മോ­ണി­ക്കയെ­ ഓർ­ക്കു­ന്പോൾ...


പ്രദീപ് പുറവങ്കര

ഇന്നെന്തോ മോണിക്കാ ലെവിൻസ്കിയെ ഓർത്തു പോകുന്നു. നമ്മൾ മലയാളികൾ‍ ആദ്യമായി വലിയവായിൽ ചർ‍ച്ച ചെയ്ത ലൈംഗിക വിവാദമായിരുന്നു അവരുടേത്. മലയാള പത്രങ്ങൾ ‍ആ കാലത്ത് ഇത് സംബന്ധിച്ച് നൽകിയ വിവരണങ്ങൾ‍ ഒരുപക്ഷേ ഏതൊരു അശ്ലീലകഥകളെയും വെല്ലുന്നതായിരുന്നു. വൈറ്റ് ഹൗസ് ജീവനക്കാരിയായിരിക്കെ 22ാം വയസ്സിൽ‍ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റനുമായി ലൈംഗിക ബന്ധം പുലർ‍ത്തി എന്ന കാര്യം പുറത്തുവന്നതോടെയാണ് മോണിക്ക വിവാദങ്ങളിൽ പെട്ടത്. എഫ്ബിഐ നടത്തിയ രഹസ്യ ഓപ്പറേഷനെ തുടർ‍ന്നാണ് മോണിക്കയുടെ രഹസ്യ ബന്ധം പുറത്തറിഞ്ഞത്. സുഹൃത്ത് ചമഞ്ഞ് മോണിക്കയുടെ കൂടെ നിന്ന ഒരു മുൻ സഹപ്രവർത്തകയാണ് മോണിക്കയെ കുടുക്കി രഹസ്യം ചോർ‍ത്തിയത്. പിന്നീട്, ഈ വിവരങ്ങൾ കോളിളക്കമുണ്ടാക്കിയ വാർ‍ത്തകളായി. എന്നാൽ, മിസ്റ്റർ ക്ലീനായി അറിയപ്പെട്ടിരുന്ന ‍ ക്ലിന്റൻ‍ ഈ ആരോപണം നിഷേധിച്ചു. ‘ആ സ്ത്രീയുമായി ഒരു ബന്ധവുമില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. തുടർ‍ന്ന് അമേരിക്കൻ‍ കോൺഗ്രസിന്റെ പ്രത്യേക സമിതിക്കു മുന്പാകെ മോണിക്കയ്ക്ക് എല്ലാ കാര്യങ്ങളും തുറന്നു പറയേണ്ടി വന്നു. ഒന്പത് തവണ വൈറ്റ് ഹൗസിൽ ക്ലിന്റൻ താനുമായി  ലൈംഗികമായി ബന്ധപ്പെട്ടതായി അവർ വിശദാംശങ്ങൾ‍ സഹിതം മൊഴി നൽകി. മൂവായിരം പേജുള്ള അന്വേഷണ റിപ്പോർ‍ട്ടിലെ മോണിക്കയുടെ മൊഴി മാധ്യമങ്ങൾ‍ ചോർത്തി പ്രസിദ്ധീകരിച്ചു. ഇത് പിന്നീട് ഓൺ‍ലൈനിലും ലഭ്യമായി. ഈ സംഭവത്തിനു ശേഷം ക്രൂരമായ സാമൂഹ്യ ബഹിഷ്‌കരണത്തിനും ആക്രമണങ്ങൾ‍ക്കും വിധേയയായ മോണിക്ക പിന്നീട് അമേരിക്ക വിട്ട് ലണ്ടനിൽ പോയി. അവിടെ പഠനം നടത്തിയ അവർ പിന്നീട് സാമൂഹ്യ പ്രവർ‍ത്തനങ്ങളിൽ സജീവമായി. എന്നാൽ പിന്നീട് അവർ ഈ അവസ്ഥകൾ മറികടന്നു. നിലവിൽ ലോകമെങ്ങും ആദരിക്കപ്പെടുന്ന സൈബർ ആക്രമണ വിരുദ്ധ പ്രവർത്തകയാണ് മോണിക്ക‍. ഫേസ്ബുക്ക് അടക്കമുള്ള നിരവധി കന്പനികളിൽ‍ അവർ ഇന്റനെറ്റിനെ ആക്രമണങ്ങളിൽ ‍‍നിന്ന് മുക്തമാക്കുന്നതിനുള്ള ബോധവത്്‍കരണത്തിനായി പ്രഭാഷണം നടത്തിവരികയാണ് ഇപ്പോൾ. അധികാര കേന്ദ്രങ്ങളിൽ നിന്നുയരുന്ന ഏത് തരം അപസർപ്പക കഥകളും, അശ്ലീലം കലർന്ന സംഭവങ്ങളും ഉപ്പും മുളകും കൂട്ടി കഴിക്കുന്നവരാണ് മിക്ക മനുഷ്യരും. അതിൽ യാതൊരു അസ്വാഭാവികതയും ഇല്ലെന്ന് ഓർമ്മിപ്പിക്കുന്നു എന്ന് മാത്രം...

You might also like

Most Viewed