നവോത്ഥാനത്തിലേയ്ക്ക് നയിച്ച മിശ്രഭോജനം


പ്രദീപ് പുറവങ്കര

വിപ്ലവങ്ങൾ‍ ലോകചരിത്രത്തിൽ‍ പലതരത്തിലുണ്ടായിട്ടുണ്ട്. വിപ്ലാവനന്തരം പുതിയ ലോകവും വ്യവസ്ഥകളും സൃഷ്ടിക്കപ്പെടുന്നു. ചരിത്രങ്ങളെ മാറ്റിയെഴുതുന്നതിലും വിപ്ലവങ്ങൾ‍ക്ക് വലിയ പങ്കുണ്ട്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ‍ വലിയ വിപ്ലവം സൃഷ്ടിച്ച ഒരു ദിനത്തിന്റെ നൂറാം വാർ‍ഷികമാണ് ഇന്ന് ആചരിക്കപ്പെടുന്നത്. സഹോദരൻ‍ അയ്യപ്പന്റെ നേതൃത്വത്തിൽ‍ നടന്ന മിശ്രഭോജനത്തിന്റെ ശതാബ്ദിയാണ് ഇന്ന്. 1917 മെയ് 29ന് എറണാകുളത്തെ ചെറായിയിലുള്ള തന്റെ സഹോദരിപുത്രന്റെ വീട്ടിൽ‍ വെച്ച് അയ്യപ്പൻ‍ അടക്കമുള്ള 12 ഈഴവ സമുദായത്തിൽ‍ പെട്ട ചെറുപ്പക്കാർ‍ രണ്ട് പുലയ സമുദായാംഗങ്ങൾ‍ക്കൊപ്പം ഒന്നിച്ചിരുന്ന് വളരെ ലളിതമായ തരത്തിൽ‍ ഭക്ഷണം കഴിച്ച സംഭവം ആ നാടിനെ മൊത്തം പിടിച്ചുകുലുക്കുന്നതായിരുന്നു. 

കർ‍ശനമായ ജാതി വ്യവസ്ഥ കൊണ്ട് ഭ്രാന്താലയമായി മാറിയ മലയാളനാട്ടിൽ‍ ഈ ഒരു സംഭവം അന്നുണ്ടായിരുന്ന യാത്ഥാസ്ഥികരെ ഞെട്ടിച്ചു. സമുദായ വിലക്കിനോടൊപ്പം പുലയനയ്യപ്പൻ‍ എന്ന പേരും ഇതിന് പ്രതിഫലമായി യാത്ഥാസ്ഥികരിൽ‍ നിന്ന് അയ്യപ്പന് ശിക്ഷയായി ലഭിച്ചു. എന്നാൽ‍ ഈ സംഭവത്തോടെ ജാതികോമരങ്ങളെ ഇല്ലാതാക്കാനുള്ള സമരങ്ങൾ‍ക്ക് നമ്മുടെ നാട്ടിൽ‍ ആക്കം കൂടി. രണ്ട് പേർ‍ ചേർ‍ന്ന് ഭക്ഷണം കഴിച്ചാൽ‍ ഇത്രയോക്കെ കുഴപ്പമുണ്ടാകാൻ‍ എന്തുള്ളൂ എന്ന ചിന്തയാണ് ഈ ഒരു സംഭവത്തെ പറ്റി വായിച്ചാൽ‍ ഇന്നത്തെ കാലത്ത് നമ്മുടെ നാട്ടിലെ പുതു തലമുറയ്ക്ക് ഉണ്ടാകുക. 

അതേസമയം രാജ്യമൊട്ടാകെയായി എടുക്കുകയാണെങ്കിൽ‍ പലയിടത്തും ജാതിയുടെ പേരിൽ‍ പീഢനശ്രമങ്ങൾ‍ വീണ്ടും തലപ്പൊക്കി തുടങ്ങിയതായി മനസിലാകും. ഡോ. ബി ആർ‍ അംബേദ്കർ‍ ഭരണഘടനയിലൂടെ ശക്തമായ നിയമങ്ങൾ‍ ഇത്തരം പീഡനങ്ങൾ‍ക്കെതിരെ എഴുതിചേർ‍ത്തിട്ടുണ്ടെങ്കിൽ‍ പോലും ഇന്നും ഉത്തരേന്ത്യയുടെ പലയിടങ്ങളിലും ഭക്ഷണവിലക്കും, തൊട്ടുകൂടായ്മയും നിലനിൽ‍ക്കുന്നുണ്ട് എന്നതാണ് യാത്ഥാർ‍ത്ഥ്യം. മാറി വരുന്ന രാഷ്ട്രീയ സാഹചര്യങ്ങളും ഇത്തരം കുത്സിത പ്രവർ‍ത്തനങ്ങൾ‍ക്ക് വളം വെച്ച് കൊടുക്കുന്നുണ്ട്. ദളിതരായ നിരവധി പേർ‍ അക്രമിക്കപ്പെടുന്നതിന്റെയും കൊല്ലപ്പെടുന്നതിന്റെയും വാർ‍ത്തകൾ‍ നമ്മൾ‍ വായിക്കുന്നു. അവരുടെ വീടുകൾ‍ അഗ്നിക്കിരയാക്കുന്നതും സാധാരണ കാഴ്ച്ചകളായി മാറുന്നു. 

ഉത്തരേന്ത്യയിൽ‍ പല തവണ ഭരണം വരെ നേടിയവരാണ് ദളിത് വിഭാഗക്കാർ‍. എന്നാൽ‍ ആ ഭരണം അതിന്റെ തലപ്പത്ത് ഇരിക്കുന്നവരിലുള്ള ആലസ്യം അതിഭയങ്കരമാണെന്ന് തെളിയിക്കുന്നു ഇത്തരം ദളിത് പീഢന വാർ‍ത്തകൾ‍. നമ്മുടെ കേരളത്തിൽ‍ ആദിവാസി മേഖലകളിൽ‍ ഇന്നും ഇത്തരം തൊട്ടുകൂടായ്മകൾ‍ നിലനിൽ‍ക്കുന്നുണ്ട്. വേണ്ടത്ര മരുന്നോ ഭക്ഷണമോ ലഭിക്കാതെ ഇപ്പോഴും ഇത്തരം ഇടങ്ങളിൽ‍ കുഞ്ഞുങ്ങൾ‍ മരിച്ചുപോകുന്നു. ആധുനിക ലോകത്ത് ഇന്നും ആഹാരത്തിന്റെയും, കുടിവെള്ളത്തിന്റെയുമൊക്കെ കാര്യം പറഞ്ഞ് പരസ്പരം വഴക്കടിക്കുന്ന ഒരു സമൂഹത്തിന്റെ അവസ്ഥ കാണുന്പോൾ‍ ആഗ്രഹിച്ച് പോകുന്നത് സഹോദരൻ‍ അയ്യപ്പനെ പോലെയുള്ള മഹത്തുക്കളുടെ സാന്നിദ്ധ്യമാണ്. ഞാൻ‍ തന്നെ നീയെന്നും, നീയും ഞാനും തന്നെ എല്ലാമെന്നും വളരെ ലളിതമായി പഠിപ്പിച്ചു തരാൻ സാധിക്കുന്ന അത്തരം മനുഷ്യജന്മങ്ങൾ‍ ഇനിയും ഉണ്ടാകട്ടെ എന്നാഗ്രിച്ചു കൊണ്ട്...

You might also like

Most Viewed