ജനകീയൻ ഓർമ്മയാകുന്പോൾ


ചില സ്ഥാനങ്ങളിൽ‍ ചിലർ‍ ഇരിക്കുന്പോൾ‍ ആ സ്ഥാനത്തിന് തന്നെ മഹത്വമേറുന്നുവെന്ന് തെളിയിച്ച ഒരു മനുഷ്യൻ‍ ഇന്ന് നമ്മോട് വിട പറഞ്ഞിരിക്കുന്നു. ഗൾ‍ഫ് രാജ്യങ്ങളുമായി ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങൾ‍ ശക്തമാക്കി നിലനിർ‍ത്തുന്നതിൽ‍ ഏറെ പങ്ക് വഹിച്ച ഡോ. ജോർ‍ജ്ജ് ജോസഫ് എന്ന നെടുംങ്കുന്നം സ്വദേശി വിടവാങ്ങുന്പോൾ‍ അദ്ദേഹവുമായി ഒരിക്കല്ലെങ്കിലും പരിചയപ്പെട്ടിട്ടുള്ളവർ‍ക്ക് ഏറെ വേദന നൽ‍കുന്ന അനുഭവമായി ഈ നിര്യാണം മാറുന്നു.

ബഹ്റൈനിൽ‍ അദ്ദേഹം സ്ഥാനപതിയായി എത്തുന്നത് വളരെ ജനകീയനായ അംബാസിഡറായി അറിയപ്പെട്ടിരുന്ന ബാലകൃഷ്ണ ഷെട്ടിയുടെ ഒഴിവിലേയ്ക്കായിരുന്നു. പല വലിയ തൊഴിൽ‍ പ്രശ്നങ്ങളിലും സജീവമായി ഇടപ്പെട്ട് അതിന് പരിഹാരങ്ങൾ‍ കണ്ടെത്തി, ബഹ്റൈി
നിലെ ഇന്ത്യക്കാരുടെ അഭിമാനത്തെ വാനോളം ഉയർ‍ത്തിയ സ്ഥാനപതിയായിരുന്നു ശ്രീ ബാലകൃഷ്ണ ഷെട്ടി. അദ്ദേഹത്തിന്റെ പ്രവർ‍ത്തന കാലയളവിന് ശേഷം ഒരു മലയാളി സ്ഥാനപതി ഇവിടെയെത്തിയപ്പോൾ‍ ആ ജനകീയത നിലനിർ‍ത്താൻ‍ സാധിക്കുമോ എന്ന സംശയം പലർ‍ക്കുമുണ്ടായിരുന്നു. എന്നാൽ‍ എംബസിയുടെ വാതിൽ‍ ബഹ്റൈനിലെ ഇന്ത്യക്കാർ‍ക്കായി തുറന്നിട്ട് ഞാനും നിങ്ങൾ‍ക്കിടയിലെ ഒരാളെന്ന ബോധം ഇവിടെയുള്ള ഓരോ ഇന്ത്യക്കാരനും പകർ‍ന്ന് നൽ‍കാൻ‍ ഡോ. ജോർ‍ജ്ജ് ജോസഫിനായി എന്നതാണ് യാത്ഥാർ‍ത്ഥ്യം. സമൂഹത്തിലെ ഏറ്റവും സാധാരണക്കാരന് ഗുണം ലഭിക്കണമെന്ന ചിന്തയായിരുന്നു തന്റെ ഓരോ പ്രവർ‍ത്തനത്തിലും അദ്ദേഹം കാഴ്ച്ച വെച്ചത്. 

മറ്റ് സ്ഥാനപതികളുമായി വെച്ച് താരത്മ്യം ചെയ്യുന്പോൾ‍ വളരെ കുറച്ച് കാലയളവിൽ‍ മാത്രമേ അദ്ദേഹം ഇവിടെ പ്രവർ‍ത്തിച്ചിരുന്നവെങ്കിലും, ബഹ്റൈനിലെ ഇന്ത്യൻ‍ എംബസിയുടെ ചരിത്ര രേഖകളിൽ‍ സുവർ‍ണ ദിനങ്ങൾ‍ തന്നെയായിരുന്നു ആ നാളുകൾ‍. നിർ‍ദ്ധനരായ ഇന്ത്യൻ‍ പ്രവാസികൾ‍ക്കായി സൗജന്യ ഇൻ‍ഷൂറൻ‍സ് പദ്ധതി നടപ്പിലാക്കിയും, പ്രവാസി കൂട്ടായ്മകളെ ഒരു കുടയുടെ കീഴിൽ‍ നിരത്തി സേവന പ്രവർ‍ത്തനങ്ങൾ‍ക്ക് ചുക്കാൻ‍ പിടിച്ചും, അദ്ദേഹം മുന്നിൽ‍ നിന്ന് നയിച്ചു. 

ഇവിടെയുള്ള സാമൂഹ്യ, മാധ്യമപ്രവർ‍ത്തകരോടും ഏറെ സ്നേഹം കാണിച്ചിരുന്നു അദ്ദേഹം. എന്ത് തന്നെ പ്രശ്നം ഉണ്ടായാലും ഏത് രാത്രിയിലും നേരിട്ട് അദ്ദേഹത്തെ വിളിക്കുവാനും ഓരോ മാധ്യമ, സാമൂഹ്യ പ്രവർ‍ത്തകനും സാധിച്ചിരുന്നു. ഇവരൊക്കെ ഈ സമൂഹത്തിന് വേണ്ടവരാണെന്ന വിശാലമായ കാഴ്ച്ചപാടായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. അതുകൊണ്ട് അകറ്റി നിർ‍ത്തുന്നതിന് പകരം അദ്ദേഹം എല്ലാവരെയും ഒരു ജേഷ്ഠസഹോദരനെന്ന പോലെ ചേർ‍ത്ത് പിടിച്ചു. ആരെയും വെറുപ്പിക്കാതെ കാര്യങ്ങൾ‍ പറഞ്ഞു മനസിലാക്കി തന്നെ ആ വല്യേട്ടന്റെ വാത്സല്യപൂർ‍ണ്ണമായ സ്നേഹത്തെ ഓർ‍ത്തുകൊണ്ട് ഇവിടെ അർ‍പ്പിക്കട്ടെ ഞങ്ങളുടെ കണ്ണീരിൽ‍ കുതിർ‍ന്ന ബാഷ്പാഞ്ജലി...

You might also like

Most Viewed