‍­ക്ക് പൊ­ങ്കാ­ലയി­ട്ട് വരി­കയാ­ണ്. ടാ­ർ‍­പ്പാ­ളിൻ വലി­ച്ചു­കെ­ട്ടി­ സൂ­ര്യനെ­ മറയ്ക്കു­വാ­നും ഈ മന്ത്രി­ ശ്രമി­ച്ചേ­ക്കാ­മെ­ന്ന് വരെ­ ട്രോ­ളന്‍മാർ‍ കളി­യാ­ക്കു­ന്നു­.
ഭരി­ക്കു­ന്നവർ‍ എന്ത് മണ്ടത്തരം കാ­ണി­ച്ചാ­ലും സഹി­ച്ചു­കൊ­ള്ളണം എന്ന തരത്തി­ലു­ള്ള ചി­ന്തകളാ­ണല്ലോ­ ഇന്ന് നമ്മളിൽ‍ ഭൂ­രി­ഭാ­ഗം പേ­ർ‍­ക്കു­മു­ള്ളത്. അതു­കൊ­ണ്ട് തന്നെ­ ഈ മന്ത്രി­ പുംഗവന്റെ­ പരീ­ക്ഷണങ്ങളും ജനം സഹി­ക്കു­മെ­ന്ന് തന്നെ­ കരു­താം. ഇന്ത്യൻ ജനാ­ധി­പത്യത്തിൽ‍ ഇത്തരം മണ്ടത്തരങ്ങൾ‍ ആദ്യമാ­യി­ട്ടല്ല നടക്കു­ന്നത്. ഓരോ­ തവണയും ഭരണാ­ധി­കാ­രി­കൾ‍ അവർ‍­ക്ക് തോ­ന്നു­ന്ന തരത്തിൽ‍ ഇത്തരം കാ­ര്യങ്ങൾ‍ ചെ­യ്തു­ പോ­കു­ന്പോൾ‍ കീ­ശ ചോ­രു­ന്നത് പൊ­തു­ജനത്തി­ന്റേ­താ­ണ്. തു­ഗ്ലക്കി­ന്റെ­ ഭരണപരി­ഷ്കാ­രം എന്ന് പറഞ്ഞ് വെ­റു­തെ­ തള്ളാ­തെ­, ഇത്തരം പാ­ഴ്ചി­ലവു­കളു­ടെ­ ഉത്തരവാ­ദി­ത്വം കൂ­ടി­ ഭരണാ­ധി­കാ­രി­കൾ‍ ഏറ്റെ­ടു­ക്കു­ന്ന ഒരു­ നി­യമനി­ർ‍­മ്മാ­ണം നമ്മു­ടെ­ നാ­ട്ടിൽ‍ അത്യാ­വശ്യമാ­ണ്. ഭരണം എന്ന് പറയു­ന്നത് വലി­യൊ­രു­ത്തരവാ­ദി­ത്വം കൂ­ടി­യാ­ണെ­ന്ന് നമ്മു­ടെ­ ഭരണാ­ധി­കാ­രി­കൾ‍ മനസി­ലാ­ക്കണം. പൊ­തു­ജനം ശന്പളം കൊ­ടു­ത്ത് നി­ർ‍­ത്തി­യി­രി­ക്കു­ന്ന ജനസേ­വകരാണ് മന്ത്രി­മാ­രും, മറ്റ് ഭരണാ­ധി­കാ­രി­കളും. അല്ലാ­തെ­ അവരു­ടെ­ അടി­യാ­ളന്‍മാ­രല്ല നമ്മളൊ­ന്നും. ഈ ഒരു­ തോ­ന്നൽ‍ ഇന്ത്യൻ ജനാ­ധി­പത്യത്തിൽ‍ ഉണ്ടാ­കു­വാൻ‍ ഇനി­യും എത്ര നാ­ളെ­ടു­ക്കു­മെ­ന്ന ചി­ന്തയോ­ടെ­...

You might also like

Most Viewed