അനന്തം അഞ്ജാ­തം അവർ­ണ്ണനീ­യം


പ്രദീപ് പുറവങ്കര

 

അനന്തം അഞ്ജാതം അവർണ്ണനീയം 

ഈ ലോകഗോളം തിരിയുന്ന മാർഗം 

അതിൽ എങ്ങാണ്ട് ഇരുന്നു നോക്കുന്ന മനുഷ്യൻ കഥ എന്തറിഞ്ഞു... 

 

ഈ വരികൾ‍ ഏതൊരു കാലത്തും പ്രസക്തമാണ്. പലപ്പോഴും നമ്മൾ‍ കാണുന്നത് മാത്രമല്ല യഥാർ‍ത്ഥ്യങ്ങൾ‍. അതിനുമപ്പുറത്ത് കാണാത്തത് ധാരാളമാണ്. പക്ഷെ ഉള്ള അറിവ് വെച്ച് എല്ലാമാറിയുന്നവനെന്ന ഭാവമാണ് നമ്മളിൽ‍ മിക്കവാറും ആളുകൾ‍ക്ക് ഉള്ളത്. തീർ‍ത്തും മനുഷ്യസഹജമായത് കൊണ്ട് തന്നെ അതിനെ കുറ്റം പറയാനല്ല ഈ തോന്ന്യാക്ഷരം. കഴിഞ്ഞ ദിവസം വാഹനവിപണിയിൽ‍ വരാനിരിക്കുന്ന വലിയ മാറ്റങ്ങളെ പറ്റിയുള്ള കുറിപ്പ് വായിച്ചപ്പോഴാണ് ഈ ലോകം എത്ര വേഗം മാറി മറയാനിരിക്കുന്നു എന്ന ചിന്ത മനസിലേയ്ക്ക് കടന്ന് വന്നത്. ഈ ഒരു കുറിപ്പ് പ്രകാരം ഭൂഗർ‍ഭ ഇന്ധനങ്ങൾ‍ ഏതാനും വർ‍ഷങ്ങൾ‍ക്കം ഭൂമിയിൽ‍ നിന്നും അപ്രത്യക്ഷമാകുമെന്ന അഭ്യൂഹങ്ങൾ‍ ശക്തമായിരിക്കുകയാണ്. ഷെൽ‍ ഉൾ‍പ്പെടെയുള്ള പ്രമുഖ കന്പനികളുടെ വിലയിരുത്തൽ‍ അനുസരിച്ച് ഭൂഗർ‍ഭ ഇന്ധനങ്ങൾ‍ ഉപയോഗിച്ചുള്ള വാഹനങ്ങളുടെ കാലവും കഴിയുകയാണ്.

ഗതാഗതത്തിന് വൈദ്യുതിയോ സോളാർ‍ എനർ‍ജിയോ അത്യന്താപേക്ഷിതമാകുന്ന കാലം വിദൂരമല്ലെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്. ഇത് പ്രകാരം എട്ട് വർ‍ഷത്തിനകം പെട്രോൾ‍, ഡീസൽ‍ വാഹനങ്ങൾ‍ അപ്രത്യക്ഷമാകുമെന്നാണ് വിലയിരുത്തൽ‍. ആഗോള തലത്തിൽ‍ തന്നെ എണ്ണക്കച്ചവടം 2030ഓടെ അവസാനിക്കുമത്രെ.  ഇന്ന് വാങ്ങുന്ന വാഹനങ്ങൾ‍ക്ക് ഇന്ധനം നിറയ്ക്കാൻ‍ വേണ്ടി പെട്രോൾ‍ പന്പുകൾ‍ തേടിയുള്ള പരക്കം പാച്ചിലിലായിരിക്കും അക്കാലത്ത് പാവം ജനങ്ങൾ‍. ഇങ്ങിനെ സംഭവിച്ചാൽ‍ ഗതാഗത മേഖലയുടെ ചരിത്രത്തിൽ‍ ഏറ്റവും വേഗതയേറിയതും ആഴമേറിയതും പരിണിതഫലങ്ങൾ‍ ഏറെയുണ്ടാകുന്നതുമായ മാറ്റത്തിനാണ് വരും വർ‍ഷങ്ങളിൽ‍ നാം സാക്ഷിയാകാൻ‍ പോകുന്നത്. ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ അന്തരീക്ഷ മലിനീകരണത്തിന് ഒരു പരിധി വരെ കാരണമാകുന്നത് പെട്രോൾ‍, ‍ഡീസൽ‍ വാഹനങ്ങൾ‍ പുറത്ത് വിടുന്ന കാർ‍ബൺ‍ഡൈഓക്സൈഡും, നൈട്രേറ്റ് ഓക്സൈഡും ഒക്കെ തന്നെയാണ്. വൈദ്യുതിയോ, സൂര്യവെളിച്ചമോ  ഉപയോഗിച്ചുള്ള വാഹനങ്ങൾ‍ വലിയൊരു അളവ് വരെ ഈ പ്രശ്നത്തിന് പരിഹാരം കാണുമെന്നാണ് വിദഗ്ദ്ധാഭിപ്രായം. 

ഇതിൽ‍ വർ‍ഷങ്ങളുടെ കണക്കുകൾ‍ ചിലപ്പോൾ‍ തെറ്റിയേക്കാമെങ്കിലും, കാര്യങ്ങളുടെ പോക്ക് ഇതുപോലെ തന്നെയാകാൻ‍ സാധ്യതയുണ്ട്. സാങ്കേതികമായി ലോകം ഓരോ ദിവസവും മാറി കൊണ്ടിരിക്കുകയാണ്. എല്ലാ മേഖലകളിലും പ്രതിസന്ധികളും, വെല്ലുവിളികളും ഉണ്ടാകുമെന്നതും തീർ‍ച്ച. മാറ്റങ്ങളെ നേരിടേണ്ടത് മാറ്റങ്ങൾ കൊണ്ട് തന്നെയാണ് എന്ന് ഒരിക്കൽ‍ കൂടി ഓർ‍ത്ത് കൊണ്ട്...

You might also like

Most Viewed