പു­ലി­യിൽ നി­ന്ന് പൂ­ച്ചക്കു­ട്ടി­യി­ലേ­യ്ക്കു­ള്ള ദൂ­രം...


പ്രദീപ് പുറവങ്കര

www.pradeeppuravankara.com

ആയുസിന്റെ പുസ്തകത്തിലെ ഒരു വർഷമെന്ന താൾ മറിയാൻ ഇനി ദിവസങ്ങൾ മാത്രം. 2018 എന്ന വർഷം എന്താണ് കാത്ത് വെച്ചിരിക്കുന്നതെന്ന് അറിയാതെ പതിയെ പതിയെ ജീവിതവഞ്ചി തുഴഞ്ഞു പോകുന്ന തിരക്കിലാണ് നാം. വരാനിരിക്കുന്ന കാറ്റും കോളുമാണോ അതോ ശാന്തതയും സമാധാനവുമാണോ. അറിയില്ല. 

കാലാവസ്ഥയിൽ മാറ്റങ്ങൾ വരുന്പോൾ അറബ് നാട്ടിൽ പലയിടത്തും മോക്ഡ്രിൽ എന്നൊരു ഏർപ്പാട് നടക്കാറുണ്ട്. ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ പെട്ടന്ന് അത്യാഹിതം സംഭവിച്ചാൽ എന്തൊക്കെ ചെയ്യണണമെന്ന് അറിയാനുള്ള പ്രവർത്തനമാണ് അത്. ഇത്തരം മോക്ഡ്രിലിന്റെ സമയത്ത് പലപ്പോഴും അതിൽ പങ്കെടുക്കുന്നവരോട് ഈ കാര്യം അറിയിക്കില്ല. അതു കൊണ്ട് തന്നെ ഒരു അടിയന്തര സാഹചര്യത്തിന്റെ സ്വഭാവം ഇത്തരം ഡ്യൂപ്ലികേറ്റ് സന്ദർഭങ്ങൾക്ക് ഉണ്ടാകുന്നു. ഈ സാഹചര്യത്തിൽ എങ്ങിനെയാണ് ജീവനക്കാർ പ്രതികരിക്കുന്നതെന്നും, സുരക്ഷയുമായി ബന്ധപ്പെട്ടവർ എത്ര മാത്രം ജാഗരൂഗരാണെന്നും ഇതിലൂടെ തിരിച്ചറിയുന്നു. ചിലപ്പോഴൊക്കെ ഇത്തരം മോക്ക്ഡ്രിലുകൾ നമ്മുടെ ജീവിതത്തിലും അത്യാവശ്യമാണെന്ന് തോന്നിപോകാറുണ്ട്. ജീവിതം അതിമനോഹരമായി മുന്പോട്ട് പോകുന്പോഴായിരിക്കും പലപ്പോഴും അനിശ്ചിതത്വങ്ങളുടെ കാർമേഘങ്ങൾ അവിചാരിതമായി വന്നു മൂടുന്നത്. അപ്പോൾ എന്താണ് ചെയ്യേണ്ടതെന്നറിയാതെ പെടാപാട് പെട്ടുപോകുന്നതിനെക്കാൾ നല്ല‍ത് അതിന് മുന്പ് ഒരു മോക്ഡ്രിൽ ഉണ്ടാവുന്നതാണ്. 

പ്രവാസലോകത്തും അത്തരമൊരു അനിശ്ചിതാവസ്ഥ നിലനിൽക്കുന്നുണ്ടെന്ന് പറയാതെ വയ്യ. ഹാസ്യരൂപേണ പറയാറുള്ളത് പോലെ നിൽക്കണോ അതോ പോണോ എന്ന തീരുമാനമെടുക്കാൻ ബുദ്ധിമുട്ടുന്ന നിരവധി പേരാണ് ഇപ്പോൾ നമ്മുടെ ഇടയിൽ ഉള്ളത്. മുന്നറിയിപ്പുകളില്ലാതെ പെട്ടന്ന് നാട്ടിലേയ്ക്ക് പോകേണ്ടി വന്നാൽ ജീവിതം വഴിമുട്ടുന്നവരാണ് ഇതിൽ ഭൂരിഭാഗവും. മുന്പൊരിക്കൽ പ്രവാസജീവിതത്തെ പറ്റി എഴുതിയത് ഓർക്കുന്നു. നാട്ടിലുള്ള സർക്കസ് കൂടാരങ്ങളിൽ ട്രപ്പീസ് കളിക്കുന്ന വന്യമൃഗങ്ങളെ പോലെയാണ് നമ്മിൽ മിക്കവരും. ഇവിടെ ശരിയായ നേരത്ത് ലഭിക്കുന്ന ഭക്ഷണവും, വിശ്രമവും പൊതുവെ ഈ മൃഗങ്ങളെ മടിയൻമാരാക്കാറുണ്ട്. ആളുകളുടെ മുന്പിലെ പ്രദർശനങ്ങൾക്ക് മാത്രം മേലനങ്ങുന്ന ഇവയ്ക്ക് ഇരുന്പ് കൂടുകളിൽ മിക്കവാറും തളർന്നുറങ്ങുന്നതാണ് ശീലം. എപ്പോഴെങ്കിലും സർക്കസ് കന്പനി അടച്ചുപൂട്ടേണ്ടി വന്നാൽ, തിരികെ കാട്ടിലേയ്ക്ക് ആരെങ്കിലും കൊണ്ടുവിട്ടാൽ പഠിച്ചു വെച്ച സർക്കസ് വിദ്യകളൊന്നും ഫലം കാണില്ല. സർക്കസ് റിങ്ങിൽ ആളുകളെ അതിശയിപ്പിച്ച ഇവർ തിരികെയെത്തുന്പോൾ ചുറ്റിലുമുള്ള കാഴ്ച്ചകൾ കണ്ട് അതിശയിച്ച് അന്തം വിട്ട് നിൽക്കുന്ന അവസ്ഥയാണ് ഉണ്ടാവുക. അതിജീവനത്തിന് വേണ്ടി ഈ പുലികൾക്ക് കാട്ടിലെ എലികളുടെ കാല് വരെ പിടിക്കേണ്ടിയും വരും. ഇത്തരമൊരു സാഹചര്യം ഇല്ലാത്താക്കാനാണ് മോക്ഡ്രിലുകൾ ആവശ്യമായി വരുന്നത്. അതുകൊണ്ട് ലഭിക്കുന്ന നേരത്തൊക്കെ ഇടയ്ക്ക് നാട് സന്ദർശിക്കുക. അവിടുത്തെ പുതിയ രീതികൾ പഠിച്ചെടുക്കുക. അവിടെയുള്ള പുതിയ മനുഷ്യരെ പരിചയപ്പെടുക. നാടിന്റെ പ്രശ്നങ്ങളെ മനസിലാക്കുന്നതിനോടൊപ്പം സാധ്യതകളെയും തിരിച്ചറിയുക. എന്നാൽ മാത്രമേ ഇവിടെ പുലികളായ നമുക്ക് ഒരു പൂച്ചകുട്ടിയായെങ്കിലും അവിടെ ജീവിക്കാൻ സാധിക്കൂ എന്ന ഓർമ്മപ്പെടുത്തോലോടെ... 

You might also like

Most Viewed