കാതടപ്പിക്കുന്ന നാടൻ ശൈലി...


പ്രദീപ് പുറവങ്കര

പ്രസംഗമെന്നത് ഒരു കലയാണ്. ആദ്യകാലങ്ങളിൽ‍ പൊതുസ്ഥലത്ത് സംസാരിക്കേണ്ട സാഹചര്യങ്ങൾ‍ വരുന്പോൾ‍ ഉൾ‍വലിഞ്ഞിരുന്ന നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധിജിയും, ലോകത്തെ കിടുകിടെ വിറപ്പിച്ച ഹിറ്റ്‌ലറും സഭാകന്പം ഉള്ളവരായിരുന്നു. ലോകത്തെ ഇളക്കിമറിച്ച പ്രസംഗങ്ങൾ‍ നടത്തിയ പലരും അവരുടെ ആദ്യകാലങ്ങളിൽ‍ പ്രസംഗത്തെ 'ഭയപ്പെട്ടിരുന്നവരാണ്'. മലയാളത്തിലും എത്രയോ നല്ല പ്രാസംഗികരുണ്ടായിട്ടുണ്ട്. രാഷ്ട്രീയപ്രവർ‍ത്തകരിൽ‍ തന്നെ സദസ്സിനെ കയ്യിലെടുക്കാൻ തക്കവിധം കളിയും കാര്യവും തമാശയും കലർ‍ത്തി പുഞ്ചിരിച്ചും പൊട്ടിച്ചിരിച്ചും പ്രസംഗിച്ചിരുന്ന സഖാവ് ഇ.കെ നായനാരുടെയും, കാര്യം ഗൗരവമായി പറയുന്പോഴും ഫലിതം കലർ‍ത്തി സദസ്സിനെ ഉന്മേഷത്തിലാക്കിയിരുന്ന ജനാബ് സി.എച്ച് മുഹമ്മദ് കോയയുടെയും, സൗമ്യവും സരസവുമായ പ്രസംഗത്തിലൂടെ സദസ്സിനെ പിടിച്ചിരുത്താൻ അപൂർ‍വ്വമായ കഴിവുണ്ടായിരുന്ന കെ.ജി മാരാരുമൊക്കെ വിവിധ പ്രസ്ഥാനങ്ങളുടെ ആരാധ്യരായ നേതാക്കളായിരുന്നു. ഇന്നത്തെ കാലത്ത് ഏത് മേഖലയിലുള്ള ആളുകൾ‍ക്കും ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് പൊതുവേദികളിൽ‍ സംസാരിക്കുക എന്നത്. ചില സന്ദർ‍ഭങ്ങളിൽ‍ നിങ്ങൾ‍ സംസാരിച്ചേ മതിയാകൂ. ഇല്ലെങ്കിൽ‍ അറിവുണ്ടെങ്കിലും നിങ്ങൾ‍ക്ക് അർ‍ഹിക്കുന്ന സ്ഥാനം എവിടെയും ലഭിക്കണമെന്നില്ല. 

പരന്നവായനയും ചിന്താശീലവും യുക്തി കുശലതയും നല്ലൊരു പ്രാസംഗികനാവാൻ ആവശ്യമുള്ള കാര്യമാണെന്ന് പറയാറുണ്ട്. എന്താണ് താൻ പറയുന്നതെന്നും സംസാരിച്ച് കഴിഞ്ഞാൽ‍ എന്തൊക്കെയാണ് താൻ പറഞ്ഞതെന്നും വ്യക്തമായ ബോധം പ്രാസംഗികനുണ്ടായിരിക്കണം. എന്നാൽ‍ ഈ ബോധം നഷ്ടപ്പെടുന്പോൾ‍ പ്രസംഗങ്ങൾ‍ വിവാദങ്ങളാക്കുന്നു. ചിലപ്പോൾ‍ ജീവിതങ്ങളെ തന്നെ ആ വാക്കുകൾ‍ മാറ്റി മറിക്കുന്നു. ജനാധിപത്യത്തിൽ‍ എന്തും പറയാമെന്ന അബദ്ധധാരണ വെച്ചുപുലർ‍ത്തുന്നവരാണ് ഇത്തരം അപകടങ്ങളിൽ‍ ചെന്നു ചാടുന്നത്. അവർ‍ അതിന്റെ ഭവിഷ്യത്തുകളെക്കുറിച്ചോ, വരുംവരായ്കകളെക്കുറിച്ചോ ആലോചിക്കാറില്ല. മൈക്ക് കിട്ടിയാൽ‍ പരിസരബോധം മറന്നു 'തലയും വാലും' ഇല്ലാത്ത വിഷയങ്ങളിൽ‍ വികാരം കൊള്ളുന്നതാണ് പ്രസംഗം എന്ന് ഇവർ‍ ധരിച്ചുപോകുന്നു. തെരുവിലെ മരുന്ന് കച്ചവടക്കാരന്റെ ഭാവത്തോടെയോ, സർ‍ക്കസ്സിലെ കോമാളിയുടെ അംഗചലനത്തെ പോലെയോ ഒക്കെ അഭിനയിച്ച് പ്രസംഗിച്ചാൽ‍ ഒരു തരം വെറുപ്പാണ് പൊതുസമൂഹത്തിന് ആ പ്രാസംഗികനോട് ഉണ്ടാവുക. 

കേരളം ഇപ്പോൾ‍ സംസാരിക്കുന്നത് എം.എം മണി എന്ന വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തെ പറ്റിയാണ്. അദ്ദേഹം തന്റെ നാടൻ ശൈലിയാണ് ഈ പ്രസംഗത്തിൽ‍ ഉപയോഗിച്ചതെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും കൈ കഴുകിയിരിക്കുന്നു. നാടൻ ശൈലിയിൽ‍ ചീത്ത വിളിച്ചാൽ‍ അത് സ്വീകാര്യമാകുന്ന അവസ്ഥ ഉണ്ടാക്കുന്നത് ഖേദകരമാണ്. കാരണം പൊതുസമൂഹം മൊത്തം ഇത്തരം നാടൻ ശൈലികളുമായി പുറത്തേക്ക് ഇറങ്ങിയാൽ‍ പ്രിയപ്പെട്ട രാഷ്ട്രീയ നേതാക്കൾ‍ക്ക് കാത് പൊത്തിനടക്കാൻ മാത്രമേ സമയം കാണൂ. കാരണം അത്ര മാത്രം നാടൻ പ്രയോഗങ്ങളാണ് ഓരോ സാധാരണക്കാരനും ഇന്നത്തെ രാഷ്ട്രീയ നാടകങ്ങൾ‍ കണ്ടുകൊണ്ടിരിക്കുന്പോൾ‍ മനസ്സിൽ‍ തോന്നുന്നത് എന്ന ഓർ‍മ്മപ്പെടുത്തലോടെ... 

You might also like

Most Viewed