എട്ടി­ന്റെ­ വട്ട്...


പ്രദീപ് പുറവങ്കര

വേണമെങ്കിൽ നമ്മൾ ഇന്ത്യക്കാർക്ക് ഈ ദിവസം താഴെ പറയുന്ന ചില കാര്യങ്ങളൊക്കെ വിചിന്തനം ചെയ്ത് പരസ്പരം സന്തോഷിക്കാം. 

1. ഇന്ത്യാ മഹാരാജ്യത്തെ എല്ലാ കള്ളപ്പണക്കാരും ഇപ്പോൾ തിഹാർ ജയിലിനുള്ളിൽ ഗോതന്പുണ്ട തിന്നു കൊണ്ടിരിക്കുകയാണ്. സ്വിസ് ബാങ്കിൽ കോടികണക്കിന് ഡോളർ നിക്ഷേപിച്ചവരുടെ മുഴുവൻ പണവും നമ്മുടെ ഗവൺമെന്റ് തിരിച്ചെടുത്ത് നൂറ്റി ഇരുപത് കോടി ജനങ്ങൾക്ക് വീതം വെച്ച് കഴിഞ്ഞു.

2. ലോക സാന്പത്തിക ഭൂപടത്തിൽ ഇന്ത്യ ഇപ്പോൾ ആദ്യ സ്ഥാനമാണ് അലങ്കരിക്കുന്നത്. മറ്റ് രാജ്യങ്ങളൊക്കെ ഓരോ ദിവസവും കടം ചോദിച്ച് കൈ നീട്ടി റിസർവ്വ് ബാങ്കിന് മുന്പിൽ വരിവരിയായി നിൽക്കുന്ന കാഴ്ച്ച നയനാനന്ദകരമായ കാഴ്ച്ചയാണ്. 

3. ഇന്ത്യയിൽ ഇപ്പോൾ വിഘടനവാദ പ്രശ്നങ്ങളൊന്നും തന്നെ നിലനിൽക്കുന്നില്ല. കാശ്മീർ താഴ്്വരയിൽ ആളുകൾ ഇപ്പോൾ പോകുന്നത് മധുവിധു ആഘോഷത്തിന് മാത്രമാണ്. വെടിയൊച്ചയുടെ ശബ്ദം വിഷുവിനും ദീവാ
ലിക്കും മാത്രമേ നമ്മൾ കേൾക്കാറുള്ളൂ. നക്സലുകളൊക്കെ പഴയ പണി കളഞ്ഞ് ഇപ്പോൾ അവരുടെ മേഖലകളിൽ കാലിമേയ്ച്ച് നടക്കുകയാണ്. 

4. ഇന്ത്യയിൽ ഇപ്പോൾ വേശ്യാവൃത്തി തീരെ ഇല്ല. എല്ലാവരും സാംസ്കാരികമായി വളരെ ഉന്നതമായ ചിന്ത വെച്ചു പുലർത്തുന്നവരായി മാറിയിരിക്കുന്നു. ചുവന്ന തെരുവും, സോണാഗാച്ചിയുമൊക്കെ സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി ശുചീകരിച്ച് ഇപ്പോൾ വലിയ ഷോപ്പിങ്ങ് മാളുകൾ മാത്രമുള്ള സ്ഥലങ്ങളാക്കി മാറ്റിയിട്ടുണ്ട്. വലിയ വരുമാനമാണ് ടൂറിസം വകുപ്പിന് ഇതിലൂടെ ലഭിക്കുന്നത്. 

5. കള്ള നോട്ടടി എന്താണെന്ന് പോലും ഇപ്പോൾ ആർക്കുമറിയില്ല. 

6. നികുതി അടക്കാത്തവരായി ആരുമില്ല. അഥവാ അടച്ചില്ലെങ്കിൽ അവർക്ക് ഈ നാട് വിട്ടുപോകാനുള്ള സൗകര്യം ചെയ്ത് കൊടുക്കുമെന്ന് മാത്രം. 

7. പൊതുമേഖല ബാങ്കുകളുടെ സുവർണകാലമാണിത്. പാവപ്പെട്ട കർഷകരൊക്കെ ആത്മഹത്യ ചെയ്തിട്ടാണെങ്കിലും എടുത്തുപോയ നക്കാപ്പിച്ച ലോണൊക്കെ സമയാസമയം അടയ്ക്കുന്നുണ്ട്. പിന്നെ രാജ്യം വിട്ടു പോയ പഴയ പാവപ്പെട്ട കോടീശ്വരൻമാരിൽ നിന്ന് കിട്ടാകടങ്ങളൊക്കെ എപ്പോഴെങ്കിലും കിട്ടുമെന്ന ഉറപ്പ് സർക്കാർ നൽകുന്നത് കൊണ്ട് ഒരു റിലാക്സേഷനുണ്ട്. 

8. ഇപ്പോൾ ആരും കറൻസി ഉപയോഗിക്കാറില്ല. എല്ലാവരുടെയും കൈയിൽ കാർഡും, ഓൺലൈനും മാത്രമേയുള്ളൂ. പഴയ കറൻസിയൊക്കെ കാർഷിക വിളകൾക്ക് വളമായി ഉപയോഗിച്ചത് കൊണ്ട് വൻ വിളവാണ് ഈ വർഷം പൊതുവെ ലഭിച്ചത്. ഇത് കാരണം ആരുടെയും കഞ്ഞികുടി മുട്ടിയിട്ടില്ല.

9. വരുന്ന നാളുകളിൽ ഇതുപോലെ തന്നെ പോവുകയാണെങ്കിൽ മഹാബലിയുടെ രാജ്യം പോലെ കളവും ചതിയും കൊള്ള പണവും ഒന്നുമില്ലാത്ത സമത്വസുന്ദര രാജ്യമായി ബാക്കിയുള്ളവരെയൊക്കെ നമ്മൾ ഞെട്ടിച്ച് കളയും. അതിൽ ആർക്കും ഒരു സംശയവും വേണ്ട. 

10. ഇങ്ങിനെ രാജ്യം കൂടുതൽ സംശുദ്ധവും സുതാര്യവും സത്യസന്ധവുമായ ഒരു സാന്പത്തികക്രമത്തിലേക്ക് നീങ്ങുന്നതിൽ നമുക്കൊക്കെ ഇന്ന് ആർത്താർത്ത് പൊട്ടിചിരിക്കാം... !!

എട്ടിന്റെ വട്ട് എന്നല്ലാതെ എന്ത് പറയാൻ !!!

You might also like

Most Viewed